Big stories

പി സി ജോര്‍ജ്ജിന്റേത് കേരളം കാത്തിരുന്ന പതനം; 'പൂഞ്ഞാറിലെ പുലി' എലി പോലുമല്ലാതായി

പി സി അബ്ദുല്ല

പി സി ജോര്‍ജ്ജിന്റേത് കേരളം കാത്തിരുന്ന പതനം; പൂഞ്ഞാറിലെ പുലി എലി പോലുമല്ലാതായി
X

കോട്ടയം: കേരളീയ പൊതുബോധ, ജനായത്ത വിചാരണയില്‍ ഉടുമുണ്ടുരിയപ്പെട്ട് പി സി ജോര്‍ജ്. അഞ്ചുവര്‍ഷം മുമ്പ് 'പൂഞ്ഞാറിലെ പുലി'യായി സ്വയം അവരോധിതനായ പ്ലാത്തോട്ടത്തില്‍ ചാക്കോ മകന്‍ ജോര്‍ജ് ഈ തിരഞ്ഞെടുപ്പോടെ എലി പോലുമല്ലാതായി. ജോര്‍ജ്ജിന്റെ രാഷ്ട്രീയ മരാദ കേടുകള്‍ക്കും വര്‍ഗ്ഗീയതക്കും വിദ്വേഷത്തിനും ധാര്‍ഷ്ട്യത്തിനുമേറ്റ കനത്ത തിരിച്ചടി. ഈ തിരഞ്ഞെടുപ്പില്‍ കേരളം കേള്‍ക്കാന്‍ കൊതിച്ച ഫലം തന്നെയാണ് പൂഞ്ഞാറില്‍ നിന്നു പുറത്തുവന്നത്.

കേരള രാഷ്ട്രീയത്തില്‍ ഗതികിട്ടാതായപ്പോള്‍ നില നില്‍പ്പിനായി കടുത്ത മുസ് ലിം വിരോധിയായായിരുന്നു ജോര്‍ജ്ജിന്റെ അരങ്ങേറ്റം. മുസ് ലിം വിദ്വേഷം ഈ തിരഞ്ഞെടുപ്പില്‍ വോട്ടാവുമെന്നു ജോര്‍ജ്ജ് കരുതി. സ്വന്തം പാര്‍ട്ടിയുടെ പേരിലെ സെക്യുലര്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ കടുത്ത വര്‍ഗീയവാദിയായി മാറിയതാണ് ജോര്‍ജിന്റെ ഒടുവിലത്തെ രൂപാന്തരം. ക്രൈസ്തവ വര്‍ഗീയതയുടെ ബ്രാന്റ് അംബാസിഡറെ പോലെ മുസ്ലിം വിരുദ്ധതയില്‍ അഭിരമിച്ചുകൊണ്ടാണ് ജോര്‍ജ് മുസ്ലിം രാഷ്ട്രീയത്തിന് നിര്‍ണായക ഇടമുള്ള യുഡിഎഫില്‍ ചേക്കേറാന്‍ അവസാന നിമിഷവും ശ്രമിച്ചത്. അത് നടക്കാതെ വന്നപ്പോള്‍ ജോര്‍ജ്ജിലെ മുസ് ലിം വിരോധം വീണ്ടും ആളിക്കത്തി. പെരുംനുണകളുടെ വളക്കൂറില്‍ ഇസ്ലാമോഫോബിയ കൊണ്ടുനടക്കുന്നവരുടെ പിന്തുണ തനിക്ക് ലഭിക്കുമെന്ന് ജോര്‍ജ് കണക്കുകൂട്ടി. പൊതുപ്രവര്‍ത്തകന് പാടില്ലാത്തതെന്ന് പൊതുജനം കരുതുന്നതെന്തൊക്കെയുണ്ടോ അതിന്റെയെല്ലാം ആള്‍രൂപമായി പിന്നീട് മാറിയതാണ് പി സി ജോര്‍ജ് മാറി.

യുഡിഎഫില്‍ നിന്ന് നിര്‍ദയം പുറത്താക്കപ്പെടുകയും ഇടതുമുന്നണി നാലയലത്ത് അടുപ്പിക്കാതിരിക്കുകയും ചെയ്ത 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ പിന്തുണ കൊണ്ടുമാത്രമാണ് പൂഞ്ഞാറില്‍നിന്നു വിജയിച്ചതെന്ന് പി സി ജോര്‍ജ് പരസ്യമായി തന്നെ അംഗീകരിച്ചിരുന്നു. പല വേദികളിലും ജോര്‍ജ് അത് തുറന്നു പറയുകയും ചെയ്തു. സംഘ പരിവാരത്തിനെതിരായ ജോര്‍ജിന്റെ അതുവരെയുള്ള നിലപാടുകളും ഇടത് വലതു മുന്നണികളുടെ ജന വിരുദ്ധതക്കെതിരായ പൊതു സമീപനവുമാണ് പൂഞ്ഞാറില്‍ പിസി ജോര്‍ജിനെ പിന്തുണക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് എസ്ഡിപിഐ വ്യക്തമാക്കിയത്.

എന്നാല്‍, ഇരു മുന്നണികളെയും തറപറ്റിച്ച് ഇരു പതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പൂഞ്ഞാറില്‍ വിജയിച്ച് മാസങ്ങള്‍ പിന്നിട്ടതോടെ ജോര്‍ജിന്റെ മട്ടും ഭാവവും മാറി. തിരഞ്ഞെടുപ്പില്‍ ജോര്‍ജിനോട് പുറം തിരിഞ്ഞുനിന്ന സഭകള്‍ക്ക് ജോര്‍ജും സഭകള്‍ ജോര്‍ജിനും പ്രിയപ്പെട്ടവരായി മാറി. ഇതിനിടയില്‍ സിപിഎമ്മിലെ ചില കേന്ദ്രങ്ങളുമായി ഒരു അന്തര്‍ധാര ജോര്‍ജ് തരപ്പെടുത്തുകയും ചെയ്തു. എസ്ഡിപിഐ തന്നെ കൈവിട്ടുവെന്ന് തിരിച്ചറിഞ്ഞതോടെ സിപിഎമ്മിനെ പ്രീണിപ്പിക്കാനായി ജോര്‍ജിന്റെ അധരവ്യായാമങ്ങള്‍. സിപിഎമ്മിനെ വരുതിയിലാക്കാന്‍ മഹാരാജാസ് കോളജിലെ വിദ്യാര്‍ഥി യൂനിയന്‍ നേതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പല വിടുവായത്തങ്ങളും തട്ടിവിട്ടതോടെ സ്വന്തം തട്ടകത്തില്‍ തന്നെ ജോര്‍ജ് ചൂടുള്ള പ്രതിഷേധ മറിഞ്ഞു.

എസ്ഡിപിഐ പൂര്‍ണമായി അകലുകയും എന്നാല്‍ സിപിഎം അടുപ്പിക്കാതിരിക്കുകയും ചെയ്തതോടെ ജോര്‍ജിനു മുമ്പില്‍ വഴികളടഞ്ഞു. പിന്നീട്, പൂഞ്ഞാറില്‍ തന്റെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ച മുസ്ലിംകള്‍ക്കും ദലിത് വിഭാഗങ്ങള്‍ക്കുമെതിരേ പിസി ജോര്‍ജ് വിഷം ചീറ്റി രംഗത്തുവരുന്നതായിരുന്നു കാഴ്ചകള്‍. ജോര്‍ജ് എത്രത്തോളം സീറോ മലബാര്‍ സഭയ്ക്കും സംഘപരിവാറിനും പ്രിയപ്പെട്ടവനായോ അത്രത്തോളം മുസ്ലിം, ദലിത് വിരോധം അദ്ദേഹത്തിന്റെ അജണ്ടയായി പുറത്തുവന്നു. ശ്രീലങ്കയിലെ തീവ്രവാദ ആക്രമണവുമായി ബന്ധപ്പെട്ട് മുസ്ലിംകള്‍ക്കെതിരേ ജോര്‍ജ് നടത്തിയ ഹീനമായ പരാമര്‍ശങ്ങള്‍ ജോര്‍ജില്‍ അന്തര്‍ലീനമായ മുസ്ലിം വിരോധത്തിന്റെ ആഴം തെളിയിച്ചു. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച ഏഴു മിനിറ്റ് ദൈര്‍ഘ്യമുള്ള ആ ശബ്ദ സന്ദേശത്തിനെതിരേ നടപടി സ്വീകരിക്കുമെന്ന് ജോര്‍ജ് അന്ന് പറഞ്ഞുവെങ്കിലും നടപടിയുണ്ടായില്ല. മുസ്ലിംകളെ അടച്ചാക്ഷേപിക്കുന്ന സമാനമായ നിരവധി ഓഡിയോ, വിഡിയോ സന്ദേശങ്ങളാണ് പിന്നീട് ജോര്‍ജിന്റേതായി പുറത്തുവന്നത്.

നിയമസഭാംഗമെന്ന നിലയില്‍ അധാര്‍മിക പ്രയോഗങ്ങള്‍ക്കും അസഭ്യവാക്കുകള്‍ക്കും അധിക്ഷേപങ്ങള്‍ക്കും എത്തിക്സ് കമ്മിറ്റിയുടെയും സ്പീക്കറുടെയും താക്കീതും ശാസനകളുമേറ്റുവാങ്ങിയ സാമാജികന്‍ സംസ്ഥാന ചരിത്രത്തില്‍ വേറെയില്ല. ഗൗരിയമ്മ വിഷയം മുതല്‍ അവസാനം ബിഷപ്പിന്റെ പീഡനത്തിനിരയായതായി കേസ് നടത്തുന്ന കന്യാസ്ത്രീയെ വരെ അപമാനിച്ചതിന് കേരള നിയമസഭയുടെ നിരന്തരതാക്കീതുകളാണ് ജോര്‍ജിനെ തേടിയെത്തിയത്.

നിയമസഭയ്ക്ക് പുറത്ത് നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ സഭയില്‍ ശാസിക്കപ്പെട്ട ആദ്യ എംഎല്‍എയാണ് ജോര്‍ജ്. ഗൗരിയമ്മയ്ക്കെതിരേ ജോര്‍ജ് നടത്തിയ പരാമര്‍ശത്തിനാണ് നിയമസഭ അദ്ദേഹത്തെ ആദ്യം താക്കീത് ചെയ്തത്. കഴിഞ്ഞ നിയമസഭയില്‍ കെ മുരളീധരന്‍ അധ്യക്ഷനായ എത്തിക്സ് കമ്മിറ്റിയാണ് ജോര്‍ജിനെ താക്കീത് ചെയ്യണമെന്ന് നിര്‍ദേശിച്ചിരുന്നത്. പി സി ജോര്‍ജിനെ താക്കീത് ചെയ്യുന്നതായുള്ള പ്രമേയം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവതരിപ്പിച്ചു. 2013 മാര്‍ച്ച് 14നാണ് ജോര്‍ജ് വിവാദപരാമര്‍ശം നടത്തിത്. കെ ബി ഗണേഷ് കുമാറിനെതിരായി ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങള്‍ക്ക് ഗൗരിയമ്മ മറുപടി നല്‍കിയിരുന്നു. തുടര്‍ന്ന് ഒരു മാധ്യമപ്രവര്‍ത്തകനോട് സംസാരിച്ച പി സി ജോര്‍ജ് ഒളികാമറയുണ്ടെന്നറിയാതെ ഗൗരിയമ്മയ്ക്കെതിരേ അസഭ്യം പറയുകയായിരുന്നു. അരലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പൂഞ്ഞാറില്‍ ജയിക്കുമെന്നായിരുന്നു ഇന്നലെ വരെ ജോര്‍ജ്ജിന്റെ അവകാശവാദം. പൂഞ്ഞാറിലെ ഈ തോല്‍വിയോടെ ജോര്‍ജ്ജിന്റെ രാഷ്ട്രീയ ഭാവി തന്നെയാണ് ഇരുളടയുന്നത്.

PC George failed in Poonhar

Next Story

RELATED STORIES

Share it