- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പോര് മുറുകി; പാലായില്‍ ഇനി ഏത് മാണി ?
വര്‍ഷങ്ങള്‍ നീണ്ട ബന്ധമുള്ള മുന്നണിയെ ഉപേക്ഷിച്ച് എതിര്‍മുന്നണിയിലെത്തിയ ഇരുവര്‍ക്കും പുതിയ മുന്നണിയിലെ തങ്ങളുടെ സ്ഥാനം ഉറപ്പിക്കുന്നതിനും ഈ വിജയം കൂടിയേ തീരൂ. അതുകൊണ്ടുതന്നെ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് രാഷ്ട്രീയ പോരാട്ടത്തേക്കാളുപരി ഇരുവിഭാഗങ്ങളുടെയും അഭിമാനപ്രശ്‌നമായി മാറിയിരിക്കുകയാണ്.
പാലാ: രാഷ്ട്രീയപ്പാര്‍ട്ടികളുടെയും നേതാക്കളുടെയും കാലുമാറ്റംകൊണ്ട് ശ്രദ്ധേയമായ മണ്ഡലമാണ് പാലാ. മറുകണ്ടം ചാടല്‍ തിരഞ്ഞെടുപ്പിലെ ജയപരാജയങ്ങളെ എത്രകണ്ട് സ്വാധീനം ചെലുത്തുമെന്നറിയാന്‍ പാലായിലെ തിരഞ്ഞെടുപ്പ് ഫലമറിയാന്‍ കാത്തിരിക്കുകയാണ് രാഷ്ട്രീയ കേരളം. കെ എം മാണിയുടെ നിര്യാണത്തെത്തുടര്‍ന്നാണ് പാലായില്‍ രാഷ്ട്രീയഗതിമാറ്റങ്ങളുണ്ടായത്. ഇതുവരെ യുഡിഎഫിനൊപ്പം നിന്നവര്‍ എല്‍ഡിഎഫിലും എല്‍ഡിഎഫിനൊപ്പമായിരുന്നവര്‍ പാലായെ ചൊല്ലി യുഡിഎഫിനൊപ്പവുമാണ് നിലയുറപ്പിച്ചിരിക്കുന്നത്.
ജോസ് കെ മാണിയുടെയും മാണി സി കാപ്പന്റെയും ചുവടുമാറ്റങ്ങള്‍ക്ക് പാലായിലെ ജനങ്ങള്‍ നല്‍കുന്ന മറുപടിയാവും ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം. ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുവേണ്ടി മല്‍സരിച്ച് പാലായില്‍ അട്ടിമറി വിജയം നേടിയ മാണി സി കാപ്പനാണ് ഇപ്രാവശ്യം യുഡിഎഫ് സ്ഥാനാര്‍ഥി. അതേസമയം, കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ മണ്ഡലം നിലനിര്‍ത്താന്‍ യുഡിഎഫിനുവേണ്ടി അരയും തലയും മുറുക്കി ഇറങ്ങിയ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ മാണിയാവട്ടെ എല്‍ഡിഎഫിനുവേണ്ടി ജനവിധി തേടുകയാണ്.
വലിയ അവകാശവാദങ്ങളുമായി മുന്നണികളില്‍ കയറിക്കൂടിയ ജോസ് കെ മാണിക്കും മാണി സി കാപ്പനും പാലായില്‍ ശക്തി തെളിയിക്കേണ്ടത് അനിവാര്യമാണ്. വര്‍ഷങ്ങള്‍ നീണ്ട ബന്ധമുള്ള മുന്നണിയെ ഉപേക്ഷിച്ച് എതിര്‍മുന്നണിയിലെത്തിയ ഇരുവര്‍ക്കും പുതിയ മുന്നണിയിലെ തങ്ങളുടെ സ്ഥാനം ഉറപ്പിക്കുന്നതിനും ഈ വിജയം കൂടിയേ തീരൂ. അതുകൊണ്ടുതന്നെ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് രാഷ്ട്രീയ പോരാട്ടത്തേക്കാളുപരി ഇരുവിഭാഗങ്ങളുടെയും അഭിമാനപ്രശ്‌നമായി മാറിയിരിക്കുകയാണ്.
പാലാ എന്നാല്‍ കേരള രാഷ്ട്രീയത്തിന് ഒറ്റപ്പേരായിരുന്നു, അത് കരിങ്ങോഴയ്ക്കല്‍ മാണി എന്ന കെ എം മാണിയാണ്. മണ്ഡലം രൂപീകൃതമായ അന്ന് മുതല്‍ പാലായെ പ്രതിനിധീകരിച്ചത് മാണിയാണ്. വിവാദങ്ങള്‍ പലതും വന്നുപോയെങ്കിലും സംസ്ഥാനത്ത് ഇടതുതരംഗം ആഞ്ഞടിച്ചപ്പോഴുമെല്ലാം പാലായിലെ മാണിയെന്ന വന്‍മരം മാത്രം കുലുങ്ങിയില്ല. ഭൂരിപക്ഷത്തില്‍ ഏറ്റക്കുറച്ചിലുകള്‍ വന്നുവെന്നല്ലാതെ.. മണ്ഡലത്തില്‍നിന്നും 13 തവണയാണ് മാണി നിയമസഭയിലേക്ക് എത്തിയത്. 54 വര്‍ഷങ്ങളാണ് അദ്ദേഹം പാലായെ പ്രതിനിധീകരിച്ചത്. എന്നാല്‍, മാണിയുടെ മരണത്തോടെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കളിയാകെ മാറി. 2006 മുതല്‍ മാണിയുടെ എതിര്‍സ്ഥാനാര്‍ഥിയായിരുന്ന എന്‍സിപിയുടെ മാണി സി കാപ്പനെ ആദ്യമായി പാലാക്കാര്‍ നിയമസഭയിലെത്തിച്ചു.
എന്‍സിപിയെ ഉപേക്ഷിച്ച് നാഷനലിസ്റ്റ് കോണ്‍ഗ്രസ് കേരള (എന്‍സികെ) എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചുകൊണ്ടാണ് മാണി സി കാപ്പന്‍ യുഡിഎഫിലെത്തിയത്. കലങ്ങിമറിഞ്ഞ രാഷ്ട്രീയ സാഹചര്യത്തില്‍ മറ്റൊരു നിയമസഭാ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോള്‍ പാലായില്‍ ഇനിയെന്തെന്ന ചോദ്യമാണ് ഉയരുന്നത്. ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലയായ പാലാ നിയമസഭാ മണ്ഡലം 1965 മുതലാണ് രൂപീകരിക്കപ്പെടുന്നത്. 1967 മുതല്‍ 2016 വരെ നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളിലെല്ലാം പാലായില്‍നിന്നും വിജയിച്ചത് കെ എം മാണി മാത്രമാണ്.1965 ലും 67 ലും 70 ലും കേരള കോണ്‍ഗ്രസ് തനിച്ചാണ് മണ്ഡലത്തില്‍ മല്‍സരിച്ച് വിജയിച്ചത്. സിപിഐയുടെ വിടി തോമസ്, മിസിസ് ആര്‍വി തോമസ്, കോണ്‍ഗ്രസിലെ എംഎം ജേക്കബ് എന്നിവരായിരുന്നു ആദ്യ തിരഞ്ഞെടുപ്പുകളില്‍ കെ എം മാണിയുടെ മുഖ്യ എതിരാളികള്‍. 1977 ല്‍ ഇടതുസ്ഥാനാര്‍ഥിയായ എന്‍ ജോസഫിനെ 14,859 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തി വിജയിച്ചു. 1980 ല്‍ ഇടതുമുന്നണിയില്‍ എത്തിയപ്പോള്‍ അന്ന് കോണ്‍ഗ്രസിലെ എംഎം ജേക്കബ് ആയിരുന്നു അദ്ദേഹത്തിന്റെ എതിരാളി. അന്ന് നാലായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പാലായില്‍നിന്നും വിജയിച്ചു.
1982 ല്‍ ആദ്യമായി കേരള കോണ്‍ഗ്രസ് യുഡിഎഫിലെത്തിയപ്പോള്‍ ഇടതുസ്ഥാനാര്‍ഥിയായി ജെ എ ചാക്കോയായിരുന്നു മാണിക്കെതിരേ മല്‍സരിച്ചത്. 12,619 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. 87 ല്‍ ഇടതുമുന്നണിയുടെ കെ എസ് സെബാസ്റ്റ്യനായിരുന്നു എതിരാളി. ആ വര്‍ഷം ഭൂരിപക്ഷം അല്‍പം കുറഞ്ഞെു. 10,545 വോട്ടുകള്‍ക്ക് വിജയം.
91 ല്‍ മാണി കാപ്പന്റെ സഹോദരന്‍ ജോര്‍ജ് സി കാപ്പനായിരുന്നു മാണിയോട് ഏറ്റുമുട്ടിയത്. ഇരട്ടി ഭൂരിപക്ഷത്തില്‍ അക്കുറിയും മാണി ജയിച്ചു. 17299 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു മാണി നേടിയത് 96 ല്‍ സികെ ജീവന്‍, 2001ല്‍ ഉഴവൂര്‍ വിജയന്‍ എന്നിവരെ പരാജയപ്പെടുത്തി മണ്ഡലം നിലനിര്‍ത്തി. ഉഴവൂര്‍ വിജയന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നപ്പോള്‍ കെ എം മാണിയുടെ ഭൂരിപക്ഷം 22,301 വോട്ടായിരുന്നു. 2006 ലാണ് ആദ്യമായി മാണി സി കാപ്പന്‍ മാണിയോട് എതിരാടാന്‍ മണ്ഡലത്തില്‍ എത്തുന്നത്. അന്ന് മാണിയുടെ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞു.
7753 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു നേടാനായത്. 2011 ലും മാണി സി കാപ്പന്‍ തന്നെയായിരുന്നു എതിരാളി. അന്നും ഭൂരിപക്ഷം 5000ത്തോളം വോട്ടാക്കി കുറക്കാന്‍ കാപ്പന്‍ സാധിച്ചു. 2016ല്‍ ഇത് വീണ്ടും കുറഞ്ഞ് 4703 ആയി. മാണി 58,884 വോട്ട് നേടിയപ്പോള്‍ കാപ്പന്‍ 54,181 വോട്ടുകളായിരുന്നു നേടിയത്. കെ എം മാണിയുടെ മരണശേഷം 2019 സപ്തംബറില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ മാണി സി കാപ്പന്‍ അട്ടിമറി വിജയം നേടി. 2,943 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മാണി സി കാപ്പന്‍ വിജയിച്ചത്. യുഡിഎഫിന് വേണ്ടി മല്‍സരിച്ചത് കേരള കോണ്‍ഗ്രസിന്റെ ജോസ് ടോമായിരുന്നു.
കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായും പിന്നീട് പാര്‍ട്ടിയില്‍നിന്നും പിളര്‍ന്ന ശേഷം കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥിയുമായാണ് മാണി പാലയിലെ അനിഷേധ്യ നേതാവായി തുടര്‍ന്നത്. കേരള കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായ പാലായില്‍ കെ എം മാണിയുടെ മരണത്തിന് ശേഷം അപ്രതീക്ഷിത പരാജയമായിരുന്നു പാര്‍ട്ടി ഏറ്റുവാങ്ങിയത്. പി ജെ ജോസഫും ജോസ് കെ മാണിയും തമ്മിലുണ്ടായ തര്‍ക്കങ്ങളാണ് പാലാ കേരള കോണ്‍ഗ്രസിന് കൈവിട്ടുപോവുന്നതില്‍ പ്രധാന കാരണമായത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാലാ ഉള്‍പ്പെടുന്ന കോട്ടയത്തുനിന്നും കേരള കോണ്‍ഗ്രസ് എം നേതാവ് തോമസ് ചാഴിക്കാടാനാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായി വിജയിച്ചത്. ആ തിരഞ്ഞെടുപ്പില്‍ പാലാ നിയോജകമണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടുനേടിയത് യുഡിഎഫായിരുന്നു.
രണ്ടാം സ്ഥാനത്തെത്തിയ എല്‍ഡിഎഫിനേക്കാള്‍ 30,000ത്തിലേറെ വോട്ടുകള്‍ യുഡിഎഫിന് നേടാനായി. ഈ കണക്കുകള്‍ യുഡിഎഫിന് പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍നിന്നും വ്യത്യസ്തമായിരിക്കും നിയമസഭക്ക് വേണ്ടിയുള്ള ജനങ്ങളുടെ തിരഞ്ഞെടുപ്പെന്ന ആശങ്ക കോണ്‍ഗ്രസിനുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ പാലാ മുന്‍സിപ്പാലിറ്റിയിലേറ്റ പരാജയവും യുഡിഎഫിന് തലവേദനയാവുന്നുണ്ട്. പാലാ മുനിസിപ്പാലിറ്റിയും മീനച്ചില്‍ താലൂക്കില്‍ ഉള്‍പ്പെടുന്ന ഭരണങ്ങാനം, കടനാട്, കരൂര്‍, കൊഴുവനാല്‍, മീനച്ചില്‍, മേലുകാവ്, മൂന്നിലവ്, മുത്തോലി, രാമപുരം, തലനാട്, തലപ്പലം എന്നീ പഞ്ചായത്തുകളും കാഞ്ഞിരപ്പള്ളി താലൂക്കില്‍ ഉള്‍പ്പെടുന്ന എലിക്കുളം പഞ്ചായത്തും ഉള്‍പ്പെടുന്നതാണ് പാലാ നിയമസഭാമണ്ഡലം.
ജോസ് കെ മാണി യുഡിഎഫ് വിട്ടതിന് തൊട്ടുപിന്നാലെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ പാലാ മുനിസിപ്പാലിറ്റിയില്‍ ആകെയുള്ള 26 സീറ്റുകളില്‍ 17 സീറ്റും എല്‍ഡിഎഫ് നേടി. ഇതില്‍ 11ഉം കേരള കോണ്‍ഗ്രസ് എമ്മിന്റെ സീറ്റുകളായിരുന്നു. എട്ട് സീറ്റ് മാത്രമാണ് യുഡിഎഫിന് നേടാനായത്. ഇതില്‍ കേരള കോണ്‍ഗ്രസ് പി ജെ ജോസഫ് വിഭാഗത്തിന് വിജയിക്കാനായത് മൂന്ന് സീറ്റുകളില്‍ മാത്രവും. 12 ല്‍ ആറ് പഞ്ചായത്തിലും എല്‍ഡിഎഫിന് ഭരണം പിടിക്കാനായി. അഞ്ച് പഞ്ചായത്തുകളാണ് യുഡിഎഫിന് ലഭിച്ചത്. മണ്ഡലത്തിന്റെ മുക്കിലും മൂലയിലും ഓടിയെത്താനുള്ള പാച്ചിലിലാണ് സ്ഥാനാര്‍ഥികള്‍.
എല്ലായിടത്തും വോട്ടുറപ്പിക്കാനുള്ള ജാഗ്രതയിലാണ്. കൊവിഡിന്റെ ഭീഷണികളെ നേരിട്ടാണ് സ്ഥാനാര്‍ഥികളുടെ പടയോട്ടം. ജോസ് കെ മാണിക്കും മാണി സി കാപ്പനും പാലായിലുള്ളതെല്ലാം പരിചിതമുഖങ്ങള്‍തന്നെ. എങ്കിലും പാലായെ നെഞ്ചോട് ചേര്‍ക്കാന്‍ വോട്ടര്‍മാരെ നേരില്‍ക്കാണാനുള്ള തിരക്കിലാണ് ഇരുവരും. എന്‍ഡിഎ സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്നത് ഡോ.ജെ പ്രമീളാദേവിയാണ്. പാലയിലെ ആദ്യ വനിതാ സ്ഥാനാര്‍ഥി കൂടിയാണ്. ജോസ് കെ. മാണിയുടെയും മാണി സി കാപ്പന്റെയും മുന്നണി മാറ്റത്തിനെതിരായ പ്രചാരണങ്ങള്‍ ഉയര്‍ത്തി തങ്ങള്‍ക്ക് അനുകൂലമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നത്.
യുഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മൂന്നാം ഘട്ട പ്രചാരണം പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുകയാണ്. മണ്ഡലം കണ്‍വന്‍ഷനുകളും ബൂത്ത് കണ്‍വന്‍ഷനുകളുമാണ് മൂന്നാം ഘട്ടത്തില്‍ പ്രധാനമായുമുള്ളത്. 16 മാസംകൊണ്ട് പാലായില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് കാപ്പന്റെ പ്രചാരണപ്രവര്‍ത്തനങ്ങള്‍. പാലാ നഗരത്തിനു പുറമേ മണ്ഡലത്തിലെ എല്ലാ മേഖലകളിലും വികസനം എത്തിക്കാനായത് അതതു മേഖലകളില്‍ മാണി സി കാപ്പന് വ്യക്തമായ മേല്‍ക്കൈ നല്‍കുമെന്നാണ് യുഡിഎഫ് നേതാക്കളുടെ വിശ്വാസം.
രണ്ടു ഘട്ടങ്ങളിലായി മണ്ഡലം ബൂത്ത് കണ്‍വന്‍ഷനുകളും പൂര്‍ത്തീകരിച്ചശേഷമാണ് മൂന്നാം ഘട്ടത്തിന് തുടക്കമിട്ടത്. പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമായി രംഗത്തിറങ്ങുന്ന സ്ഥാനാര്‍ഥി മണ്ഡലത്തിലുടനീളമുണ്ടാക്കിയ ബന്ധങ്ങളിലാണ് പ്രതീക്ഷയര്‍പ്പിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ വികസന നേട്ടങ്ങളും ജോസ് കെ മാണിയുടെ വ്യക്തിബന്ധങ്ങളും വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് സ്ഥാനാര്‍ഥിയും ഒപ്പമുള്ളവരും.
വീടുകളില്‍ കയറിയിറങ്ങി പരമാവധി വോട്ടര്‍മാരെ നേരില്‍കണ്ട് വോട്ട് അഭ്യര്‍ഥിച്ചായിരുന്നു സ്ഥാനാര്‍ഥിയുടെ പ്രചാരണം. ഇലവീഴാപൂഞ്ചിറ, കടപുഴ തുടങ്ങിയ ടൂറിസം മേഖലകളിലെ വികസനം ഉറപ്പാക്കുമെന്ന് ജോസ് കെ മാണി വാഗ്ദാനം നല്‍കി. മണ്ഡലത്തില്‍ ബിജെപിക്ക് വലിയ സ്വാധീനമൊന്നും ചെലുത്താന്‍ ഇതുവരെയായും കഴിഞ്ഞിട്ടില്ല. പാലാ ജോസ് കെ മാണിക്കൊപ്പം ഇടത്തോട്ടോ മാണി സി കാപ്പനൊപ്പം വലത്തോട്ടോ ചായുമെന്നതല്ലാതെ ബിജെപിയ്ക്ക് മണ്ഡലത്തില്‍ വോട്ടുവിഹിതം പോലും വര്‍ധിപ്പിക്കാന്‍ കഴിയില്ലെന്നാണ് വിലയിരുത്തലുകള്‍.
വോട്ട് ശതമാനം പരിശോധിക്കുമ്പോള്‍ പലപ്പോഴും വര്‍ധനവുണ്ടായിട്ടുണ്ടെങ്കിലും കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ പാലാ മുനിസിപ്പിലാറ്റിയിലെ ഒരേയൊരു സിറ്റിങ് സീറ്റും ബിജെപിക്ക് നഷ്ടമായിരുന്നു. മണ്ഡലം പിടിച്ചടക്കാനും നിലനിര്‍ത്താനും ഇരുമുന്നണികളുടെയും സ്ഥാനാര്‍ഥികള്‍ കച്ചമുറുക്കിയിറങ്ങിയപ്പോള്‍ പാലായില്‍ പോരാട്ടം തീപാറിയിരിക്കുകയാണ്.
RELATED STORIES
സര്‍ക്കാര്‍ നിര്‍ദേശം തള്ളാന്‍ പിഎസ് സിക്ക് അധികാരമില്ല';...
23 Dec 2024 7:56 AM GMTഅതിശൈത്യം ഗസയെ ബാധിക്കുന്നു; അഭയാര്‍ത്ഥി ക്യാംപിലെ ജീവിതം ദുരിത...
23 Dec 2024 6:53 AM GMTജഡ്ജിക്കെതിരേ ചെരുപ്പെറിഞ്ഞ് കൊലക്കേസ് പ്രതി; പുതിയ കേസെടുത്ത് പോലിസ്
23 Dec 2024 6:36 AM GMTവര്‍ഗീയതയോട് സന്ധി ചെയ്യുന്ന സമീപനമാണ് കോണ്‍ഗ്രസിന്റേത്: എം വി...
23 Dec 2024 6:25 AM GMTവളര്‍ത്തുനായയെ പിടിച്ച കരടിക്കെതിരേ നിന്ന് യുവാവ് (വീഡിയോ)
23 Dec 2024 6:06 AM GMTപ്രീമിയര്‍ ലീഗില്‍ കുതിപ്പ് തുടര്‍ന്ന് ലിവര്‍പൂള്‍; ലാ ലിഗയില്‍ റയല്‍...
23 Dec 2024 5:53 AM GMT