Big stories

കോങ്ങാട് എംഎല്‍എ കെ വി വിജയദാസ് അന്തരിച്ചു

കോങ്ങാട് എംഎല്‍എ കെ വി വിജയദാസ് അന്തരിച്ചു
X

തൃശൂര്‍: കോങ്ങാട് എംഎല്‍എ കെ വി വിജയദാസ്(61) അന്തരിച്ചു. മരണം 7.45ന് തൃശൂര്‍ മെഡിക്കല്‍ കോളജില്‍. കൊവിഡിനെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. കൊവിഡ് ബേധമായെങ്കിലും ശ്വാസകോശ സംബന്ധമായ അസുഖം മൂലം ചികില്‍സ തുടരുന്നതിനിടേയാണ് മരണം.

വേലായുധന്‍ താത്ത ദമ്പതികളുടെ മകനായി 1959ല്‍ പാലക്കാട്ടെ എലപ്പുള്ളിയിലാണ് കെ വി വിജയദാസ് ജനിച്ചത്. കേരള സോഷ്യലിസ്റ്റ് യൂത്ത് ഫെഡറേഷന്‍ എന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശം.

സിപിഎം സിറ്റി ബ്രാഞ്ച് മെംമ്പറായി പാര്‍ട്ടി പ്രവര്‍ത്തനം തുടങ്ങിയ അദ്ദേഹം തെനാരി ക്ഷീരോത്പാദകസംഘത്തിന്റെ സ്ഥാപക പ്രസിഡന്റായിരുന്നു. ഇടക്കാലത്ത് സിപിഎം ചിറ്റൂര്‍ ഏരിയ കമ്മിറ്റി സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു. നിലവില്‍ സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗമാണ്. 1990ല്‍ സിപിഎം നടത്തിയ മിച്ചഭൂമി സമരത്തില്‍ പങ്കെടുത്ത വിജയദാസ് 13 ദിവസത്തോളം ജയിലില്‍ കിടന്നിരുന്നു.

28ാം വയസ്സില്‍ പഞ്ചായത്ത് മെമ്പറായി തെരഞ്ഞെടുക്കപ്പെടുന്നതോടെയാണ് വിജയദാസിന്റെ പാര്‍ലമെന്ററി ജീവിതം ആരംഭിക്കുന്നത്. 1996ല്‍ പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 2011ലാണ് കോങ്ങാട് നിയോജകമണ്ഡലത്തില്‍ നിന്നും വിജയദാസ് ആദ്യമായി നിയമസഭയിലേക്ക് ജയിക്കുന്നത്. 2016ല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പന്തളം സുധാകരനെ 13000ത്തോളം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു വിജയം ആവര്‍ത്തിച്ചത്. പ്രേമകുമാരിയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.

Next Story

RELATED STORIES

Share it