- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോണിയത്ത് സക്കരിയ : 'അ'നീതി പീഠം വിചാരണയില്ലാതെ തടവിലിട്ടതിന്റെ 12 വര്‍ഷങ്ങള്‍
ഒരു നിരപരാധി 18 വയസ്സുമുതല്‍ ഇരുമ്പഴിക്കുള്ളില്‍ കഴിയുകയാണ്. രോഗിയായ മാതാവിനെ കാണാന്‍ പോലും അനുമതി ലഭിക്കാതെയുള്ള അയാളുടെ തടങ്കല്‍ ജീവിതം 12 വര്‍ഷം കഴിഞ്ഞു.
കോഴിക്കോട്: 2009 ഫെബ്രുവരി അഞ്ചിനാണ് മലപ്പുറം പരപ്പനങ്ങാടി സ്വദേശി സക്കരിയയെ തിരൂരില്‍ അദ്ദേഹം ജോലി ചെയ്യുന്ന മൊബൈല്‍ കടയില്‍ നിന്ന് കര്‍ണാടക പോലീസ് 'കടത്തിക്കൊണ്ടുപോകുന്നത്'. വെറും 18 വയസ്സായിരുന്നു അന്ന് സക്കറിയയുടെ പ്രായം. അതിനു ശേഷം ഇപ്പോള്‍ പന്ത്രണ്ടു വര്‍ഷം കഴിഞ്ഞിരിക്കുന്നു. പരാമാവധി തടവുശിക്ഷയായ ജിവപര്യന്തത്തിന്റെ കാലം. ചെയ്ത കുറ്റം എന്താണെന്നു പോലും തെളിയിക്കാതെ, വിചാരണയില്ലാതെ, ജാമ്യം നല്‍കാതെയാണ് കോണിയത്ത് സക്കരിയ എന്ന മുസ്‌ലിം യുവാവിനെ കഴിഞ്ഞ 12 വര്‍ഷമായി ബെംഗളുരുവിലെ പരപ്പന അഗ്രഹാര ജയിലിലെ തടവറയില്‍ അടച്ചിട്ടത്.
ഒരു അറസ്റ്റ് നടക്കുമ്പോള്‍ പാലിക്കേണ്ട എല്ലാ നിയമങ്ങളും തെറ്റിച്ചാണ് സക്കരിയയെ തിരൂരില്‍ നിന്നും ബെംഗളുരു പോലിസ് പിടിച്ചുകൊണ്ടു പോയത്. സക്കരിയയുടെ വീട്ടുകാരെയോ ലോക്കല്‍ പോലിസിനെയോ വിവരം അറിയിച്ചില്ല. നേരെ വന്ന ജോലിസ്ഥലത്തു നിന്നും തട്ടിക്കൊണ്ടു പോകുകയായിരുന്നു. അറസ്റ്റിനു ശേഷം മൂന്നാം ദിവസം സക്കരിയ വീട്ടില്‍ വിളിച്ചു പറയുമ്പോഴാണ് എന്താണ് സംഭവിച്ചതെന്ന് സക്കരിയയുടെ മാതാവ് ബിയ്യുമ്മ അറിഞ്ഞത്. നേരിടേണ്ടി വന്ന മാനസികവും ശാരീരികവുമായ പിഡനങ്ങള്‍, ഭീഷണിപ്പെടുത്തലുകള്‍, നിയമ സഹായം നിഷേധിക്കല്‍ എല്ലാറ്റിനും മുന്നില്‍ നിസ്സഹായനായി ഭീതിയോടെ നില്‍ക്കേണ്ടിവന്ന ഒരു 18കാരന്റെ ജീവിതത്തെ പിന്നീട് കെട്ടിച്ചമച്ച കുറ്റങ്ങള്‍ കൊണ്ട് വരിഞ്ഞുമുറുക്കുകയായിരുന്നു അന്വേഷണ സംഘം. പത്താം വയസ്സില്‍ ബാപ്പ മരിച്ച യതീം ആണ് സക്കരിയ. ബിയുമ്മയുടെ സഹോദങ്ങളാണ് പിന്നീട് വളര്‍ത്തിയത്. പ്ലസ് ടുവിനു ശേഷം ബികോമിനു ചേര്‍ന്ന സക്കരിയ പെട്ടെന്നു ജോലി കിട്ടണം എന്ന ഉദ്യേശത്തോടെ അതു നിര്‍ത്തി. ശേഷം ഒരു വര്‍ഷത്തെ ഇലക്ട്രോണിക്‌സ് കോഴ്‌സ് പഠിച്ചു. കോഴ്‌സ് കഴിഞ്ഞതിനു ശേഷമാണു തിരൂരില്‍ ജോലിക്കു കയറുന്നത്. അവിടെ കയറിയിട്ടു നാലു മാസം ആവുമ്പോഴാണ് ബെംഗളൂരു പോലിസ് പിടിച്ചുകൊണ്ടു പോയത്.
തീര്‍ത്തും കെട്ടിച്ചമച്ചതാണ് സക്കറിയയുടെ കേസ് എന്നതിന് കേസിലെ മുഖ്യ സാക്ഷികളുടെ വെളിപ്പെടുത്തലുകള്‍ തന്നെ ധാരാളം. രണ്ടു സാക്ഷികളെയാണു കര്‍ണാടക പൊലീസ് ഹാജരാക്കിയത്; നിസാമുദ്ദീനും ഹരിദാസും. ഈ രണ്ടു പേരും തങ്ങളെ പൊലീസ് കബളിപ്പിച്ചു് ഒപ്പിടുവിച്ചതാണെന്നും സക്കരിയയെ അറിയുക പോലുമില്ലെന്നും പിന്നീടു കോടതിയില്‍ മൊഴി നല്‍കി. എന്നിട്ടും സക്കരിയയെ ജയിലില്‍ നിന്നും മോചിപ്പിക്കാനുള്ള ഒരു നീക്കവും കോടതിയുടെ ഭാഗത്ത് നിന്നുമുണ്ടായില്ല. കൃത്യമായ അജണ്ടകളോടെ പ്രവര്‍ത്തിക്കുന്ന അന്വേഷണ സംഘമാകട്ടെ കേസ് പലവിധ കാരണങ്ങള്‍ പറഞ്ഞ് വര്‍ഷങ്ങളോളം നീട്ടി കൊണ്ടുപോകുകയാണ്. ഒരു നിരപരാധി 18 വയസ്സുമുതല്‍ ഇരുമ്പഴിക്കുള്ളില്‍ കഴിയുകയാണ്. രോഗിയായ മാതാവിനെ കാണാന്‍ പോലും അനുമതി ലഭിക്കാതെയുള്ള അയാളുടെ തടങ്കല്‍ ജീവിതം 12 വര്‍ഷം കഴിഞ്ഞു.
ബെംഗളുരു പോലീസ് സക്കരിയക്ക് എതിരെ കെട്ടിച്ചമച്ച കേസ് സത്യമാണെന്ന് അംഗീകരിച്ചാല്‍ പോലും 'ബോംബ് സ്‌ഫോടനത്തിന് ടൈമര്‍ നിര്‍മിച്ചു നല്‍കിയതിന്' 12 വര്‍ഷത്തെ ജീവപര്യന്തം തടവു ശിക്ഷ നല്‍കണമെന്ന് ഒരിടത്തും പറയുന്നില്ല. ഗുജറാത്ത് കലാപത്തില്‍ സ്ത്രീകളെയും കുട്ടികളെയും ഉള്‍പ്പടെ 23 പേരെ കൊന്നൊടുക്കിയ പ്രതികള്‍ക്ക് ജാമ്യം നല്‍കി പുറത്തുവിട്ട സുപ്രിം കോടതിയുള്ള നാട്ടിലാണ് ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ ഒരാളെ 12 വര്‍ഷമായി ജാമ്യം പോലും നല്‍കാതെ ജയിലിലടച്ചത്.
12 വര്‍ഷത്തിനിടക്ക് സക്കരിയ നാട്ടിലെത്തിയത് വളരെ കുറഞ്ഞ പ്രാവശ്യം മാത്രമാണ്. സഹോദരന്റെ വിവാഹത്തിനും, രോഗിയായ മാതാവിനെ കാണാനും സക്കരിയ എത്തിയപ്പോള്‍ ഒരു ബസ് നിറയെ സായുധ പോലീസുകാരും കൂടെയുണ്ടായിരുന്നു. അവര്‍ക്കെല്ലാമുള്ള യാത്രാ ചിലവ്, ഭക്ഷണത്തിന്റെയും മദ്യത്തിന്റെയും പണം എല്ലാം പിടിച്ചുവാങ്ങിയ ശേഷമാണ് സക്കരിയയെ ഒരു ദിവസത്തിന് നാട്ടിലെത്തിച്ചത്. കണ്ണീരോടെയായിരുന്നു ഓരോ പ്രാവശ്യവും സക്കരിയയുടെ മടക്കം.
സക്കരിയയുടെ അറസ്റ്റിനും അനന്തമായി തുടരുന്ന ജയില്‍വാസത്തിനും പിന്നില്‍ വ്യക്തമായ അജണ്ടകളും തീരുമാനങ്ങളുമുണ്ട്. മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ മലപ്പുറം ജില്ലയിലെ ഒരു ചെറുപ്പക്കാരനെ ഒരു കുറ്റവും ചെയ്യാതെ തന്നെ എത്ര കാലവും ജയിലിലടക്കാന്‍ തങ്ങള്‍ക്ക് സാധിക്കും എന്ന് കാണിക്കുക വഴി സംഘ്പരിവാര്‍ ഭരണകൂടവും കാവിവല്‍ക്കരിക്കപ്പെട്ട പോലീസുകാരും അറിയിക്കുന്നത് ന്യൂനപക്ഷങ്ങള്‍ക്കെതിരെ എന്തും സാധ്യമാണ് എന്നതു തന്നെയാണ്. കോടതിയും നിയമസംവിധാനങ്ങളും ഭരണകൂടങ്ങളും അതിന് കൂട്ടുനില്‍ക്കുന്ന തരത്തിലേക്ക് വളര്‍ന്ന കഴിഞ്ഞു എന്നാണ് സക്കറിയയുടെ വിചാരണയില്ലാത്ത ജിവപര്യന്തം തടവു ജീവിതം ഓര്‍മിപ്പിക്കുന്നത്.
RELATED STORIES
ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTഡിവൈഎഫ്ഐ മുന്‍ നേതാവ് ബിജെപിയിലേക്ക്
18 Dec 2024 9:28 AM GMTപനയംപാടം അപകടം; ലോറി ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കും: മന്ത്രി കെ ബി ...
14 Dec 2024 11:45 AM GMTസിമന്റ് ലോറി മറിഞ്ഞ് നാല് വിദ്യാര്‍ഥികള്‍ മരിച്ച സംഭവം; പനയമ്പാടത്ത്...
12 Dec 2024 2:35 PM GMTലോറി മറിഞ്ഞ് അപകടം; മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം
12 Dec 2024 11:27 AM GMTവാളയാറില്‍ ഒരു കോടി രൂപയുമായി ബിജെപി നേതാവും ഡ്രൈവറും പിടിയില്‍
11 Dec 2024 11:46 AM GMT