- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജനഹിതം 21: തൃശൂര്‍ ജില്ലയില്‍ സ്ഥാനാര്‍ത്ഥി ചിത്രം തെളിയുന്നു -പൂരങ്ങളുടെ നാട് ആര്‍ക്കൊപ്പം?
പലപ്പോഴും സംസ്ഥാന രാഷ്ട്രീയത്തിലെ ട്രെന്‍ഡിന് അപ്പുറം ഗ്രൂപ്പ് സമവാക്യങ്ങളാണ് ജില്ലയിലെ വിജയ പരാജയങ്ങളെ നിര്‍ണയിച്ചത്. 2016 ല്‍ മികച്ച പ്രകടനം കാഴ്ച വച്ച ഇടതുമുന്നണിക്ക് ഇത്തവണ ചില മണ്ഡലങ്ങളിലെ അടിയൊഴുക്കുകള്‍ അത്ര ശുഭകരമല്ല.
തൃശൂര്‍: 13 മണ്ഡലങ്ങളുള്ള തൃശൂര്‍ ജില്ലയില്‍ കഴിഞ്ഞ തവണ ഇടതിന്റെ തേരോട്ടമായിരുന്നു. പന്ത്രണ്ടും ഇടതിനൊപ്പം. 43 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തില്‍ വടക്കാഞ്ചേരി മണ്ഡലത്തില്‍ വിജയിച്ച അനില്‍ അക്കരയാണ് ജില്ലയില്‍ തകര്‍ന്നടിഞ്ഞ യുഡിഎഫിന്റെ ഏക ആശ്വാസം.
കേരള രാഷ്ട്രീയത്തിലെ വമ്പന്മാരെ വീഴ്ത്തുകയും വാഴ്ത്തുകയും ചെയ്ത ജില്ല കൂടിയാണ് തൃശൂര്‍. ഇടതനേയും വലതനേയും മാറി മാറി പരീക്ഷിക്കുന്ന തൃശൂര്‍ ജില്ല കഴിഞ്ഞ മൂന്ന് നിയമസഭാ തിരഞ്ഞെടുപ്പിലും മണ്ഡലങ്ങള്‍ കൂടുതലും ഇടതിനൊപ്പമായിരുന്നു. പലപ്പോഴും സംസ്ഥാന രാഷ്ട്രീയത്തിലെ ട്രെന്‍ഡിന് അപ്പുറം ഗ്രൂപ്പ് സമവാക്യങ്ങളാണ് ജില്ലയിലെ വിജയ പരാജയങ്ങളെ നിര്‍ണയിച്ചത്.
2016 ല്‍ മികച്ച പ്രകടനം കാഴ്ച വച്ച ഇടതുമുന്നണിക്ക് ഇത്തവണ ചില മണ്ഡലങ്ങളിലെ അടിയൊഴുക്കുകള്‍ അത്ര ശുഭകരമല്ല.
തുടര്‍ ഭരണം ലക്ഷ്യമിട്ട് ശക്തമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്ന ഇടതുമുന്നണി ഏറ്റവും വിജയ സാധ്യതയുള്ള സ്ഥാനാര്‍ഥിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. കൈവിട്ട് പോയ സീറ്റുകള്‍ തിരിച്ചുപിടിക്കാനുള്ള തന്ത്രങ്ങള്‍ ആവിഷ്കരിച്ചാണ് വലതുമുന്നണി മുന്നോട്ടുപോകുന്നത്. ബിജെപിയുടെ എ ക്ലാസ് മണ്ഡലങ്ങളില്‍ തൃശൂരും കൊടുങ്ങല്ലൂരുമുണ്ട്.
സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ വടക്കാഞ്ചേരിയിലെ ലൈഫ് ഫ്ലാറ്റ് വിവാദമടക്കം ജില്ലയില്‍ പ്രധാന ചര്‍ച്ചാവിഷയമാക്കിയാണ് യുഡിഎഫിന്റെ പ്രധാന പ്രചാരണം. വികസന നേട്ടങ്ങള്‍ തന്നൊയാണ് എല്‍ഡിഎഫിന്റെ പ്രചാരണത്തിലുള്ളത്. തൃശൂരില്‍ നിന്നു മൂന്ന് മന്ത്രിമാരും ഒരു ചീഫ് വീപ്പും അടങ്ങുന്നതാണ് നിലവിലെ സര്‍ക്കാര്‍. കരുത്ത് തെളിയിക്കാന്‍ നവ രാഷ്ട്രീയ പ്രസ്ഥാനങ്ങളായ എസ്ഡിപിഐയും വെല്‍ഫെയര്‍പാര്‍ട്ടിയും തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.
തൃശൂര്‍ മണ്ഡലം
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനത്ത് സ്ഥലം എംഎല്‍എ കൂടിയായ കൃഷിമന്ത്രി വിഎസ് സുനില്‍കുമാറിനെ സജീവമായി കാണാനാകും. കൃഷിവകുപ്പിന്റെ പല പൈലറ്റ് പദ്ധതികളുടേയും പരീക്ഷണ ശാല കൂടിയായിരുന്നു ജില്ല. യുഡിഎഫ് എപ്പോഴും മികച്ച പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന മണ്ഡലം. അപ്രതീക്ഷിതമായാണ് കഴിഞ്ഞ തവണ സുനില്‍കുമാര്‍ മണ്ഡലം മാറിയെത്തിയത്. 2016ല്‍ 6987 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സുനില്‍കുമാര്‍ പത്മജാ വേണുഗോപാലിനെ പരാജയപ്പെടുത്തിയത്.
അഞ്ചുതവണ തുടര്‍ച്ചയായി മണ്ഡലത്തെ പ്രതിനിധീകരിച്ച തേറമ്പില്‍ രാമകൃഷ്ണനെ മാറ്റി പത്മജ വേണുഗോപാലിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കി. കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് പോരും സുനില്‍കുമാറിന്റെ ചടുലമായ പ്രവര്‍ത്തനങ്ങളും അട്ടിമറി വിജയം സമ്മാനിച്ചു. സിപിഐ മാനദണ്ഡമനുസരിച്ച് ഇത്തവണ സുനിലിന് സാധ്യതയില്ല. സിപിഐ ജില്ലാ സെക്രട്ടറി കെ കെ വല്‍സരാജ്, പി ബാല ചന്ദ്രന്, എഐഎസ്എഫ് മുന്‍ സംസ്ഥാന പ്രസിഡന്റും യുവ നേതാവുമായ ടി പ്രദീപ് കുമാറിന്റേയും പേരുകളാണ് പരിഗണനയിലുള്ളത്. ഇതില്‍ ടി പ്രദീപ് കുമാറിനാണ് കൂടുതല്‍ സാധ്യത.
പത്മജ വേണുഗോപാല്‍ തന്നെയാകും കോണ്‍ഗ്രസിന്റെ സാരഥി. ബിജെപി മെട്രൊമാന് ഇ. ശ്രീധരനെയും സന്ദീപ് വാര്യറെയും സുരേഷ് ഗോപിയെയും പരിഗണിക്കുന്നു.
ഒല്ലൂര്‍ മണ്ഡലം
സര്‍ക്കാര്‍ ചീഫ് വിപ്പ് കെ രാജന് പ്രതിനിധാനം ചെയ്യുന്ന മണ്ഡലമാണ് ഒല്ലൂര്‍. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഉള്‍പ്പടെ വന്‍കിട പദ്ധതികള്‍ മണ്ഡലത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. എല്ലാകാലത്തും ഭരണമുന്നണിക്ക് അംഗത്തെ നല്കുന്ന മണ്ഡലമെന്ന വിശേഷം കൂടി ഒല്ലൂരിനുണ്ട്. 2016ല്‍ 13248 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സിപിഐയുടെ കെ രാജന് കോണ്‍ഗ്രസ്സിലെ എം പി വിന്‍സെന്റിനോട് വിജയിച്ചത്.
ഇത്തവണ യുഡിഎഫ് മണ്ഡലത്തില്‍ മികച്ച പ്രതീക്ഷ വച്ചുപുലര്‍ത്തുന്നുണ്ടെങ്കിലും കെ രാജന് ഇടതുസ്ഥാനാര്‍ഥിയായി വീണ്ടുമെത്തിയാല്‍ അത്ര എളുപ്പമാകില്ല. യുഡിഎഫില്‍ നിരവധിപേരാണ് ഒല്ലൂരിനായി രംഗത്തുള്ളത്. മുന്‍ എംഎല്‍എയും ഇപ്പോള്‍ ഡിസിസി പ്രസിഡന്റുമായ എംപി വിന്‍സെന്റ്, ജോസ് വള്ളൂര്‍, അഡ്വ. ഷാജി കോടങ്കണ്ടത്ത്, ടി ജെ സനീഷ് കുമാര്‍ എന്നിവരുടെ പേരുകളാണ് പരിഗണനാ ലിസ്റ്റിലുള്ളത്. ഇതില്‍ ജോസ് വള്ളൂരിനും എം പി വിന്സെന്റിനുമാണ് കൂടുതല്‍ സാധ്യത.
വടക്കാഞ്ചേരി മണ്ഡലം
ഇടത് സ്ഥാനാര്‍ഥി മേരി തോമസ് കഴിഞ്ഞ തവണ വടക്കാഞ്ചേരിയില്‍ തോറ്റത് നേരിയ ഭൂരിപക്ഷത്തിന്. 12 മണ്ഡലങ്ങളും തഴഞ്ഞപ്പോള്‍ 13 വോട്ടിന് വിജയിച്ച വടക്കാഞ്ചേരി മണ്ഡലമാണ് യുഡിഎഫിന് ഏക പിടിവള്ളിയായത്.
യുഡിഎഫിന്റെ ജില്ലയില്‍ നിന്നുള്ള ഏക എംഎല്‍എ ആയിരുന്നു അനില്‍ അക്കര. ഈ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ മാത്രം അല്ല സംസ്ഥാനമൊട്ടുക്കും വടക്കാഞ്ചേരിയിലെ ലൈഫ് മിഷന് ഫ്ലാറ്റ് വിവാദം ചര്‍ച്ചയാണ്. നഷ്ടപ്പെട്ട സീറ്റ് മികച്ച സ്ഥാനാര്‍ഥിയെ നിര്‍ത്തി തിരിച്ചുപിടിക്കാനാണ് ഇടതു മുന്നണി ലക്ഷ്യം. വടക്കാഞ്ചേരിയില്‍ സേവിയര്‍ ചിറ്റിലപ്പിള്ളിയുടെ പേരാണ് ചര്‍ച്ചയിലുള്ളത്.
ചേലക്കര മണ്ഡലം
സംവരണ മണ്ഡലമായ ചേലക്കര യുഡിഎഫിനേയും എല്ഡിഎഫിനേയുമൊക്കെ മാറി മാറി പരീക്ഷിച്ചിരുന്ന മണ്ഡലമായിരുന്നു. സിപിഎം നേതാവ് കെ രാധാകൃഷ്ണന്റെ വരവോടെയാണ് മണ്ഡലത്തിന്റെ ചരിത്രം തന്നെ മാറിമറിയുന്നത്. രാധാകൃഷ്ണനെ സിപിഎം രണ്ട് സര്‍ക്കാരുകളില്‍ മന്ത്രിയും നിയമസഭാ സ്പീക്കറുമാക്കി.
ജനകീയനായ രാധാകൃഷ്ണന്റെ മന്ത്രിസ്ഥാനം ചേലക്കരയ മികച്ച ഇടത് കോട്ടയാക്കി. രാധാകൃഷ്ണന് പകരം കഴിഞ്ഞ തവണ യു ആര് പ്രദീപിനെ സിപിഎം മത്സരിപ്പിക്കാനിറക്കിയതോടെ കോണ്‍ഗ്രസ് ക്യാംപ് വീണ്ടും പ്രതീക്ഷയിലായിരുന്നു. എന്നാല്‍, കോണ്‍ഗ്രസ്സിന്റെ തുളസിയെ 10,200 വോട്ടിന് പരാജയപ്പെടുത്തി യു ആര് പ്രദീപ് വിജയിച്ചു. ഇത്തവണ കെ രാധാകൃഷ്ണന് മല്‍സര രംഗത്തുണ്ടാവുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍, അവസാന വട്ട ലിസ്റ്റില്‍ യു ആര് പ്രദീപ് തന്നേയാണ് ഇടം പിടിച്ചത്.
സിനിമാ താരം ധര്മജന് ബോള്‍ഗാട്ടിയുടെ പേരുള്‍പ്പടെ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടേതായി പറഞ്ഞു കേള്‍ക്കുന്നുണ്ട്.
കുന്നംകുളം മണ്ഡലം
മന്ത്രി എ സി മൊയ്തീന് കുന്നംകുളത്ത് വീണ്ടും അങ്കത്തിനിറങ്ങുമെന്ന് ഉറപ്പായിട്ടുണ്ട്. 2016ലെ തിരഞ്ഞെടുപ്പില്‍ സിഎംപിയുടെ സി പി ജോണിനെ 7782 വോട്ടിന് പരാജയപ്പെടുത്തിയ എ സി മൊയ്തീന് ഇത്തവണയും വിജയ പ്രതീക്ഷയിലാണ്.
ജില്ലയില്‍ ഇത്തവണ കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന് ഉറപ്പുള്ള സീറ്റുകളിലൊന്നാണ് കുന്നംകുളം. കുന്നംകുളത്തിന് പകരം മലബാറില്‍ ഉറച്ചൊരു മണ്ഡലമാണ് സിഎംപിയുടെ ആവശ്യം. മന്ത്രി മൊയ്തീനെതിരേ മികച്ചൊരു സ്ഥാനാര്‍ഥിയെ കണ്ടത്താനുള്ള ഓട്ടത്തിലാണ് കോണ്‍ഗ്രസ്. കുന്നംകുളം ബ്ലോക്ക് പ്രസിഡന്റ് അഡ്വ. ജയശങ്കറിന്റെ പേരാണ് ഉയര്‍ന്നുവരുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ മൊയ്തീനെ വടക്കാഞ്ചേരി ലൈഫ് മിഷന് ഭവനപദ്ധതി ക്രമക്കേടിന്റെ കേന്ദ്രസ്ഥാനത്ത് നിറുത്തി പ്രചാരണം തുടങ്ങിയ കോണ്‍ഗ്രസ്, അതേ അടവുകളാവും വീണ്ടും പുറത്തെടുക്കുക. ബിജെപി ജില്ലാ പ്രസിഡന്റ് കെ കെ അനീഷ് കുമാര്‍ തന്നെയാകും എന്‍ഡിഎ സ്ഥാനാര്‍ഥി.
ഗുരുവായൂര്‍ മണ്ഡലം
ജില്ലയില്‍ ലീഗ് മത്സരിക്കുന്ന ഏക മണ്ഡലമാണ് ഗുരുവായൂര്‍. 2001ന് ശേഷം മണ്ഡലത്തില്‍ ലീഗ് സ്ഥാനാര്‍ഥി വിജയിച്ചിട്ടില്ല. 2016ല്‍ മുസ് ലിംലീഗിന്റെ പി എം സാദിഖലിയെ 15,098 വോട്ടിന് പരാജയപ്പെടുത്തിയാണ് സിപിഎമ്മിന്റെ കെ വി അബ്ദുല്‍ ഖാദര്‍ ഗുരുവായൂരില്‍ വിജയിച്ചത്.
സിറ്റിങ് എംഎല്‍എ കെ വി അബ്ദുല്‍ഖാദര്‍ മണ്ഡലത്തില്‍ സുപരിചിതനാണ്. ഇത്തവണ അദ്ദേഹത്തിന് സീറ്റില്ല എന്നാണ് പുറത്ത് വരുന്ന വാര്‍ത്ത. ഗുരുവായൂരില്‍ ബേബി ജോണിന്റേയും സിപിഎം ചാവക്കാട് ഏരിയാ സെക്രട്ടറി എന്‍ കെ അക്ബറിന്റേയും പേരുകള്‍ സജീവ ചര്‍ച്ചയിലുണ്ട്. നാളെ ജില്ലാ സെക്രട്ടറിയേറ്റ് ചേര്‍ന്ന് സ്ഥാനാര്‍ഥിയെ തീരുമാനിക്കും.
ലീഗിന് മികച്ച അടിത്തറയുള്ള മണ്ഡലമാണെങ്കിലും മുന്നണിയിലേയും പാര്‍ട്ടിയിലേയും കെട്ടുറപ്പില്ലായ്മ ഇപ്പോഴും പ്രകടമാണ്. മുസ് ലിംലീഗ് സംസ്ഥാന സെക്രട്ടറി സി എച്ച് റഷീദ്, കെഎന്‍എ ഖാദര്‍ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ലീഗിന്റെ ഉരുക്കു കോട്ടയായ കടപ്പുറം പഞ്ചായത്തില്‍ പോലും ദയനീയപ്രകടനമാണ് പാര്‍ട്ടി കാഴ്ചവച്ചത്. ഇത് ചില പരസ്യ പ്രതികരണങ്ങളിലേക്ക് എത്തിച്ചിരുന്നു. ലീഗില്‍ നിന്ന് മണ്ഡലം ഏറ്റെടുക്കണമെന്ന് കോണ്‍ഗ്രസില്‍ മുറവിളിയുണ്ടെങ്കിലും അതിന് സാധ്യത കുറവാണ്.
മണലൂര്‍ മണ്ഡലം
ഇടതു വലതു മുന്നണികളെ മാറിമാറി പരീക്ഷിക്കുന്ന മറ്റൊരു മണ്ഡലമാണ് മണലൂര്‍. 2016ല്‍ കോണ്‍ഗ്രസ്സിലെ ഒ അബ്ദുല്‍ റഹ്മാന് കുട്ടിയെ 19325 വോട്ടിന് പരാജയപ്പെടുത്തിയാണ് സിപിഎം സ്ഥാനാര്‍ത്ഥി മുരളി പെരുനെല്ലി വിജയിച്ചത്.
തീരദേശം കൂടിയുള്‍പ്പെടുന്ന മണ്ഡലത്തെ നിലവില്‍ സിപിഎമ്മിലെ മുരളി പെരുനെല്ലിയാണ് പ്രതിനിധാനം ചെയ്യുന്നത്. എംഎല്‍എയുടെ പ്രവര്‍ത്തനം ചില കേന്ദ്രങ്ങളില്‍ മാത്രമായി ചുരുങ്ങുന്നു എന്ന് വ്യാപകമായി പരാതിയുള്ള മണ്ഡലം. ഇത്തവണയും പെരുനെല്ലി തന്നേയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി.
തൃശൂര്പൊന്നാനി കോള്‍ മേഖലയുടെ വലിയൊരു ഭാഗവും മണ്ഡലത്തിലാണ് സ്ഥിതി ചെയ്യുന്നത്.
കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ തന്നെ മണലൂരിനായി രംഗത്തിറങ്ങിയിട്ടുണ്ട്. മുന്‍ എംഎല്‍എ പി എ മാധവന്, മുന്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി കെ രാജന്, ഡിസിസി സെക്രട്ടറി വി വേണുഗോപാല്‍, അഡ്വ. ഷാജി കോടങ്കണ്ടത്ത്, കെപിസിസി സെക്രട്ടറി സുനില്‍ അന്തിക്കാട് എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. ബിജെപിയില്‍ നിന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണനാകും മത്സരിക്കുക.
നാട്ടിക മണ്ഡലം
ജില്ലയിലെ മറ്റൊരു എസ്സി സംവരണ മണ്ഡലമാണു നാട്ടിക. 57 മുതല്‍ 2011 വരെ നടന്ന പതിനാലു തെരെഞ്ഞെടുപ്പുകളില്‍ ഏഴു തവണ ഇടതുമുന്നണിയും ആറു തവണ കോണ്‍ഗ്രസും വിജയിച്ച മണ്ഡലം. മണ്ഡല പുനനിര്ണയിത്തിന് ശേഷം സിപിഐയ്ക്ക് വ്യക്തമായ സ്വാധീനമുള്ള മണ്ഡലമാണ് നാട്ടിക.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ വി ദാസനെ 26777 വോട്ടിന് പരാജയപ്പെടുത്തിയാണ് സിപിഐയിലെ ഗീതാ ഗോപി വിജയക്കൊടി പാറിച്ചത്.
നിലവിലെ എംഎല്‍എ ഗീതാഗോപി തന്നെയായിരിക്കും ഇടതുമുന്നണി സ്ഥാനാര്‍ഥി. മുസ്ലിം, ഈഴവ വോട്ടുകള്‍ മണ്ഡലത്തില്‍ നിര്‍ണായകമാണ്.
കൊടുങ്ങല്ലൂര്‍ മണ്ഡലം
ഒരു കാലത്ത് കേരളത്തില്‍ ഇടതുപക്ഷത്തിന്റെ ഉറച്ച സീറ്റായിരുന്നു കൊടുങ്ങല്ലൂര്‍. എന്നാല്‍ കഴിഞ്ഞ ചില തെരഞ്ഞെടുപ്പുകളില്‍ മണ്ഡലം രാഷ്ട്രീയ സ്ഥിരത പുലര്‍ത്താറില്ല. 2016ല്‍ എല്‍ഡിഎഫിലെ വി ആര് സുനില്‍ കുമാറാണ് മണ്ഡലത്തില്‍ നിന്ന് സഭയിലെത്തിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ പി ധനപാലനെ പരാജയപ്പെടുത്തി 22,791 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു വിജയം.
ഈഴവ സമുദായത്തിന് മേല്‍കൈയ്യുള്ള മണ്ഡലത്തില്‍ എസ്എന്‍ഡിപിക്ക് ശക്തമായ അടിത്തറയുണ്ട്. ക്രൈസ്തവ വോട്ടുകളും നിര്‍ണായകമാണ്. നിലവിലുള്ള എംഎല്‍എ തന്നെയാകും ഇടതു സ്ഥാനര്‍ഥി. യുഡിഎഫ് ഇക്കുറി വലിയ വിജയപ്രതീക്ഷ പുലര്‍ത്തുന്ന മണ്ഡലമാണ് കൊടുങ്ങല്ലൂര്‍. സി എസ് ശ്രീനിവാസന്റെ പേരാണ് ചര്‍ച്ചയിലുള്ളത്. ബിജെപിയുടെ എ ക്ലാസ് മണ്ഡലത്തിലുള്‍പ്പെടുന്നതാണ് കൊടുങ്ങല്ലൂര്‍.
കയ്പമംഗലം മണ്ഡലം
2011 ല്‍ രൂപം കൊണ്ട കയ്പമംഗലം മണ്ഡലം രണ്ട് വട്ടവും എല്‍ഡിഎഫിനെയാണ് തുണച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 33,440 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സിപിഐയുടെ ഇ ടി ടൈസണ്‍ വിജയിച്ചത്. ആര്‍എസ്പിയുടെ എം ടി മുഹമ്മദ് നഹാസ് ആയിരുന്നു മുഖ്യ എതിരാളി.
മണ്ഡലം പിടിക്കാന്‍ മുസ്ലിം, ധീവര, ഈഴവ സമുദായങ്ങളുടെ പിന്തുണ നിര്‍ണായകമാണ്. സിപിഐയില്‍ നിന്നുള്ള ഇ ടി ടൈസണ്‍ മാസ്റ്ററാണ് നിലവില്‍ എംഎല്‍എ. മണ്ഡലത്തില്‍ ജനകീയന്‍. സിപിഐ ജില്ലാ സെക്രട്ടറി വല്‍സരാജിന്റെ പേര് ഇക്കുറി മണ്ഡലത്തിലേക്ക് പറഞ്ഞു കേള്‍ക്കുന്നുണ്ട്. യുഡിഎഫിനായി ആര്‍എസ്പി മത്സരിച്ചിരുന്ന മണ്ഡലം ഇത്തവണ കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന് ഉറപ്പാണ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുബിന് സ്ഥാനാര്‍ഥിയായി എത്തിയാല്‍ മണ്ഡലം പിടിച്ചെടുക്കാന്‍ കഴിയുമെന്നാണ് യുഡിഎഫ് ക്യാംപിന്റെ കണക്കു കൂട്ടല്‍.
ഇരിങ്ങാലക്കുട മണ്ഡലം
യുഡിഎഫ് പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന മറ്റൊരു മണ്ഡലമാണ് ഇരിങ്ങാലക്കുട നിയമസഭാ മണ്ഡലം. നിലവിലവില്‍ സിപിഎമ്മില്‍ നിന്നുള്ള കെ യു അരുണനാണ് എംഎല്‍എ. കേരളാ കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റില്‍ തോമസ് ഉണ്ണിയാടനെതിരേ അട്ടിമറി വിജയമാണ് അരുണന് നേടിയത്. 2711 വോട്ടായിരുന്നു ഭൂരിപക്ഷം.
കാര്യമായ വികസനങ്ങളൊ ഇടപെടലുകളൊ എംഎല്‍എയില്‍ നിന്നുണ്ടാകുന്നില്ല എന്ന വികാരം മണ്ഡലത്തില്‍ ശക്തമാണ്. അത് കൊണ്ട് അരുണ്‍ ഇത്തവണ മല്‍സര രംഗത്തുണ്ടാവില്ലെന്നാണ് പുറത്ത് വരുന്ന വാര്‍ത്ത.് ആര് ബിന്ദുവിന്റെ പേരാണ് അന്തിമ പരിഗണനയിലുള്ളത്.
യുഡിഎഫില്‍ ജോസഫ് വിഭാഗം കേരള കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റില്‍ ഇത്തവണയും മുന്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന് സ്ഥാനാര്‍ഥിയായി എത്തുമെന്നുറപ്പാണ്.
പുതുക്കാട് മണ്ഡലം
വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിന്റെ മണ്ഡലമാണ് പുതുക്കാട്. കോണ്‍ഗ്രസിന്റെ പരമ്പരാഗത മണ്ഡലമെന്ന് വിശേഷിപ്പിക്കാവുന്ന പുതുക്കാടിനെ ഇടത് ക്യാംപിലേക്കെത്തിച്ചത് രവീന്ദ്രന് മാഷാണ്. 2016ല്‍ 38,478 വോട്ടിനാണ് കോണ്‍ഗ്രസ്സിലെ സുന്ദരന്‍ കുന്നത്തുള്ളിയെ പരാജയപ്പെടുത്തിയത്.
ക്രിസ്ത്യന്‍, മുസ്ലിം സമുദായങ്ങള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള മണ്ഡലം കൂടിയാണിത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 38,478 വോട്ടായിരുന്നു രവീന്ദ്രനാഥിന്റെ ഭൂരിപക്ഷം. രവീന്ദ്രനാഥ് മത്സരരംഗത്ത് നിന്നു വിട്ടുനില്‍ക്കുകയും ന്യൂനപക്ഷങ്ങള്‍ക്കു കൂടി സ്വീകാര്യനായ സ്ഥാനാര്‍ഥി വരുകയും ചെയ്താല്‍ ഇത്തവണ മണ്ഡലം യുഡിഎഫിനൊപ്പം നില്ക്കും. സ്ഥാനാര്‍ത്ഥി പട്ടികയില്‍ കെ കെ രാമചന്ദ്രന്റെ പേരാണ് പ്രഥമ പരിഗണനയിള്ളത്.
ചാലക്കുടി മണ്ഡലം
വ്യക്തിപ്രഭാവം കൊണ്ട് എല്‍ഡിഎഫ് പിടിച്ചു നില്ക്കുന്ന മണ്ഡലമാണ് ചാലക്കുടി. യുഡിഎഫിന് നിര്‍ണായക സ്വാധീനമുള്ള മണ്ഡലത്തില്‍ ബി.ഡി ദേവസി എന്ന ജനകീയ മുഖം കൊണ്ടാണ് എല്‍ഡിഎഫ് പിടിച്ചു നിന്നത്. 2016ല്‍ ഇടത് തരംഗത്തില്‍ 26,648 വോട്ടിനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ടി യു രാധാകൃഷ്ണന് പരാജയപ്പെട്ടത്.
ഇത്തവണ യുപി ജോസിനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് സിപിഎം തീരുമാനം. ബി ഡി ദേവസിയെ മാറ്റി നിര്‍ത്തുന്നതോടെ യുഡിഎഫ് ക്യാംപില്‍ പ്രതീക്ഷയേറി.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ചാലക്കുടി നഗരസഭ തിരിച്ചുപിടിച്ചതും യുഡിഎഫ് ക്യാംപിന് ആത്മവിശ്വാസം പകരുന്നതാണ്.
RELATED STORIES
ഉലമാ സൗഹൃദ സംഗമം സംഘടിപ്പിച്ചു
22 Nov 2024 7:29 AM GMTകോഴിക്കോട് വിമാനത്താവളം പാര്‍ക്കിങ് ഫീസ്- ഗതാഗതക്കുരുക്ക് ഉടന്‍...
22 Nov 2024 7:19 AM GMTമുനമ്പം പ്രശ്നം; കുറ്റക്കാര്‍ ഫാറൂഖ് കോളജെന്ന് മന്ത്രി വി...
22 Nov 2024 7:14 AM GMTജെസിബിയുടെ സാഹിത്യ പുരസ്കാരം കാപട്യമെന്ന് എഴുത്തുകാർ
22 Nov 2024 6:34 AM GMTതൃശൂരില്‍ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ രണ്ട് സ്ത്രീകളെ ട്രെയിന്‍...
22 Nov 2024 6:10 AM GMTകോഴിക്കോട് നടക്കാവില്‍ പോലിസിന് നേരെ ആക്രമണം
22 Nov 2024 5:54 AM GMT