Big stories

ഉത്തരേന്ത്യയില്‍ കനത്ത മൂടല്‍ മഞ്ഞ്; വിമാനങ്ങള്‍ വഴിതിരിച്ച് വിട്ടു, ട്രെയിനുകള്‍ വൈകുന്നു

ഉത്തരേന്ത്യയില്‍ കനത്ത മൂടല്‍ മഞ്ഞ്; വിമാനങ്ങള്‍ വഴിതിരിച്ച് വിട്ടു, ട്രെയിനുകള്‍ വൈകുന്നു
X

ന്യൂഡല്‍ഹി: താപനില താഴ്ന്നതോടെ ഉത്തരേന്ത്യയില്‍ കനത്ത മൂടല്‍ മഞ്ഞ്. പഞ്ചാബ്, ഹരിയാന ചണ്ഡീഗഡ്, ഡല്‍ഹി, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് മൂടല്‍ മഞ്ഞ് രൂക്ഷമായത്. അടുത്ത രണ്ടോ മൂന്നോ മണിക്കൂര്‍ കൂടി തുടരുമെന്നും ക്രമേണ മെച്ചപ്പെടുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മൂടല്‍മഞ്ഞ് വിമാന, ട്രെയിന്‍ ഗതാഗതത്തെ ബാധിച്ചിട്ടുണ്ട്.മൂടല്‍മഞ്ഞുമൂലം വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. ചണ്ഡീഗഡ്, വാരാണസി, ലഖ്‌നോ വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടത്.

ഉത്തര്‍പ്രദേശിലും പഞ്ചാബിലും മൂടല്‍മഞ്ഞ് കനത്തതാണ് വിമാനങ്ങള്‍ തിരിച്ചുവിടാന്‍ കാരണമെന്ന് ഡല്‍ഹി വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി. ഡല്‍ഹി വിമാനത്താവളത്തിലാണ് ഈ മൂന്ന് വിമാനങ്ങളും ഇറക്കിയത്. ഡല്‍ഹിയില്‍ ഇപ്പോള്‍ തെളിഞ്ഞ അന്തരീക്ഷമാണുള്ളതെന്ന് വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി.

പുലര്‍ച്ചെ 4.30 ന് ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളവും ഫോഗ് അലര്‍ട്ട് ട്വീറ്റ് ചെയ്തിരുന്നു. ഡല്‍ഹി റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് പുറപ്പെടേണ്ട 20 ട്രെയിനുകളാണ് വൈകിയത്. പഞ്ചാബിലെയും ഗാസിയാബാദിലേയും സ്‌കൂള്‍ സമയത്തില്‍ മാറ്റം വരുത്തി. പഞ്ചാബിലെ സ്‌കൂളുകളും ഇന്നു മുതല്‍ ജനുവരി 21 വരെ 10 മണിക്കായിരിക്കും തുറക്കുകയെന്ന് മുഖ്യമന്ത്രി അറിയിച്ചു. നോയിഡയില്‍ രാത്രി ഗതാഗതത്തിന് നിരോധനം ഏര്‍പ്പെടുത്തി. കനത്ത മൂടല്‍ മഞ്ഞിനെത്തുടര്‍ന്ന് അപകടം പതിവായതിനെ തുടര്‍ന്നാണ് ബസ് സര്‍വീസുകള്‍ക്ക് രാത്രി 9 മുതല്‍ രാവിലെ 7 വരെ നിരോധനം ഏര്‍പ്പെടുത്തിയത്.

ഡല്‍ഹിയിലെ താപനില വീണ്ടും താഴ്‌ന്നേക്കുമെന്നാണ് റിപോര്‍ട്ടുകള്‍. കുറഞ്ഞ താപനില 6.3 ഡിഗ്രി സെല്‍ഷ്യസ് ആയേക്കും. കഴിഞ്ഞ ഞായറാഴ്ചയും സമാനമായ രീതിയില്‍ മൂടല്‍ മഞ്ഞ് അനുഭവപ്പെട്ടിരുന്നു. അന്ന് യമുന നഗറിലെ അംബാല- സഹരന്‍പൂര്‍ ഹൈവേയില്‍ ഞായറാഴ്ച 22 വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരു ഡസനോളം പേര്‍ക്ക് പരിക്കേറ്റു. മൂടല്‍മഞ്ഞ് കാരണം റോഡിലെ ദൃശ്യപരത കുറവായതാണ് അപകടത്തിന് കാരണമെന്ന് അധികൃതര്‍ പറഞ്ഞു. ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറില്‍ ഇന്നലെയും കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെട്ടിരുന്നു. നോര്‍ത്തേണ്‍ റെയില്‍വേ 11 ഓളം ട്രെയിന്‍ സര്‍വീസുകള്‍ മൂടല്‍മഞ്ഞ് കാരണം വൈകിയോടുമെന്ന് ട്വീറ്റ് ചെയ്തു.

Next Story

RELATED STORIES

Share it