Big stories

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് ആദ്യം പോസ്റ്റ് ചെയ്തത് ഡിവൈഎഫ്‌ഐ നേതാവെന്ന് കണ്ടെത്തി

ഡിവൈഎഫ് ഐ വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണന്റെ ഫോണ്‍ കസ്റ്റഡിയില്‍

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് ആദ്യം പോസ്റ്റ് ചെയ്തത് ഡിവൈഎഫ്‌ഐ നേതാവെന്ന് കണ്ടെത്തി
X

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വിവാദ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് സാമൂഹികമാധ്യമങ്ങളില്‍ ആദ്യം പോസ്റ്റു ചെയ്തത് ഡിവൈഎഫ്‌ഐ നേതാവെന്ന് പോലിസ് കണ്ടെത്തി. ഡിവൈഎഫ് ഐ വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണനാണ് പോസ്റ്റ് ചെയ്തതെന്നാണ് കണ്ടെത്തിയത്. ഇന്നലെ പോലിസ് ഹൈക്കോടതിയില്‍ നല്‍കിയ റിപോര്‍ട്ടില്‍ 'റെഡ് എന്‍കൌണ്ടര്‍' എന്ന വാട്ട്‌സ്അപ്പ് ഗ്രൂപ്പിലാണ് ആദ്യം പ്രചരിച്ചതെന്ന് വ്യക്തമാക്കിയിരുന്നു. ഗ്രൂപ്പിന്റെ അഡ്മിനായ റിബേഷ് രാമകൃഷ്ണനാണ് പോസ്റ്റ് ചെയ്തതെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാളുടെ ഫോണ്‍ പോലിസ് കസ്റ്റഡിയിലെടുത്ത് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

കേസന്വേഷിച്ച വടകര സി ഐ സുനില്‍കുമാര്‍ ഇന്നലെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ട്ടിലാണ് ഇടതു സൈബര്‍ ഗ്രൂപ്പുകളിലാണ് ആദ്യം പ്രചരിച്ചതെന്നും സൂചിപ്പിച്ചിരുന്നു. 'അമ്പാടിമുക്ക് സഖാക്കള്‍' എന്ന ഫേസ്ബുക്ക് പേജിലാണ് സ്‌ക്രീന്‍ഷോട്ട് ആദ്യം പ്രചരിച്ചതെന്നായിരുന്നു പരാതിയിലുണ്ടായിരുന്നത്. 2024 ഏപ്രില്‍ 25ന് വൈകീട്ട് മൂന്നിനാണ് 'അമ്പാടിമുക്ക് സഖാക്കള്‍' എന്ന പേജില്‍ സ്‌ക്രീന്‍ഷോട്ട് പ്രത്യക്ഷപ്പെട്ടത്. ഇതിന്റെ അഡ്മിന്‍ മനീഷിനെ ചോദ്യം ചെയ്തപ്പോഴാണ് 'റെഡ് ബറ്റാലിയന്‍' എന്ന ഗ്രൂപ്പില്‍നിന്നാണ് തനിക്ക് ലഭിച്ചതെന്നാണ് വെളിപ്പെടുത്തിയത്. ഏപ്രില്‍ 25 ഉച്ചക്ക് 2.34നാണ് 'റെഡ് ബറ്റാലിയന്‍' ഗ്രൂപ്പില്‍ സ്‌ക്രീന്‍ഷോട്ട് അമല്‍ റാം എന്നയാള്‍ പോസ്റ്റ് ചെയ്തത്. 'റെഡ് എന്‍കൗണ്ടര്‍' എന്ന ഗ്രൂപ്പില്‍നിന്നാണ് തനിക്ക് കിട്ടിയതെന്നാണ് ഇയാളുടെ മൊഴി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഏപ്രില്‍ 25ന് ഉച്ചക്ക് 2.13ന് റിബേഷ് എന്നയാളാണ് ഇത് പോസ്റ്റ് ചെയ്തതെന്ന് വ്യക്തമായത്.

രാത്രി 8.23ന് പോരാളി ഷാജിയുടെ ഫേസ്ബുക്ക് പേജിലും സ്‌ക്രീന്‍ഷോട്ട് പ്രചരിച്ചു. ആദ്യം പോസ്റ്റ് ചെയ്ത റിബേഷ് സ്‌ക്രീന്‍ഷോട്ടിന്റെ ഉറവിടം അറിയില്ലെന്നാണ് പോലിസിനോട് പറഞ്ഞത്. ഇയാളുടെ ഫോണിന്റെ ഫോറന്‍സിക് പരിശോധനയ്ക്കു ശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുകയുള്ളൂ.


Next Story

RELATED STORIES

Share it