Big stories

'നരക തുല്യം തടങ്കല്‍ പാളയങ്ങള്‍'; അനുഭവങ്ങള്‍ പങ്കുവച്ച് മുന്‍ തടവുകാര്‍

'ആകാശം തലയിലേക്ക് ഇടിഞ്ഞു വീഴുന്നത് പോലെയാണ് തോന്നുന്നത്'. പൗരത്വം നഷ്ടപ്പെട്ട ഒരു അസം സ്വദേശി പറഞ്ഞു.

നരക തുല്യം തടങ്കല്‍ പാളയങ്ങള്‍;  അനുഭവങ്ങള്‍ പങ്കുവച്ച് മുന്‍ തടവുകാര്‍
X

ന്യൂഡല്‍ഹി: ആവശ്യത്തിന് ഭക്ഷണവും അടിസ്ഥാന സൗകര്യങ്ങളും ഇല്ലാതെ നരഗതുല്യാണ് അസമിലെ തടങ്കല്‍ പാളയങ്ങളിലെ ജീവിതമെന്ന് മുന്‍ തടവുകാര്‍. ഗോല്‍പാരയിലെ ഉള്‍പ്പടെ അസമിലെ കുപ്രസിദ്ധമായ തടങ്കല്‍ പാളയങ്ങളിലെ മൂന്ന് വര്‍ഷത്തെ ദുരുതപൂര്‍ണമായ ജീവിതത്തിന് ശേഷം മോചിതരായവരാണ് തങ്ങളുടെ അനുഭവം പങ്കുവച്ചത്.

പൗരത്വം സംശയാസ്പതമായതിനെ തുടര്‍ന്ന് സ്ത്രീകളും കുട്ടികളും വയോധികരും ഉള്‍പ്പടെ നൂറുകണക്കിന് പേരാണ് തടങ്കല്‍ പാളയങ്ങളില്‍ കഴിയുന്നത്. എന്‍ആര്‍സി നടപ്പാക്കിയതോടെ ലക്ഷക്കണക്കിന് പേരുടെ പൗരത്വം ചോദ്യച്ചെയ്യപ്പെട്ടു. ഇന്നല്ലെങ്കില്‍ നാളെ തടങ്കല്‍ പാളയത്തിലേക്ക് പോകേണ്ടിവരുമെന്ന് ആശങ്കയില്‍ ലക്ഷങ്ങളാണ് അസമില്‍ കഴിയുന്നത്.

കൃത്യ സമയത്ത് ഭക്ഷണമോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ലഭിക്കുന്നില്ലെന്ന് 71 വയസ്സുകാരിയായ കദ്ദൂസ് മിയ പറയുന്നു. തടങ്കല്‍ പാളയത്തിന് അകത്ത് ആദ്യം കക്കൂസുകള്‍ ഉണ്ടായിരുന്നില്ല. സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ വേണം പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോവാന്‍. ഇത് വനിതാ തടവുകാരെ ഏറെ ദുരിതത്തിലാക്കി. പ്രാഥമിക ആവശ്യങ്ങള്‍ക്ക് പുറത്ത് ഏറെ ദൂരേക്ക് പോവേണ്ടതിനാല്‍ വൃദ്ധരായ തടവുകാരും ഏറെ ബുദ്ധിമുട്ടി. പ്രായാധിക്യവും രോഗവും മൂലം കിടപ്പിലായ പലരും സ്വന്തം വസ്ത്രത്തിലും കിടക്കപ്പായിലും മലമൂത്ര വിസര്‍ജനം നടത്തുന്ന അവസ്ഥയും ഉണ്ടായി. രാത്രി മുഴുവന്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ കിടക്കേണ്ടി വരുന്നതിനാല്‍ ആരോഗ്യപ്രശ്‌നങ്ങളും നേരിട്ടു.

പ്രശ്‌നം രൂക്ഷമായതോടെ തടങ്കല്‍പാളയത്തിന് അകത്ത് തന്നെ ടോയ്‌ലറ്റുകള്‍ നിര്‍മിച്ചു. എന്നാല്‍, തടവുകാര്‍ ആത്മഹത്യ ചെയ്യുന്നത് തടയാനെന്ന പേരില്‍ മേല്‍ക്കൂരയില്ലാതെയാണ് ടോയ്‌ലറ്റുകള്‍ നിര്‍മിച്ചത്. തടവറക്കുള്ളില്‍ തന്നെ ചുമരുകള്‍ ഉയരം കുറച്ച് മേല്‍ക്കൂരയില്ലാതെ ടോയ്‌ലറ്റുകള്‍ കെട്ടിയത് തടവുകാരുടെ സ്വകാര്യത നഷ്ടപ്പെടുത്തി. മാത്രമല്ല, ടോയ്‌ലറ്റുകളില്‍ നിന്നുള്ള ദുര്‍ഗന്ധവും തടവറയില്‍ പരക്കുന്നതും തടവുകാരെ ദുരിതത്തിലാക്കി.

പൗരത്വ പ്രശ്‌നം നേരിടുന്നവരില്‍ ഭൂരിഭാഗവും ദരിദ്രരും നിരക്ഷരരുമായ ജനവിഭാഗങ്ങളാണ്. പൗരത്വ രേഖകള്‍ ശരിയാക്കാന്‍ എന്ത് ചെയ്യണമെന്ന് പോലും അറിയാതെ നെട്ടോട്ടമോടുകയാണ് ഇവരില്‍ ഭൂരിഭാഗം പേരും. 'ആകാശം തലയിലേക്ക് ഇടിഞ്ഞു വീഴുന്നത് പോലെയാണ് തോന്നുന്നത്'. പൗരത്വം നഷ്ടപ്പെട്ട ഒരു അസം സ്വദേശി പറഞ്ഞു.

Next Story

RELATED STORIES

Share it