Big stories

കുവൈത്ത് ദുരന്തം: 24 മലയാളികള്‍ മരണപ്പെട്ടതായി സ്ഥിരീകരിച്ച് നോര്‍ക്ക; ഏഴുപേര്‍ ഗുരുതരാവസ്ഥയില്‍

കുവൈത്ത് ദുരന്തം: 24 മലയാളികള്‍ മരണപ്പെട്ടതായി സ്ഥിരീകരിച്ച്  നോര്‍ക്ക; ഏഴുപേര്‍ ഗുരുതരാവസ്ഥയില്‍
X

തിരുവനന്തപുരം: കുവൈത്തിലെ മന്‍ഗഫില്‍ ലേബര്‍ ക്യാംപിലുണ്ടായ തീപിടത്തത്തില്‍ 24 മലയാളികള്‍ മരണപ്പെട്ടതായി നോര്‍ക്കാ റൂട്ട്‌സ് സ്ഥിരീകരിച്ചു. ഏഴ് മലയാളികള്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയിലാണ്. ദുരന്തത്തില്‍ ആകെ 49 പേര്‍ മരിച്ചതായാണ് റിപോര്‍ട്ട്. ഇതില്‍ 40 പേരും ഇന്ത്യക്കാരാണ്. പലരെയും തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. മരിച്ചവരില്‍ ഫിലിപ്പൈന്‍സ് സ്വദേശികളുമുണ്ട്. മലയാളി വ്യവസായിയുടെ ഉടമസ്ഥതയിലുള്ള എന്‍ബിടിസിയിലെയും ഹൈവേ സൂപര്‍ മാര്‍ക്കറ്റിലേയും ജീവനക്കാരാണ് ദാരുണമായി മരണപ്പെട്ടത്. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയതായി നോര്‍ക്ക അറിയിച്ചു.

ബുധനാഴ്ച പുലര്‍ച്ചെ നാലോടെയാണ് നടുക്കുന്ന ദുരന്തമുണ്ടായത്. മന്‍ഗഫ് ബ്ലോക്ക് നാലിലെ ആറുനില കെട്ടിടത്തില്‍ തീപടരുകയായിരുന്നു. ആകെ 196 പേരാണ് കെട്ടിടത്തില്‍ താമസിച്ചിരുന്നത്. തീപടര്‍ന്നതോടെ ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടതോടെ പലരും താഴേക്കു ചാടി. ദുരന്തത്തില്‍ കൊല്ലം ഓയൂര്‍ സ്വദേശി ശൂരനാട് വടക്ക് ആനയടി തുണ്ടുവിള വീട്ടില്‍ ഉമറുദ്ദീന്‍-ശോഭിത ദമ്പതികളുടെ മകന്‍ ഷമീര്‍ (33), കോട്ടയം പാമ്പാടി വിശ്വഭാരതി കോളജിന് സമീപം വാടക വീട്ടില്‍ താമസിക്കുന്ന പാമ്പാടി ഇടിമാരിയില്‍ സാബു ഫിലിപ്പിന്റെ മകന്‍ സ്‌റ്റെഫിന്‍ എബ്രഹാം സാബു(29), കാസര്‍കോട് ചെങ്കള കുണ്ടടുക്കത്തെ രഞ്ജിത്ത്(34), ചെറുവത്തൂര്‍ പിലിക്കോട് എരവില്‍ സ്വദേശി തൃക്കരിപ്പൂര്‍ ഇളമ്പച്ചിയില്‍ താമസിക്കുന്ന പി കുഞ്ഞിക്കേളു(58), പന്തളം മുടിയൂര്‍ക്കോണം ഐരാണിക്കുഴി ശോഭാലയത്തില്‍ പരേതനായ ശശിധരന്റെ മകന്‍ ആകാശ്(32), പത്തനംതിട്ട വാഴമുട്ടം ഈസ്റ്റ് പുളിനില്‍ക്കുന്നതില്‍ വടക്കേതില്‍ പി വി മുരളീധരന്‍ നായര്‍(60), കോന്നി അട്ടച്ചാക്കല്‍ കൈതക്കുന്ന് ചെന്നശ്ശേരില്‍ സജു വര്‍ഗീസ്(56), കൊല്ലം പുനലൂര്‍ നരിയ്ക്കല്‍ വാഴവിള അടിവള്ളൂര്‍ സാജന്‍ വില്ല പുത്തന്‍ വീട്ടില്‍ ജോര്‍ജ് പോത്തന്‍-വല്‍സമ്മ മകന്‍ സാജന്‍ ജോര്‍ജ്(29), വെളിച്ചിക്കാല വടകോട് വിളയില്‍വീട്ടില്‍ ഉണ്ണൂണ്ണി-കുഞ്ഞമ്മ ദമ്പതികളുടെ മകന്‍ ലൂക്കോസ്(48), തിരുവല്ല മേപ്രാല്‍ ചിറയില്‍ കുടുംബാംഗം തോമസ് ഉമ്മന്‍(37), കണ്ണൂര്‍ ധര്‍മടം സ്വദേശി വിശ്വാസ് കൃഷ്ണന്‍, മലപ്പുറം തിരൂര്‍ കൂട്ടായി കോതപറമ്പ് കുപ്പന്റെപുരക്കല്‍ നൂഹ്(40), പെരിന്തല്‍മണ്ണ പുലാമന്തോള്‍ തിരുത്ത് സ്വദേശി എം പി ബാഹുലേയന്‍(36), ചങ്ങനാശ്ശേരി ഇത്തിത്താനം ഇളങ്കാവ് ഭാഗത്ത് കിഴക്കേടത്ത് വീട്ടില്‍ പ്രദീപ്-ദീപ ദമ്പതികളുടെ മകന്‍ ശ്രീഹരി പ്രദീപ്(27) എന്നീ മലയാളികളെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്. മൃതദേഹങ്ങള്‍ പരമാവധി വെള്ളിയാഴ്ച തന്നെ നാട്ടിലെത്തിക്കാന്‍ ശ്രമം നടത്തുന്നതായി എന്‍ബിടിസി മാനേജ്‌മെന്റ് അറിയിച്ചു. അതിനിടെ, കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റ മലയാളികള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കാനും വ്യാഴാഴ്ച ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗം തീരുമാനിച്ചു. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അടിയന്തരമായി കുവൈത്തിലേക്ക് പുറപ്പെടും. പരിക്കേറ്റ മലയാളികളുടെ ചികില്‍സ, മരണമടഞ്ഞവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനു വേണ്ടിയാണ് മന്ത്രി കുവൈത്തിലേക്കു പോവുന്നത്.

Next Story

RELATED STORIES

Share it