Big stories

ജയ് ശ്രീ റാം വിളിപ്പിച്ച് ജാര്‍ഖണ്ഡില്‍ ഹിന്ദുത്വര്‍ മര്‍ദിച്ച യുവാവ് മരിച്ചു

തന്റെ മാതാവാണെ സത്യം. താനൊരു മുസ്‌ലിമാണ്...താന്‍ മോഷ്ടിക്കില്ലെന്നും തബ് രീസ് അക്രമിസംഘത്തോട് കരഞ്ഞുപറഞ്ഞെങ്കിലും ചെവികൊള്ളാതെ ക്രൂരമായി ആക്രമിക്കുകയായിരുന്നു.

ജയ് ശ്രീ റാം വിളിപ്പിച്ച് ജാര്‍ഖണ്ഡില്‍ ഹിന്ദുത്വര്‍ മര്‍ദിച്ച യുവാവ് മരിച്ചു
X

റാഞ്ചി: മോഷണക്കുറ്റം ആരോപിച്ച് ജാര്‍ഖണ്ഡില്‍ വൈദ്യുതി തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ച മുസ്‌ലിം യുവാവ് മരിച്ചു. ക്രൂരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന 24 വയസ്സുള്ള തബ്‌രീസ് അന്‍സാരിയാണ് കഴിഞ്ഞദിവസം മരിച്ചത്. ജൂണ്‍ 18നാണ് മോഷണക്കുറ്റമാരോപിച്ച് ജാര്‍ഖണ്ഡിലെ കാര്‍സവാനില്‍ ഹിന്ദുത്വര്‍ യുവാവിനെ ക്രൂരമായി മര്‍ദിച്ച് പോലിസിന് കൈമാറിയത്. ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്ന തബ്‌രീസിന്റെ ആരോഗ്യനില ജൂണ്‍ 22ന് രാവിലെ മോശമായതിനു പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ചികില്‍സയിലിരിക്കെയാണ് യുവാവ് മരണപ്പെട്ടത്. തബ്‌രീസിനെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അക്രമികള്‍ മൊബൈലില്‍ പകര്‍ത്തുകയും സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

സംഭവത്തെ കുറിച്ച് ഔറംഗസേബ് അന്‍സാരിയെന്ന മനുഷ്യാവകാശപ്രവര്‍ത്തകന്‍ പറയുന്നതിങ്ങനെ;

പൂനെയില്‍ വെല്‍ഡറായി ജോലി ചെയ്തിരുന്ന തബ്‌രീസ് വിവാഹം കഴിക്കാനും ചെറിയപെരുന്നാള്‍ ആഘോഷിക്കാനുമാണു നാട്ടിലെത്തിയത്. എന്നാല്‍ സംഭവദിവസം വൈകീട്ട് നാട്ടില്‍ നിന്നുള്ള രണ്ടു യുവാക്കളോടൊത്ത് തന്റെ ഗ്രാമത്തില്‍ നിന്നു 10കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തിലെത്തുകയായിരുന്നു തബ്‌രീസ്. ഈ യുവാക്കളെ അത്ര പരിചയമൊന്നുമില്ലാത്തയാളാണ് തബ്‌രീസ്. പക്ഷേ ബൈക്കില്‍ അവര്‍ക്കൊപ്പം സഞ്ചരിക്കുകയായിരുന്നു യുവാവ്. അത്ര നല്ല സ്വഭാവശുദ്ധിയുള്ളവരല്ല തബ്‌രീസിനൊപ്പം പോയ യുവാക്കളെന്നാണ് അന്‍സാരിയുടെ അഭിപ്രായം. തബ്‌രീസ് അറിയാതെ ഇവര്‍ മോഷണം നടത്തുകയും തബ്‌രീസ് ബലിയാടാവുകയും ചെയ്‌തെന്നാണ് ഗ്രാമീണര്‍ സംശയിക്കുന്നത്. അതേസമയം തന്നെ മര്‍ദ്ദിക്കുന്നവരോട് താന്‍ മോഷ്ടിച്ചിട്ടില്ലെന്ന് തബ്‌രീസ് കരഞ്ഞുപറയുന്നത് കാണാമായിരുന്നു. തന്റെ മാതാവാണെ സത്യം. താനൊരു മുസ്‌ലിമാണ്...താന്‍ മോഷ്ടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇതൊന്നും ചെവികൊള്ളാതെ സംഘം ആക്രമിക്കുകയായിരുന്നു.

ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇങ്ങനെ

ആദ്യം എത്തിയത് അരമിനിറ്റുള്ള വീഡിയോ ആണ്. അതില്‍ തബ്‌രീസ് നിലത്ത് പുല്ലില്‍ കിടക്കുന്നതായാണു കാണുന്നത്. ചുറ്റുമുള്ളവര്‍ ആക്രോശിക്കുന്നുണ്ട്. ഒരാള്‍ മരക്കഷ്ണം ഉപയോഗിച്ച് അദ്ദേഹത്തെ അടിക്കുന്നു. മോഷ്ടിച്ചതെന്തിനെന്ന് പലരും ചോദിക്കുന്നതും താന്‍ മോഷ്ടിച്ചില്ലെന്ന് തബ് രീസ് മറുപടി നല്‍കുന്നുമുണ്ട്.

രണ്ടാമത്തെ വീഡിയോയുടെ ദൈര്‍ഘ്യം പത്ത് മിനുട്ടാണ്. ഈ ദൃശ്യങ്ങളില്‍ വൈദ്യുതി തൂണില്‍ കെട്ടിയിട്ട നിലയിലാണ് തബ്‌രീസിനെ ആളുകള്‍ അടിക്കുന്നത്. മോഷ്ടിക്കാന്‍ വീട്ടില്‍ കയറിയതിനെ കുറിച്ച് ഒരാള്‍ ചോദിക്കുന്നതും താനല്ല മറ്റു രണ്ടുപേരാണ് മോഷ്ടിക്കാന്‍ വന്നതെന്നും തബ്‌രീസ് വ്യക്തമായി പറയുന്നുണ്ട്. ഈ വീഡിയോയുടെ അവസാന ഭാഗത്തായി മോഷണത്തെക്കുറിച്ച് ചോദിക്കുന്നതിന് പകരം ജയ് ശ്രീറാം വിളിക്കാനാണ് ആവശ്യപ്പെടുന്നത്. വിസ്സമ്മതിച്ചതോടെ ക്രുരമായി മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് തബ്‌രീസ് ജയ്ശ്രീറാം എന്ന് വിളിക്കുന്നുമുണ്ട്.



Next Story

RELATED STORIES

Share it