Big stories

റിയാസ് മൗലവി രക്തസാക്ഷിത്വം; ആര്‍എസ്എസ് ഭീകരതയ്ക്ക് നാളെ അഞ്ചാണ്ട്

കേസിന്റെ ഗൗരവവും സാമൂഹിക ആഘാതവും പരിഗണിച്ച് പ്രതികള്‍ക്കെതിരേ യുഎപിഎ ചുമത്തണമെന്ന ആവശ്യം ശക്തമായിരുന്നുവെങ്കിലും പിണറായി സര്‍ക്കാര്‍ അത് അംഗീകരിച്ചില്ല.

റിയാസ് മൗലവി രക്തസാക്ഷിത്വം; ആര്‍എസ്എസ് ഭീകരതയ്ക്ക് നാളെ അഞ്ചാണ്ട്
X

പി സി അബ്ദുല്ല

കാസര്‍കോട്: ചൂരിയിലെ മദ്‌റസാ അധ്യാപകനായിരുന്ന റിയാസ് മൗലവിയുടെ രക്തസാക്ഷിത്വത്തിന് നാളെ അഞ്ചുവര്‍ഷം. കേട്ടുകേള്‍വിയില്ലാത്ത ഹിന്ദുത്വ ഭീകരതയാണ് പള്ളിയില്‍ കിടന്നുറങ്ങുകയായിരുന്ന യുവ മുഅല്ലിമിന് നേരേ അരങ്ങേറിയത്. ആര്‍എസ്എസ്സിന്റെ മുസ്‌ലിം വിരോധവും ക്രൂരതയും വ്യക്തമാക്കുന്നതായിരുന്നു റിയാസ് മൗലവി വധം. കേസിന്റെ വാദം കാസര്‍കോട് ജില്ലാ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ അന്തിമഘട്ടത്തിലാണ്. അടുത്ത മാസം വിധി പ്രസ്താവമുണ്ടാവും. വിചാരണ നേരത്തെ പൂര്‍ത്തിയായിരുന്നെങ്കിലും കൊവിഡ് പശ്ചാത്തലത്തില്‍ അന്തിമവാദം പല തവണ മാറ്റിവയ്ക്കുകയായിരുന്നു. കേസ് പരിഗണിച്ച ജഡ്ജിമാരുടെ സ്ഥലം മാറ്റവും അന്തിമവാദം നീണ്ടുപോവാന്‍ ഇടവരുത്തി.

പ്രതികളായ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അജേഷ്(20) എന്ന അപ്പു, നിതിന്‍ (19), കേളുഗുഡെ ഗംഗെ നഗറിലെ അഖിലേഷ് (25) എന്നിവര്‍ക്ക് ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല. കേസിന്റെ ഗൗരവവും സാമൂഹിക ആഘാതവും പരിഗണിച്ച് പ്രതികള്‍ക്കെതിരേ യുഎപിഎ ചുമത്തണമെന്ന ആവശ്യം ശക്തമായിരുന്നുവെങ്കിലും പിണറായി സര്‍ക്കാര്‍ അത് അംഗീകരിച്ചില്ല. 2017 മാര്‍ച്ച് 20ന് പുലര്‍ച്ചെയാണ് മദ്‌റസാ അധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ (27) പള്ളിക്കകത്തുവച്ച് ആര്‍എസ്എസ്സുകാര്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയത്.

കേളുഗുഡെ അയ്യപ്പഭജന മന്ദിരത്തിന് സമീപത്തെ ആര്‍എസ്എസ് പ്രവര്‍ത്തകരായ അജേഷ് എന്ന അപ്പു, നിതിന്‍, കേളുഗുഡെ ഗംഗെ നഗറിലെ അഖിലേഷ് എന്നിവരാണ് ഒന്നും രണ്ടും മൂന്നും പ്രതികള്‍. കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്പി ഡോ. എ ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. ഡിഎന്‍എ പരിശോധനാ ഫലം അടക്കമുള്ള 50 ലധികം രേഖകളും സമര്‍പ്പിച്ചിരുന്നു. ദൃക്‌സാക്ഷികളടക്കം 100 ലധികം സാക്ഷികളാണ് ഈ കേസിലുള്ളത്. ഐപിസി 302 (കൊലപാതകം), 153 എ (മതസൗഹാര്‍ദം തകര്‍ക്കാന്‍ വര്‍ഗീയ കലാപമുണ്ടാക്കല്‍), 295 (കുറ്റകൃത്യം ചെയ്യാനുദ്ദേശിച്ച് മതസ്ഥാപനങ്ങളിലേക്ക് അതിക്രമിച്ചുകടക്കല്‍), 34 (അക്രമിക്കാന്‍ സംഘടിക്കല്‍), 201 (തെറ്റിദ്ധരിപ്പിച്ച് കുറ്റം മറച്ചുവയ്ക്കല്‍) എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്.

90 ദിവസത്തിനകം 1,000 പേജുള്ള കുറ്റപ്പത്രം സമര്‍പ്പിച്ചു. തളിപ്പറമ്പ് സിഐയും ഇപ്പോള്‍ ഡിവൈഎസ്പിയുമായ പി കെ സുധാകരനാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അതേസമയം, യാതൊരു പ്രകോപനവുമില്ലാതെ വര്‍ഗീയ കലാപം ലക്ഷ്യമിട്ട് നടത്തിയ കൊലപാതകമായിട്ടും ഗൗരവമുള്ള വകുപ്പുകള്‍ ചുമത്താതെയാണ് കേസന്വേഷണം നടന്നതെന്ന ആക്ഷേപം നിലനില്‍ക്കുന്നു. പള്ളിയോടനുബന്ധിച്ചുള്ള മുറിയിലാണ് റിയാസ് മൗലവി കിടന്നിരുന്നത്.

മൗലവിയുടെ മുറിയിലേക്ക് ഇടിച്ചുകയറിച്ചെന്ന് ആര്‍എസ്എസ് സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഉറങ്ങിക്കിടന്നയാളെ പള്ളിക്കകത്ത് അതിക്രമിച്ച് കയറി വെട്ടിക്കൊലപ്പെടുത്തിയത് കൃത്യമായ ആര്‍എസ്എസ് ഗൂഢാലോചനയുടെ ഭാഗമാണെന്ന് വ്യക്തമായിരുന്നു. എന്നാല്‍, അന്വേഷണം കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകരില്‍ ഒതുക്കി. കേസില്‍ ഗൂഢാലോചനയുണ്ടെന്ന വാദം പോലിസ് മുഖവിലയ്‌ക്കെടുത്തില്ലെന്നും പരാതികള്‍ ഉയര്‍ന്നിരുന്നു.

Next Story

RELATED STORIES

Share it