Big stories

ഹാഥ്‌റസ് യുഎപിഎ കേസ്: മുഹമ്മദ് ആലമിന് ജാമ്യം

ഹാഥ്‌റസ് യുഎപിഎ കേസ്: മുഹമ്മദ് ആലമിന് ജാമ്യം
X

ലഖ്‌നോ: ഹാഥ്‌റസ് യുഎപിഎ കേസില്‍ ഉത്തര്‍പ്രദേശ് പോലിസ് ജയിലില്‍ അടച്ച മുഹമ്മദ് ആലമിന് ജാമ്യം അനുവദിച്ചു. 2020 ഒക്ടോബറില്‍ ദലിത് പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം റിപോര്‍ട്ട് ചെയ്യാന്‍ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനൊപ്പം ഹാഥ്‌റസിലേക്ക് പോകവെയാണ് ആലമിനെ യുപി പോലിസ് അറസ്റ്റുചെയ്തത്. തുടര്‍ന്ന് കള്ളക്കഥകള്‍ ചമച്ച് യുഎപിഎ ചുമത്തി ഡല്‍ഹിയിലെ ടാക്‌സി ഡ്രൈവറായ മുഹമ്മദ് ആലമിനെ ജയിലില്‍ അടയ്ക്കുകയായിരുന്നു. വിശദമായ വാദങ്ങള്‍ പൂര്‍ത്തിയാക്കി ലഖ്‌നോ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ആലമിന് ജാമ്യം അനുവദിച്ചത്. മുഹമ്മദ് ആലമിന് ജാമ്യം ലഭിച്ച വിവരം അദ്ദേഹത്തിന്റെ അഭിഭാഷകന്‍ സൈഫാനെ ഉദ്ധരിച്ച് മാധ്യമപ്രവര്‍ത്തകനായ സഫര്‍ ആഫാഖ് ട്വീറ്റ് ചെയ്തു.

ആലമിന് വേണ്ടി അഭിഭാഷകരായ അമര്‍ജീത് സിങ് രഖ്‌റ, ബാഷിത് മുനി മിശ്ര, ഷീറന്‍ മുഹിയുദ്ദീന്‍ അലവി, സായിപ്പന്‍ ഷെയ്ഖ് എന്നിവര്‍ ഹാജരായി. ആഗസ്ത് 11ന് വാദം പൂര്‍ത്തിയാക്കി ഉത്തരവിനായി കേസ് ഹൈക്കോടതി മാറ്റിവച്ചിരിക്കുകയായിരുന്നു. ഹാഥ്‌റസ് കേസില്‍ അറസ്റ്റ് ചെയ്തവരില്‍ ആദ്യത്തെ ജാമ്യമാണിത്. സിദ്ദീഖ് കാപ്പന് കോടതി നേരത്തേ ജാമ്യം നിഷേധിച്ചിരുന്നു.

ഉത്തര്‍പ്രദേശിലെ ഹാഥ്‌റസില്‍ ദലിത് പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം റിപോര്‍ട്ട് ചെയ്യാന്‍ പോവുന്നതിനിടെയാണ് മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കപ്പന്‍, ഒപ്പമുണ്ടായിരുന്ന അതിഖുര്‍ റഹ്മാന്‍, മസൂദ് അഹമ്മദ്, ഡ്രൈവറായിരുന്ന മുഹമ്മദ് ആലം എന്നിവര്‍ അറസ്റ്റിലായത്. പിന്നീട് ഗൂഢാലോചനാക്കേസ് അടക്കം ആരോപിച്ച് യുഎപിഎ ചുമത്തി ഇവരെ ജയിലിലടയ്ക്കുകയായിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ 5000 പേജുള്ള കുറ്റപത്രം സിദ്ദീഖ് കാപ്പനടക്കുള്ള നാലുപേര്‍ക്കെതിരേ എസ്ടിഎഫ് മഥുര കോടതിയില്‍ ഫയല്‍ ചെയ്തിരുന്നു.

Next Story

RELATED STORIES

Share it