Big stories

മാതാവ് അത്യാസന്ന നിലയിലുള്ളപ്പോഴും പെണ്‍കുട്ടി ക്രൂരപീഡനത്തിനിരയായി; കുന്നുംപുറം ബാലികാപീഡനക്കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

പെണ്‍കുട്ടിയുടെ സംരക്ഷണം ഏറ്റെടുത്ത സക്കീറലിയും മുഹമ്മദും പീഡനവിവരം പുറത്തുവരാതിരിക്കാനാണ് വിട്ടുകൊടുക്കാന്‍ ആദ്യം തയ്യാറാവാതിരുന്നതെന്നാണു ഇപ്പോള്‍ പുറത്തുവരുന്ന വിവരം

മാതാവ് അത്യാസന്ന നിലയിലുള്ളപ്പോഴും പെണ്‍കുട്ടി ക്രൂരപീഡനത്തിനിരയായി;   കുന്നുംപുറം ബാലികാപീഡനക്കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
X

കെ എന്‍ നവാസ് അലി/ഹമീദ് പരപ്പനങ്ങാടി


തിരൂരങ്ങാടി: വേങ്ങര കുന്നുംപുറം പാലിയേറ്റീവ് കെയര്‍ സെന്ററിന്റെ മറവില്‍ 10 വയസ്സുകാരിയായ അനാഥ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ പ്രതികള്‍ക്കെതിരേ എഫ്‌ഐആറിലുള്ളത് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ഒന്നാം പ്രതിയും പാലിയേറ്റീവ് കേന്ദ്രം മുന്‍ സെക്രട്ടറിയുമായ എആര്‍ നഗര്‍ കക്കാടംപുറം രക്ഷന്‍ വില്ലയില്‍ അരീക്കന്‍ സക്കീറലി(38), രണ്ടാം പ്രതി ചോലക്കന്‍ മുഹമ്മദ്(42) എന്നിവര്‍ ക്രൂരമായി പീഡിപ്പിച്ചെന്നാണ് പ്രഥമ വിവര റിപോര്‍ട്ടിലുള്ളത്. പിതാവ് മരണപ്പെട്ട പെണ്‍കുട്ടിയുടെ മാതാവ് അര്‍ബുദ രോഗത്തെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയില്‍ കഴിയുമ്പോള്‍ പാലിയേറ്റീവ് കേന്ദ്രത്തിലും സക്കീറിന്റെ വീട്ടിലും വച്ച് പീഡിപ്പിച്ചെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. കാന്‍സര്‍ രോഗബാധിതയായ മാതാവ് ഗുരുതരാവസ്ഥയില്‍ പാലിയേറ്റീവ് കേന്ദ്രത്തില്‍ പരിചരണത്തിലായ സമയത്ത് മുകള്‍ നിലയില്‍ വച്ച് വോളന്റിയറും താല്‍ക്കാലിക ഡ്രൈവറുമായ മുഹമ്മദ് പീഡിപ്പിച്ചിരുന്നുവെന്നും വിഷയത്തില്‍ ഇടപെട്ട സാമൂഹിക പ്രവര്‍ത്തകരോടും പെണ്‍കുട്ടി വെളിപ്പെടുത്തിയിരുന്നു. മൊബൈല്‍ ഫോണിലെ അശ്ലീല വീഡിയോകള്‍ കാണിച്ചാണ് പീഡിപ്പിച്ചത്. മാതാവിന്റെ മരണത്തെ തുടര്‍ന്ന് സക്കീറലിയുടെ വീട്ടില്‍ പെണ്‍കുട്ടിക്ക് അഭയം നല്‍കിയിരുന്നു. ഇയാളുടെ മകളോടൊപ്പം രാത്രി കിടക്കുമ്പോഴാണ് വിളിച്ചുണര്‍ത്തി സക്കീറലി പീഡിപ്പിച്ചതെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.

ക്രൂരപീഡനത്തെ തുടര്‍ന്ന് രക്തസ്രാവമുണ്ടായപ്പോള്‍ കരഞ്ഞ് പെണ്‍കുട്ടി, അത്യാസന്ന നിലയില്‍ കഴിയുന്ന മാതാവിന്റെ കട്ടിലിനരികിലെത്തിയപ്പോള്‍ മാനഹാനി ഭയന്ന് പുറത്ത് പറയരുതെന്നായിരുന്നുവേ്രത മാതാവ് പറഞ്ഞത്. രക്തം കണ്ട് ആരെങ്കിലും ചോദിക്കുകയാണെങ്കില്‍ ലൈംഗികാവയവത്തിന്റെ ഭാഗത്ത് കുരു പൊട്ടിയതാണെന്ന് പറയാന്‍ മാതാവ് പറഞ്ഞു. ഇത്രയും കൊടുംക്രൂരത ചെയ്തത് ചോലക്കന്‍ മുഹമ്മദാണെന്നാണ് പെണ്‍കുട്ടിയുടെ മൊഴിയിലുള്ളത്. 2018ല്‍ പെണ്‍കുട്ടിക്ക് എട്ട് വയസ്സുള്ളപ്പോഴാണ് കേസിനാസ്പദമായ സംഭവം നടന്നത്. പിന്നീട് മാതാവ് മരണപ്പെട്ടപ്പോള്‍ കുട്ടിയെ കോഴിക്കോട് ജില്ലയിലുള്ള ബന്ധുക്കള്‍ കൂട്ടിക്കൊണ്ടുപോയി. നിരവധി കടമ്പകള്‍ കടന്നാണ് പെണ്‍കുട്ടിയുടെ പിതാവിന്റെ ആദ്യ ഭാര്യയിലുള്ള മകള്‍ സംരക്ഷണം ഏറ്റെടുത്തത്.

പെണ്‍കുട്ടിയുടെ സംരക്ഷണം ഏറ്റെടുത്ത സക്കീറലിയും മുഹമ്മദും പീഡനവിവരം പുറത്തുവരാതിരിക്കാനാണ് വിട്ടുകൊടുക്കാന്‍ ആദ്യം തയ്യാറാവാതിരുന്നതെന്നാണു ഇപ്പോള്‍ പുറത്തുവരുന്ന വിവരം. 2018 നവംബര്‍ രണ്ടിനു വേങ്ങര പോലിസ് സ്റ്റേഷനില്‍ ബന്ധുക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പിറ്റേന്ന് വിട്ടുനല്‍കിയത്. കോഴിക്കോട് ജില്ലയിലെ വീട്ടിലേക്ക് താമസം തുടങ്ങിയപ്പോള്‍ മലപ്പുറത്തെ എല്ലാ വിഷയങ്ങളും മറക്കണമെന്നും ഇനി പുതിയ ജീവിതമാണുള്ളതെന്നും സഹോദരിയടക്കം കുട്ടിയെ ആശ്വസിപ്പിച്ച് കഴിയുന്നതിനിടെ, പാലിയേറ്റീവ് കേന്ദ്രം മലപ്പുറത്തെ ശിശു ക്ഷേമ സമിതിയില്‍ സ്വാധീനം ചെലുത്തി കുട്ടിയെ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചു. ഇക്കാര്യം ബന്ധുവും അഭിഭാഷകയുമായ യുവതിയോട് പറഞ്ഞതിനെ തുടര്‍ന്നാണ് സംശയമുയര്‍ന്നത്. ബന്ധുവായ യുവതി സംരക്ഷണം ഏറ്റെടുത്ത പെണ്‍കുട്ടിയെ നിരന്തരം തിരിച്ചുകൊണ്ടുപോവാന്‍ ശ്രമിക്കുന്നതാണ് സംശയം ജനിപ്പിച്ചത്. ഇതോടെ, അഭിഭാഷകയായ ബന്ധുവിനോട് താന്‍ നേരിട്ട പീഡനങ്ങള്‍ പെണ്‍കുട്ടി തുറന്നുപറയുകയായിരുന്നു. ഉടന്‍ കോഴിക്കോട് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസറോട് ഫോണില്‍ പെണ്‍കുട്ടി പരാതി അറിയിക്കുകയും കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്തു. പിന്നാലെയാണ് രണ്ടുവര്‍ഷം മുമ്പ് നടന്ന ബാലികാ പീഡനക്കേസ് പുറംലോകമറിഞ്ഞത്.

വേങ്ങര കുന്നുംപുറത്തെ പാലിയേറ്റീവ് കെയര്‍ സെന്ററിലെ സാമ്പത്തിക ക്രമക്കേടുകള്‍ നേരത്തേ വന്‍ വിവാദമായിരുന്നു. ഒട്ടുമിക്ക രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാപനവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരായതിനാല്‍ പെണ്‍കുട്ടിയുടെ നീതിക്കു വേണ്ടി ആരും മുന്നോട്ടുവരുന്നില്ലെന്നാണ് നാട്ടുകാരും പറയുന്നത്. കേസിലെ ഒന്നാം പ്രതിയായ റിമാന്റില്‍ കഴിയുന്ന സക്കീറലി വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പ്രാദേശിക നേതാവാണ്. ഒളിവിലുള്ള രണ്ടാംപ്രതി മുഹമ്മദാവട്ടെ ഉന്നത സിപിഎം നേതാവുമായി അടുത്ത ബന്ധമുള്ളയാളാണെന്നു നാട്ടുകാര്‍ പറയുന്നു. പ്രതികള്‍ക്കെതിരേ ശക്തമായ നടപടി ആവശ്യപ്പെട്ട് എസ് ഡിപിഐ രംഗത്തുവന്നതോടെയാണ് സക്കീറലിയെ അറസ്റ്റ് ചെയ്തത്.

സംഭവം വിവാദമായതോടെ പെണ്‍കുട്ടി താമസിക്കുന്ന കോഴിക്കോട്ടെ ബന്ധുവീട്ടില്‍ പാലിയേറ്റീവ് കേന്ദ്രം ഭാരവാഹികളെത്തി സ്വാധീനിക്കാന്‍ ശ്രമം നടത്തിയതായും ആരോപണമുണ്ട്. കേസില്‍ നിന്നു പിന്‍മാറാന്‍ 16 ലക്ഷം രൂപ വാഗ്ദാനം ചെയ്‌തെങ്കിലും ബന്ധുക്കള്‍ തയ്യാറായില്ല. ഇതിനു ശേഷമാണ് പ്രദേശത്തെ സിപിഎം, ലീഗ്, വെല്‍ഫെയര്‍ പാര്‍ട്ടി, കോണ്‍ഗ്രസ്, ബിജെപി നേതാക്കള്‍ സംയുക്തമായി കേസ് കെട്ടിച്ചമച്ചതാണന്ന് ആരോപിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. എന്നാല്‍ മൊഴി രേഖപ്പെടുത്തിയ മഞ്ചേരി പോക്‌സോ കോടതി കേസെടുക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ഇതിനു പിന്നാലെയാണ് ഒന്നാംപ്രതി സക്കീറലിയെ അറസ്റ്റ് ചെയ്തത്. ഒളിവില്‍ പോയ മുഹമ്മദ് ഉന്നതരുടെ സംരക്ഷണത്തിലാണെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

Kunnumpuram pocso case: 8 year old girl was brutally tortured





Next Story

RELATED STORIES

Share it