Big stories

ഹിജാബ്, ഹലാല്‍, മദ്‌റസ; കര്‍ണാടകയില്‍ മുസ്‌ലിം വിരുദ്ധ നീക്കങ്ങള്‍ ശക്തമാക്കി ആര്‍എസ്എസ്

ഹിജാബ്, ഹലാല്‍, മദ്‌റസ;  കര്‍ണാടകയില്‍ മുസ്‌ലിം വിരുദ്ധ നീക്കങ്ങള്‍ ശക്തമാക്കി ആര്‍എസ്എസ്
X

ബംഗളൂരു: കര്‍ണാടകം ദക്ഷിണേന്ത്യയിലെ ആര്‍എസ്എസ്സിന്റെ പരീക്ഷണ ശാലയായി മാറുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഒന്നിനു പിറകെ ഒന്നായി മുസ് ലിം വിരുദ്ധ നീക്കങ്ങളിലൂടെ വര്‍ഗീയ ധ്രുവീകരണത്തിനുള്ള ശ്രമങ്ങള്‍ക്കാണ് സംഘപരിവാരം തുടക്കമിട്ടിരിക്കുന്നത്.

മംഗലാപുരം, ഉഡുപ്പി മേഖലകള്‍ കേന്ദ്രീകരിച്ചുള്ള നീക്കങ്ങള്‍ ഇപ്പോള്‍ സംസ്ഥാന വ്യാപകമാക്കിയിരിക്കുകയാണ് ഹിന്ദുത്വര്‍. ഹിജാബ് നിരോധനത്തിനും മദ്‌റസകള്‍ക്കെതിരേയുള്ള വര്‍ഗീയ പ്രചാരണങ്ങള്‍ക്കും ശേഷം ഹലാലിനെതിരായ കാംപയിനുമായി ഇറങ്ങിയിരിക്കുകയാണ് സംഘപരിവാര്‍ സംഘടനയായ ബജ്‌റംഗ്ദള്‍.

ഹലാലിനെതിരേ നട്ടാല്‍ മുളക്കാത്ത നുണപ്രചാരണമാണ് സംഘപരിവാര്‍ നടത്തുന്നത്. കവലകളിലും വീടുകളിലും എത്തി ഹലാലിനെതിരേ നോട്ടിസ് വിതരണം ചെയ്യുന്നതിന്റേയും കള്ളപ്രചാരണം നടത്തുന്നതിന്റേയും വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളിലും പ്രചരിപ്പിക്കുന്നുണ്ട്. ഹലാല്‍ സര്‍ട്ടിഫൈഡ് ഭക്ഷണ സാധനങ്ങളുടെ നികുതി സര്‍ക്കാരിന് ലഭിക്കുകയില്ല എന്ന തരത്തിലുള്ള പ്രചാരണവും സംഘപരിവാരം നടത്തുന്നത്. ഇത്തരത്തില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യം ട്വിറ്ററില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

മംഗലാപുരം, ചിക്ക് മംഗളൂര്‍ മേഖലകളില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ കടകളും വീടുകളും കയറി ഹലാല്‍ വിരുദ്ധ പ്രചാരണം നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. കര്‍ണാടകയില്‍ സംസ്ഥാന വ്യാപകമായി ഹലാല്‍ വിരുദ്ധ കാംപയിന്‍ നടത്തുമെന്ന് ബജ്‌റംഗ്ദള്‍ പ്രഖ്യാപിച്ചിരുന്നു. അതിന് പിന്നാലെ ചിക്കന്‍ കടകളിലെത്തി നോണ്‍ ഹലാല്‍ ഇറച്ചി ആവശ്യപ്പെട്ട് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ സംഘര്‍ഷം സൃഷ്ടിച്ചു. ഹലാല്‍ ഇറച്ചി മാത്രമാണ് വിതരണം ചെയ്യുന്നതെന്ന് പറഞ്ഞ മുസ് ലിം കച്ചവടക്കാരെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു.

കര്‍ണാടകയിലെ തീരപ്രദേശങ്ങളിലെ ഹിന്ദുമത മേളകളിലും ക്ഷേത്ര പരിസരങ്ങളിലും മുസ്‌ലിം കടകള്‍ക്കും സ്റ്റാളുകള്‍ക്കും ഹിന്ദുത്വ ഗ്രൂപ്പുകള്‍ വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെയാണ് ഹലാല്‍ വിവാദവും ഉടലെടുത്തിരിക്കുന്നത്. മുസ്‌ലിം മതപരമായ ആചാരപ്രകാരമാണ് ഹലാല്‍ മാംസം തയ്യാറാക്കുന്നത്. എല്ലാ മുസ്‌ലിംകളും ഹലാല്‍ മാംസം മാത്രമാണ് കഴിക്കുന്നത്. മുസ്‌ലിം കടകളില്‍ വില്‍ക്കുന്ന ഇറച്ചിയും കോഴിയിറച്ചിയും ഹലാല്‍ ആചാരപ്രകാരം തയ്യാറാക്കിയതിനാല്‍ അത്തരം കടകള്‍ ബഹിഷ്‌കരിക്കണമെന്നാണ് ഹിന്ദുക്കളോടുള്ള ഹിന്ദുത്വ സംഘടനകളുടെ ആഹ്വാനം.

ഹിന്ദുക്കള്‍ക്ക് ഹലാല്‍ മാംസം വില്‍ക്കുന്നത് സാമ്പത്തിക ജിഹാദിന്റെ ഒരു രൂപമായാണ് ഹിന്ദുത്വസംഘടനകള്‍ വിശേഷിപ്പിക്കുന്നത്. കര്‍ണാടകയിലെ പുതുവര്‍ഷപ്പിറവിയായ ഉഗാദി ആഘോഷത്തിന് ഹലാല്‍ മാംസം ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി ഹിന്ദുസംഘടനകള്‍ രംഗത്തെത്തിയിരുന്നു. കര്‍ണാടകയിലെ പുതുവര്‍ഷാഘോഷമായ ഉഗാദിക്ക് ചില ഹിന്ദു സമുദായങ്ങള്‍ മാംസം അര്‍പ്പിച്ച് പൂജ നടത്താറുണ്ട്. ഇതിന് ഹലാല്‍ മാംസം ഉപയോഗിക്കരുതെന്നാണ് ഹിന്ദുത്വ സംഘടനയായ ഹിന്ദു ജനജാഗ്രതി സമിതി ആഹ്വാനം ചെയ്തിരിക്കുന്നത്. 'ഉഗാദി സമയത്ത്, ഹിന്ദുക്കള്‍ ധാരാളം മാംസം വാങ്ങാറുണ്ട്. അതിനാല്‍, ഞങ്ങള്‍ ഹലാല്‍ മാംസത്തിനെതിരെ ഒരു കാംപയിന്‍ ആരംഭിക്കുന്നു.

ഇസ്‌ലാം അനുസരിച്ച്, ഹലാല്‍ മാംസം ആദ്യം അല്ലാഹുവിനാണ് അര്‍പ്പിക്കുന്നത്, അത് ഹിന്ദു ദൈവങ്ങള്‍ക്ക് സമര്‍പ്പിക്കാന്‍ കഴിയില്ല' സമിതി വക്താവ് മോഹന്‍ ഗൗഡയെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപോര്‍ട്ട് ചെയ്യുന്നു. നേരത്തെ, ഹലാല്‍ സാമ്പത്തിക ജിഹാദാണെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സി ടി രവിയും ആരോപിച്ചിരുന്നു. ഹിജാബ് വിലക്ക് ശരിവച്ച ഹൈക്കോടതി വിധിക്കെതിരേ മുസ്‌ലിം സംഘടനകള്‍ രംഗത്തുവന്നതിനു മറുപടിയായാണ് ഹിന്ദുസംഘടനകളുടെ നീക്കമെന്ന് ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പ്രതികരിച്ചു. ഹലാല്‍ ബഹിഷ്‌കരണത്തില്‍ സര്‍ക്കാര്‍ ഇടപെടുമോ എന്ന ചോദ്യത്തിന് ക്രമസമാധാന പ്രശ്‌നമുണ്ടായാല്‍ ഇടപെടുമെന്നായിരുന്നു മറുപടി.

കര്‍ണാടകയില്‍ 2023ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് വര്‍ഗീയധ്രുവീകരണം ശക്തിപ്പെടുന്നത്. കഴിഞ്ഞ 75 വര്‍ഷത്തിനിടെ ഇത്രമേല്‍ വര്‍ഗീയ ധ്രുവീകരണം സംഭവിക്കുന്നത് ഇതാദ്യമായാണ്.

ആദ്യം വന്നത് ഗോവധ നിരോധനമാണ്, പിന്നീട് മതപരിവര്‍ത്തന വിരുദ്ധ ബില്ല്, ഹിജാബ് നിരോധനം; ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ ഹര്‍ഷയുടെ കൊലപാതകത്തെ തുടര്‍ന്നുണ്ടായ സംഭവങ്ങള്‍. സ്‌കൂള്‍ സിലബസില്‍ ഭഗവദ്ഗീത അവതരിപ്പിക്കാനുള്ള നിര്‍ദേശം; ഹിജാബ് ധരിച്ച മുസ് ലിംവിദ്യാര്‍ത്ഥികളെ പരീക്ഷാ മുറികളില്‍ പ്രവേശിപ്പിക്കാതിരിക്കല്‍, നവവല്‍സദിനമായ ഉഗാദി ഉത്സവം 'ധാര്‍മ്മികദിന' (മതദിനം) ആയി ആഘോഷിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം; ഹിജാബ് ധരിക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ പ്രതിഷേധിച്ചതിന് ഹിന്ദുമത മേളകളിലും ക്ഷേത്രങ്ങളിലും മുസ് ലിം വ്യാപാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്... ഒന്നിനുപിന്നാലെ നിരവധി സംഭവങ്ങളാണ് അരങ്ങേറിയത്. സംസ്ഥാനത്തെ ഭൂരിപക്ഷ ഹിന്ദു വോട്ടുകളുടെ ധ്രുവീകരണത്തിന് വേണ്ടിയുള്ള ഈ നടപടികളില്‍ ഭരണകക്ഷിയായ ബിജെപിയുടെ നിര്‍ലോഭമായ പിന്തുണയുമുണ്ടായിരുന്നു.

Next Story

RELATED STORIES

Share it