Big stories

ഐഎസ്ആര്‍ഒ റോക്കറ്റ് വിക്ഷേപണത്തില്‍ അവസാന ഘട്ടത്തില്‍ ആശങ്ക; വിക്ഷേപിച്ച ഉപഗ്രഹങ്ങളുമായി ബന്ധം സ്ഥാപിക്കാനായില്ല

ഐഎസ്ആര്‍ഒ റോക്കറ്റ് വിക്ഷേപണത്തില്‍ അവസാന ഘട്ടത്തില്‍ ആശങ്ക; വിക്ഷേപിച്ച ഉപഗ്രഹങ്ങളുമായി ബന്ധം സ്ഥാപിക്കാനായില്ല
X

ന്യൂഡല്‍ഹി: ഇന്ന് രാവിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്ന് ഐഎസ്ആര്‍ഒയുടെ പുതിയ റോക്ക് വിജയകരമായി വിക്ഷേപിച്ചുവെങ്കിലും അവസാന ഘട്ടത്തില്‍ ആശങ്ക. വിക്ഷേപിച്ച ഉപഗ്രഹങ്ങളുമായി ഐഎസ്ആര്‍ഒ കണ്‍ട്രോള്‍ റൂമിന് ബന്ധം സ്ഥാപിക്കാനായിട്ടില്ലെന്ന് ഐഎസ്ആര്‍ഒ മേധാവി സോമനാഥന്‍ മാധ്യമങ്ങളോട് പറഞ്ഞു.


സ്‌മോള്‍ സ്‌കെയില്‍ ലോഞ്ച് വെഹിക്കില്‍-ഡി-1 അതിന്റെ ആദ്യ ഘട്ടങ്ങളില്‍ നന്നായി പ്രവര്‍ത്തിച്ചെങ്കിലും അവസാന ഘട്ടത്തില്‍ വിക്ഷേപിച്ച ഉപകരണങ്ങളില്‍നിന്ന് സിഗ്നല്‍ ലഭിച്ചില്ല. ഉപഗ്രഹങ്ങള്‍ നിശ്ചയിച്ച ഭ്രമണപഥത്തിലെത്തിക്കുന്നതിന് റോക്കറ്റില്‍നിന്ന് ലഭിച്ച ഡാറ്റ വിശകലനം ചെയ്യുകയാണ്.


ഇന്ന് രാവിലെ 9.18ന് ശ്രീഹരിക്കോട്ടയില്‍നിന്ന് വിക്ഷേപിച്ച റോക്കറ്റില്‍ എര്‍ത്ത് ഒബ്‌സര്‍വേഷന്‍ സാറ്റലൈറ്റ്(ഇഓഎസ്-02), ആസാദിസാറ്റ് സ്റ്റുഡന്റ് സാറ്റലൈറ്റ് എന്നിങ്ങനെ രണ്ട് ചെറു ഉപഗ്രഹങ്ങളാണ് ഉള്ളത്.



സ്‌പേസ്‌കിഡ്‌സ് ഇന്ത്യയുടെ നേതൃത്വത്തില്‍ ഇന്ത്യയിലെ ഗ്രാമീണ മേഖലയിലെ 75 സ്‌കൂളുകളില്‍നിന്നുളള 750 വിദ്യാര്‍ത്ഥിനികളാണ് ആസാദിസാറ്റ് വികസിപ്പിച്ചത്. രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു ഇത്തരമൊരു നീക്കം. സ്റ്റുഡന്റ് സാറ്റലൈറ്റില്‍ 75 ഉപകരണങ്ങളുണ്ട്. ഭാരം 8 കിലോഗ്രാം. സാറ്റലൈറ്റ് ഡിസൈന്‍ ചെയ്ത കുട്ടികളും ശ്രീഹരിക്കോട്ടയില്‍ എത്തിയിരുന്നു.


എസ്എസ്എല്‍വി റോക്കറ്റിന് 34 മീറ്റര്‍ ഉയരമുണ്ട്. പിഎസ്എല്‍വിയേക്കാള്‍ 10 മീറ്റര്‍ കുറവാണ് ഇത്. വ്യാസം രണ്ട് മീറ്ററാണ്. സാധാരണ പിഎസ്എല്‍വിക്ക് 2.8 മീറ്ററാണ് വ്യാസം.

പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ വിക്ഷേപിച്ചശേഷമുളള ആദ്യ വിക്ഷേപണമാണ് ഇത്.

ചെറിയ ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിക്കാന്‍ എസ്എസ്എല്‍വി ഉപയോഗിക്കാം. ചെലവു കുറവും കുറവ് തയ്യാറെടുപ്പ് സമയവുമാണ് ഇതിന്റെ പ്രത്യേകത. സാധാരണ വിക്ഷേപണ വാഹനമൊരുക്കാന്‍ 40-60 ദിവസമെടുക്കുമ്പോള്‍ ഇതിന് മൂന്ന് ദിവസം മതി.

എസ്എസ്എല്‍വി 120 ടണ്‍ ഉയര്‍ത്തുമ്പോള്‍ പിഎസ്എല്‍വി 320 ടണ്‍ ഉയര്‍ത്തും. 1,800 കിലോഗ്രാമാണ് പെലോഡ് കപ്പാസിറ്റി.

Next Story

RELATED STORIES

Share it