Big stories

ഹിന്ദു ബാങ്ക് തട്ടിപ്പ്, കള്ളനോട്ട്-കോഴ കേസുകള്‍: വഞ്ചിക്കപ്പെടുമെന്ന ഭയം; ആര്‍എസ്എസ് സഹകരണ സ്ഥാപനങ്ങളോട് പുറം തിരിഞ്ഞ് ബിജെപി അനുഭാവികളും

ചെറുപുളശ്ശേരിയില്‍ ഹിന്ദു ബാങ്കിന്റെ പേരില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസും പുറത്ത് വന്നതോടെ ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെട്ടു. അലി അക്ബറിന്റെ 'മമധര്‍മ' ഉള്‍പ്പടെ ഹിന്ദു വികാരം ഉണര്‍ത്തി പണം തട്ടാനുള്ള ഏര്‍പ്പാടുകളാണെന്ന് സംഘപരിവാര്‍ അനുകൂലികള്‍ തന്നെ സാമൂഹിക മാധ്യമങ്ങളില്‍ ആശങ്ക പങ്കുവച്ചു.

ഹിന്ദു ബാങ്ക് തട്ടിപ്പ്, കള്ളനോട്ട്-കോഴ കേസുകള്‍: വഞ്ചിക്കപ്പെടുമെന്ന ഭയം; ആര്‍എസ്എസ് സഹകരണ സ്ഥാപനങ്ങളോട് പുറം തിരിഞ്ഞ് ബിജെപി അനുഭാവികളും
X

കോഴിക്കോട്: സഹകരണ സ്ഥാപനങ്ങള്‍ രൂപീകരിച്ച് കേരളത്തില്‍ ഗ്രാമീണ മേഖലയില്‍ ഉള്‍പ്പടെ വോട്ടര്‍മാരിലേക്ക് നുഴഞ്ഞ് കയറാനുള്ള ആര്‍എസ്എസ്സിന്റെ ദീര്‍ഘകാല പദ്ധതികള്‍ക്ക് തിരിച്ചടിയായി ഹിന്ദു ബാങ്ക് തട്ടിപ്പും ബിജെപി സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പടെ ആരോപണ വിധേയമായ കള്ളപ്പണ-കോഴ കേസും ബിജെപി നേതാക്കള്‍ പ്രതിയായ കള്ളനോട്ട് കേസുകളും. കേരളത്തില്‍ ഹിന്ദു ബാങ്ക്, അക്ഷയ ശ്രീ, ഗ്രാമീണ്‍ സമൃതി ഷോപ്പുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, മഹിള സെല്‍സ് എന്നിവ സ്ഥാപിച്ച് ആര്‍എസ്എസ് ഗ്രാമീണ മേഖലയില്‍ ജനങ്ങളെ സംഘടിപ്പിക്കാനുള്ള പദ്ധതി നടപ്പാക്കുന്നതായി കഴിഞ്ഞ 'ദി ന്യൂസ് മിനുറ്റ്' റിപ്പോര്‍ട്ട് പുറത്ത് വിട്ടിരുന്നു.


ആര്‍എസ്എസ്സിന്റെ ഇത്തരം ശ്രമങ്ങള്‍ക്ക് ബിജെപി-ആര്‍എസ്എസ് നേതാക്കള്‍ പ്രതിയായ കള്ളനോട്ട്, ഹിന്ദുബാങ്ക് തട്ടിപ്പ് കേസുകള്‍ തിരിച്ചടിയായി. ഹിന്ദു ബാങ്ക് തട്ടിപ്പില്‍ ബാങ്ക് ഡയറക്ടര്‍മാരായ ആര്‍എസ്എസ്-ബിജെപി നേതാക്കള്‍ തന്നെ കുടുങ്ങിയതോടെ ഇത്തരം സഹകരണ സ്ഥാപനങ്ങളില്‍ ബിജെപി-സംഘപരിവാര അനുഭാവികള്‍ക്ക് തന്നെ വിശ്വാസം നഷ്ടപ്പെട്ടു.


കള്ളപ്പണ കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരേ ആരോപണം ഉയര്‍ന്നതും കള്ളപ്പണ കേസിലെ പ്രതികളുമായുള്ള കെ സുരേന്ദ്രന്റെ ബന്ധവും വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ഇത്തരം കേസുകള്‍ പുറത്ത് വന്നതോടെ ബിജെപിയിലെ സാമ്പത്തിക ഇടപാടുകളില്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ തന്നെ വിശ്വാസം നഷ്ടപ്പെട്ടു.

അതിനിടെ കള്ളനോട്ട് കേസില്‍ കൊടുങ്ങല്ലൂരിലെ ബിജെപി നേതാക്കള്‍ മൂന്നാം തവണയും അറസ്റ്റിലായതും ബിജെപിയെ പ്രതിക്കൂട്ടിലാക്കി.


ചെറുപുളശ്ശേരിയില്‍ ഹിന്ദു ബാങ്കിന്റെ പേരില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസും പുറത്ത് വന്നതോടെ ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെട്ടു. അലി അക്ബറിന്റെ 'മമധര്‍മ' ഉള്‍പ്പടെ ഹിന്ദു വികാരം ഉണര്‍ത്തി പണം തട്ടാനുള്ള ഏര്‍പ്പാടുകളാണെന്ന് സംഘപരിവാര്‍ അനുകൂലികള്‍ തന്നെ സാമൂഹിക മാധ്യമങ്ങളില്‍ ആശങ്ക പങ്കുവച്ചു. മമധര്‍മയുടെ പേരില്‍ സംഘി അനുകൂലികളില്‍ നിന്ന് ഒരു കോടിയിലധികം രൂപ പിരിച്ചെടുത്ത് തട്ടിക്കൂട്ട് പടം നിര്‍മിച്ച് പണം തട്ടിയെടുത്തു എന്ന ആരോപണമാണ് ഉയരുന്നത്. സിനിമ സെറ്റിന്റെ ഉള്‍പ്പടെ പുറത്ത് വന്ന ചിത്രങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം.


ചെര്‍പ്പുളശേരിയില്‍ ഹിന്ദുസ്ഥാന്‍ ഡെവലപ്‌മെന്റ് ബാങ്കി (ഹിന്ദു ബാങ്ക്) ന്റെ പേരില്‍ സംഘപരിവാര്‍ നടത്തിയത് കോടി കണക്കിന് രൂപയുടെ തട്ടിപ്പാണ്. നിരവധി നിക്ഷേപകരില്‍ നിന്നും വാങ്ങിയ പണം തിരിച്ചു നല്‍കാത്തതിനെ തുടര്‍ന്ന് ബാങ്ക് മാസങ്ങള്‍ക്ക് മുമ്പ് പൂട്ടിയിരുന്നു. ആര്‍എസ്എസ് മുന്‍ ജില്ലാ ജാഗരണ്‍ പ്രമുഖും സംഘപരിവാറിന്റെ സോഷ്യല്‍മീഡിയ ചുമതലക്കാരനുമായ ബാങ്കിന്റെ ചെയര്‍മാന്‍ സുരേഷ് കൃഷ്ണക്കെതിരെ നിരവധി പേര്‍ ചെര്‍പ്പുളശേരി പോലിസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. കേസില്‍ ആര്‍എസ്എസ് നേതാവ് സുരേഷ് കൃഷ്ണ അറസ്റ്റിലായി. കേസെടുത്തതോടെ ഒളിവില്‍പ്പോയ സുരേഷ്‌കൃഷ്ണയെ ചിറ്റൂര്‍ പൊല്‍പ്പുള്ളി കൂളിമുട്ടത്ത് നാട്ടുകാര്‍ തടയുകയായിരുന്നു. ചിറ്റൂര്‍ സ്‌റ്റേഷനില്‍ എത്തിച്ച പ്രതിയെ ചെര്‍പ്പുളശേരി പോലിസ് എത്തി കസ്റ്റഡിയില്‍ എടുത്തു. ഒറ്റപ്പാലം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. നിക്ഷേപത്തട്ടിപ്പ്, വിശ്വാസ വഞ്ചന എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്.

സംഘപരിവാര്‍ നേതൃത്വത്തിലുള്ള ഹിന്ദുസ്ഥാന്‍ ഡെവലപ്‌മെന്റ് ബാങ്കി (എച്ച്ഡിബി)ന്റെ പേരില്‍ ലക്ഷങ്ങളാണ് നിക്ഷേപമായി പിരിച്ചത്. ഓഹരി ഉടമകളാക്കാമെന്ന വ്യാജേന 37 പേരില്‍ നിന്നായി ഒരു ലക്ഷം വീതം പിരിച്ചെന്നും തട്ടിപ്പ് നടന്നെന്നും സമ്മതിച്ച് ബാങ്കിന്റെ ഡയറക്ടര്‍മാരില്‍ ഒരുവിഭാഗം വാര്‍ത്താ സമ്മേളനം നടത്തി. കൂടാതെ 200 ആളുകളില്‍നിന്ന് സുരേഷ്‌കൃഷ്ണയുടെ നേതൃത്വത്തില്‍ 2,500 രൂപ വീതം ആര്‍ഡി(റിക്കറിങ് ഡെപ്പോസിറ്റ്) എന്ന പേരിലും പിരിവ് നടത്തി. ഹിന്ദുസ്ഥാന്‍ ഡെവലപ്‌മെന്റ് ബാങ്കിന്റെ ജീവനക്കാരാണ് വീടുകളില്‍ നേരിട്ടെത്തി പണം പിരിച്ചത്.

കമ്പനി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത സ്ഥാപനം സ്വകാര്യ ബാങ്കെന്ന പേരിലാണ് പ്രവര്‍ത്തിച്ചത്. നിക്ഷേപകരില്‍ നിന്നും വാങ്ങിയ പണം തിരിച്ചു നല്‍കാത്തതിനെ തുടര്‍ന്ന് ബാങ്ക് പൂട്ടിയതോടെയാണ് പണം നല്‍കിയവര്‍ പരാതിയുമായി രംഗത്തെത്തിയത്. കൂടുതല്‍ നിക്ഷേപകര്‍ പണം ആവശ്യപ്പെട്ട് പരാതിയുമായി രംഗത്തുവരുമെന്നാണ് വിവരം. ബാങ്കിന്റെ എല്ലാ ഡയറക്ടര്‍മാരും ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരാണ്. ആര്‍എസ്എസ്, ബിജെപി നേതാക്കളുടെ അറിവോടെ നടന്ന തട്ടിപ്പില്‍ അന്വേഷണത്തിന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശിനെ ബിജെപി ചുമതലപ്പെടുത്തിയിരുന്നു.

ബാങ്കില്‍ ജോലി വാഗ്ദാനം ചെയ്തും ബിജെപി പ്രവര്‍ത്തകരായ ചിലരില്‍നിന്നും പണം വാങ്ങി. വലിയ പലിശ വാഗ്ദാനം ചെയ്താണ് സുരേഷ്‌കൃഷ്ണയുടെ നേതൃത്വത്തിലുള്ള സംഘം നിക്ഷേപം സമാഹരിച്ചത്. സ്ഥാപനം 'ഹിന്ദു ബാങ്ക്' എന്ന പേരിലും ഇവര്‍ പ്രചരിപ്പിച്ചിരുന്നു. ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരും പണം നിക്ഷേപിച്ചവരിലുണ്ട്. സ്ഥാപനം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ഉടമയെയും മാസങ്ങളായി വാടക നല്‍കാതെ വഞ്ചിച്ചു. കള്ളപ്പണവും കുഴല്‍പ്പണവും തട്ടിയെന്ന പരാതിയില്‍ ബിജെപി സംസ്ഥാന നേതാക്കള്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുമ്പോഴാണ് ചെര്‍പ്പുളശേരിയില്‍ ബാങ്കിന്റെ മറവിലുള്ള പണം തട്ടിപ്പ് നടന്നത്. ഇതോടെ ബിജെപി സംഘപരിവാര്‍ നേതാക്കളുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് അനുഭാവികള്‍ക്കിടയില്‍ തന്നെ സംശയം ഉയര്‍ന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം സാമ്പത്തിക തട്ടിപ്പുകള്‍ നടന്നെങ്കിലും സംഘപരിവാര്‍ നേതാക്കള്‍ ഇടപ്പെട്ട് ഇതെല്ലാം ഒതൊക്കി തീര്‍ത്തു. അഞ്ച് വര്‍ഷത്തിനുള്ളില്‍ സംസ്ഥാന വ്യാപകമായി ഇത്തരം സഹകരണ സ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കാനുള്ള ആര്‍എസ്എസ് നീക്കത്തിനാണ് ഇത്തരം തട്ടിപ്പുകള്‍ വിലങ്ങുതടിയാവുന്നത്. സംഘപരിവാര്‍ നേതാക്കള്‍ സാമ്പത്തിക തട്ടിപ്പു കേസുകളില്‍ അറസ്റ്റിലായതോടെ ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളില്‍ നിക്ഷേപമിറക്കാന്‍ ബിജെപി അനുഭാവികള്‍ തന്നെ ഭയപ്പെട്ടു.

Next Story

RELATED STORIES

Share it