Big stories

പശു മോഷണം ആരോപിച്ച് അസമില്‍ യുവാവിനെ നഗ്‌നനാക്കി തല്ലിക്കൊന്നു

അസമിലെ ടിന്‍സൂക്കിയ ജില്ലയിലെ കൊര്‍ജോങ്ക ബോര്‍പതര്‍ ഗ്രാമത്തിലാണ് ശരത് മൊറാന്‍ എന്ന 34കാരനെ കൊലപ്പെടുത്തിയത്

പശു മോഷണം ആരോപിച്ച് അസമില്‍ യുവാവിനെ നഗ്‌നനാക്കി തല്ലിക്കൊന്നു
X

ഗുവാഹത്തി: പശു മോഷണം ആരോപിച്ച് അസമില്‍ യുവാവിനെ നഗ്‌നനാക്കി തല്ലിക്കൊന്നു. അസമിലെ ടിന്‍സൂക്കിയ ജില്ലയിലെ കൊര്‍ജോങ്ക ബോര്‍പതര്‍ ഗ്രാമത്തിലാണ് ശരത് മൊറാന്‍ എന്ന 34കാരനെ കൊലപ്പെടുത്തിയത്. കൊദോയ് എന്ന ഗ്രാമത്തില്‍ നിന്ന് സുഹൃത്തിന്റെ വീട്ടിലെത്തിയ ശരത് മൊറാനെ പുലര്‍ച്ചെ 1.30ഓടെ വീടിനു പുറത്തിറങ്ങിയപ്പോള്‍ കന്നുകാലിയെ മോഷ്ടിക്കാനെത്തിയതാണെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം പിടികൂടുകയും നഗ്‌നനാക്കി മര്‍ദ്ദിക്കുകയുമായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലിസ് മൊറാനെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സംഭവമായി ബന്ധപ്പെട്ട് 12 പേരെ അറസ്റ്റ് ചെയ്തതായി പോലിസ് പറഞ്ഞു. കൊല്ലപ്പെട്ടയാളുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ നിരവധി അടയാളങ്ങള്‍ കണ്ടെത്തിയതായും പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും ടിന്‍സുകിയ പോലിസ് സൂപ്രണ്ട് ഡെബോജിത് ദിയോരി പറഞ്ഞു. ശരത് മൊറാന്റെ അമ്മാവന്റെ പരാതിയില്‍ ഐപിസി 302, 34 വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ദിയോരി പറഞ്ഞു. നേരത്തേ മറ്റൊരു കേസില്‍ മൊറാനെ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും കന്നുകാലി മോഷണത്തില്‍ പങ്കാളിയാണോയെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പുലര്‍ച്ചെ 1.30ഓടെ വീട്ടുടമ തന്റെ പശുത്തൊഴുത്തില്‍ രണ്ട് പേരെ കണ്ടെത്തിയതിനെ തുടര്‍ന്ന് ബഹളമുണ്ടാക്കി പ്രദേശവാസികളെ കൂട്ടുകയായിരുന്നു. ഗ്രാമവാസികള്‍ ഇയാളെ കെട്ടിയിട്ട് പശു മോഷ്ടാക്കളാണെന്ന് ആരോപിച്ച് മര്‍ദ്ദിച്ചു. ബ്ലേഡ് ഉപയോഗിച്ച് ആക്രമിക്കുകയും പരിക്കേല്‍ക്കുകയും ചെയ്തു. ഇയാള്‍ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടിരുന്നെന്നും റിപോര്‍ട്ടുകളുണ്ട്. സ്ഥലത്തു നിന്ന രക്ഷപ്പെട്ട മറ്റൊരാളെ ദൂംദൂമ സിവില്‍ ആശുപത്രിയിലേക്ക് മാറ്റി.

കേസന്വേഷണത്തിനു അഡീഷനല്‍ എസ്പിയുടെ (ഹെഡ്ക്വാര്‍ട്ടര്‍) നേതൃത്വത്തില്‍ പോലിസ് പ്രത്യേക അന്വേഷണ സംഘം(എസ്‌ഐടി) രൂപീകരിച്ചിട്ടുണ്ടെന്നും 12 പേരെ ഇതിനകം പിടികൂടിയതായും ടിന്‍സുകിയ ജില്ലാ പോലിസ് സൂപ്രണ്ട് (എസ്പി) ഡെബോജിത് ദിയോരി പറഞ്ഞു. അതേസമയം, ടിന്‍സുകിയ ജില്ലയിലെ പ്രദേശവാസികളും സംഘടനകളും സംഭവത്തെ അപലപിക്കുകയും കുറ്റവാളികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

Man lynched over cow theft suspicion in Assam's Tinsukia

Next Story

RELATED STORIES

Share it