Big stories

തിരഞ്ഞെടുപ്പുകളുടെ ചൂടില്‍ മലപ്പുറം: ചുവടുറപ്പിക്കാന്‍ പാര്‍ട്ടികള്‍

നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം മലപ്പുറം മണ്ഡലത്തില്‍ ലോകസഭാ തിരഞ്ഞെടുപ്പിന്റെ അങ്കവും മുറുകിയിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ ആറിനാണ് മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പും നടക്കുന്നത്.

തിരഞ്ഞെടുപ്പുകളുടെ ചൂടില്‍ മലപ്പുറം: ചുവടുറപ്പിക്കാന്‍ പാര്‍ട്ടികള്‍
X

തിരഞ്ഞെടുപ്പുകളില്‍ യുഡിഎഫിന് പച്ചത്തണലൊരുക്കിയിരുന്ന ജില്ലയാണ് മലപ്പുറം. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പോലും ആകെയുള്ള 16 മണ്ഡലങ്ങളില്‍ നാലിടത്തു മാത്രമാണ് ഇടതുപക്ഷം ജയിച്ചുകയറിയത്. ബാക്കി 12 നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫ് ജനപ്രതിനിധികള്‍ നിയമസഭയിലെത്തി. കൊണ്ടോട്ടി, ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍, മഞ്ചേരി, പെരിന്തല്‍മണ്ണ, മങ്കട, മലപ്പുറം, വേങ്ങര, വള്ളിക്കുന്ന്, തിരൂരങ്ങാടി, താനൂര്‍, തിരൂര്‍, കോട്ടയ്ക്കല്‍, തവനൂര്‍, പൊന്നാനി എന്നിങ്ങനെ 16 മണ്ഡലങ്ങളാണ് മലപ്പുറത്തുളളത്. ജില്ലയില്‍ യുഡിഎഫ് വിജയിച്ച പന്ത്രണ്ട് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് ജയിക്കാനായത് വണ്ടൂരില്‍ മാത്രമായിരുന്നു. ബാക്കി മൂന്നിടത്തും സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടിരുന്നു.


കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ ഇടതുമുന്നണി നേടിയ വിജയങ്ങളിലധികവും അട്ടിമറിയായിരുന്നു. നിലമ്പൂരില്‍ ആര്യാടന്റെ കുത്തക അവസാനിപ്പിച്ച് ഇടതു സ്വതന്ത്രന്‍ പി വി അന്‍വര്‍ പതിനായിരത്തിലധികംവോട്ടിന്റെ ഭൂരിപക്ഷം നേടിയതാണ് ഇടതുപക്ഷത്തിന്റെ ഏറ്റവും വലിയ വിജയമായത്. നിലമ്പൂരിന്റെ ഈ ഇടതു ചായ്‌വ് കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും ആവര്‍ത്തിച്ചു. നിലമ്പൂര്‍ നഗരസഭ ആദ്യമായി ഇടതുപക്ഷത്തിന്റെ കൈപ്പിടിയിലൊതുങ്ങി.


പൊന്നാനിയില്‍ കോണ്‍ഗ്രസിന്റെ പി ടി അജയമോഹനെ 15640 വോട്ടിന് പി ശ്രീരാമകൃഷ്ണന്‍ പരാജയപ്പെടുത്തിയതും, തവനൂരില്‍ കെടി ജലീലിന്റെ വിജയവും, താനൂരില്‍ മുസ്‌ലിം ലീഗിന്റെ അബ്ദുറഹ്മാന്‍ രണ്ടത്താണിയെ ഇടതുസ്വതന്ത്രന്‍ വി അബ്ദുറഹ്മാന്‍ 4918 വോട്ടിന് പരാജയപ്പെടുത്തിയതും ഇടതുപക്ഷത്തിന് നേട്ടമായി. കാര്യമായ സ്വാധീനമില്ലാത്ത മണ്ഡലമായിട്ടു പോലും താനൂരില്‍ ഞെട്ടിപ്പിക്കുന്ന വിജയമാണ് സിപിഎം സ്വതന്ത്രന്‍ വി. അബ്ദുറഹ്മാന്‍ നേടിയത്.


ഈ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ഏറ്റവുമധികം ശ്രദ്ധ ചെലുത്തുന്ന മണ്ഡലങ്ങള്‍ നിലമ്പൂരും തവനൂരുമാണ്. നിലമ്പൂരിലെ വിജയം യുഡിഎഫിന്റെ പൊതുവായ വിജയത്തെക്കാള്‍ കോണ്‍ഗ്രസിന്റെ അഭിമാന വിഷയമാണ്. അതുപോലെ തവനൂരില്‍ ഏറ്റവും വലിയ എതിരാളിയായ കെ ടി ജലീല്‍ നേടിയ വിജയം ആവര്‍ത്തിക്കാതെ തടയുക എന്നത് മുസ്‌ലിം ലീഗും അഭിമാന പോരാട്ടമായി കാണുന്നു. പി കെ കുഞ്ഞാലിക്കുട്ടിയെ സംസ്ഥാന രാഷ്ട്രീയത്തിലേക്കു തിരികെ എത്തിച്ചതിലൂടെ ജില്ലയില്‍ സമ്പൂര്‍ണ വിജയം നേടാമെന്നാണ് ലീഗിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടാക്കിയ നേരിയ മുന്നേറ്റം ശക്തമാക്കാമെന്നും മങ്കട, പെരിന്തല്‍മണ്ണ, തിരൂരങ്ങാടി, തിരൂര്‍ എന്നീ മണ്ഡലങ്ങള്‍ കൂടി പിടിച്ചെടുക്കാമെന്നുമുള്ള പ്രതീക്ഷയിലാണ് എല്‍ഡിഎഫ്. താനൂരില്‍ അട്ടമറി വിജയം നേടിയ വി അബ്ദുറഹിമാന്‍ ഇത്തവണ തിരൂരിലേക്ക് കളംമാറും എന്നും സംസാരമുണ്ട്.

സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ എല്‍ഡിഎഫ് ഒരു പടി മുന്നിലാണ്. ഇന്നലെ എല്‍ഡിഎഫില്‍ സിപിഐ മത്സരിക്കുന്ന 3 മണ്ഡലങ്ങളിലെയും എന്‍സിപിയുടെ ഒരു സീറ്റിലെയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. കോട്ടയ്ക്കലില്‍ വീണ്ടും എന്‍.എ.മുഹമ്മദ്കുട്ടിയെ ആണ് എന്‍സിപി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. കെ.ടി.അബ്ദുറഹ്മാന്‍ (ഏറനാട്), ഡിബോണ നാസര്‍ എന്ന പി.അബ്ദുല്‍നാസര്‍ (മഞ്ചേരി), അജിത് കൊളാടി (തിരൂരങ്ങാടി) എന്നിവരാണ് ജില്ലയില്‍ മത്സരിക്കുന്ന സിപിഐ സ്ഥാനാര്‍ഥികള്‍.


കോണ്‍ഗ്രസില്‍ യുവതലമുറക്ക് അവസരം നല്‍കുമെന്ന പ്രഖ്യാപനം വന്നതോടെ ജില്ലയിലെ യുവനേതൃത്വം പ്രതീക്ഷയിലാണ്. നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്തിന്റെയും ഡിസിസി പ്രസിഡന്റ് വി വി പ്രകാശിന്റെയും പേരുകളാണ് ഉയര്‍ന്നത്. ഇതില്‍ വി വി പ്രകാശ് മത്സരിക്കുമെന്നാണ് പുതിയ വിവരം. കഴിഞ്ഞ തിരഞ്ഞെടുപ്പിലും വി വി പ്രകാശ് സീറ്റിനു ശ്രമിച്ചെരുന്നെങ്കിലും ആര്യാടന്‍ മുഹമ്മദിന്റെ സ്വാധീനം മറികടക്കാനായിരുന്നില്ല. 2016ല്‍ ലീഗിനെ വെള്ളംകുടിപ്പിച്ച പെരിന്തല്‍മണ്ണയിലും തിരൂരങ്ങാടിയിലും ഇപ്രാവശ്യം പുതുമുഖങ്ങള്‍ വരാനാണ് സാധ്യത. ഇത്തവണ പെരിന്തല്‍മണ്ണയില്‍ മത്സരിക്കുന്നില്ലെന്നും മങ്കട മണ്ഡലം വേണം എന്നും മഞ്ഞളാംകുഴി അലി ആവശ്യപ്പെട്ടിട്ടുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. അങ്ങിനെയെങ്കില്‍ എംഎസ്എഫ് ദേശീയ നേതാവും മുന്‍ ജില്ലാ പഞ്ചായത്ത് മെമ്പറുമായ ടി പി അഷ്‌റഫലി ആയിരിക്കും മത്സരിക്കുക. ടി പി അഷ്‌റഫലി മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തില്‍ ജനവിധി തേടുമെന്നും അഭ്യൂഹമുണ്ട്. മുന്‍ എംഎല്‍എ വി ശശികുമാറിനെ ഇത്തവണ വീണ്ടും മത്സരിപ്പിക്കാന്‍ സാധിക്കില്ലന്ന് നേതൃത്വം നിലപാട് വ്യക്തമാക്കിയിരുന്നു. പെരിന്തല്‍മണ്ണ നഗരസഭാ ചെയര്‍മാന്‍ എം മുഹമ്മദ് സലീമിന്റെ പേരാണ് ഈ സ്ഥാനത്തേക്ക് കേള്‍ക്കുന്നത്.


തിരൂരങ്ങാടിയില്‍ മുസ്‌ലിം ലീഗ് അല്ലാതെ മറ്റാരും ഇതുവരെ വിജയിച്ചിട്ടില്ല. അവുകാദര്‍ കുട്ടി നഹ ആറ് തവണ ജയിച്ച മണ്ഡലമാണ് തിരൂരങ്ങാടി. പിന്നെ മകന്‍ അബ്ദുറബ്ബിനെയും ജയിപ്പിച്ചു. 2016ല്‍ 6043 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അബ്ദുറബ്ബ് ജയിച്ചത്. ഇടതുസ്വതന്ത്രനായി മല്‍സരിച്ച നിയാസ് പുളിക്കലകത്ത് കഴിഞ്ഞ തവണ ശക്തമായ മല്‍സരമാണ് കാഴ്ചവച്ചത്. ഇപ്രാവശ്യവും നിയാസ് മത്സരിക്കുമെന്നാണ് അറിയുന്നത്. യുഡിഎഫിനു വേണ്ടി അബ്ദുറബ്ബിന്റെ സഹോദരന്‍ പികെ അന്‍വര്‍ നഹ, പിഎംഎ സലാം എന്നിവരില്‍ ഒരാളായിരിക്കും സ്ഥാനാര്‍ഥി.


കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഏക ആശ്വാസ ജയം നല്‍കിയ വണ്ടൂരില്‍ ഇപ്രാവശ്യവും എ പി അനില്‍ കുമാര്‍ ആയിരിക്കും യുഡിഎഫ് സ്ഥാനാര്‍ഥി. സംവരണ മണ്ഡലമായ വണ്ടൂരില്‍ എല്‍ഡിഎഫ് നേരത്തെ തന്നെ സ്ഥാനാര്‍ഥിയെ നിശ്ചയിച്ചുകഴിഞ്ഞു.പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി മിഥുനയെ ആണ് ഇവിടെ സിപിഎം രംഗത്തിറക്കുന്നത്. മഞ്ചേരിയില്‍ നിലവിലെ എംഎല്‍എ അഡ്വ. എം ഉമ്മറിന് ഇപ്രാവശ്യം സീറ്റ് ലഭിക്കാന്‍ സാധ്യത ഇല്ലെന്നാണ് അറിയുന്നത്. ലീഗ് അണികളില്‍ നിന്നുതന്നെ അദ്ദേഹത്തിനെതിരില്‍ എതിര്‍പ്പുകള്‍ ഉയരുന്നുണ്ട്. അഡ്വ. യു എ ലത്തീഫായിരിക്കും ഇപ്രാവശ്യം മഞ്ചേരിയില്‍ നിന്നും യുഡിഎഫിനു വേണ്ടി ജനവിധി തേടുക. കഴിഞ്ഞ പ്രാവശ്യം സീറ്റ് നല്‍കാതിരുന്നതിനെ തുടര്‍ന്ന് ജില്ലാ സെക്രട്ടറി ആക്കിയാണ് മുസ്‌ലിം ലീഗ് അദ്ദേഹത്തെ സമാധാനിപ്പിച്ചത്.


നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം മലപ്പുറം മണ്ഡലത്തില്‍ ലോകസഭാ തിരഞ്ഞെടുപ്പിന്റെ അങ്കവും മുറുകിയിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ ആറിനാണ് മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പും നടക്കുന്നത്. പി കെ കുഞ്ഞാലിക്കുട്ടി ലോക്‌സഭാ അംഗത്വം രാജിവെച്ചതിനെ തുടര്‍ന്നാണ് ഇവിടെ വീണ്ടും ഉപതിരഞ്ഞെടുപ്പ് എത്തുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന്റെ അടുത്ത ദിവസം തന്നെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച എസ്ഡിപിഐ പ്രചരണ പ്രവര്‍ത്തനങ്ങളും ശക്തമാക്കിയിട്ടുണ്ട്. രാജ്യതലസ്ഥാനത്ത് എന്‍ആര്‍സി വിരുദ്ധ സമരങ്ങളുടെ നേതൃസ്ഥാനത്തുള്ള ഡോ. തസ്‌ലിം റഹ്മാനി ആണ് എസ്ഡിപിഐ സ്ഥാനാര്‍ഥി. എസ്ഡിപിഐ ദേശീയ സെക്രട്ടറി കൂടിയാണ് അദ്ദേഹം. 2021ല്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായി മത്സരിച്ച എസ്എഫ്‌ഐ ദേശീയ അധ്യക്ഷന്‍ വിപി സാനുവാണ് ഇപ്രാവശ്യവും ഇടതുമുന്നണിക്കു വേണ്ടി രംഗത്തിറങ്ങുക എന്നത് ഉറപ്പായിട്ടുണ്ട്. എ പി അബ്ദുല്ലക്കുട്ടിയെ മലപ്പുറത്ത് ഇറക്കി വോട്ടിന്റെ എണ്ണത്തില്‍ വര്‍ധനവ് വരുത്താനാവുമോ എന്ന് ബിജെപി പരീക്ഷണം നടത്തുന്നുണ്ട്. യുഡിഎഫ് സ്ഥാനാര്‍ഥിയായി എം പി അബ്ദുസ്സമദ് സമദാനി മത്സരിക്കുമെന്നാണ് കേള്‍ക്കുന്നത്. ഇതില്‍ തീരുമാനമായിട്ടില്ല.


മലപ്പുറം ജില്ലയുടെ ചരിത്രം വച്ചു നോക്കിയാല്‍ നിയമസഭാ തിരഞ്ഞെടുപ്പിലും ലീഗിനു കാര്യമായ ക്ഷീണം നേരിടാന്‍ സാധ്യതയില്ല. തദ്ദേശ തിരഞ്ഞെടുപ്പില്‍ യുവാക്കളെ ഇറക്കി നേട്ടം കൈവരിക്കാന്‍ സാധിച്ച ലീഗ് മുതിര്‍ന്ന നേതാക്കളെ പുറത്തിരുത്തി പുതുമുഖങ്ങളെ പരീക്ഷിക്കാന്‍ സാധ്യതയുണ്ട്. വനിതാ സ്ഥാനാര്‍ഥികള്‍ക്ക് ഇടം നല്‍കുന്നതിന് എതിര്‍പ്പില്ലെന്ന് ലീഗ് നേതൃത്വം വ്യക്തമാക്കിയ സ്ഥിതിക്ക് ഏതെങ്കിലും ഒരു മണ്ഡലത്തില്‍ മുസ്‌ലിം ലീഗിനു വേണ്ടി ചരിത്രത്തില്‍ ആദ്യമായി ഒരു വനിതാ സ്ഥാനാര്‍ഥി നിയമസഭയിലേക്ക് മത്സരിക്കാനും സാധ്യതയുണ്ട്.




Next Story

RELATED STORIES

Share it