Big stories

ഗുജറാത്ത് മോഡല്‍ രാമരാജ്യം; 30 വര്‍ഷമായി ഗുജറാത്തില്‍നിന്ന് ഒരു മുസ്‌ലിം എംപി പോലുമില്ല

30 വര്‍ഷമായി ഗുജറാത്തില്‍നിന്ന് ഒരു മുസ്‌ലിം എംപി പോലുമില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഗുജറാത്തില്‍നിന്നുള്ള ലോക്‌സഭയിലെ ഏറ്റവും ഒടുവിലത്തെ മുസ്‌ലിം പ്രതിനിധി 1984ല്‍ കോണ്‍ഗ്രസ്സിന്റെ അഹമ്മദ് പട്ടേലായിരുന്നു.

ഗുജറാത്ത് മോഡല്‍ രാമരാജ്യം; 30 വര്‍ഷമായി ഗുജറാത്തില്‍നിന്ന് ഒരു മുസ്‌ലിം എംപി പോലുമില്ല
X

അഹമ്മദാബാദ്: ഗുജറാത്ത് മോഡല്‍ എന്താണെന്ന ചിത്രം വ്യക്തമാവുന്ന ചര്‍ച്ചകളാണ് 17ാം ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍നിന്നും ഉയരുന്നത്. 2002 ലെ മുസ്‌ലിം വംശഹത്യയെത്തുടര്‍ന്ന് മുസ്‌ലിംകള്‍ സാമൂഹികമായി അരികുവല്‍ക്കരിക്കപ്പെടുക മാത്രമല്ല, രാഷ്ട്രീയപരമായും മാറ്റിനിര്‍ത്തപ്പെട്ടവരായി തീര്‍ന്നെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 30 വര്‍ഷമായി ഗുജറാത്തില്‍നിന്ന് ഒരു മുസ്‌ലിം എംപി പോലുമില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഗുജറാത്തില്‍നിന്നുള്ള ലോക്‌സഭയിലെ ഏറ്റവും ഒടുവിലത്തെ മുസ്‌ലിം പ്രതിനിധി 1984ല്‍ കോണ്‍ഗ്രസ്സിന്റെ അഹമ്മദ് പട്ടേലായിരുന്നു.


1989 ല്‍ ബറൂച്ച് സീറ്റ് പട്ടേലിന് നഷ്ടമായി, ബിജെപിയുടെ ചന്തു ദേശ്മുഖിനോട് 1.15 ലക്ഷം വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. സംസ്ഥാന ജനസംഖ്യയില്‍ 9.5 ശതമാനം മുസ്‌ലിംകളുണ്ടെങ്കിലും അഹമ്മദ് പട്ടേലിന് ശേഷം ഒരു മുസ്‌ലിമും ഗുജറാത്തില്‍നിന്ന് ലോക്‌സഭയിലെത്തിയിട്ടില്ല. 1962 ല്‍ രൂപീകരിച്ച ഗുജറാത്തിലെ ആദ്യ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബനസ്‌കന്തയില്‍നിന്നും ഒരു മുസ്‌ലിം സ്ഥാനാര്‍ഥി ജയിച്ചുകയറിയിരുന്നു. ജോഹറാ ചാവടയായിരുന്നു ബനസ്‌കന്തയില്‍നിന്ന് പാര്‍ലമെന്റിലെത്തിയിരുന്നത്. 1977 ല്‍ അഹമ്മദാബാദില്‍നിന്ന് ഇഹ്‌സാന്‍ ജെഫ്രിയും ബറൂച്ചിയില്‍ നിന്നു അഹമ്മദ് പട്ടേലും പാര്‍ലിമെന്റിലെത്തി.

ഗുജറാത്തിലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഏറ്റവുമധികം മുസ്‌ലിം പ്രാതിനിധ്യമുണ്ടായതും ഇതേ തിരഞ്ഞെടുപ്പിലാണ്. രണ്ടുപേരും കോണ്‍ഗ്രസ് ടിക്കറ്റിലാണ് ജയിച്ചുകയറിയത്. ഗുജറാത്തിലെ മുസ്‌ലിം വോട്ടര്‍മാരില്‍ ഏറ്റവുമധികം ജനസംഖ്യയുള്ളത് ബറൂച്ച് ലോക്‌സഭാ മണ്ഡലത്തിലാണ്.

ബറൂച്ചിലെ 15.64 ലക്ഷം വോട്ടര്‍മാരില്‍ 22.2 ശതമാനം മുസ്‌ലിംകളാണ്. 1962 മുതല്‍ ബറൂച്ചില്‍ എട്ട് മുസ്‌ലിം സ്ഥാനാര്‍ഥികള്‍ കോണ്‍ഗ്രസില്‍നിന്ന് മല്‍സരിച്ചെങ്കിലും അഹമ്മദ് പട്ടേലിന് മാത്രമേ വിജയിക്കാന്‍ കഴിഞ്ഞിരുന്നുള്ളു. 1977, 1982, 1984 എന്നീ വര്‍ഷങ്ങളില്‍ ബറൂച്ചില്‍നിന്ന് തുടര്‍ച്ചയായി പട്ടേലിന് മൂന്നുതവണ വിജയക്കൊടി പാറിക്കാന്‍ കഴിഞ്ഞു.

2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ ആകെ 334 സ്ഥാനാര്‍ഥികളില്‍ 67 (അല്ലെങ്കില്‍ 19.76 ശതമാനം) മുസ്‌ലിംകളാണ് മല്‍സരരംഗത്തുണ്ടായിരുന്നത്. അന്ന് കോണ്‍ഗ്രസ് ഒരു മുസ്‌ലിം സ്ഥാനാര്‍ഥിയെ ആയിരുന്നു മല്‍സരത്തിന് ഇറക്കിയത്. മക്‌സൂദ് മിര്‍സയാണ് നവസരിയില്‍നിന്ന് മല്‍സരിച്ചത്.

ബാക്കിയുള്ള 66 മുസ്‌ലിം സ്ഥാനാര്‍ഥികള്‍ സ്വതന്ത്രസ്ഥാനാര്‍ഥികളും സമാജ്‌വാദി പാര്‍ട്ടി (എസ്പി) പോലുള്ള പ്രാദേശിക പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികളുമായിരുന്നു. പഞ്ചമഹല്‍, ഖേഡ, ആനന്ദ്, ബറൂച്ച്, നവസരി, സബര്‍കന്ത, ജാംനഗര്‍, ജുനഗദ് സീറ്റുകളിലായിരുന്നു ഇവര്‍ മല്‍സരിച്ചിരുന്നത്.

Next Story

RELATED STORIES

Share it