Big stories

ആയിരങ്ങളുടെ അന്ത്യാഭിവാദ്യം; ഇസ്മാഈല്‍ ഹനിയ്യയ്ക്ക് അന്ത്യനിദ്ര

ആയിരങ്ങളുടെ അന്ത്യാഭിവാദ്യം; ഇസ്മാഈല്‍ ഹനിയ്യയ്ക്ക് അന്ത്യനിദ്ര
X

ദോഹ: ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ രക്തസാക്ഷിയായ ഹമാസ് രാഷ്ട്രീയകാര്യ സമിതി മേധാവി ഇസ്മാഈല്‍ ഹനിയ്യയ്ക്ക് ആയിരങ്ങളുടെ പ്രാര്‍ഥനകളുടെയും അന്ത്യാഭിവാദ്യത്തിനുമൊടുവില്‍ യാത്രാമൊഴി. ഖത്തര്‍ ആസ്ഥാനമായ ദോഹയിലെ ഇമാം മുഹമ്മദ് ബിന്‍ അബ്ദുല്‍വഹാബ് പള്ളിയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷം നടന്ന മയ്യിത്ത് നമസ്‌കാരത്തില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. ശേഷം ലുസൈലിലെ ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഹനിയ്യയ്ക്കു വേണ്ടി പ്രാര്‍ഥനകളും മയ്യിത്ത് നമസ്‌കാരവും നടന്നു. ദോഹയിലെ പ്രാര്‍ഥനകളില്‍ ലോകരാഷ്ട്ര നേതാക്കളും വിവിധ അറബ് രാഷ്ട്ര പ്രതിനിധികളും പൊതുജനങ്ങളും പങ്കാളിത്തം വഹിച്ചു. വെള്ളിയാഴ്ച ജുമുഅയ്ക്കു മുമ്പായി തന്നെ ദോഹയിലെ പള്ളിയിലേക്ക് ആയിരങ്ങള്‍ ഒഴുകിയെത്തിയിരുന്നു. ഫലസ്തീന്റെയും ബൈത്തുല്‍ മുഖദ്ദിസിന്റെയും മോചനത്തിനു വേണ്ടി ജീവനും ജീവിതവും നല്‍കി ഒടുവില്‍ രക്തസാക്ഷിയായ ഹനിയ്യയെ അവസാനമായി ഒരുനോക്ക് കാണാനും മയ്യിത്ത് നമസ്‌കാരത്തില്‍ പങ്കെടുക്കാനുമാണ് ആയിരങ്ങളെത്തിയത്. ഇതുകാരണം വന്‍ സുരക്ഷയും ഒരുക്കിയിരുന്നു.

ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി, പിതാവ് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ഥാനി, ഖത്തര്‍ പ്രധാനമന്ത്രിയും വിശേദകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ അല്‍ഥാനി, ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അതിയ്യ, ശൂറാ കൗണ്‍സില്‍ സ്പീക്കര്‍ ഹസന്‍ ബിന്‍ അബ്ദുല്ല അല്‍ ഗാനിം, തുര്‍ക്കി വൈസ് പ്രസിഡന്റ് സിദെത് യില്‍മസ്, വിദേശകാര്യമന്ത്രി ഹകാന്‍ ഫിദാന്‍, മലേസ്യന്‍ ആഭ്യന്തര സഹമന്ത്രി ഷംസുല്‍ അനുര്‍ നസറ, ഇന്തോനേസ്യ മുന്‍ വൈസ് പ്രസിഡന്റ് യൂസുഫ് കലാ, ഹമാസ് രാഷ്ട്രീയകാര്യ സമിതി ഡെപ്യൂട്ടി ചെയര്‍മാനും ഹനിയ്യയുടെ പിന്‍ഗാമിയുമായ ഖാലിദ് മിശ്അല്‍, ആഗോള ഇസ്‌ലാമിക പണ്ഡിതസഭ അധ്യക്ഷന്‍ ഡോ. അലി അല്‍ ഖറദാഗി തുടങ്ങി നിരവധി പ്രമുഖരാണ് മയ്യിത്ത് നമസ്‌കാരത്തില്‍ പങ്കാളികളായത്. ഫലസ്തീന് പിന്തുണയര്‍പ്പിക്കുന്ന മുദ്രാവാക്യങ്ങളും ദേശീയ പതാകയും ഷാളും കഫിയ്യയും അണിഞ്ഞായിരുന്നു പലരും പള്ളിയിലേക്കെത്തിയത്.

Next Story

RELATED STORIES

Share it