Big stories

ഹസന്‍ നസ്‌റുല്ലയെ കൊലപ്പെടുത്തിയെന്ന് ഇസ്രായേല്‍; പ്രതികരിക്കാതെ ഹിസ്ബുല്ല

ഹസന്‍ നസ്‌റുല്ലയെ കൊലപ്പെടുത്തിയെന്ന് ഇസ്രായേല്‍; പ്രതികരിക്കാതെ ഹിസ്ബുല്ല
X

ബെയ്‌റൂത്ത്: ലെബനന്‍ ആസ്ഥാനമായ ബെയ്റൂത്തിനു നേരെ വെള്ളിയാഴ്ച വൈകീട്ട് ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഹിസ്ബുല്ല മേധാവി ഹസന്‍ നസ്റുല്ല കൊല്ലപ്പെട്ടെന്ന് അഭ്യൂഹം. ലെബനനിലെ തെക്കന്‍ ബെയ്റൂത്തിലെ ഹിസ്ബുല്ലയുടെ ശക്തികേന്ദ്രങ്ങളെന്ന് ആരോപിച്ച് ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നിരുന്നു. ഈ ആക്രമണത്തിലാണ് ഹസന്‍ നസ്‌റുല്ല കൊല്ലപ്പെട്ടതെന്ന് ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടു. എന്നാല്‍, ഇതിനോട് ലെബനനോ ഹിസ്ബുല്ലയോ പ്രതികരിച്ചിട്ടില്ല.

ദാഹിയ എന്നറിയപ്പെടുന്ന ഹിസ്ബുല്ലയുടെ ശക്തികേന്ദ്രമായ ബെയ്റൂത്തിലെ തെക്കന്‍ പ്രാന്തപ്രദേശത്താണ് ആക്രമണം നടത്തിയത്. കുറഞ്ഞത് ആറുപേര്‍ കൊല്ലപ്പെട്ടതായും 91 പേര്‍ക്ക് പരിക്കേറ്റതായും ലെബനന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ സമയം ഹിസ്ബുല്ല സെക്രട്ടറി ജനറല്‍ ഹസന്‍ നസ്റുല്ല അവിടെ ഉണ്ടായിരുന്നുവെന്നാണ് ഇസ്രായേല്‍ പറയുന്നത്. ആക്രമണത്തില്‍ ഹസന്‍ നസ്റുല്ലയുടെ മകള്‍ സൈനബ് നസ്റുല്ല കൊല്ലപ്പെട്ടതായി ചാനല്‍ 12 നേരത്തേ റിപോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ മരണത്തെക്കുറിച്ച് ഇസ്രായേലോ ഹിസ്ബുല്ലയോ ലെബനീസ് അധികൃതരോ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല. ഹസന്‍ നസ്‌റല്ലയെ ലക്ഷ്യമിട്ടാണ് ആക്രമണ പരമ്പര നടത്തിയതെന്നാണ് ഇസ്രായേല്‍ അവകാശവാദം. ബെയ്‌റൂത്തിലെ ആറ് കെട്ടിടങ്ങളാണ് ഇന്നലെ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ തകര്‍ത്തത്. തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ നടത്തുന്നതിനാല്‍ മരണസംഖ്യ ഗണ്യമായി ഉയരുമെന്ന് റിപോര്‍ട്ട്.

വെള്ളിയാഴ്ച രാത്രി മുതല്‍ നസ്റുല്ലയുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി ഹിസ്ബുല്ലയുമായി അടുത്ത ബന്ധമുള്ള വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രായേല്‍ റിപോര്‍ട്ട് ചെയ്തു. ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്റുല്ലയെയും തെക്കന്‍ മേഖലാ കമാന്‍ഡറായ അലി കറാക്കിയെയും മറ്റ് നിരവധി നേതാക്കളെയും കൊലപ്പെടുത്തിയെന്നാണ് ഇസ്രായേല്‍ സൈന്യം അറിയിച്ചത്. രാജ്യത്തെ പൗരന്മാര്‍ക്ക് ഭീഷണിയാവുന്ന എല്ലാവരുടെ അടുത്തേക്കും ഇസ്രായേല്‍ എത്തുമെന്ന് ഇസ്രായേല്‍ സൈനിക മേധാവി ലെഫ്റ്റനന്റ് ജനറല്‍ ഹെര്‍സി ഹലേവി പറഞ്ഞു. ആയുധങ്ങളിലെ അവസാനമല്ല ഇത്. സന്ദേശം ലളിതമാണ്, ഇസ്രായേല്‍ രാജ്യത്തിലെ പൗരന്മാരെ ഭീഷണിപ്പെടുത്തുന്ന ഏതൊരാള്‍ക്കും അവരെ എങ്ങനെ നേരിടണമെന്ന് ഞങ്ങള്‍ക്കറിയാമെന്നും അദ്ദേഹം പറഞ്ഞു. ഒറ്റരാത്രികൊണ്ട് ഹിസ്ബുല്ലയുടെ ഡസന്‍ കണക്കിന് കപ്പല്‍ വിരുദ്ധ മിസൈലുകള്‍ നശിപ്പിച്ചതായും സൈന്യം അവകാശപ്പെട്ടു. ചൈനയുടെ സി-704, സി-802 മിസൈലുകളും 200 കിലോമീറ്റര്‍ വരെ ദൂരപരിധിയുള്ള ഇറാനിയന്‍ ഹദ്ദറും ഹിസ്ബുല്ലയുടെ കൈവശമുണ്ടെന്നും ഐഡിഎഫ് വ്യക്തമാക്കി. വളരെ പരിചയസമ്പന്നരായ ഒരു ചെറിയ എലൈറ്റ് യൂനിറ്റാണ് ഇവ സംഭരിച്ച് പ്രവര്‍ത്തിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്നത്. മിനിറ്റുകള്‍ക്കകം മിസൈലുകള്‍ ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തിലുള്ള ആറ് വെയര്‍ഹൗസുകളിലാണ് ആക്രമണം നടത്തിയത്. കടലിനു നേരെ വിക്ഷേപിക്കാവുന്ന വിധത്തിലാണ്

മിസൈലുകള്‍ സജ്ജമാക്കിയിരുന്നത്. ഇസ്രായേലി നാവികസേനയുടെ കപ്പലുകള്‍ക്കും സിവിലിയന്‍ കപ്പല്‍ പാതകള്‍ക്കും കടലിലും തീരത്തും ഇസ്രായേലിന് ഭീഷണിയുയര്‍ത്തുന്നവയായിരുന്നു അതെന്നും ഐഡിഎഫ് പറഞ്ഞു. ആക്രമണത്തിന്റെ ദൃശ്യങ്ങളും ഇസ്രായേല്‍ സൈന്യം പുറത്തുവിട്ടിട്ടുണ്ട്. അതിനിടെ, ലെബനനില്‍ നിന്ന് വിക്ഷേപിച്ച ഭൂതല മിസൈല്‍ വടക്കന്‍ ഇസ്രായേലിന് മുകളില്‍വച്ച് ഇസ്രായേല്‍ വ്യോമ പ്രതിരോധം വെടിവച്ചിട്ടതായി ഐഡിഎഫ് അവകാശപ്പെട്ടു. ഇതേത്തുടര്‍ന്ന് നിരവധി ഇസ്രായേല്‍ പട്ടണങ്ങളില്‍ സൈറണ്‍ മുഴങ്ങി.

അതേസമയം, നസ്‌റുല്ല കൊല്ലപ്പെട്ടതു സംബന്ധിച്ച് ഹിസ്ബുല്ലയില്‍ നിന്ന് ഔദ്യോഗികമായ സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്ന് അല്‍ജസീറയും റിപോര്‍ട്ട് ചെയ്തു. നേരത്തേ, ഗസയില്‍ നടത്തിയ ആക്രമണങ്ങളില്‍ ഹമാസ് നേതാക്കളായ യഹ് യ സിന്‍വാര്‍, മുഹമ്മദ് ദൈഫ് എന്നിവര്‍ നിരവധി തവണ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ അവകാശപ്പെട്ടിരുന്നെങ്കിലും ഇതെല്ലാം വ്യാജമായിരുന്നു. ഈയിടെ, ഇസ്മായില്‍ ഹനിയ്യയെ ഇറാനില്‍ കൊലപ്പെടുത്തിയ ശേഷം യഹ് യ സിന്‍വാറണ് ഹമാസിന്റെ രാഷ്ട്രീയകാര്യ മേധാവിയായി നയിക്കുന്നത്.

Next Story

RELATED STORIES

Share it