Big stories

പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ കൊമ്പന്‍മാര്‍ കൊമ്പുകുത്തി

2014ലും 2016ലും ഫൈനലില്‍ പ്രവേശിച്ച ബ്ലാസ്റ്റേഴ്‌സ് എടികെയോട് തോറ്റ് കിരീടം കൈവിട്ടിരുന്നു.

പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ കൊമ്പന്‍മാര്‍ കൊമ്പുകുത്തി
X


പനാജി: ഐഎസ്എല്ലിലെ ഫൈനല്‍ ഭാഗ്യം ഇക്കുറിയും ബ്ലാസ്റ്റേഴ്സിനെ തുണച്ചില്ല. മഞ്ഞ ജെഴ്സിയുടെ ഭാഗ്യത്തെ കൂട്ടുപിടിച്ച് ഹൈദരാബാദ് കന്നി ഐഎസ്എല്‍ കിരീടം സ്വന്തമാക്കി. നിശ്ചിത സമയത്ത് സമനിലയില്‍ അവസാനിച്ച മല്‍സരം (1-1) ഷൂട്ടൗട്ടില്‍ ഹൈദരാബാദിനെ തുണയ്ക്കുകയായിരുന്നു. ഷൂട്ടൗട്ടില്‍ 3-1നാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്. ഹൈദരാബാദിന്റെ ആദ്യ ഫൈനലും ആദ്യ കിരീട നേട്ടവുമാണ്. ഇതുവരെ കളിച്ച ഐഎസ്എല്ലിന്റെ മൂന്ന് ഫൈനലുകളിലും ബ്ലാസ്റ്റേഴ്സിന് കാലിടറി. 2014ലും 2016ലും ഫൈനലില്‍ പ്രവേശിച്ച ബ്ലാസ്റ്റേഴ്സ് എടികെയോട് തോറ്റ് കിരീടം കൈവിട്ടിരുന്നു.


ഷൂട്ടൗട്ടില്‍ ആയുഷ് അധികാരി മാത്രമാണ് ബ്ലാസ്റ്റേഴ്സിനായി വലകുലിക്കിയത്. ഹൈദരാബാദ് ഗോള്‍ കീപ്പര്‍ ലക്ഷമികാന്ത് കട്ടിമാണിയാണ് കേരളത്തിന്റെ വില്ലനായത്.മാര്‍ക്കോ ലെസ്‌കോവിച്ച്, നിഷു കുമാര്‍, ജിക്സണ്‍ സിങ് എന്നിവരുടെ കിക്കുകള്‍ കട്ടിമാണി തടുത്തിടുകയായിരുന്നു.


നിശ്ചിത സമയത്ത് 1-1 സമനിലയില്‍ അവസാനിച്ച മല്‍സരം എക്സ്ട്രാടൈമിലും സമനിലയില്‍ അവസാനിച്ചു. ഇതോടെ മല്‍സരം ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. നേരത്തെ 68ാം മിനിറ്റില്‍ രാഹുല്‍ കെ പിയാണ് ബ്ലാസ്റ്റേഴ്സിന് ലീഡ് നല്‍കിയത്. എന്നാല്‍ 88ാം മിനിറ്റില്‍ സാഹില്‍ ടവോറ ഹൈദരാബാദിനായി തിരിച്ചടിക്കുകയായിരുന്നു.


ആദ്യപകുതിയില്‍ ഇരുടീമും ഗോള്‍ നേടാനാവാതെ സമനിലയില്‍ പിരിഞ്ഞു. ഇരുടീമും ആക്രമണ ഫുട്ബോള്‍ പുറത്തെടുത്തെങ്കിലും ഗോളടിക്കാന്‍ ആയില്ല. ബ്ലാസ്റ്റേഴ്സിന് മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും സ്‌കോര്‍ ചെയ്യാനായില്ല. 14ാം മിനിറ്റില്‍ ഖാബ്രയുടെ ക്രോസ് ഡയസ്സ് ഹെഡ് ചെയ്തെങ്കിലും ഗോളായില്ല. 20ാം മിനിറ്റില്‍ രാഹുല്‍ കെ പിയും ഒരവസരം നഷ്ടപ്പെടുത്തി. 38ാം മിനിറ്റില്‍ ആല്‍വാരോ വാസ്‌കസിന്റെ ഷോട്ട് ക്രോസ് ബാറില്‍ തട്ടി പുറത്തായിരുന്നു. മലയാളി താരം സഹല്‍ ഇല്ലാതെയാണ് മഞ്ഞപ്പട ഇറങ്ങിയത്. അഡ്രിയാന്‍ ലൂണയാണ് ടീമിനെ നയിച്ചത്.




Next Story

RELATED STORIES

Share it