Big stories

പിഞ്ചുകുഞ്ഞിനെ ബലാല്‍സംഗം ചെയ്ത് കൊന്ന കേസ്: 29 ദിവസത്തിനുള്ളില്‍ വധശിക്ഷ വിധിച്ച് പോക്‌സോ കോടതി

പിഞ്ചുകുഞ്ഞിനെ ബലാല്‍സംഗം ചെയ്ത് കൊന്ന കേസ്: 29 ദിവസത്തിനുള്ളില്‍ വധശിക്ഷ വിധിച്ച് പോക്‌സോ കോടതി
X
ഗാസിയാബാദ്: പിഞ്ചുകുഞ്ഞിനെ ക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ റെക്കോഡ് വേഗത്തില്‍ വധശിക്ഷ വിധിച്ച് പോക്‌സോ കോടതി. 29 ദിവസത്തിനുള്ളിലാണ് പോക്‌സോ പ്രത്യേക കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചത്. പെണ്‍കുട്ടിയുടെ പിതാവിന്റെ ഉറ്റ സൃഹൃത്തായിരുന്ന ചന്ദന്‍ പാണ്ഡ്യ(30)നെയാണ് പ്രത്യേക പോക്‌സോ കോടതി ജഡ്ജി മഹേന്ദ്ര ശ്രീവാസ്തവ വധശിക്ഷ വിധിച്ചത്. ഒക്ടോബര്‍ 19 നാണ് ഗാസിയാബാദിലെ കവി നഗര്‍ പ്രദേശത്തെ റോഡരികിലെ കുറ്റിക്കാട്ടില്‍ രണ്ടര വയസ്സ് പ്രായമുള്ള പെണ്‍കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. വാദം കേള്‍ക്കല്‍ തുടങ്ങി 29ാം ദിവസം കോടതി വധശിക്ഷ വിധിച്ച് ശിക്ഷ പ്രഖ്യാപിക്കുകയായിരുന്നു.

ഇത്രവേഗം വിധി പ്രസ്താവിക്കാനായത് ഒരു സുപ്രധാന നേട്ടമാണെന്നു പബ്ലിക് പ്രോസിക്യൂട്ടര്‍ ഉത്കര്‍ഷ് വാട്‌സ് പറഞ്ഞു. കുറ്റകൃത്യം നടന്നയുടനെ കുറ്റവാളിയെ അറസ്റ്റ് ചെയ്തതായും ഡിസംബര്‍ 16ന് കുറ്റപത്രം സമര്‍പ്പിച്ചതായും ഡെപ്യൂട്ടി പോലിസ് സൂപ്രണ്ട് അവിനാശ് കുമാര്‍ പറഞ്ഞു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്നു ചൂണ്ടിക്കാട്ടിയാണ് കടുത്ത ശിക്ഷ നല്‍കിയത്.

മകളെ കാണാതായെന്നു ചൂണ്ടിക്കാട്ടി പരാതി നല്‍കാന്‍ ഒക്ടോബര്‍ 19നാണ് ഇരയുടെ കുടുംബം കവി നഗര്‍ പോലിസ് സ്‌റ്റേഷനില്‍ എത്തിയത്. കുടുംബാംഗങ്ങളുടെ സംശയത്തെത്തുടര്‍ന്ന് പോലിസ് ഇരയുടെ പിതാവിന്റെ അടുത്ത സുഹൃത്തായ ചന്ദന്‍ പാണ്ഡെയെ ചോദ്യം ചെയ്യുകയും അന്നു രാത്രി തന്നെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. എന്നാല്‍ പെണ്‍കുട്ടിയെക്കുറിച്ച് തനിക്ക് യാതൊന്നും അറിയില്ലെന്നു പറഞ്ഞ് പോലിസിനെ കബളിപ്പിച്ചതായി കുട്ടിയുടെ മാതാവ് പറഞ്ഞു. പെണ്‍കുട്ടിയെ കാണാതായതിന്റെ രണ്ടാം ദിവസം ഉച്ചയ്ക്കു ശേഷമാണ് കവി നഗര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഓവുചാലത്തിനടുത്തുള്ള കുറ്റിക്കാട്ടില്‍ മൃതദേഹം കണ്ടെത്തിയത്. ഇതിനുശേഷം പ്രതി ചന്ദന്‍ കുറ്റം സമ്മതിച്ചു. കൊലപാതകം, ബലാല്‍സംഗം എന്നീ കുറ്റങ്ങള്‍ ചുമത്തിയ ഇയാളെ ദസ്‌ന ജയിലിലടയ്ക്കുകയായിരുന്നു.

2020 ഒക്ടോബര്‍ 19ന് രാത്രി മരിച്ച പെണ്‍കുട്ടിയുടെ പിതാവിന്റെ സഹപ്രവര്‍ത്തകനായ ചന്ദന്‍ പാണ്ഡെ അവളുടെ വീട്ടിലെത്തി കുട്ടിയെ അടുത്തുള്ള കടയിലേക്കെന്ന വ്യാജേന കൊണ്ടുപോയിരുന്നു. അര്‍ധരാത്രിയായിട്ടും പാണ്ഡെ തിരിച്ചെത്താത്തതിനാലാണ് തിരച്ചില്‍ തുടങ്ങിയത്. പിറ്റേന്ന് വ്യവസായ മേഖലയിലെ ഗതാഗത വകുപ്പ് ഓഫിസിനടുത്തുള്ള ഓവുചാലില്‍ നിന്ന് വികൃതമാക്കിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഇതിനു ശേഷം പാണ്ഡെയെ കസ്റ്റഡിയിലെടുത്തു. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ ഇരയ്ക്ക് എട്ട് ബാഹ്യ പരിക്കുകള്‍ ഉണ്ടെന്ന് സ്ഥിരീകരിച്ചതായും ബലാല്‍സംഗം കാരണം ശ്വാസംമുട്ടിയാണ് മരിച്ചതെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. പെണ്‍കുട്ടിയുടെ ശരീരത്തില്‍ പ്രതിയുടെ ഡിഎന്‍എ സാംപിള്‍ കണ്ടെത്തിയതായി ഫോറന്‍സിക് പരിശോധനയിലും വ്യക്തമായിരുന്നു.

സ്‌പെഷ്യല്‍ ജഡ്ജി (പോക്‌സോ ആക്റ്റ്) മഹേന്ദ്ര ശ്രീവാസ്തവ ജനുവരി 18 ന് പാണ്ഡെയെ കുറ്റക്കാരനാണെന്ന് വിധിക്കുകയും ബുധനാഴ്ച വധശിക്ഷ വിധിക്കുകയുമായിരുന്നു. പ്രോസിക്യൂഷന്‍ 10 സാക്ഷികളെ ഹാജരാക്കിയപ്പോള്‍ കുറ്റവാളിയുടെ കുടുംബം ഉള്‍പ്പെടെ ആരും പ്രതിഭാഗത്തിനു വേണ്ടി ഹാജരായില്ല. രാത്രി 8.50 മുതല്‍ രാത്രി 8.55 വരെയുള്ള സമയം പാണ്ഡെ പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടു പോകുന്നതായി ഗാസിയാബാദ് പോലിസ് ഒരു മൊബൈല്‍ ഷോപ്പില്‍ നിന്ന് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളിലും കണ്ടെത്തിയിരുന്നു. പെണ്‍കുട്ടിയുടെ പിതാവും പാണ്ഡേയും ഏകദേശം 10 വര്‍ഷത്തിലേറെയായി അടുത്ത പരിചയക്കാരും ഗാസിയാബാദിലെ ഒരേ ഫാക്ടറിയില്‍ ജോലി ചെയ്യുകയുമായിരുന്നു. ചില സമയങ്ങളില്‍, പാണ്ഡെ കുടുംബത്തോടൊപ്പം താമസിക്കാറുണ്ടായിരുന്നു. പെണ്‍കുട്ടി ഇയാളെ 'ചാച്ച' (അമ്മാവന്‍) എന്നാണ് വിളിച്ചിരുന്നത്. പാണ്ഡെ വിവാഹിതനും പ്രായപൂര്‍ത്തിയാവാത്ത രണ്ട് കുട്ടികളുടെ പിതാവുമാണ്.

Ghaziabad court awards death penalty to man for toddler's rape and murder

Next Story

RELATED STORIES

Share it