Big stories

ജനഹിതം-2021: 'തുടര്‍ഭരണ'ത്തിന് ഉറപ്പേകുമോ കണ്ണൂര്‍

ജനഹിതം-2021:   തുടര്‍ഭരണത്തിന് ഉറപ്പേകുമോ കണ്ണൂര്‍
X

കേരളത്തിന്റെ രാഷ്ട്രീയതലസ്ഥാനം ഏതെന്നു ചോദിച്ചാല്‍ കമ്മ്യൂണിസ്റ്റുകള്‍ സങ്കോചമേതുമില്ലാതെ പറയും അതു കണ്ണൂരാണെന്ന്. ചരിത്രവും വര്‍ത്തമാനവുമെല്ലാം അതിനവര്‍ക്ക് കൂട്ടുണ്ട്. എകെജിയും ഇ കെ നായനാരും ഇപ്പോള്‍ പിണറായി വിജയനും വരെ എത്തിനില്‍ക്കുന്ന അധികാരബലം മാത്രമല്ല, ചോര കൊണ്ട് കൊടിനിറം ചുവപ്പിച്ച പാരമ്പര്യവും കണ്ണൂരിനു തന്നെ. അതിനാല്‍ തന്നെ തുടര്‍ഭരണത്തിനു വേണ്ടി പ്രതീക്ഷയോടെ തേരുരുട്ടുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ജില്ല ആര്‍ക്കൊപ്പം നില്‍ക്കുമെന്നത് അതിപ്രധാനമാണ്. മുന്‍കാലങ്ങളില്‍ ഇടതിനു മേല്‍ക്കൈ നല്‍കിയിരുന്നെങ്കിലും ശക്തരായ സ്ഥാനാര്‍ഥികളിലൂടെ ചിലയിടങ്ങളിലെങ്കിലും ഇക്കുറി വെന്നിക്കൊടി പാറിക്കാമെന്ന യുഡിഎഫിന്റെ മോഹവും അത്ര നിസ്സാരമായി കാണാനാവില്ല. ഏതായാലും പിണറായി വിജയന്‍ ജന്‍മനാട്ടില്‍ നിന്നു തുടക്കംകുറിച്ച തിരഞ്ഞെടുപ്പ് കണ്ണൂര്‍ ജില്ലയില്‍ പോരാട്ടത്തിന്റെ മുന്‍കാല ചരിത്രത്തെയെല്ലാം മാറ്റിമറിക്കുമെന്നുറപ്പാണ്.


പയ്യന്നൂര്‍

ജില്ലാ അതിര്‍ത്തിയായ പയ്യന്നൂരിന്റെ മണ്ണില്‍ നിന്ന് ഇക്കുറിയും ചുവപ്പല്ലാതെ മറ്റൊന്നും പാറിപ്പറക്കുമെന്ന് കടുത്ത കോണ്‍ഗ്രസുകാരന്‍ പോലും കരുതുന്നില്ല. അത്രയ്ക്കാണ് കരിവെള്ളൂരും പെരുമ്പയും വെള്ളൂരുമടങ്ങുന്ന മണ്ഡലത്തിലെ ഇടതുശക്തി. പയ്യന്നൂര്‍ നഗരസഭയും പെരിങ്ങോം-വയക്കര, കാങ്കോല്‍-ആലപ്പടമ്പ്, കരിവെള്ളൂര്‍ പെരളം, രാമന്തളി, എരമം-കുറ്റൂര്‍, ചെറുപുഴ എന്നീ പഞ്ചായത്തുകള്‍ ഉള്‍പ്പെട്ട മണ്ഡലത്തില്‍ കഴിഞ്ഞ രണ്ടു തവണയും ജയിച്ചത് സിപിഎമ്മിലെ സി കൃഷ്ണനാണ്. തൊഴിലാളി നേതാവായ ഇദ്ദേഹത്തിന്റെ പിന്തുടര്‍ച്ചക്കാര്‍ ആരായാലും സിപിഎമ്മിന്റേതാവുമെന്നതില്‍ തര്‍ക്കമൊന്നുമില്ല. സാജിദ് മാവലായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി. അതിനു മുമ്പ് 2006, 2011 കാലയളവില്‍ പി കെ ശ്രീമതിയാണ് ജയിച്ചിരുന്നത്. മുന്‍കാലങ്ങളില്‍ രാഷ്ട്രീയകൊലപാതകങ്ങളില്‍ നിന്നു മാറിനിന്നിരുന്ന പയ്യന്നൂരിന്റെ മണ്ണില്‍ ആര്‍എസ്എസ് കൊലക്കത്തി ഉയര്‍ത്തിയതിനു 'വരമ്പത്ത് കൂലി' നല്‍കിയാണ് പയ്യന്നൂരിലെ സഖാക്കള്‍ തിരിച്ചടിച്ചത്.



തളിപ്പറമ്പ്

കണ്ണൂര്‍ ജില്ലയിലെ ഇടതുകോട്ടകളിലൊന്നാണ് തളിപ്പറമ്പ് നിയോജക മണ്ഡലം. പ്രതിപക്ഷം പോലുമില്ലാതെ സിപിഎം ഭരിക്കുന്ന ആന്തൂര്‍ മുനിസിപ്പാലിറ്റി, മുസ് ലിം ലീഗ് ഭരിക്കുന്ന തളിപ്പറമ്പ് നഗരസഭ, ചപ്പാരപ്പടവ്, കുറുമാത്തൂര്‍, പരിയാരം, കൊളച്ചേരി, മയ്യില്‍, കുറ്റിയാട്ടൂര്‍, മലപ്പട്ടം എന്നീ ഗ്രാമപഞ്ചായത്തുകളാണ് ഉള്‍പ്പെടുന്നത്. കഴിഞ്ഞ രണ്ടുതവണയായി സിപിഎമ്മിലെ ജെയിംസ് മാത്യു മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. അതിനു മുമ്പ് സി കെ പി പത്മനാഭനായിരുന്നു ജേതാവ്. യുഡിഎഫ് ആവട്ടെ കേരള കോണ്‍ഗ്രസിനു സീറ്റ് നല്‍കി എണ്ണത്തിലൊതുക്കുകയാണ് പതിവ്. ഇക്കുറി ജോസ് കെ മാണി വിഭാഗം യുഡിഎഫ് വിട്ടതിനാല്‍ കോണ്‍ഗ്രസോ ലീഗോ സീറ്റ് ഏറ്റെടുക്കുമെന്നു കരുതുന്നുണ്ടെങ്കിലും സാധ്യത കുറവാണ്. എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ എന്നിവയിലൂടെ വളര്‍ന്നുവന്ന ജെയിംസ് മാത്യുവിന് ഇക്കുറി സീറ്റില്ല.



അഴീക്കോട്

ഒരുകാലത്ത് സിപിഎമ്മിന്റെ ഉരുക്കുകോട്ടയായിരുന്ന അഴീക്കോട് മണ്ഡലം ഇപ്പോള്‍ മുസ് ലിം ലീഗിന്റെ കൈപ്പിടിയിലാണ്. എംവിആറിലൂടെ യുഡിഎഫ് വെട്ടിക്കൊടി പാറിച്ച മണ്ഡലത്തില്‍ പിന്നീട് സിപിഎം ജയിച്ചുവരുന്നതിനിടെയാണ് അപ്രതീക്ഷിതമായി സിഎംപിയില്‍ നിന്നു സീറ്റ് വാങ്ങി മുസ് ലിം ലീഗ് പച്ചക്കൊടി പാറിച്ചത്. വയനാടന്‍ ചുരമിറങ്ങിയെത്തിയ കെ എം ഷാജിയാണ് തുടര്‍ച്ചയായ പത്താംവര്‍ഷവും അഴീക്കോടിന്റെ അമരക്കാരന്‍. അഴീക്കോട്, ചിറക്കല്‍, പള്ളിക്കുന്ന്, വളപട്ടണം, പുഴാതി, നാറാത്ത്, പാപ്പിനിശ്ശേരി എന്നീ പഞ്ചായത്തുകളും ചെറിയ ഒരു ഭാഗം കണ്ണൂര്‍ കോര്‍പറേഷനും ഉള്‍പ്പെട്ടതാണ് അഴീക്കോട് നിയമസഭാമണ്ഡലം. ചടയന്‍ ഗോവിന്ദന്‍, പി ദേവൂട്ടി, ഇ പി ജയരാജന്‍, ടി കെ ബാലന്‍, എം വി രാഘവന്‍, എം പ്രകാശന്‍ എന്നിവര്‍ല ഭരിച്ച മണ്ഡലത്തില്‍ ആദ്യഘട്ടത്തില്‍ ഷാജിയെ ഇക്കുറി മാറ്റുമെന്ന് റിപോര്‍ട്ടുകളുണ്ടായിരുന്നു. അനധികൃത സ്വത്ത് സമ്പാദനം, തിരഞ്ഞെടുപ്പ് പ്രചാരണത്തിനു സാമുദായിക വികാരം ഉണര്‍ത്തുന്ന ലഘുലേഖ ഉപയോഗിച്ചെന്ന കേസില്‍ അയോഗ്യത കല്‍പ്പിച്ചത്, അഴീക്കോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിനു പ്ലസ് ടു അനുവദിക്കാന്‍ കോഴ വാങ്ങിയത് തുടങ്ങിയവയാണ് ഷാജിക്കു തിരിച്ചടിയായത്. എന്നാല്‍ മറ്റു സ്ഥലങ്ങളില്‍ സീറ്റില്ലെന്നു മനസ്സിലാക്കി ഒടുവില്‍ വീണ്ടും അഴീക്കോട് തന്നെ ഷാജി മല്‍സരിക്കാനാണു സാധ്യത. പാപ്പിനിശ്ശേരി പഞ്ചായത്തില്‍ രണ്ട് അംഗങ്ങളുള്ള എസ്ഡിപി ഐയുടെ വോട്ടുകള്‍ ഇവിടെ എല്ലായ്‌പ്പോഴും നിര്‍ണായകമാവാറുണ്ട്.



കല്ല്യാശ്ശേരി

ഇ കെ നായനാരുടെ ജന്‍മവീട് ഉള്‍പ്പെടുന്ന മണ്ഡലമാണ് കല്ല്യാശ്ശേരി. ഇളകാത്ത സിപിഎം കോട്ടയില്‍ തുടര്‍ച്ചയായി രണ്ടുതവണയും നിയമസഭ കണ്ടത് യുവനേതാവ് ടി വി രാജേഷ്. 2008ലെ നിയമസഭാ മണ്ഡല പുനര്‍നിര്‍ണയത്തോടെയാണ് കല്ല്യാശ്ശേരി മണ്ഡലം നിലവില്‍ വന്നത്. അഴീക്കോട്, തളിപ്പറമ്പ്, പയ്യന്നൂര്‍ നിയമസഭാമണ്ഡലത്തിന്റെ ഭാഗങ്ങള്‍ കൂട്ടിചേര്‍ത്താണ് മണ്ഡലം രൂപീകരിച്ചത്. ചെറുകുന്ന്, ചെറുതാഴം, ഏഴോം, കടന്നപ്പള്ളി-പാണപ്പുഴ, കല്യാശ്ശേരി, കണ്ണപുരം, കുഞ്ഞിമംഗലം, മാടായി, മാട്ടൂല്‍, പട്ടുവം എന്നീ ഗ്രാമപഞ്ചായത്തുകളാണ് മണ്ഡലത്തില്‍പെടുന്നത്. ഒറ്റനോട്ടത്തില്‍ തന്നെ മാട്ടൂല്‍ ഒഴിച്ച് എല്ലാം ഇടതുകോട്ടകള്‍. തദ്ദേശ തിരഞ്ഞെടുപ്പില്‍ മാട്ടൂലിലും യുഡിഎഫിന് അടിപതറി. ബിജെപിക്ക് കാര്യമായ വേരോട്ടമില്ലാത്ത മണ്ഡലത്തില്‍ കഴിഞ്ഞ തവണ അഡ്വ. ടി ഇന്ദിരയാണ് മല്‍സരിച്ചത്.



കണ്ണൂര്‍

പുറമെ നിന്നു നോക്കുന്നവര്‍ക്ക് കണ്ണൂര്‍ ജില്ലയെന്നാല്‍ കടുംചുവപ്പാണ്. എന്നാല്‍, തദ്ദേശ തിരഞ്ഞെടുപ്പില്‍ നിന്നു മാറി ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പില്‍ വ്യത്യസ്തമാണ് കാര്യങ്ങള്‍. കണ്ണൂര്‍ നഗരസഭ, ചേലോറ, എടക്കാട്, എളയാവൂര്‍, മുണ്ടേരി ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന കണ്ണൂര്‍ നിയമസഭാമണ്ഡലം കഴിഞ്ഞ തവണ അപ്രതീക്ഷിതമായാണ് യുഡിഎഫിനു കൈവിട്ടത്. ഇ അഹമ്മദ് ഉള്‍പ്പെടെയുള്ളവരെ നിയമസഭയിലെത്തിച്ച കണ്ണൂരില്‍ ഇക്കുറി ജയിച്ചു കയറാനാവുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. കഴിഞ്ഞ തവണ ആദ്യം സീറ്റ് വേണ്ടെന്നു പറഞ്ഞിട്ടും അപ്രതീക്ഷിത ജയം നേടിയ കോണ്‍ഗ്രസ് എസ് സംസ്ഥാന സെക്രട്ടറി രാമചന്ദ്രന്‍ കടന്നപ്പള്ളി മന്ത്രിയായി മികച്ച പ്രവര്‍ത്തനം നടത്തിയതിനാല്‍ ഇക്കുറിയും അദ്ദേഹം തന്നെ ജനവിധി തേടും. കോണ്‍ഗ്രസാവട്ടെ കഴിഞ്ഞ തവണ അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങിയ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനിയെ തന്നെ രംഗത്തിറക്കുമെന്നാണു സൂചന. കണ്ണൂര്‍ കോര്‍പറേഷനും കണ്ണൂര്‍ ലോക്‌സഭാ മണ്ഡലവുമെല്ലാം യുഡിഎഫിനു മികച്ച ജയം സമ്മാനിച്ചെന്നതിനാല്‍ എന്‍ രാമകൃഷ്ണന്‍, കെ സുധാകരന്‍, എ പി അബ്ദുല്ലക്കുട്ടി എന്നിവരിലൂടെ മൂവര്‍ണക്കൊടി പാറിച്ച മണ്ഡലം ഇക്കുറി പിടിച്ചെടുക്കാനാവുമെന്നു തന്നെയാണ് യുഡിഎഫ് പ്രതീക്ഷ. എസ്ഡിപി ഐയ്ക്കു വേണ്ടി മണ്ഡലം പ്രസിഡന്റും സുപരിചിതനുമായ ബി ശംസുദ്ധീന്‍ മൗലവിയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് പ്രചാരണത്തിനു തുടക്കം കുറിച്ചിട്ടുണ്ട്.



മട്ടന്നൂര്‍

കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ നഗരസഭയും തലശ്ശേരി താലൂക്കിലെ ചിറ്റാരിപ്പറമ്പ്, കീഴല്ലൂര്‍, കൂടാളി, മാലൂര്‍, മാങ്ങാട്ടിടം, കോളയാട്, തില്ലങ്കേരി എന്നീ ഗ്രാമപഞ്ചായത്തുകളും തളിപ്പറമ്പ് താലൂക്കിലെ പടിയൂര്‍ ഗ്രാമപഞ്ചായത്തും ഉള്‍ക്കൊള്ളുന്ന നിയമസഭാ മണ്ഡലമാണ് മട്ടന്നൂര്‍. 2008ലെ നിയമസഭാ പുനര്‍നിര്‍ണയത്തോടെയാണ് മണ്ഡലം നിലവില്‍ വന്നത്. പിണറായി മന്ത്രിസഭയിലെ രണ്ടാമന്‍ എന്നു വിശേഷിപ്പിക്കുന്ന മന്ത്രി ഇ പി ജയരാജനാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. ഇടതു വേരോട്ടമുള്ള മണ്ഡലം ഇക്കുറിയും യുഡിഎഫിനു ബാലികേറാമലയായിരിക്കുമെന്നാണ് തദ്ദേശ തിരഞ്ഞെടുപ്പ് ജയങ്ങളും ചൂണ്ടിക്കാട്ടുന്നത്. പക്ഷേ, സിപിഎം കേന്ദ്ര കമ്മറ്റി അംഗമായ ഇ പി ജയരാജന്‍ ഇക്കുറി മല്‍സരത്തിനില്ല. പിണറായി മന്ത്രിസഭയില്‍ ഏറ്റവും കൂടുതല്‍ ശോഭിച്ച ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ പേരാണ് ഉയര്‍ന്നുവരുന്നത്. യുഡിഎഫ് ആരെ നിര്‍ത്തുമെന്നതിനെ അടിസ്ഥാനമാക്കിയാണ് ഇവിടെ മല്‍സരത്തിന്റെ ശക്തി കൂട്ടുക. എതിര്‍പക്ഷം ശക്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ പോലും അട്ടിമറി പ്രതീക്ഷിക്കാനാവില്ലെന്ന ഉറപ്പാണ് ഇവിടെ എല്‍ഡിഎഫിനുള്ളത്.


ധര്‍മ്മടം

തുടര്‍ഭരണം ലക്ഷ്യമിടുന്ന എല്‍ഡിഎഫ് സര്‍ക്കാരിനു മുഖ്യമന്ത്രി പിണറായി വിജയന് സ്വന്തം മണ്ഡലത്തില്‍ നിന്ന് എത്ര വലിയ പിന്തുണയാണു ലഭിക്കുകയെന്നാണു എല്ലാവരും ഉറ്റുനോക്കുന്നത്. ചെമ്പിലോട്, കടമ്പൂര്‍, പെരളശ്ശേരി, ധര്‍മ്മടം, പിണറായി, മുഴപ്പിലങ്ങാട്, വേങ്ങാട്, അഞ്ചരക്കണ്ടി തുടങ്ങിയ എല്ലായിടത്തും ചുവപ്പ് പടര്‍ന്ന മണ്ഡലത്തില്‍ നിന്ന് പിണറായി വിജയന്‍ തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയപ്പോള്‍ തന്നെ ആവേശം തുടങ്ങിയിട്ടുണ്ട്. നിപ, ഓഖി, മഹാപ്രളയങ്ങള്‍, കൊവിഡ് തുടങ്ങി പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം കേരളത്തെ മികച്ച രീതിയില്‍ നയിച്ച നായകനാണ് പിണറായിയെന്ന് സാക്ഷ്യപ്പെടുത്തുന്നതായിരുന്നു മണ്ഡലത്തിലെ ആദ്യ സ്വീകരണം. യുഡിഎഫിനു വേണ്ടി കഴിഞ്ഞ തവണ മേഖലയിലെ ശക്തനായ മമ്പറം ദിവാകരനെ തന്നെ രംഗത്തിറക്കിയിട്ടും ഒന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. പാര്‍ട്ടി സെക്രട്ടറിയായ പിണറായി വിജയനില്‍ നിന്നു കേരളത്തിന്റെ ക്യാപ്റ്റനായി ഉയര്‍ന്നുവന്ന പിണറായിയെ ജന്‍മനാട്ടില്‍ ആര് നേരിടുമെന്നതിനു പോലും പ്രസക്തിയുണ്ടാവില്ല. ബിജെപി ദേശീയ പ്രസിഡന്റായിരിക്കെ ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ട് ജാഥ നയിച്ചെങ്കിലും പിണറായിയുടെ മണ്ണും മനസ്സും അതിനെ പ്രതിരോധിച്ചതു തന്നെ കമ്മ്യൂണിസം രൂപീകൃതമായ നാടിന്റെ വിയോജിപ്പ് എത്ര മാത്രമുണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു. ഇപ്പോള്‍ അമിത് ഷായി നേരിട്ട് ഏറ്റുമുട്ടുന്ന വിധത്തിലേക്ക് പിണറായിയെ വളര്‍ത്തിയതും ധര്‍മടത്തിന്റെ കരുത്ത് തന്നെയാണെന്ന് വോട്ടര്‍മാര്‍ വിശ്വസിച്ചാല്‍ ഭൂരിപക്ഷം കൂടാനാണു സാധ്യത.



തലശ്ശേരി

രൂപീകരണ കാലം മുതല്‍ സിപിഎമ്മിന്റെ ഉരുക്കുകോട്ടയാണ് തലശ്ശേരി നിയമസഭാ മണ്ഡലം. തലശ്ശേരി നഗരസഭ, ചൊക്ലി, എരഞ്ഞോളി, കതിരൂര്‍, ന്യൂ മാഹി, പന്ന്യന്നൂര്‍ ഗ്രാമപ്പഞ്ചായത്തുകള്‍ ഉള്‍പ്പെട്ട മണ്ഡലത്തില്‍ നിന്നു നിയമസഭയിലെത്തിയ അതികായര്‍ നിരവധിയാണ്. വി ആര്‍ കൃഷ്ണയ്യര്‍, കെ പി ആര്‍ ഗോപാലന്‍, പാട്ട്യം ഗോപാലന്‍, എം വി രാഘവന്‍, ഇ കെ നായനാര്‍ എന്നിവരാണ് ആ ജേതാക്കള്‍. സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അഞ്ചു തവണ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. പലപ്പോഴും ഏകപക്ഷീയ ജയം നേടുന്ന മണ്ഡലത്തില്‍ നിലവില്‍ എ എന്‍ ശംസീറാണ് ജയിച്ചത്. ഇക്കുറിയും ശംസീര്‍ തന്നെ മല്‍സരിക്കാനാണു സാധ്യത. കഴിഞ്ഞ തവണ കോണ്‍ഗ്രസിനു വേണ്ടി തലശ്ശേരിയില്‍ മല്‍സരിച്ച പഴയ സിപിഎമ്മുകാരനായ എ പി അബ്ദുല്ലക്കുട്ടി ഇപ്പോള്‍ ബിജെപിക്കൊപ്പം ആണെന്നതും കൗതുകകരമാണ്. കഴിഞ്ഞ തവണ തലശ്ശേരിയിലേക്ക് അബ്ദുല്ലക്കുട്ടിയുടെ പേര് വന്നപ്പോള്‍ തന്നെ മുഖത്തുനിന്ന് ചിരി മാഞ്ഞതായി അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ മുല്ലപ്പള്ളിയുടെ തേരോട്ടത്തിനു അന്ത്യം കുറിച്ച് അല്‍ഭുതക്കുട്ടിയായ അബ്ദുല്ലക്കുട്ടിക്ക് തലശ്ശേരിയുടെ ചുവപ്പ് പാരമ്പര്യം കൃത്യമായി മനസ്സിലായതിനാലാണ് അങ്ങനെ പ്രതികരിച്ചത്. ഇത്തവണയും അതിനു മാറ്റമുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്ന യുഡിഎഫുകാര്‍ പോലുമുണ്ടാവില്ലെന്നാണു രാഷ്ട്രീയ നിരീക്ഷകരുടെയും വിലയിരുത്തല്‍.



കൂത്തുപറമ്പ്

ഒരുകാലത്ത് ചെങ്കോട്ടയായിരുന്ന, രക്തസാക്ഷികളുടെ നാടെന്ന് സിപിഎം അഭിമാനത്തോടെ പറയുന്ന കൂത്തുപറമ്പ് മണ്ഡല പുനര്‍നിര്‍ണയത്തോടെ നേരിയ തിരിച്ചടി നേരിട്ടിരുന്നു. ഐഎന്‍എല്‍ ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ക്ക് സീറ്റ് നല്‍കിയതാണ് ഇതിനു കാരണമെന്നു മനസ്സിലാക്കി കഴിഞ്ഞ തവണ കെ കെ ശൈലജയിലൂടെ സീറ്റ് പിടിച്ചെടുത്തു. കൂത്തുപറമ്പ്, പാനൂര്‍ നഗരസഭകളും കോട്ടയം, കുന്നോത്തുപറമ്പ്, മൊകേരി, പാനൂര്‍, പാട്യം, തൃപ്പങ്ങോട്ടൂര്‍ എന്നീ പഞ്ചായത്തുകളും ഉള്‍പ്പെട്ട മണ്ഡലത്തില്‍ നിന്നു രണ്ടു തവണ പിണറായി വിജയന്‍, എം വി രാഘവന്‍, കെ പി മമ്മു മാസ്റ്റര്‍, പി ജയരാജന്‍, കെ കെ ശൈലജ എന്നീ പ്രമുഖര്‍ ഇടതുടിക്കറ്റില്‍ നിയമസഭയില്‍ എത്തിയിട്ടുണ്ട്. 2011ലെ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ ഐഎന്‍എല്‍ സ്ഥാനാര്‍ത്ഥി എസ് എ പുതിയവളപ്പിലിനെ പരാജയപ്പെടുത്തിയ ജനതാദള്‍(സെക്യുലര്‍) സ്ഥാനാര്‍ഥിയും പി ആര്‍ കുറുപ്പിന്റെ മകനുമായ കെ പി മോഹനനും സംഘവും ഇക്കുറി എല്‍ഡിഎഫിനൊപ്പമാണ്. സീറ്റില്‍ ഇക്കുറി സിപിഎം തന്നെ മല്‍സരിക്കാനാണു സാധ്യത. യുഡിഎഫാവട്ടെ കോണ്‍ഗ്രസ് തന്നെ മല്‍സരിക്കുമോ അതോ ഘടകക്ഷികള്‍ക്ക് സീറ്റ് നല്‍കുമോയെന്ന് കണ്ടറിയേണ്ടതുണ്ട്.


പേരാവൂര്‍

മലയോര മേഖലയായ പേരാവൂര്‍ മണ്ഡലം ഇടതുപക്ഷത്തിന് ബാലികേറാ മലയാവുകയാണോയെന്നാണ് സമീപകാല തിരഞ്ഞെടുപ്പുകള്‍ സൂചിപ്പിക്കുന്നത്. ആറളം, അയ്യന്‍കുന്ന്, കണിച്ചാര്‍, കീഴൂര്‍-ചാവശ്ശേരി, കേളകം, കൊട്ടിയൂര്‍, മുഴക്കുന്ന്, പായം, പേരാവൂര്‍ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന മണ്ഡലത്തെ രണ്ടു തവണ പ്രതിനിധീകരിച്ചത് കോണ്‍ഗ്രസിലെ കണ്ണൂരിലെ ശക്തനായ അഡ്വ. സണ്ണി ജോസഫാണ്. 2006 മുതല്‍ 2011 വരെ സിപിഎമ്മിലെ കെ കെ ശൈലജ ജയിച്ച മണ്ഡലം കഴിഞ്ഞ രണ്ടുതവണയും സണ്ണി ജോസഫ് വിട്ടുകൊടുത്തിട്ടില്ല. യുഡിഎഫ് വിരുദ്ധ വികാരം ആഞ്ഞടിച്ചപ്പോഴും ഉജ്ജ്വല വിജയം നേടിയ സണ്ണി ജോസഫിനെ മാറ്റാന്‍ യുഡിഎഫ് തയ്യാറാവില്ല.



ഇരിക്കൂര്‍

കണ്ണൂര്‍ ജില്ലയിലെ ഉരുക്കുകോട്ടയെന്ന് യുഡിഎഫിന് അവകാശപ്പെടാനുള്ള ഏകമണ്ഡലം ഇരിക്കൂറാണ്. മലയോര മേഖലയായ ചെങ്ങളായി, ഇരിക്കൂര്‍, ആലക്കോട്, ഉദയഗിരി, നടുവില്‍, ഏരുവേശ്ശി, പയ്യാവൂര്‍, ഉളിക്കല്‍ എന്നീ പഞ്ചായത്തുകളും ശ്രീകണ്ഠാപുരം നഗരസഭയുടെ ഉള്‍പ്പെട്ട ഇരിക്കൂറില്‍ നിന്ന് 1982 മുതല്‍ കോണ്‍ഗ്രസിലെ കെ സി ജോസഫ് ആണ് ജയിച്ചുവരുന്നത്. കഴിഞ്ഞ തവണ കെ സി ജോസഫിനെതിരേ പാളയത്തില്‍ പടയുണ്ടായിരുന്നെങ്കിലും ഇടതുപക്ഷത്തിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. എല്‍ഡിഎഫില്‍ സിപിഐയ്ക്കാണ് ഇരിക്കൂര്‍ അനുവദിക്കാറുള്ളത്. 1957ല്‍ സിപിഐ സ്ഥാനാര്‍ത്ഥിയായിരുന്ന ടി സി നാരായണന്‍ നമ്പ്യാര്‍, ഇ കെ നായനാര്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി തുടങ്ങിയ പ്രമുഖര്‍ ഇരിക്കൂറില്‍ നിന്നും ജയിച്ച ചരിത്രമുണ്ടെങ്കില്‍ കെ സി ജോസഫ് എത്തിയത് മുതല്‍ കൈ വിട്ടിട്ടില്ല ഇരിക്കൂര്‍. 60 ശതമാനം ക്രൈസ്തവരുള്ള മണ്ഡലത്തില്‍ നിന്ന് ഏഴു തവണയാണ് കെ സി ജോസഫ് ജയിച്ചുകയറിയത്. ഇക്കുറി മല്‍സരിക്കുന്നില്ലെന്ന് ആദ്യം പറഞ്ഞിരുന്ന അദ്ദേഹം പക്ഷേ, ഇരിക്കൂറിലേക്കില്ലെന്ന് ഉറപ്പിച്ചിട്ടുണ്ട്. മണ്ഡലം തിരിച്ചു പിടിക്കാന്‍ ഇടതുപക്ഷം കഷ്ടപ്പെടുമെന്നുറപ്പാണ്. തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കുകളും ഇതു ശരിവയ്ക്കുന്നുണ്ട്.



തയ്യാറാക്കിയത്:

ബഷീര്‍ പാമ്പുരുത്തി




Next Story

RELATED STORIES

Share it