Big stories

ട്രാക്റ്റര്‍ റാലിക്കിടെ കര്‍ഷകന്‍ കൊല്ലപ്പെട്ടത് വെടിയേറ്റിട്ടോ...?; സംശയം വര്‍ധിപ്പിക്കുന്ന വീഡിയോ പുറത്ത്

ട്രാക്റ്റര്‍ പോലിസ് ബാരിക്കേഡിലിടിച്ച് മറിഞ്ഞാണ് നവരീത് സിങ്(24) മരിച്ചതെന്ന പോലിസ് ഭാഷ്യം ബന്ധുക്കള്‍ നിഷേധിക്കുന്നതിനിടെയാണ് വെടിയുണ്ടയേറ്റതിനു സമാനമായുള്ള മുറിവ് മൃതദേഹത്തില്‍ ഉണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്ന വീഡിയോ പുറത്തായത്.

ട്രാക്റ്റര്‍ റാലിക്കിടെ കര്‍ഷകന്‍ കൊല്ലപ്പെട്ടത് വെടിയേറ്റിട്ടോ...?; സംശയം വര്‍ധിപ്പിക്കുന്ന വീഡിയോ പുറത്ത്
X

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭകര്‍ റിപ്പബ്ലിക് ദിനത്തില്‍ നടത്തിയ ട്രാക്റ്റര്‍ റാലിക്കിടെ യുവകര്‍ഷകന്‍ കൊല്ലപ്പെട്ടത് വെടിയേറ്റിട്ടാണെന്ന ബന്ധുക്കളുടെ സംശയം വര്‍ധിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ഡല്‍ഹി ഐടിഒയ്ക്ക് സമീപം ട്രാക്റ്റര്‍ പോലിസ് ബാരിക്കേഡിലിടിച്ച് മറിഞ്ഞാണ് നവരീത് സിങ്(24) മരിച്ചതെന്ന പോലിസ് ഭാഷ്യം ബന്ധുക്കള്‍ നിഷേധിക്കുന്നതിനിടെയാണ് വെടിയുണ്ടയേറ്റതിനു സമാനമായുള്ള മുറിവ് മൃതദേഹത്തില്‍ ഉണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്ന വീഡിയോ പുറത്തായത്. ഓണ്‍ലൈന്‍ പോര്‍ട്ടലായ 'ദി വയര്‍' ആണ് വീഡിയോ പുറത്തുവിട്ടടത്. ട്രാക്റ്റര്‍ മറിയുന്നതിനു തൊട്ടുമുമ്പ് നവരീതിന് വെടിയേറ്റിരുന്നുവെന്ന വാദത്തില്‍ ബന്ധുക്കള്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുകയാണ്. അതേസമയം, അപകട മരണമാണെന്ന് ആവര്‍ത്തിക്കുന്ന പോലിസ്, ഇക്കാര്യം തെളിയിക്കുന്നതെന്നു പറഞ്ഞ് ഒരു വീഡിയോയും നേരത്തേ പുറത്തുവിട്ടിരുന്നു. പോലിസ് വെടിവച്ചതിനു തങ്ങള്‍ സാക്ഷികളാണെന്നാണ് ഏതാനും കര്‍ഷകര്‍ ഇപ്പോഴും ആവര്‍ത്തിക്കുന്നത്.


ജനുവരി 27 ന് പുലര്‍ച്ചെ രണ്ടിനു റാംപൂര്‍ ജില്ലാ ആശുപത്രിയിലെ മെഡിക്കല്‍ ഓഫിസര്‍ തയ്യാറാക്കിയ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ മരണകാരണം തലയ്ക്ക് പരിക്കേറ്റതിനെത്തുടര്‍ന്നുണ്ടായ രക്തസ്രാവമാണ് എന്ന് പറയുന്നു. എന്നാല്‍, വെടിയേറ്റ പരുക്ക് വ്യക്തമായി കണ്ടിട്ടുണ്ടെന്ന് ഡോക്ടര്‍ ഞങ്ങളോട് പറഞ്ഞെന്ന് ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്നാണ് മൃതദേഹം സമാധാനപരമായി സംസ്‌കരിച്ചത്. എന്നാല്‍, പുറത്തുവന്ന പോസ്റ്റ്‌മോര്‍ട്ടില്‍ ഇതേക്കുറിച്ച് പരാമര്‍ശമില്ലെന്ന് മനസ്സിലായതോടെ ഞങ്ങള്‍ വഞ്ചിക്കപ്പെട്ടതായി ബോധ്യമായി.

ബുള്ളറ്റിന്റെ പരിക്ക് കണ്ടെങ്കിലും കൈകള്‍ കെട്ടിയതിനാല്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് ഡോക്ടര്‍ എന്നോട് പറഞ്ഞതായി നവരീത്തിന്റെ മുത്തച്ഛന്‍ ഹര്‍ദീപ് സിങ് ദിബ്ദിബ ദി വയറിനോട് പറഞ്ഞു. 68 കാരനായ ദിബ്ദിബ തുടക്കം മുതല്‍ കര്‍ഷകരുടെ പ്രതിഷേധത്തിന്റെ ഭാഗമായിരുന്നു. സിഖ് മതത്തെക്കുറിച്ച് അഞ്ച് പുസ്തകങ്ങള്‍ രചിച്ചിണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ രണ്ട് മുറിവുകളുണ്ടെന്നാണ് പരാമര്‍ശിക്കുന്നത്. ഒന്ന് നവരീത്തിന്റെ താടിയിലും മറ്റൊന്ന് ചെവിക്ക് പിന്നിലുമാണ്. ഡോക്ടര്‍മാര്‍ പോസ്റ്റ്‌മോര്‍ട്ടത്തില്‍ ബുള്ളറ്റ് എന്ന വാക്ക് നേരിട്ട് പരാമര്‍ശിച്ചിട്ടില്ല. ഭരിക്കുന്ന സാഹചര്യങ്ങളും സര്‍ക്കാരിനെയും കണക്കിലെടുത്താവാം ഇങ്ങനെ ചെയ്തത്. ഞങ്ങള്‍ അഭിഭാഷകനിലൂടെ കോടതിയില്‍ ഇക്കാര്യം വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

'മകന്റെ മൃതദേഹം കണ്ട എല്ലാവരും അത് വെടിയുണ്ടയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇത് ഒരു വെടിയുണ്ടയുടെ പരിക്കാണ്, പക്ഷേ എനിക്കത് എഴുതാന്‍ കഴിയില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരിലൊരാള്‍ പറഞ്ഞതായി നവരീത്തിന്റെ പിതാവ് 46 കാരനായ വിക്രമ്രീത് സിങ് പറഞ്ഞു, തന്റെ മകന്‍ അടുത്തിടെ ആസ്േ്രതലിയയില്‍ നിന്ന് മടങ്ങിയെത്തിയാണ് ട്രാക്ടര്‍ പരേഡില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലേക്ക് പോയത്. ഫെബ്രുവരി 4നകം അന്ത്യകര്‍മങ്ങള്‍ പൂര്‍ത്തിയാക്കും. തുടര്‍ന്ന് നിയമനടപടികളിലേക്ക് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വെടിയേറ്റെന്ന ആരോപണം യുപി പോലിസ് ആവര്‍ത്തിച്ച് നിഷേധിച്ചു. 'പോസ്റ്റ്‌മോര്‍ട്ടത്തിനായി ഞങ്ങള്‍ മുതിര്‍ന്ന ഡോക്ടര്‍മാരുടെ ഒരു പാനല്‍ ഉണ്ടാക്കിയിരുന്നു. അത്തരമൊരു രേഖ മറച്ചുവയ്ക്കുകയോ വളച്ചൊടിക്കുകയോ ചെയ്യേണ്ട ആവശ്യം ഞങ്ങള്‍ക്കില്ല. കാരണം ഇത് ഡല്‍ഹി പോലിസിന്റെതാണെന്ന് ബറേലി എഡിജിപി അവിനാശ് ചന്ദ്ര പറഞ്ഞു,

കുടുംബത്തിന് ഇനി ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാനാവും. പോസ്റ്റ്‌മോര്‍ട്ടത്തിനിടെ എടുത്ത വീഡിയോ പരിശോധിക്കാനും റിപോര്‍ട്ട് തയ്യാറാക്കിയ ഡോക്ടറെ ക്രോസ് വിസ്താരം നടത്താനും കഴിയും. ചെവിക്ക് മുകളിലുള്ള ആഴത്തിലുള്ള മുറിവ് വെടിയുണ്ടയുടേതാണെന്ന് കുടുംബം പറയുന്നു. നവരീത്തിന്റെ താടിയുടെ താഴെ ഇടതുവശത്തും വലതു ചെവിക്ക് മുകളിലും പരിക്കുകളുണ്ട്. പുരികം, താടി, തലയോട്ടി, ചെവി ഓസിക്കിള്‍സ്, നെഞ്ച്, തുട എന്നിവയ്ക്ക് മുകളിലുള്ള പരിക്കുകള്‍ ഉള്‍പ്പെടെ ആറ് പരിക്കുകള്‍ ഉള്ളതായി 'ദി വയര്‍' ചൂണ്ടിക്കാട്ടുന്നു. വലതു ചെവിയിലെ പരിക്ക് വെടിയുണ്ടയില്‍ നിന്നുള്ളതാണ് കുടുംബം ആവര്‍ത്തിക്കുന്നു. എന്നാല്‍, വലതു ചെവിയില്‍ മറ്റെന്തെങ്കിലും തട്ടിയതാവാമെന്നാണ് രാംപൂര്‍ ജില്ലാ ആശുപത്രിയിലെ ഡെപ്യൂട്ടി സിഎംഒയും ഡോക്ടറുമായ മനോജ് ശുക്ല പറഞ്ഞു.

അതേസമയം, ചര്‍മത്തിലെ ആഴത്തിലുള്ള മുറിവ്(ലസറേഷന്‍) വെടിയുണ്ടയുമായി ബന്ധപ്പെട്ടതാവാമെന്നാണ് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ മുതിര്‍ന്ന ഡോക്ടര്‍ പറഞ്ഞതെന്ന് ദി വയര്‍ വ്യക്തമാക്കുന്നു. ചര്‍മ്മമോ പേശിയോ കീറുകയോ തുറക്കുകയോ ചെയ്യുമ്പോള്‍ ഉണ്ടാകുന്ന മുറിവാണ് ലസറേഷന്‍. ലസറേഷനുകള്‍ ആഴത്തിലുള്ളതോ ആഴമില്ലാത്തതോ, നീളമുള്ളതോ ചെറുതോ, വീതിയോ ഇടുങ്ങിയതോ ആകാം. വെടിയുണ്ടയേറ്റാണ് പരിക്കേറ്റത് എന്നതു സംബന്ധിച്ച സംശയങ്ങള്‍ ഇല്ലാതാക്കാന്‍ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് ശ്രദ്ധാപൂര്‍വ്വം തയ്യാറാക്കിയതായി തോന്നുന്നതായും അദ്ദേഹം പറയുന്നു. താടിക്കു താഴെയും ചെവിയിലെയും പരിക്കിന്റെ സ്വഭാവം ഒരു വെടിയുണ്ട തുളച്ചുകയറിയതിന്റെയും പുറത്തുപോയതിന്റെയും ആവാമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു വെടിയുണ്ട തലയിലൂടെ കടന്നുപോയിരുന്നെങ്കില്‍, അസ്ഥി ഒടിഞ്ഞുപോവുമായിരുന്നു. എന്നാല്‍, റിപോര്‍ട്ടില്‍ അത് പരാമര്‍ശിക്കുന്നില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ എക്‌സ്‌റേ നടത്തിയതായും പരാമര്‍ശിക്കുന്നില്ലെന്ന് ഡോക്ടര്‍ പറഞ്ഞു.

അതേസമയം, എക്‌സ്‌റേകളില്‍ വെടിയേറ്റ പരിക്കുള്ളതായി ഡോക്ടര്‍മാര്‍ ഉറപ്പുനല്‍കിയെങ്കിലും അത് കാണിക്കാന്‍ വിസമ്മതിച്ചതായി നവരീത് സിങിന്റെ പിതാവ് പറയുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനിടെ എക്‌സ്‌റേ എടുത്തിട്ടും പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ ഇവയെ കുറിച്ച് പരാമര്‍ശിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. കുടുംബം പുറത്തുവിട്ട നവരീത്തിന്റെ മുഖത്തിന്റെ വീഡിയോയില്‍ ഇടത് താടിയിലും വലത് ചെവിക്ക് മുകളിലുമുള്ള ആഴത്തിലുള്ള ദ്വാരങ്ങള്‍ വ്യക്തമാക്കുന്നു. ഇതു കാണുന്നവര്‍ക്ക് വെടിയുണ്ടയുടേതാണെന്ന് ഉറച്ച നിഗമനത്തിലെത്താന്‍ കഴിയില്ലെങ്കിലും സ്വതന്ത്ര അന്വേഷണത്തിലൂടെ സത്യം പുറത്തുകൊണ്ടുവരാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Farmer killed during tractor rally shot dead ...?; Suspicious video out

Next Story

RELATED STORIES

Share it