Big stories

EXCLUSIVE: സംവരണ അട്ടിമറി: സർവകലാശാല വിജ്ഞാപനം ഇറക്കിയത് യുജിസി നിയമങ്ങൾ പാലിക്കാതെ

2021 ജനുവരി നാലിനാണ് മലയാളം സർവകലാശാല എട്ട് തസ്തികകളിലേക്ക് വിജ്ഞാപനം പുറത്തിറക്കിയത്. എന്നാൽ വിജ്ഞാപനത്തിലെവിടേയും സംവരണം ചെയ്യപ്പെട്ട ഒഴിവുകളേതാണെന്ന് രേഖപ്പെടുത്തിയിട്ടില്ല.

EXCLUSIVE: സംവരണ അട്ടിമറി: സർവകലാശാല വിജ്ഞാപനം ഇറക്കിയത് യുജിസി നിയമങ്ങൾ പാലിക്കാതെ
X

മലപ്പുറം: മലയാളം സർവകലാശാലയിലെ സംവരണ അട്ടിമറി നടത്തിയത് യുജിസി നിയമങ്ങൾ പാലിക്കാതെ. ഇത് സംബന്ധിച്ചുള്ള സ്ഥിരീകരണം ഇന്റർവ്യൂ ബോർഡ് അം​ഗം തേജസ് ന്യൂസിനോട് വെളിപ്പെടുത്തി. അതേസമയം ഉയർന്നുവന്ന ആരോപണങ്ങളോട് പ്രതികരിക്കാൻ സർവകലാശാല വൈസ് ചാൻസലർ അനിൽ വള്ളത്തോൾ ഒഴിഞ്ഞുമാറി.

2020 ൽ യുജിസി പുറത്തിറക്കിയ മാർ​ഗനിർദേശപ്രകാരം സംവരണം ചെയ്യപ്പെട്ടിട്ടുള്ള നിയമനങ്ങൾ കൃത്യമായ ഇടവേളകളിൽ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്ന് പറയുന്നു. നിയമനത്തിന് മുന്നോടിയായുള്ള വിജ്ഞാപനങ്ങളിൽ സംവരണം ചെയ്യപ്പെട്ട ഒഴിവുകൾ നൽകണമെന്നാണ് യുജിസി നിയമം എന്നാൽ ഇത് പാലിക്കപ്പെടാതെയാണ് നിയമനങ്ങൾ നടത്തിയതെന്നാണ് പുറത്തുവരുന്ന വിവരം.


2021 ജനുവരി നാലിനാണ് മലയാളം സർവകലാശാല എട്ട് തസ്തികകളിലേക്ക് വിജ്ഞാപനം പുറത്തിറക്കിയത്. എന്നാൽ വിജ്ഞാപനത്തിലെവിടേയും സംവരണം ചെയ്യപ്പെട്ട ഒഴിവുകളേതാണെന്ന് രേഖപ്പെടുത്തിയിട്ടില്ല. ഇതേ രീതിയിൽ യുജിസി നിയമം അട്ടിമറിച്ച് കേരള സർവകലാശാലയിൽ നടത്തിയ നിയമനങ്ങൾ ഹൈക്കോടതി റദ്ദാക്കിയിരുന്നു.

ഇന്റർവ്യൂവിന് മുന്നോടിയായി സംവരണ ഒഴിവുകൾ ഏതൊക്കെയാണെന്ന് സർവകലാശാല അധികൃതരോട് ആരാഞ്ഞെന്നും സംവരണ ഒഴിവുകൾ നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷമേ തീരുമാനിക്കൂവെന്നാണ് അധികൃതരിൽ നിന്ന് ലഭിച്ച വിവരമെന്നും ഇന്റർവ്യൂ ബോർഡംഗം തേജസ് ന്യൂസിനോട് വെളിപ്പെടുത്തി. നിയമനത്തിൽ നടക്കേണ്ട ഇന്റർവ്യൂ നടക്കുന്നതുവരെ സംവരണ ഒഴിവുകൾ പ്രഖ്യാപിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


അതേസമയം സംവരണ അട്ടിമറി നടന്ന വാർത്ത തേജസ് പുറത്തുവിട്ടതിന് പിന്നാലെ നിയമന വിവാദത്തിൽ നിന്ന് തടിയൂരാൻ സർവകലാശാല ശ്രമിക്കുന്നതായ വിവരങ്ങളും പുറത്തുവന്നു. നിയമനം നടന്ന ഒഴിവുകളിലെ സംവരണ പട്ടിക നേരത്തെ തന്നെ പ്രസിദ്ധീകരിച്ചെന്ന് വരുത്തിത്തീർക്കാൻ തിയ്യതി പോലും രേഖപ്പെടുത്താതെ രജിസ്ട്രാറുടെ പേരിൽ പുറത്തിറക്കിയ സംവരണ പട്ടിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുകയാണ് ഇപ്പോൾ.

നിയമന വിവാദത്തിൽ തേജസ് ന്യൂസിനോട് പ്രതികരിക്കാൻ സർവകലാശാല വൈസ് ചാൻസിലർ തയ്യാറായിട്ടില്ല. സംവരണം അട്ടിമറിച്ചിട്ടില്ലെന്നും ഇതുമായി അറിയണമെങ്കിൽ രജിസ്ട്രാറോ‍ട് ബന്ധപ്പെട്ടോളു എന്നാണ് വൈസ് ചാൻസിലർ തേജസ് ന്യൂസ് പ്രതികരിച്ചത്. നിയമന വിവാദത്തിൽ ഫ്രറ്റേണിറ്റി മൂവ്മെന്റും എംഎസ്എഫും പ്രത്യക്ഷ പ്രക്ഷോഭവുമായി രം​ഗത്തെത്തിയിട്ടുണ്ട്.

Next Story

RELATED STORIES

Share it