Big stories

ബ്രിട്ടന് ഇറാന്റെ അന്ത്യശാസനം; തടഞ്ഞുവച്ച എണ്ണടാങ്കര്‍ മോചിപ്പിച്ചില്ലെങ്കില്‍ ബ്രിട്ടീഷ് എണ്ണക്കപ്പല്‍ പിടിച്ചെടുക്കും

സംഭവത്തില്‍ തെഹ്‌റാനിലെ ബ്രിട്ടീഷ് സ്ഥാനപതിയെ വിളിച്ചുവരുത്തി ഇറാന്‍ കടുത്ത പ്രതിഷേധമറിയിക്കുകയും എണ്ണടാങ്കര്‍ പിടിച്ചെടുത്ത ബ്രിട്ടന്റെ 'നിയമവിരുദ്ധ' നടപടിയെ അപലപിക്കുകയും ചെയ്തു.

ബ്രിട്ടന് ഇറാന്റെ അന്ത്യശാസനം; തടഞ്ഞുവച്ച എണ്ണടാങ്കര്‍ മോചിപ്പിച്ചില്ലെങ്കില്‍ ബ്രിട്ടീഷ് എണ്ണക്കപ്പല്‍ പിടിച്ചെടുക്കും
X

തെഹ്‌റാന്‍: ജിബ്രാള്‍ട്ടറില്‍ തടഞ്ഞുവെച്ച തങ്ങളുടെ എണ്ണ കപ്പല്‍ ഉടന്‍ മോചിപ്പിച്ചില്ലെങ്കില്‍ ബ്രിട്ടന്റെ എണ്ണക്കപ്പല്‍ പിടിച്ചെടുക്കുമെന്ന മുന്നറിയിപ്പുമായി ഇറാന്‍. യൂറോപ്യന്‍ യൂണിയന്റെ ഉപരോധം മറികടന്ന് സിറിയയിലേക്ക് എണ്ണ കടത്തുകയാണെന്നു സംശയിച്ച് വ്യാഴാഴ്ചയാണ് ജിബ്രാള്‍ട്ടര്‍ കടലിടുക്കില്‍വെച്ച് ബ്രിട്ടീഷ് റോയല്‍ മറീനുകള്‍ ഇറാന്റെ സൂപ്പര്‍ ടാങ്കര്‍ ഗ്രേസ്1 എന്ന എണ്ണടാങ്കര്‍ തടഞ്ഞിട്ടത്.

സംഭവത്തില്‍ തെഹ്‌റാനിലെ ബ്രിട്ടീഷ് സ്ഥാനപതിയെ വിളിച്ചുവരുത്തി ഇറാന്‍ കടുത്ത പ്രതിഷേധമറിയിക്കുകയും എണ്ണടാങ്കര്‍ പിടിച്ചെടുത്ത ബ്രിട്ടന്റെ 'നിയമവിരുദ്ധ' നടപടിയെ അപലപിക്കുകയും ചെയ്തു.

ബ്രിട്ടീഷ് നീക്കം അസ്വീകാര്യമെന്നാണ് സ്ഥാനപതിയുമായുള്ള കൂടിക്കാഴ്ചക്കിടെ മുതിര്‍ന്ന ഇറാനിയന്‍ വിദേശകാര്യ ഉദ്യോഗസ്ഥരന്‍ വിശേഷിപ്പിച്ചത്. യുഎസിന്റെ ആവശ്യപ്രകാരം പിടിച്ചെടുത്ത എണ്ണക്കപ്പല്‍ ഉടന്‍ വിട്ടുതരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കപ്പല്‍ ഉടന്‍ മോചിപ്പിച്ചില്ലെങ്കില്‍ സമാനമായ നടപടിക്ക് ഇറാന്‍ മടിക്കില്ലെന്നും ബ്രിട്ടീഷ് എണ്ണടാങ്കര്‍ പിടിച്ചെടുക്കുമെന്നും ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡര്‍ മുഹ്‌സിന്‍ റസായി ട്വീറ്റ് ചെയ്തു.കപ്പല്‍ പിടിച്ചെടുത്ത ബ്രിട്ടന്റെ നടപടിയെ അപലപിച്ച ഇറാന്‍ വിദേശമന്ത്രാലയം അമേരിക്കയുടെ താളത്തിനൊത്തു അവര്‍ തുള്ളുകയാണെന്നും ആരോപിച്ചു.

ബ്രിട്ടീഷ് 42 കമാന്‍ഡോസംഘത്തിലെ 30 മറീനുകള്‍ അടങ്ങുന്ന സംഘമാണ് ജിബ്രാള്‍ട്ടറിന്റെ ആഭ്യര്‍ഥന പ്രകാരം ഇറാനിയന്‍ എണ്ണക്കപ്പല്‍ പിടിച്ചെടുത്തത്. സിറിയയിലെ ബനിയാസ് റിഫൈനറിയിലേക്ക് എണ്ണയുമായി പോവുകയായിരുന്നു കപ്പലെന്ന് ആരോപിച്ചായിരുന്നു നടപടി.

കടല്‍ക്കൊള്ളയ്ക്കുസമാനമായ നടപടിയെന്ന ഇറാന്റെ ആരോപണത്തെ ബ്രിട്ടന്‍ തള്ളുകയുംചെയ്തു. സ്ഥിതിഗതികള്‍ പഠിച്ചുവരുകയാണെന്നാണ് ജിബ്രാള്‍ട്ടറിന്റെ അവകാശത്തിനുവേണ്ടി ബ്രിട്ടനുമായി തര്‍ക്കത്തിലുള്ള സ്‌പെയിന്‍ പറഞ്ഞത്. പശ്ചിമേഷ്യയില്‍ ഇറാനും യു.എസും തമ്മിലുള്ള യുദ്ധസമാനമായ അന്തരീക്ഷത്തിന് മൂര്‍ച്ചകൂട്ടുന്നതാണ് ബ്രിട്ടന്റെ നടപടി.

Next Story

RELATED STORIES

Share it