Big stories

കുനിയില്‍ ഇരട്ടക്കൊലക്കേസ്; 12 പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം

കുനിയില്‍ ഇരട്ടക്കൊലക്കേസ്; 12 പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം
X

മലപ്പുറം: അരീക്കോട് കുനിയില്‍ ഇരട്ടക്കൊലക്കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ 12 പ്രതികള്‍ക്കും കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചു. മഞ്ചേരി അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി ടി എച്ച് രജിതയാണ് ശിക്ഷ വിധിച്ചത്. ജീവപര്യന്തം തടവിനുപുറമെ എല്ലാ പ്രതികളും അരലക്ഷം വീതം പിഴയൊടുക്കണമെന്നും കോടതി വിധിച്ചു. പ്രതികളെല്ലാം മുസ് ലിം ലീഗ് പ്രവര്‍ത്തകരാണ്. ഇരട്ടക്കൊലക്കേസില്‍ ഒന്ന് മുതല്‍ 11 വരെ പ്രതികളും 18ാം പ്രതിയും കുറ്റക്കാരാണെന്ന് കോടതി നേരത്തേ കണ്ടെത്തിയത്. കേസില്‍ ആകെ 21 പ്രതികളാണ് വിചാരണ നേരിട്ടത്. കൊലപാതകം നടന്ന് 11 വര്‍ഷത്തിന് ശേഷത്തിന് ശേഷമാണ് കേസില്‍ ശിക്ഷ വിധിക്കുന്നത്.

2012 ജൂണ്‍ 10നാണ് കൊളക്കാടന്‍ അബ്ദുല്‍ കലാം ആസാദ് (37), സഹോദരന്‍ അബൂബക്കര്‍ (48) എന്നിവരെ കുനിയില്‍ അങ്ങാടിയില്‍ രണ്ട് വാഹനങ്ങളിലായി മുഖംമൂടി ധരിച്ചെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. 2012 ജനുവരി അഞ്ചിന് കുനിയില്‍ അങ്ങാടിയില്‍ ഫുട്‌ബോള്‍ ക്ലബ്ബുകള്‍ തമ്മിലുണ്ടായ തര്‍ക്കത്തിലും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലും യൂത്ത് ലീഗിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന കുറുവങ്ങാടന്‍ അത്തീഖ് റഹ്മാന്‍ കൊല്ലപ്പെടുകയും ലീഗ് പ്രവര്‍ത്തകനായ മുജീബ് റഹ്മാന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അത്തീഖ് റഹ്മാന്‍ വധക്കേസിലെ ആറ് പ്രതികളില്‍ രണ്ട് പേരായിരുന്നു കൊളക്കാടന്‍ സഹോദരന്മാര്‍. ഇവരെ കൊലപ്പെടുത്താന്‍ 2012 ഏപ്രിലില്‍ ഗൂഢാലോചന നടത്തുകയും ജൂണ്‍ 10ന് കൃത്യം നടത്തിയെന്നുമാണ് പ്രോസിക്യൂഷന്‍ കേസ്. അത്തീഖ് റഹ്മാന്റെ സഹോദരങ്ങളാണ് കേസിലെ ഒന്നും 16ഉം പ്രതികള്‍. സഹോദരനെ കൊലപ്പടുത്തിയതിലുള്ള വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലിസ് നിഗമനം. വൈകീട്ട് ഏഴരയോടെ കുനിയില്‍ അങ്ങാടിയിലെത്തിയ ഏഴംഗ സംഘം ബൈക്കില്‍ ചാരി നില്‍ക്കുകയായിരുന്ന ആസാദിനെ അക്രമിച്ചു. ഏഴാം പ്രതിയായിരുന്നു വാഹനം ഓടിച്ചിരുന്നത്. മറ്റുള്ളവര്‍ വെട്ടിപ്പരിക്കേല്‍പിച്ചു. തുടര്‍ന്ന് പുള്ളിപ്പാടത്ത് വാഹനം ഒളിപ്പിക്കുകയായിരുന്നു. ഇതേസമയം തന്നെ ആദ്യം അക്രമം നടന്ന സ്ഥലത്തുനിന്ന് 35 മീറ്റര്‍ മാറിയാണ് അബൂബക്കറിന് നേരെ ആക്രമണം നടന്നത്. ദൃക്‌സാക്ഷികളുള്‍പ്പെടെ 364 സാക്ഷികളാണ് കേസിലുള്ളത്. 273 സാക്ഷികളെയാണ് കേസില്‍ വിസ്തരിച്ചിരുന്നത്.

Next Story

RELATED STORIES

Share it