Big stories

മഹാരാഷ്ട്രയില്‍ പള്ളി തകര്‍ത്ത് തീയിട്ടു; ഖുര്‍ആന്‍ കത്തിച്ചു

മഹാരാഷ്ട്രയില്‍ പള്ളി തകര്‍ത്ത് തീയിട്ടു; ഖുര്‍ആന്‍ കത്തിച്ചു
X

മുംബൈ: മഹാരാഷ്ട്രയിലെ കോലാപൂരില്‍ ഹിന്ദുത്വരുടെ അഴിഞ്ഞാട്ടം. പള്ളി തകര്‍ത്ത് തീയിടുകയും ഖുര്‍ആന്‍ ഉള്‍പ്പെടെ കത്തിക്കുകയും വാഹനങ്ങള്‍ ആക്രമിക്കുകയും ചെയ്തു. ചരിത്രപ്രസിദ്ധമായ വിശാല്‍ഗഡ് കോട്ടയിലെ കൈയേറ്റമൊഴിപ്പിക്കണമെന്നും കശാപ്പ് നിരോധിക്കണമെന്നുമുള്ള ആഹ്വാനവുമായി രാജ്യസഭാ മുന്‍ എംപി സംഭാജിരാജെ ഭോസലെയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചാണ് കര്‍സേവയില്‍ കലാശിച്ചത്. മാരകായുധങ്ങളുമായി ജയ്ശ്രീറാം വിളിച്ചെത്തിയ ഹിന്ദുത്വര്‍ വിശാല്‍ഗഡിലെ റാസ ജുമാ മസ്ജിദിനാണ് തീയിടുകയും ഖുര്‍ആന്‍ കത്തിക്കുകയും ചെയ്തത്.

ശിവജി മഹാരാജാവിന്റെ പിന്‍ഗാമിയെന്ന് അവകാശപ്പെടുന്ന രാജ്യസഭാ മുന്‍ എംപി സംഭാജിരാജെ ഭോസലെയുടെ നേതൃത്വത്തില്‍ നൂറുകണക്കിന് പേര്‍ ഞായറാഴ്ചയാണ് കോട്ടയിലേക്ക് മാര്‍ച്ച് നടത്തിയത്. രാവിലെ 9.40 ഓടെ കോട്ടയില്‍ എത്തുന്നതിന് മുന്നോടിയായാണ് വഴിമധ്യേയുള്ള പള്ളി ആക്രമിച്ചത്. കാവിക്കൊടിയും മാരകായുധങ്ങളുമായി പള്ളിയില്‍ അതിക്രമിച്ചു കയറിയ സംഘം കണ്ണില്‍ക്കണ്ടതെല്ലാം അടിച്ചുതകര്‍ത്തു. പള്ളി മിനാരത്തില്‍ കാവിക്കൊടി നാട്ടുകയും പ്രാര്‍ഥനാ ഹാള്‍ ഉള്‍പ്പെടെ തകര്‍ക്കുകയും ചെയ്തു. ആക്രമണം നടത്തുന്നതിനിടെ ജയ് ശ്രീറാം വിളിച്ച് സംഘം ആക്രോശിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സമീപത്തെ വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ ആക്രമണം നടത്തുകയും പ്രദേശവാസികളെ മര്‍ദ്ദിക്കുകയും ചെയ്തതായും റിപോര്‍ട്ടുകളുണ്ട്. ആക്രമിക്കപ്പെട്ട വാഹനങ്ങളും ദൃശ്യത്തില്‍ കാണുന്നുണ്ട്. സമീപപ്രദേശമായ ഗജാപൂരിലാണ് വീടുകള്‍ ആക്രമിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്തു. ഒരു വീടിന് തീയിടുകയും നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

മുന്‍കൂട്ടി പ്രഖ്യാപിച്ച മാര്‍ച്ചില്‍ സംഘര്‍ഷസാധ്യതയുണ്ടെന്ന് റിപോര്‍ട്ട് ചെയ്തിട്ടും കാര്യമായ പോലിസ് കാവലേര്‍പ്പെടുത്തിയിരുന്നില്ല. പ്രതിഷേധക്കാരെ തടയാന്‍ കാര്യമായ പോലിസ് സേന സ്ഥലത്തുണ്ടായിരുന്നില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ മതിയായ പോലിസ് സേനയെ വിന്യസിച്ചിരുന്നുവെന്നും ചില ആക്രമണങ്ങള്‍ നടന്നതായി മനസ്സിലായിട്ടുണ്ടെന്നും സംഭവത്തില്‍ കേസെടുക്കുമെന്നും കോലാപൂര്‍ പോലിസ് സൂപ്രണ്ട് മഹേന്ദ്ര പണ്ഡിറ്റ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. എന്നാല്‍, ആക്രണത്തില്‍ തന്റെ അനുയായികള്‍ക്ക് പങ്കില്ലെന്നാണ് മുന്‍ എംപി സാംഭാജിരാജെ പറയുന്നത്.

പുരാവസ്തു വകുപ്പിനു കീഴിലുള്ള സംരക്ഷിത സ്മാരകമായ വിശാല്‍ഗഡ് കോട്ടയില്‍ കഴിഞ്ഞ വര്‍ഷം ജില്ലാ ഭരണകൂടം നടത്തിയ സര്‍വേയില്‍ അനധികൃതമായി നിര്‍മിച്ച 160 കെട്ടിടങ്ങള്‍ കണ്ടെത്തിയതായി അവകാശപ്പെട്ടിരുന്നു. ഇതിനു പിന്നാലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാത്തതിന് ബിജെപി-ശിവസേന ഷിന്‍ഡേ വിഭാഗം ഭരിക്കുന്ന മഹാരാഷ്ട്ര സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് രാജ്യസഭാ മുന്‍ എംപി സംഭാജിരാജെ ഭോസലെ രംഗത്തെത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് കൈയേറ്റമൊഴിപ്പിക്കുമെന്ന മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ വാഗ്ദാനം പാലിക്കണമെന്ന് ആവശ്യപ്പെട്ട് ഞായറാഴ്ച പ്രതിഷേധം സംഘടിപ്പിച്ചത്. ഭോസലേയുടെ നേതൃത്വത്തിലുള്ള സ്വരാജ്യ സംഘാതന്റെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. വിശാല്‍ഗഡ് കോട്ടയിലെത്തി എല്ലാ കൈയേറ്റങ്ങളും ഒഴിപ്പിക്കുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്ന ഭോസലേ, ഞായറാഴ്ച ശിവജിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ കോട്ടയിലേക്ക് പോവുമെന്നും അറിയിച്ചിരുന്നു. മാര്‍ച്ച് കോട്ടയിലെത്തുന്നതിനു മുമ്പാണ് ഒരു സംഘം പള്ളി തകര്‍ക്കുകയും തീയിട്ട് നശിപ്പിക്കുകയും ചെയ്തത്. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് മേഖലയില്‍ ജൂലൈ 29 വരെ നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്. വിനോദ സഞ്ചാരികള്‍ക്കും വിശ്വാസികള്‍ക്കും കോട്ടയിലേക്കുള്ള പ്രവേശനം ജില്ലാ ഭരണകൂടം നിരോധിച്ചു. വിഷയം ചര്‍ച്ച ചെയ്യാമെന്ന ജില്ലാ കലക്ടര്‍ അമല്‍ യെഡ്ജിയുടെ വാഗ്ദാനവും ലംഘിച്ചാണ് മാര്‍ച്ച് നടത്തിയത്. അതേസമയം, കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ സംഭാജിരാജെ ഭോസലെ നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്കെതിരേ വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.

Next Story

RELATED STORIES

Share it