Big stories

തിരുവനന്തപുരം വിദ്വേഷ പ്രസംഗം;പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കി

അന്വേഷണത്തിന്റെ ഭാഗമായി ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്യാമെന്നും കോടതി വ്യക്തമാക്കി

തിരുവനന്തപുരം വിദ്വേഷ പ്രസംഗം;പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കി
X

തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കി.തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു.അന്വേഷണത്തിന്റെ ഭാഗമായി ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്യാമെന്നും കോടതി വ്യക്തമാക്കി.

വെണ്ണലയില്‍ മതവിദ്വേഷ പ്രസംഗം നടത്തിയെന്ന കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടുള്ള പാലാരിവട്ടം പോലിസിന്റെ നോട്ടിസ് പി സി ജോര്‍ജ് ഇന്ന് കൈപ്പറ്റിയിരുന്നു. ഇന്ന് തന്നെ പാലാരിവട്ടം പോലിസ് സ്‌റ്റേഷനില്‍ ഹാജരാകുമെന്നാണ് സൂചന.

തിരുവനന്തപുരം ഹിന്ദു മഹാ സമ്മേളനത്തില്‍ നടത്തിയ വിദ്വേഷ പ്രസംഗത്തിന് അറസ്റ്റിലായ പി സി ജോര്‍ജ്, ജാമ്യം ലഭിച്ചതിന് ശേഷവും സമാന പ്രസംഗം നടത്തിയെന്ന് വെണ്ണലയിലെ വിദ്വേഷ പ്രസംഗം ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. വിദ്വേഷ പ്രസംഗത്തിന്റെ തെളിവായി വെണ്ണല മത വിദ്വേഷ പ്രസംഗത്തിന്റെ സിഡിയും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. സിഡി പരിശോധിച്ച കോടതി ജാമ്യം റദ്ദാക്കണമെന്ന വാദം അംഗീകരിക്കുകയായിരുന്നു. ഭരണഘടന അനുവദിച്ചിട്ടുള്ള സ്വാതന്ത്ര്യം ഉപയോഗിച്ചാണ് പ്രസംഗിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതെന്നും മത വിദ്വേഷ പ്രസംഗം നടത്തിയിട്ടില്ലെന്നും പി സി ജോര്‍ജിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

ഈ മാസം ഒന്നാം തീയതിയാണ് പി സി ജോര്‍ജിനു കോടതി ജാമ്യം അനുവദിച്ചത്. പോലിസ് ദുര്‍ബലമായ റിപോര്‍ട്ട് സമര്‍പിച്ചതിനെ തുടര്‍ന്നാണ് ജാമ്യം അനുവദിക്കുന്നതെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. മൂന്നു വര്‍ഷത്തില്‍ താഴെ ശിക്ഷ ആയതിനാല്‍ സുപ്രിംകോടതി വിധികളുടെ അടിസ്ഥാനത്തിലും പ്രോസിക്യൂഷന്റെ അഭാവത്തിലും കോടതിയുടെ വിവേചന അധികാരവും ഉപയോഗിച്ചാണ് ജാമ്യം അനുവദിച്ചത്. ഇതേതുടര്‍ന്നാണ്, സര്‍ക്കാര്‍ ജാമ്യം റദ്ദാക്കാന്‍ വീണ്ടും കോടതിയെ സമീപിച്ചത്.

Next Story

RELATED STORIES

Share it