Big stories

ഗുഡ്ഗാവില്‍ ചാണക വറളി നിരത്തി ജുമുഅ നമസ്‌കാരം തടസ്സപ്പെടുത്തി; വോളിബോള്‍ കോര്‍ട്ട് നിര്‍മിക്കുമെന്നും ഹിന്ദുത്വര്‍

ഗുഡ്ഗാവില്‍ ചാണക വറളി നിരത്തി ജുമുഅ നമസ്‌കാരം തടസ്സപ്പെടുത്തി; വോളിബോള്‍ കോര്‍ട്ട് നിര്‍മിക്കുമെന്നും ഹിന്ദുത്വര്‍
X

ന്യൂഡല്‍ഹി: ഹരിയാനയിലെ ഗുഡ്ഗാവില്‍ ഹിന്ദുത്വര്‍ ചാണക വറളി നിരത്തി ജുമുഅ നമസ്‌കാരം തടസ്സപ്പെടുത്തി. വിവിധ ഹിന്ദുത്വ സംഘടനകളിലെ അംഗങ്ങളാണ് മുസ് ലിംകള്‍ക്ക് ജുമുഅ നമസ്‌കാരത്തിനു നീക്കിവച്ചിരുന്ന സെക്റ്റര്‍ 12എയില്‍ പ്രതിഷേധിക്കാനെത്തിയത്.

രാവിലെ മുതല്‍ തന്നെ പ്രദേശത്ത് ഏതാനും പേര്‍ തടിച്ചുകൂടിയിരുന്നു. അവിടെ ഒരു വോളിബോള്‍ കോര്‍ട്ട് ഉണ്ടാക്കുമെന്ന് അവര്‍ പറയുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

'ഞങ്ങള്‍ ഇവിടെ നിശബ്ദമായി ഇരിക്കുകയാണ് ... പക്ഷേ പ്രാര്‍ത്ഥന അനുവദിക്കില്ല. ഞങ്ങള്‍ ഇവിടെ കളിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്''- പ്രതിഷേധക്കാരിലൊരാള്‍ പറഞ്ഞു. താമസിയാതെ വോളിബോള്‍ കോര്‍ട്ടുണ്ടാക്കുമെന്നും മറ്റൊരാള്‍ പറഞ്ഞു.

കഴിഞ്ഞ ആഴ്ച മുതല്‍ തന്നെ പ്രദേശത്ത് ചാണക വറളി വ്യാപകമായി നിരത്തിയിരുന്നു. പൂജയും നടത്തി.

ഹിന്ദു സഹോദരങ്ങളുമായി സംസാരിച്ച് പ്രശ്‌നപരിഹാരമുണ്ടാക്കാന്‍ ജില്ലാ ഭരണകൂടം ഒരാഴ്ച സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുസ് ലിം സംഘടനകള്‍ പറഞ്ഞു. അതുവരെ നമസ്‌കാരം വേണ്ടെന്നാണ് സംഘടനകളുടെ തീരുമാനം.

12എയില്‍ സമാധാന പൂര്‍ണമായി നടന്നിരുന്ന നമസ്‌കാരം ഹിന്ദുത്വര്‍ തടയുന്നത് ഇതാദ്യമല്ല. നമസ്‌കാരം നടത്താന്‍ സര്‍ക്കാര്‍ അനുവദിച്ച 29 കേന്ദ്രങ്ങളിലൊന്നാണ് 12എ.

2018ല്‍ നമസ്‌കാരത്തെച്ചൊല്ലി ഹിന്ദുത്വര്‍ പ്രശ്‌നമുണ്ടാക്കിയതിനെത്തുടര്‍ന്നാണ് പ്രത്യേക സ്ഥലം നീക്കിവയ്ക്കാന്‍ തീരുമാനിച്ചത്.

നവംബര്‍ 5ന് എട്ട് കേന്ദ്രങ്ങളിലെ ജുമുഅ നമസ്‌കാരം നിര്‍ത്തിവയ്ക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. സമീപവാസികള്‍ക്ക് പ്രതിഷേധമുള്ളതിനാലാണ് അനുമതി പിന്‍വലിക്കുന്നതെന്നും മറ്റിടങ്ങളില്‍ സമാനമായ സ്ഥിതി ഉണ്ടായാല്‍ അവിടെയും അനുമതി ഉണ്ടാവില്ലെന്നും അധികൃതര്‍ പറഞ്ഞിട്ടുണ്ട്.

പൊതുസ്ഥലങ്ങളില്‍ നമസ്‌കരിക്കണമെങ്കില്‍ ഭരണകൂടത്തിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്. സമീപവാസികള്‍ പ്രതിഷേധിച്ചാല്‍ അനുമതി പിന്‍വലിക്കുമെന്നും ഉത്തരവില്‍ പറയുന്നു.

നമസ്‌കരിക്കാന്‍ മറ്റ് കേന്ദ്രങ്ങള്‍ കണ്ടെത്താന്‍ ഡപ്യൂട്ടി കമ്മീഷ്ണറുടെ നേതൃത്വത്തില്‍ ഒരു കമ്മിറ്റിയെ നിയമിച്ചിട്ടുണ്ടെങ്കിലും അത് ഇതുവരെയും യോഗം ചേര്‍ന്നിട്ടില്ല. കഴിഞ്ഞ ആഴ്ച ഇതേ സ്ഥലത്തുനിന്ന് പോലിസ് 30ഓളം പേരെ അറസ്റ്റ് ചെയ്തിരുന്നു.

സാമൂഹികവിരുദ്ധരും റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളും നമസ്‌കാരം കരുവാക്കുന്നുവെന്നാണ് ഹിന്ദുത്വരുടെ പരാതി. നമസ്‌കരിക്കുന്നതിനുവേണ്ടി പൊതുസ്ഥലം നല്‍കരുതെന്നും അവര്‍ ആവശ്യപ്പെടുന്നു.

Next Story

RELATED STORIES

Share it