Big stories

മഞ്ചേശ്വരം, നേമം മണ്ഡലങ്ങളിലെ ബിജെപിയുടെ പരാജയം; എസ്ഡിപിഐ നിലപാട് നിര്‍ണായകമായി -മുന്നണികളുടെ കടുത്ത പോരാട്ടത്തിനിടയിലും എസ്ഡിപിഐക്ക് വോട്ട് വര്‍ദ്ധന

2016 ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 4690 വോട്ട് ശിവന്‍ കുട്ടിക്ക് കുറഞ്ഞെങ്കിലും കെ മുരളീധരന്റെ സ്ഥനാര്‍ത്ഥിത്വവും എസ്ഡിപിഐ നിലപാടും ശിവന്‍കുട്ടിയുടെ വിജയം ഉറപ്പിച്ചു.

മഞ്ചേശ്വരം, നേമം മണ്ഡലങ്ങളിലെ ബിജെപിയുടെ പരാജയം; എസ്ഡിപിഐ നിലപാട് നിര്‍ണായകമായി  -മുന്നണികളുടെ കടുത്ത പോരാട്ടത്തിനിടയിലും എസ്ഡിപിഐക്ക് വോട്ട് വര്‍ദ്ധന
X

കോഴിക്കോട്: ബിജെപിക്ക് വിജയ സാധ്യതയുണ്ടായിരുന്ന മഞ്ചേശ്വരം, നേമം, പാലക്കാട് മണ്ഡലങ്ങളിലെ എസ്ഡിപിഐയുടെ നിലപാട് നിര്‍ണായകമായി. ബിജെപിയെ പരാജയപ്പെടുത്താന്‍ മുന്നണി നോക്കാതെ കൂടുതല്‍ വിജയസാധ്യതയുള്ള സ്ഥാനാര്‍ഥികളെ പിന്തുണക്കുക എന്ന നിലപാടാണ് എസ്ഡിപിഐ സ്വീകരിച്ചത്. അതിന്റെ ഭാഗമായി മഞ്ചേശ്വരത്ത് മുസ് ലിംലീഗ് സ്ഥാനാര്‍ത്ഥി എ കെ എം അഷ്‌റഫിനും നേമത്ത് സിപിഎം സ്ഥാനാര്‍ത്ഥി ശിവന്‍കുട്ടിക്കും പാലക്കാട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനും പിന്തുണ നല്‍കി.

എ കെ എം അഷ്‌റഫ് 745 വോട്ടിന് വിജയിച്ച മഞ്ചേശ്വരത്ത് എസ്ഡിപിഐ നിലപാട് തന്നേയാണ് നിര്‍ണായകമായതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. എ കെ എം അഷ്‌റഫ് 65,758 വോട്ടുകള്‍ നേടിയപ്പോള്‍ തൊട്ടുപിന്നിലുള്ള ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ 65,013 വോട്ടുകള്‍ നേടി. ഇവിടേയാണ് എസ്ഡിപിഐ നിലപാട് നിര്‍ണായകമാവുന്നത്. കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തിലെ 26 വാര്‍ഡുകളില്‍ മാത്രം മല്‍സരിച്ച എസ്ഡിപിഐ 8000ത്തോളം വോട്ടുകള്‍ നേടിയിരുന്നു. പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തനങ്ങളുള്ള ബാക്കിവരുന്ന 130ലധികം വാര്‍ഡുകളിലെ വോട്ടുകള്‍കൂടി കണക്കുകൂട്ടുകയാണെങ്കില്‍ ഏറ്റവും ചുരുങ്ങിയത് പതിനയ്യായിരത്തില്‍ കൂടുതല്‍ വോട്ടുകള്‍ എസ്ഡിപിഐക്ക് മണ്ഡലത്തില്‍ ഉണ്ട്. 745 വോട്ടിന്റെ ഭൂരിപക്ഷത്തിന് മുസ് ലിംലീഗ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തിന് എസ്ഡിപിഐ പിന്തുണ തന്നേയാണ് നിര്‍ണായകമായത്.

ബിജെപിയുടെ സിറ്റിങ് സീറ്റായ നേമം മണ്ഡലത്തില്‍ കെ മുരളീധരന്‍ സ്ഥാനാര്‍ഥിയായതും എസ്ഡിപിഐ നിലപാടുമാണ് ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടി 3949 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബിജെപിയുടെ മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരനെ പരാജയപ്പെടുത്തിയത്. ശിവന്‍ കുട്ടി 54452 വോട്ട് നേടിയപ്പോള്‍ കുമ്മനം രാജശേഖരന്‍ 51888 വോട്ട് നേടി. 2016 ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 4690 വോട്ട് ശിവന്‍ കുട്ടിക്ക് കുറഞ്ഞെങ്കിലും കെ മുരളീധരന്റെ സ്ഥനാര്‍ത്ഥിത്വവും എസ്ഡിപിഐ നിലപാടും ശിവന്‍കുട്ടിയുടെ വിജയം ഉറപ്പിച്ചു. 2016 ല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജെഡിയുവിന്റെ വി സുരേന്ദ്രന്‍ പിള്ള 13860 വോട്ട് മാത്രമാണ് നേടിയത്. എന്നാല്‍, കെ മുരളീധരന്‍ ഇത് 36,524 ആയി ഉയര്‍ത്തി. കെ മുരളീധരന്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 22,664 വോട്ട് വര്‍ദ്ധിപ്പിച്ചത് ബിജെപിക്ക് കനത്ത തിരിച്ചടിയായി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി ഒ രാജഗോപാല്‍ 67,813 വോട്ട് നേടിയപ്പോള്‍ കുമ്മനം രാജശേഖരന് 51888 വോട്ടുകളാണ് നേടാനായത്. 15,925 വോട്ടാണ് കുമ്മനത്തിന് കുറഞ്ഞത്. കെ മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വം കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപിയിലേക്ക് പോയ കോണ്‍ഗ്രസ് വോട്ടുകള്‍ തിരിച്ചെത്തിച്ചു. കെ മുരളീധരന്‍ സ്ഥാനാര്‍ത്ഥിയായതോടെ മുസ് ലിം വോട്ടുകളും വിഭജിക്കുന്ന സാഹചര്യം ഉണ്ടായി. വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതോടെ നിര്‍ണായകമായ മുസ് ലിം വോട്ടുകള്‍ മുരളീധരനും ലഭിച്ചു. എന്നാല്‍, എസ്ഡിപിഐ വിജയസാധ്യതയുള്ള വി ശിവന്‍ കുട്ടിയെ തന്നെ പിന്തുണക്കാന്‍ തീരുമാനിക്കുകയും മുസ് ലിം വോട്ടര്‍മാര്‍ക്കിടയില്‍ ശക്തമായ കാംപയിന്‍ നടത്തുകയും ചെയ്തു. അതോടെ ഇളകി നിന്നിരുന്ന മുസ് ലിം വോട്ടുകള്‍ എല്‍ഡിഎഫിന് അനുകൂലമായി.

പാലക്കാട് മണ്ഡലത്തിലും ബിജെപിയെ പരാജയപ്പെടുത്താന്‍ വിജയ സാധ്യതയുള്ള ഷാഫി പറമ്പിലിനേയാണ് എസ്ഡിപിഐ പിന്തുണച്ചത്. മുസ് ലിം വിരുദ്ധ നിലപാടുകളില്‍ ബിജെപിയെ കടത്തി വെട്ടിയ പി സി ജോര്‍ജ്ജിനെ പരാജയപ്പെടുത്താന്‍ എസ്ഡിപിഐ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കി.

മുന്നണി സ്ഥാനാര്‍ഥികളുടെ കടുത്ത മല്‍സരത്തിനിടയിലും എസ്ഡിപിഐക്ക് വോട്ട് വര്‍ദ്ധിപ്പിക്കാന്‍ സാധിച്ചു എന്നതും ശ്രദ്ധേയമാണ്. 40 മണ്ഡലങ്ങളില്‍ മാത്രം മല്‍സരിച്ച എസ്ഡിപിഐക്ക് ഒരു ലക്ഷത്തിലധികം വോട്ടുകള്‍ സമാഹരിക്കാന്‍ കഴിഞ്ഞു. മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിച്ച ഡോ. തസ് ലീം റഹ്മാനി 46758 വോട്ടുകള്‍ നേടിയതും ശ്രദ്ധേയമായ നേട്ടമായി. കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇരട്ടിയലധികം വോട്ടാണ് തസ് ലീം റഹ്മാനി നേടിയത്.

Next Story

RELATED STORIES

Share it