Big stories

മുഹമ്മദ് ഷഹാബുദ്ദീന്‍ ചുപ്പു പുതിയ ബംഗ്ലാദേശ് പ്രസിഡന്റ്

മുഹമ്മദ് ഷഹാബുദ്ദീന്‍ ചുപ്പു പുതിയ ബംഗ്ലാദേശ് പ്രസിഡന്റ്
X

ധക്ക: മുന്‍ ജഡ്ജിയും സ്വാതന്ത്ര്യസമര സേനാനിയുമായ മുഹമ്മദ് ഷഹാബുദ്ദീന്‍ ചുപ്പു ബംഗ്ലാദേശിന്റെ 22ാമത് പ്രസിഡന്റായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. മുഹമ്മദ് അബ്ദുല്‍ ഹമീദിന്റെ പിന്‍ഗാമിയായിട്ടാണ് 74കാരനായ ചുപ്പു സ്ഥാനമേല്‍ക്കുന്നത്. ബംഗ്ലാദേശില്‍ ഏറ്റവും കൂടുതല്‍ കാലം പ്രസിഡന്റായിരുന്ന ഹമീദിന്റെ കാലാവധി ഏപ്രില്‍ 23ന് അവസാനിക്കും. ഭരണഘടന പ്രകാരം അദ്ദേഹത്തിന് മൂന്നാം തവണയും തുടരാനാവില്ല. മുതിര്‍ന്ന അവാമി ലീഗ് നേതാവും ഏഴ് തവണ നിയമസഭാംഗവുമായ ഹമീദ് കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2018 ഏപ്രില്‍ 24നാണ് അദ്ദേഹം രണ്ടാം തവണ പ്രസിഡന്റായി അധികാരമേറ്റത്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ചുപ്പുവിനെ ഹമീദ് ഫോണില്‍ അഭിവാദ്യം ചെയ്യുകയും തിങ്കളാഴ്ച വിജയാശംസകള്‍ നേരുകയും ചെയ്തതായി പ്രസിഡന്റിന്റെ പ്രസ് സെക്രട്ടറി യുഎന്‍ബിയോട് പറഞ്ഞു.

ജില്ലാ സെഷന്‍സ് ജഡ്ജിയായി വിരമിച്ച ശേഷം, സ്വതന്ത്ര അഴിമതി വിരുദ്ധ കമ്മീഷന്‍ കമ്മീഷണര്‍മാരില്‍ ഒരാളായി ചുപ്പു സേവനമനുഷ്ഠിച്ചിരുന്നു. പിന്നീട് രാഷ്ട്രീയത്തില്‍ ചേരുകയും മുതിര്‍ന്ന പാര്‍ട്ടി നേതാക്കളും സാങ്കേതിക വിദഗ്ധരും അടങ്ങുന്ന അവാമി ലീഗ് ഉപദേശക സമിതിയില്‍ അംഗമാവുകയും ചെയ്തു. രാജ്യത്തിന്റെ തലവനാവാന്‍ ചുപ്പുവിന് പാര്‍ട്ടി സ്ഥാനം ഉപേക്ഷിക്കേണ്ടിവരുമെന്നാണ് റിപോര്‍ട്ട്. വടക്കുപടിഞ്ഞാറന്‍ പബ്‌ന ജില്ലയില്‍ ജനിച്ച ചുപ്പു, 1960കളുടെ അവസാനത്തിലും 1970കളുടെ തുടക്കത്തിലും അവാമി ലീഗിന്റെ വിദ്യാര്‍ഥി യുവജന വിഭാഗങ്ങളുടെ നേതാവായിരുന്നു.

1971ലെ വിമോചനയുദ്ധത്തിലും അദ്ദേഹം പങ്കെടുക്കുകയും 1975 ആഗസ്ത് 15ന് ബംഗ്ലാദേശ് സ്ഥാപകന്‍ ബംഗബന്ധു ഷെയ്ഖ് മുജിബുര്‍ റഹ്മാന്റെ വധത്തെത്തുടര്‍ന്ന് ഒരു പ്രതിഷേധം നടത്തിയതിന് തടവിലാക്കപ്പെട്ടിട്ടുണ്ട്. 1996ലെ തിരഞ്ഞെടുപ്പില്‍ അവാമി ലീഗ് അധികാരത്തില്‍ തിരിച്ചെത്തിയപ്പോള്‍ ബംഗബന്ധു വധക്കേസിന്റെ കോ-ാേഡിനേറ്ററായി ചുപ്പു പ്രവര്‍ത്തിച്ചു. ഭാര്യ റെബേക്ക സുല്‍ത്താന സര്‍ക്കാരിന്റെ മുന്‍ ജോയിന്റ് സെക്രട്ടറിയാണ്. പ്രധാന പ്രതിപക്ഷകക്ഷിയായ ബംഗ്ലാദേശ് നാഷനലിസ്റ്റ് പാര്‍ട്ടിയിലെ എംപിമാര്‍ മുഴുവന്‍ രാജിവച്ചതിനാല്‍ അവര്‍ക്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ കഴിഞ്ഞിരുന്നില്ല. 350 അംഗ പാര്‍ലമെന്റില്‍ അവാമി ലീഗിന് 305 അംഗങ്ങളുണ്ട്.

Next Story

RELATED STORIES

Share it