Big stories

കെ എം ബഷീറിനെ വാഹനമിടിച്ച് കൊന്ന കേസ്: മനപ്പൂര്‍വമുള്ള നരഹത്യാക്കുറ്റം ഒഴിവാക്കി; വാഹനാപകട കേസായി മാത്രം ഇനി വിചാരണ

കെ എം ബഷീറിനെ വാഹനമിടിച്ച് കൊന്ന കേസ്: മനപ്പൂര്‍വമുള്ള നരഹത്യാക്കുറ്റം ഒഴിവാക്കി; വാഹനാപകട കേസായി മാത്രം ഇനി വിചാരണ
X

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിച്ച് കൊന്ന കേസില്‍ പ്രതികള്‍ക്കെതിരേ ചുമത്തിയ നരഹത്യാ വകുപ്പ് ഒഴിവാക്കി. ഒന്നാം പ്രതിയും ഐഎഎസ് ഉദ്യോഗസ്ഥനുമായ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തും രണ്ടാം പ്രതിയുമായ വഫ ഫിറോസും സമര്‍പ്പിച്ച വിടുതല്‍ ഹരജി പരിഗണിച്ച് തിരുവനന്തപുരം അഡീഷനല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി. പ്രതികള്‍ക്കെതിരായ മനപ്പൂര്‍വമുള്ള നരഹത്യാ കുറ്റം നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി. ഇനി 304ാം വകുപ്പ് പ്രകാരം വാഹനാപകട കേസില്‍ മാത്രം വിചാരണ നടക്കും.

കേസിന്റെ വിചാരണ മജിസ്‌ട്രേറ്റ് കോടതിയിലേക്ക് മാറ്റി. പ്രതികള്‍ക്കെതിരേ ചുമത്തിയ പ്രധാന വകുപ്പായ ഐപിസി 304 ബി പ്രകാരമുള്ള മനപ്പൂര്‍വമുള്ള നരഹത്യ ഒഴിവാക്കിയതോടെയാണ് കേസിന്റെ വിചാരണ സെഷന്‍സ് കോടതിയില്‍ നിന്ന് കീഴ്‌ക്കോടതിയായ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്നിലേക്ക് മാറ്റാന്‍ കോടതി ഉത്തരവിട്ടത്. വണ്ടിയിടിപ്പിച്ച് കൊലപ്പെടുത്തിയെന്ന രീതിയിലാവില്ല ഇനി കേസ്, അപകടമുണ്ടായപ്പോള്‍ മരണപ്പെട്ടു എന്ന രീതിയില്‍ മാത്രമാവും ഇനി കേസിന്റെ വിചാരണ.

നവംബര്‍ 20ന് കേസ് വീണ്ടും പരിഗണിക്കുമെന്ന് ജഡ്ജി കെ സുനില്‍കുമാര്‍ അറിയിച്ചു. അന്നേദിവസം പ്രതികള്‍ വിചാരണയ്ക്കായി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാവണമെന്ന് കോടതി നിര്‍ദേശിച്ചു. അതേസമയം, ശ്രീറാം വെങ്കിട്ടരാമനെതിരേ മനപ്പൂര്‍വമല്ലാത്ത നരഹത്യ, മദ്യപിച്ച് വാഹനമോടിച്ചു, അലക്ഷ്യമായി വാഹനമോടിച്ചു തുടങ്ങിയ കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കി. വഫയ്‌ക്കെതിരേ ചുമത്തിയിരുന്ന വകുപ്പുകളില്‍ മോട്ടോര്‍ വാഹന നിയമപ്രകാരമുള്ള വകുപ്പുകള്‍ മാത്രമേ നിലനില്‍ക്കൂ എന്നും കോടതി ചൂണ്ടിക്കാട്ടി.

അമിതവേഗതയില്‍ വാഹനമോടിക്കാന്‍ പ്രേരിപ്പിച്ചെന്ന വകുപ്പ് മാത്രമായിരിക്കും ഇനി വഫയ്‌ക്കെതിരേയുണ്ടാവുക. അതേസമയം, പ്രതികളായ ശ്രീറാം വെങ്കിട്ടരാമന്‍ ഉള്‍പ്പടെയുള്ളവര്‍ കേസില്‍ പങ്കാളികളല്ലെന്നും അവരുടെ വിചാരണ ഒഴിവാക്കണമെന്നുമുള്ള അപേക്ഷ കോടതി തള്ളി. തനിക്കെതിരേ ചുമത്തിയ നരഹത്യാക്കുറ്റം നിലനില്‍ക്കില്ല, താന്‍ മദ്യപിച്ച് വാഹനമോടിച്ചിട്ടില്ല തുടങ്ങിയ വാദങ്ങള്‍ ഉന്നയിച്ചാണ് ശ്രീറാം വെങ്കിട്ടരാമന്‍ വിടുതല്‍ ഹരജി നല്‍കിയത്. ബഷീറിനെ തനിക്ക് മുന്‍പരിചയമില്ലെന്നും അതിനാല്‍ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയെന്ന വാദം നിലനില്‍ക്കില്ലെന്നുമാണ് ശ്രീറാം കോടതിയില്‍ പറഞ്ഞത്.

ശ്രീറാമിനോട് അമിതവേഗത്തില്‍ വാഹനമോടിക്കാന്‍ പറഞ്ഞിട്ടില്ലെന്ന് വഫയും കോടതിയില്‍ വാദിച്ചു. എന്നാല്‍, രണ്ട് പ്രതികളുടെയും വാദങ്ങളെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. കേസില്‍ ഗൂഢാലോചനയില്‍ പങ്കുള്ള വഫയുടെ ഹരജി തള്ളണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. തെളിവ് നശിപ്പിച്ചെന്ന കുറ്റവും വഫയ്‌ക്കെതിരെ ചുമത്തിയിരുന്നു. സംഭവത്തിന് പിന്നാലെ ശ്രീറാം വെങ്കിട്ടരാമന്‍ വൈദ്യപരിശോധന വൈകിപ്പിച്ചതും ആദ്യഘട്ടത്തില്‍ വഫയാണ് വാഹനമോടിച്ചതെന്ന മൊഴി നല്‍കിയതും പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍, കുറ്റപത്രത്തില്‍ അന്വേഷണ സംഘം ഉള്‍പ്പെടുത്തിയ 100 സാക്ഷികളില്‍ ഒരാള്‍ പോലും വഫയ്‌ക്കെതിരേ മൊഴി നല്‍കിയിട്ടില്ലെന്ന് വഫയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. 2019 ആഗസ്ത് മൂന്നിന് പുലര്‍ച്ചെ ഒരുമണിക്കാണ് മ്യൂസിയത്തിന് സമീപം ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെടുന്നത്. വഫ ഫിറോസിന്റെ പേരിലുള്ളതായിരുന്നു കാര്‍.

Next Story

RELATED STORIES

Share it