Big stories

റവന്യൂ രേഖയില്‍ മസ്ജിദോ ഖബ്ര്‍സ്ഥാനോ എങ്കില്‍ വഖ്ഫ് തന്നെ: പഞ്ചാബ്-ഹരിയാന ഹൈക്കോടതി

ദീര്‍ഘകാലം മുസ്‌ലിംകള്‍ ഉപയോഗിച്ചില്ലെങ്കിലും ഭൂമി വഖ്ഫായി സംരക്ഷിക്കപ്പെടണം

റവന്യൂ രേഖയില്‍ മസ്ജിദോ ഖബ്ര്‍സ്ഥാനോ എങ്കില്‍ വഖ്ഫ് തന്നെ: പഞ്ചാബ്-ഹരിയാന ഹൈക്കോടതി
X

ചണ്ഡീഗഡ്: റവന്യൂ രേഖയിലെ മസ്ജിദും ഖബ്ര്‍സ്ഥാനും വഖ്ഫ് സ്വത്ത് തന്നെയായിരിക്കുമെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. ദീര്‍ഘകാലമായി മുസ്‌ലിംകള്‍ ആ സ്വത്ത് ഉപയോഗിച്ചില്ലെങ്കിലും അത് വഖ്ഫായി സംരക്ഷിക്കപ്പെടണമെന്നും ജസ്റ്റിസുമാരായ സുരേഷ്വര്‍, സുദീപ്തി ശര്‍മ എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു.

കപൂര്‍ത്തല മഹാരാജാവായിരുന്ന ജഗജിത് സിങ് 1922ല്‍ വഖ്ഫായി നല്‍കിയ മസ്ജിദും ഖബ്ര്‍സ്ഥാനും അടങ്ങിയ ഭൂമി സ്വാതന്ത്ര്യത്തിന് ശേഷം ബുധോ പുന്തര്‍ ഗ്രാമപഞ്ചായത്ത് കൈകാര്യം ചെയ്തു വരുകയായിരുന്നു. ഇത് വഖ്ഫ് ഭൂമിയാണെന്ന പഞ്ചാബ് വഖ്ഫ് ബോര്‍ഡിന്റെ വാദം വഖ്ഫ് ട്രിബ്യൂണല്‍ ശരിവച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത് ബുധോ പുന്തര്‍ ഗ്രാമപഞ്ചായത്ത് നല്‍കിയ ഹരജിയാണ് ഹൈക്കോടതി പരിഗണിച്ചത്.

റവന്യൂ രേഖകളില്‍ ഈ ഭൂമി വഖ്ഫ് ഭൂമിയായാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് വാദം കേട്ട ഹൈക്കോടതി നിരീക്ഷിച്ചു. അതിനാല്‍, 1995ലെ വഖ്ഫ് നിയമം ഈ ഭൂമിക്ക് ബാധകമാണ്. ഈ ഭൂമിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള അധികാരം വഖ്ഫ് ട്രിബ്യൂണലില്‍ നിക്ഷിപ്തമാണെന്നും കോടതി നിരീക്ഷിച്ചു. കൂടാതെ പഞ്ചാബ് വഖ്ഫ് നിയമത്തിന് ഭരണഘടനാപരമായ സംരക്ഷണമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

കപൂര്‍ത്തല മഹാരാജാവായിരുന്ന ജഗജിത് സിങ് നല്‍കിയ ഭൂമിയുടെ മുത്തവല്ലികളായ നിക്കി ഷായും സലാമത്ത് ഷായും മകനായ സുബെ ഷായും ഉപഭൂഖണ്ഡത്തിന്റെ വിഭജനത്തോടെ പാകിസ്താനില്‍ പോയി. ഇതോടെയാണ് ഭൂമി പഞ്ചായത്ത് പിടിച്ചെടുത്തത്. 1966ല്‍ നടത്തിയ റീസര്‍വേയില്‍ ഈ ഭൂമി സര്‍ക്കാരിന്റെ വകയിലും ഉള്‍പ്പെടുത്തി. എന്നാല്‍, റവന്യൂ രേഖകളില്‍ ഭൂമി വഖ്ഫായി തന്നെ തുടര്‍ന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് വഖ്ഫ് ബോര്‍ഡ് ഭൂമി ഏറ്റെടുക്കാന്‍ നടപടികള്‍ സ്വീകരിച്ചത്.


മഹാരാജാ ജഗജിത് സിങ്

ഒരിക്കല്‍ ഖബ്ര്‍സ്ഥാന്‍ ആയ സ്ഥലം എന്നും ഖബ്ര്‍സ്ഥാനായിരിക്കുമെന്ന് 1968ലെ തന്നെ സുപ്രിംകോടതി വിധിച്ചിട്ടുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഈ ഭൂമിതര്‍ക്കം കൈകാര്യം ചെയ്യാന്‍ വഖ്ഫ് ട്രിബ്യൂണലിന് അധികാരമില്ലെന്ന പഞ്ചായത്തിന്റെ വാദവും തള്ളിയാണ് ഉത്തരവ്.

Next Story

RELATED STORIES

Share it