Big stories

'ബോംബ് സ്‌ഫോടനം ഔദ്യോഗിക കൃത്യമല്ല'; കേണല്‍ പുരോഹിതിന്റെ ഹരജി തള്ളി ബോംബെ ഹൈക്കോടതി

ബോംബ് സ്‌ഫോടനം ഔദ്യോഗിക  കൃത്യമല്ല; കേണല്‍ പുരോഹിതിന്റെ  ഹരജി തള്ളി ബോംബെ ഹൈക്കോടതി
X

മുംബൈ: മലേഗാവ് സ്‌ഫോടനക്കേസില്‍ നിന്ന് കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യപ്രതിയായ ലഫ്റ്റനന്റ് കേണല്‍ പ്രസാദ് പുരോഹിത് നല്‍കിയ അപ്പീല്‍ ബോംബെ ഹൈക്കോടതി തള്ളി. തന്നെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി ആവശ്യമാണെന്ന വാദവും കോടതി നിരസിച്ചു.

ജസ്റ്റിസുമാരായ എ എസ് ഗഡ്കരി, പ്രകാശ് നായിക് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

ആറ് പേര്‍ കൊല്ലപ്പെടുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത 2008ലെ മലേഗാവ് സ്‌ഫോടനക്കേസില്‍ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ടാണ് ലഫ്റ്റനന്റ് കേണല്‍ പ്രസാദ് ശ്രീകാന്ത് പുരോഹിത് ബോംബെ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചത്. ഹിന്ദു രാഷ്ട്രം സ്ഥാപിക്കാന്‍ പ്രവര്‍ത്തിക്കുന്ന അഭിനവ് ഭാരത് എന്ന സംഘടനയുടെ യോഗങ്ങളില്‍ പങ്കെടുത്തത് രഹസ്യം ചോര്‍ത്താനാണെന്നും ഇതുസംബന്ധിച്ച് മേലുദ്യോഗസ്ഥരെ അറിയിച്ചിരുന്നതായി എന്‍ഐഎ പറഞ്ഞിട്ടുണ്ടെന്നും പുരോഹിതിന് വേണ്ടി ഹാജരായ നീല ഗോഖലെ വാദിച്ചു. എന്നാല്‍, ബോംബ് സ്‌ഫോടനം നടത്തുന്നത് ഔദ്യോഗിക കൃത്യനിര്‍വ്വഹണമല്ലെന്ന രൂക്ഷ വിമര്‍ശനമാണ് കോടതി ഉന്നയിച്ചത്. ഔദ്യോഗിക ചുമതലയില്‍ അല്ലാത്തതിനാല്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ആവശ്യമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പുരോഹിത് ഒരു സൈനിക ഉദ്യോഗസ്ഥനാണെന്നും മിലിട്ടറി ഇന്റലിജന്‍സിന്റെ ഭാഗമായി തന്റെ കര്‍ത്തവ്യം നിര്‍വഹിക്കുകയായിരുന്നു എന്നുമാണ് പുരോഹിതിന് വേണ്ടി ഹാജരായ അഭിഭാഷകരായ നീലാ ഗോഖലെയും വിരാല്‍ ബാബറും വാദിച്ചത്. കേണല്‍ പുരോഹിതും മറ്റു പ്രതികളും ഇന്ത്യന്‍ ഭരണഘടനയില്‍ അതൃപ്തരായിരുന്നുവെന്നും സ്വന്തം ഭരണഘടന ഉണ്ടാക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും കശ്മീരില്‍ നിന്ന് സ്‌ഫോടക വസ്തുക്കളായ ആര്‍ഡിഎക്‌സ് ശേഖരിച്ചതിന്റെ ഉത്തരവാദിത്തം പുരോഹിതിനാണെന്ന് കുറ്റപത്രത്തില്‍ പറയുന്നുണ്ട്. എന്നാല്‍ താന്‍ രഹസ്യം ചോര്‍ത്താന്‍ പോയതാണെന്ന കേണല്‍ ശ്രീകാന്ത് പുരോഹിതിന്റെ അഭിഭാഷകന്റെ വാദത്തെ സാധൂകരിക്കാന്‍ വേണ്ടി സമര്‍പ്പിച്ച രേഖകളും കോടതി അംഗീകരിച്ചില്ല. എന്‍ ഐഎയ്ക്കു വേണ്ടി ഹാജരായ അഡ്വ. സന്തോഷ് പാട്ടീലും ഇക്കാര്യം നിഷേധിച്ചു. വിചാരണ തുടരുന്നതിനാല്‍ പുരോഹിതിനെ കുറ്റവിമുക്തനാക്കാനാവില്ല. ഇതുവരെ 300 ഓളം സാക്ഷികളെ എന്‍ഐഎ വിചാരണ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. കേസിന്റെ മെറിറ്റ് അനുസരിച്ച് അദ്ദേഹത്തെ ശിക്ഷിക്കുകയോ കുറ്റവിമുക്തനാക്കുകയോ ചെയ്യാതീരുമാനിക്കാമെന്നും അദ്ദേഹം വാദിച്ചു. അഭിനവ് ഭാരതിലേക്ക് നുഴഞ്ഞുകയറി രഹസ്യം ചോര്‍ത്താനുള്ള പദ്ധതികളെക്കുറിച്ച് മേലുദ്യോഗസ്ഥരെ അറിയിച്ച് പുരോഹിത് ഔദ്യോഗിക ആശയവിനിമയമൊന്നും നടത്തിയിയിട്ടില്ലെന്ന് ഈയിടെ ഒരു സൈനിക ഉദ്യോഗസ്ഥന്‍ വിചാരണ കോടതി മുമ്പാകെ പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. കേണല്‍ പുരോഹിതിന് പുറമെ ബിജെപി എംപി പ്രജ്ഞാസിങ് താക്കൂര്‍ ഉള്‍പ്പെടെ ആറ് പേര്‍ കേസില്‍ വിചാരണ നേരിടുന്നുണ്ട്. പ്രതികളെല്ലാം ഇപ്പോള്‍ ജാമ്യത്തില്‍ കഴിയുകയാണ്. 2008 സെപ്തംബര്‍ 29ന് റദമാനിലാണ് മലേഗാവിലെ ഒരു മുസ് ലിം പള്ളിക്ക് സമീപം മോട്ടോര്‍ സൈക്കിളില്‍ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ച് ആറുപേര്‍ കൊല്ലപ്പെടുകയും നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഭോപ്പാലില്‍ നിന്ന് ബിജെപി എംപിയായി തിരഞ്ഞെടുക്കപ്പെട്ട പ്രജ്ഞാ സിങ് ഠാക്കൂറിന്റെപേരിലാണ് മോട്ടോര്‍ ബൈക്ക് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന യാണ് ആദ്യം അന്വേഷണം നടത്തിയതെങ്കിലും പിന്നീട് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു. 2008ല്‍ പുരോഹിതിനെ അറസ്റ്റ് ചെയ്യുകയും യുഎപിഎയിലെ വിവിധ വകുപ്പുകളും മറ്റും ചുമത്തുകയും ചെയ്തു. അറസ്റ്റിലായി ഒമ്പത് വര്‍ഷത്തിന് ശേഷം 2017ലാണ് സുപ്രിം കോടതി കേണല്‍ പുരോഹിതിന് ജാമ്യം അനുവദിച്ചത്. സൈനിക ഉദ്യോഗസ്ഥനായിരുന്നിട്ടും ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് പുരോഹിത് 2007ല്‍ അഭിനവ് ഭാരത് എന്ന സംഘടന രൂപീകരിച്ചതെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. 2014ല്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചതിനെ തുടര്‍ന്ന് നിരവധി പ്രതികള്‍ക്ക് മഹാരാഷ്ട്ര ഭീകരവിരുദ്ധ നിയമം ഒഴിവാക്കുകയും ചെയ്തിരുന്നു. പ്രതികള്‍ക്കെതിരേ ആയുധ നിയമം, ഇന്ത്യന്‍ സ്‌ഫോടകവസ്തു നിയമം, യുഎപിഎ തുടങ്ങിയ നിയത്തിലെ വിവിധ വകുപ്പുകളാണ് ചുമത്തിയിരുന്നത്.

Next Story

RELATED STORIES

Share it