Big stories

രാജ്യത്തെ നീതിന്യായ വ്യവസ്ഥ നിരവധി വെല്ലുവിളികള്‍ നേരിടുന്നു: സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റിസ് യു യു ലളിത്

രാജ്യത്തെ നീതിന്യായ വ്യവസ്ഥ നിരവധി വെല്ലുവിളികള്‍ നേരിടുന്നു: സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റിസ് യു യു ലളിത്
X

കൊല്‍ക്കത്ത: ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥ നിരവധി വെല്ലുവിളികളും ഇടപെടല്‍ ശ്രമങ്ങളും നേരിട്ടിട്ടുണ്ടെന്ന് സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റിസ് യു യു ലളിത്. എന്നാല്‍, ഇതിനെയെല്ലാം തരണം ചെയ്ത് രാജ്യം മുന്നോട്ടുപോവുമെന്നും യു യു ലളിത് പറഞ്ഞു. ഭാരത് ചേംബര്‍ ഓഫ് കോമേഴ്‌സ് സംഘടിപ്പിച്ച 'സ്വതന്ത്ര ജുഡീഷ്യറി: ചടുലമായ ജനാധിപത്യത്തിന് നിര്‍ണായക' എന്ന വിഷയത്തില്‍ നടന്ന സിമ്പോസിയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമവ്യവസ്ഥ നിരവധി വെല്ലുവിളികള്‍ നേരിടുന്നുണ്ട്.

എന്നാല്‍, ശക്തമായ ഒരു ജൂഡീഷ്യല്‍ സംവിധാനം നിലവിലുണ്ട്. സമ്മര്‍ദ്ദങ്ങളേയും ഏത് തരത്തിലുള്ള ഇടപെടലുകളേയും നേരിടണം. ഭരിക്കുന്നവര്‍ കോടതിയുടെ തീരുമാനങ്ങളില്‍ ഇടപെടുന്ന സാഹചര്യങ്ങളുണ്ടായിട്ടുണ്ടെങ്കിലും ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം ഉറപ്പാക്കാന്‍ താന്‍ എക്കാലവും ശ്രമിച്ചിരുന്നു. നീതി, പക്ഷപാതമില്ലായ്മ, യുക്തി തുടങ്ങിയവയില്‍ അടിസ്ഥാനമാക്കിയാവണം നീതിന്യായ വ്യവസ്ഥ പ്രവര്‍ത്തിക്കേണ്ടത്. 'കോട്ടകള്‍ അകത്തുനിന്നല്ലാതെ തകരാറില്ല' എന്ന ചൊല്ല് ജുഡീഷ്യറിയുടെ കാര്യത്തില്‍ ശരിയാണെന്നും മുന്‍ ചീഫ് ജസ്റ്റിസ് പറഞ്ഞു. ജില്ലാ കോടതികള്‍ ആരുടേയും നിയന്ത്രണത്തിലല്ല. അവരുടെ നിയമനങ്ങളും പ്രൊമോഷനുകളും സ്ഥാനങ്ങളുമെല്ലാം ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം മാത്രമാണ് നടക്കാന്‍ പാടുള്ളൂ.

ജുഡീഷ്യറിയുടെ പ്രവര്‍ത്തനത്തില്‍ ബാഹ്യ ഇടപെടലുണ്ടാവാന്‍ പാടില്ലെന്നും ഭരണഘടനയിലെ നിരവധി അനുച്ഛേദങ്ങള്‍ ഓരോ ജഡ്ജിയുടെയും പൊതുവെ ജുഡീഷ്യറിയുടെയും പ്രവര്‍ത്തനത്തില്‍ ഒരു ഇടപെടലുമില്ലെന്ന് ഉറപ്പാക്കുന്നതാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. അഭിവൃദ്ധി പ്രാപിക്കുന്ന ഒരു ജനാധിപത്യമുണ്ടാവണമെങ്കില്‍ ഒരാള്‍ക്ക് ഒരു സ്വതന്ത്ര ജുഡീഷ്യറി ഉണ്ടായിരിക്കണം.

കാരണം തര്‍ക്ക പരിഹാരത്തിലൂടെയാണ് സമൂഹത്തിന് നിയമവാഴ്ചയുടെ ഭരണം ഉറപ്പാക്കുന്നത്. 'ഇന്ന് ജുഡീഷ്യറി അഭിമുഖീകരിക്കുന്ന നിരവധി വെല്ലുവിളികളുണ്ട്. അതിനാല്‍, ഒരു ജുഡീഷ്യല്‍ സാഹോദര്യം എന്ന നിലയില്‍ ഞങ്ങള്‍ ശക്തരാവണം. ഏത് ശക്തിയില്‍ നിന്നുമുള്ള ബാഹ്യമായ ആക്രമണങ്ങളെ നേരിടാന്‍ ജുഡീഷ്യറിയുടെ ചുമലുകള്‍ ശക്തമാണെന്ന് മുന്‍ ചീഫ് ജസ്റ്റിസ് പറഞ്ഞു.

Next Story

RELATED STORIES

Share it