Big stories

പൗരത്വ ഭേദഗതി നിയമം, യുഎപിഎ, ആര്‍ട്ടിക്കിള്‍ 370: അടിയന്തിര പ്രധാന്യമുള്ള ഹരജികള്‍ വൈകുന്നു; ചീഫ് ജസ്റ്റിസിന് 200 പ്രമുഖരുടെ കത്ത്

'ഭരണഘടനാ കേസുകള്‍ നേരത്തെ തീര്‍പ്പാക്കുന്നത് പൗരന്മാരെന്ന നിലയില്‍ ജുഡീഷ്യറിയിലും സുപ്രീം കോടതിയിലും ഞങ്ങള്‍ അര്‍പ്പിക്കുന്ന വിശ്വാസം പുനഃസ്ഥാപിക്കും,' കത്തില്‍ ചൂണ്ടിക്കാട്ടി.

പൗരത്വ ഭേദഗതി നിയമം, യുഎപിഎ, ആര്‍ട്ടിക്കിള്‍ 370:   അടിയന്തിര പ്രധാന്യമുള്ള ഹരജികള്‍ വൈകുന്നു; ചീഫ് ജസ്റ്റിസിന് 200 പ്രമുഖരുടെ കത്ത്
X

ന്യൂഡല്‍ഹി: പൗരത്വ നിയമം, യുഎപിഎയുടെ തുടര്‍ച്ചയായ ദുരുപയോഗം, ആര്‍ട്ടിക്കിള്‍ 370 ഉള്‍പ്പടെ അടിയന്തിര പ്രാധാന്യമുള്ള വിഷയങ്ങള്‍ സുപ്രീംകോടതിയില്‍ പരിഗണിക്കാന്‍ വൈകുന്നതായി കാണിച്ച് 200 പ്രമുഖര്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണയ്ക്ക് കത്തയച്ചു. പൗരന്റെ മൗലികാവകാശങ്ങളെ ബാധിക്കുന്ന ദേശീയ പ്രാധാന്യമുള്ള ഹരജികള്‍ സുപ്രീംകോടതിയുടെ പരിഗണന കാത്ത് കിടക്കുന്നതായുള്ള ആശങ്ക പങ്കുവച്ചാണ് ചീഫ് ജസ്റ്റിസിന് കത്തയച്ചിരിക്കുന്നത്.

മുന്‍ നാവികസേനാ മേധാവി അഡ്മിറല്‍ (റിട്ട) ലക്ഷ്മിനാരായണന്‍ രാംദാസ്, വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥന്‍ ജൂലിയോ റിബെയ്‌റോ, സാമ്പത്തിക വിദഗ്ധന്‍ ജീന്‍ ഡ്രെസ്, ആക്ടിവിസ്റ്റുകളായ മേധാ പട്കര്‍, ഷബ്‌നം ഹാഷ്മി, മാധ്യമപ്രവര്‍ത്തകരായ അമ്മു ജോസഫ്, സുജാത മധോക്, വെങ്കിടേഷ് രാമകൃഷ്ണന്‍, ചിത്തിര വി എന്നിവര്‍ ഉള്‍പ്പടെ 197 പേരാണ് ചീഫ് ജസ്റ്റിസിന് കത്തയച്ചത്.

നിരവധി അടിയന്തിര പ്രാധാന്യമുള്ള വിഷയങ്ങള്‍ സുപ്രീംകോടതിയില്‍ ലിസ്റ്റ് ചെയ്യാതെ കിടക്കുന്നതിലും പൗരാവകാശങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ പോലും തീര്‍പ്പുകല്‍പ്പിക്കാത്തതിലും കത്തില്‍ ആശങ്ക അറിയിച്ചു.

ഭരണഘടനാ ബഞ്ച് പരിഗണിക്കേണ്ട 421 വിഷയങ്ങളില്‍ എട്ട് സുപ്രധാന വിഷയങ്ങള്‍ കത്തില്‍ പ്രത്യേകം എടുത്തുപറഞ്ഞു. പാര്‍ലമെന്ററി നടപടികളില്ലാതെ ആര്‍ട്ടിക്കില്‍ 370 റദ്ദാക്കല്‍, യുഎപിഎയുടെ തുടര്‍ച്ചയായ ദുരുപയോഗം, പൗരത്വ ഭേദഗതി നിയമം, കാര്‍ഷിക നിയമങ്ങള്‍, ഐപിസി സെക്ഷന്‍ 124ല്‍ പ്രതിപാദിച്ചിരിക്കുന്ന രാജ്യദ്രോഹം, പെഗാസസ്, ആധാര്‍, ഇലക്ട്രല്‍ ബോണ്ടുകളുടെ സുതാര്യത, റഫാല്‍ വിമാന ഇടപാട് എന്നിവയാണ് കത്തില്‍ പ്രത്യേകം എടുത്തുപറഞ്ഞ സുപ്രധാന വിഷയങ്ങള്‍.

സുപ്രീം കോടതിയില്‍ അടുത്തിടെ ഒമ്പത് ജഡ്ജിമാരെ നിയമിച്ചതോടെ ആകെ അംഗബലം 31 ആയെന്നും അത് സ്വാഗതാര്‍ഹമാണെന്നും ചൂണ്ടിക്കാട്ടിയ കത്തില്‍ ഹരജികള്‍ കെട്ടിക്കിടക്കുന്നതിലുള്ള ആശങ്കയും രേഖപ്പെടുത്തി. ജഡ്ജിമാരുടെ നിയമനം ദീര്‍ഘകാലമായി കെട്ടിക്കിടക്കുന്ന കേസുകളില്‍ തീര്‍പ്പുകല്‍പ്പിക്കുന്ന പ്രതീക്ഷ ജനങ്ങള്‍ക്ക് നല്‍കി. എന്നാല്‍, ജനങ്ങളുടെ ജീവിതത്തേയും ഉപജീവന മാര്‍ഗത്തേയും വിവിധ സമുദായങ്ങളേയും ബാധിക്കുന്ന വിഷയങ്ങള്‍ സുപ്രീംകോടതിയുടെ പരിഗണന കാത്ത് കിടക്കുകയാണ്. കത്തില്‍ ചൂണ്ടിക്കാട്ടി.

ദേശീയ പ്രാധാന്യമുള്ളതും ജനങ്ങളുടെ ദൈനംദിന ജീവിതത്തേ ബാധിക്കുന്നതുമായി വിഷയങ്ങള്‍ അടിയന്തിരമായി പരിഗണിക്കാന്‍ ഉചിതമായ ബെഞ്ചുകള്‍ രൂപീകരിക്കുന്ന കാര്യം പരിഗണിക്കണമെന്നും ചീഫ് ജസ്റ്റിസിന് നല്‍കിയ കത്തില്‍ അഭ്യര്‍ത്ഥിച്ചു. 'ഈ ഭരണഘടനാ കേസുകള്‍ നേരത്തെ തീര്‍പ്പാക്കുന്നത് പൗരന്മാരെന്ന നിലയില്‍ ജുഡീഷ്യറിയിലും സുപ്രീം കോടതിയിലും ഞങ്ങള്‍ അര്‍പ്പിക്കുന്ന വിശ്വാസം പുനഃസ്ഥാപിക്കും,' കത്തില്‍ പറഞ്ഞു.

2021 നവംബര്‍ 1 ന് സുപ്രീം കോടതിയുടെ വെബ്‌സൈറ്റില്‍ നിന്ന് ലഭ്യമായ ഡാറ്റ അനുസരിച്ച്, അഞ്ച്, ഏഴ്, ഒമ്പത് ജഡ്ജിമാരുടെ ബെഞ്ചുകള്‍ക്ക് മുന്നില്‍ 421 ഭരണഘടനാ ബെഞ്ച് വിഷയങ്ങളില്‍ 49 പ്രധാന വിഷയങ്ങളും 372 ബന്ധപ്പെട്ട വിഷയങ്ങളും തീര്‍പ്പുകല്‍പ്പിക്കാതെ കിടക്കുന്നുണ്ടെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it