Big stories

ആര്‍എസ്എസ് മേധാവിയുമായി കൂടിക്കാഴ്ച്ച; വെറുപ്പും വിദ്വേഷവും നീക്കാനുള്ള ശ്രമമെന്ന് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്

ആര്‍എസ്എസ് ആസ്ഥാനത്ത് മോഹന്‍ ഭഗവതുമായി അര്‍ഷദ് മദനിയുടെ ചര്‍ച്ച ഒന്നര മണിക്കൂറോളം നീണ്ടു. രാജ്യത്ത് വെറുപ്പും വിദ്വേഷവും വര്‍ഗീയതയും വ്യാപിക്കുന്ന കാലത്ത് ഇത്തരം ചര്‍ച്ചകള്‍ തുടരണമെന്നും മദനി ആവശ്യപ്പെട്ടു.

ആര്‍എസ്എസ് മേധാവിയുമായി കൂടിക്കാഴ്ച്ച;  വെറുപ്പും വിദ്വേഷവും നീക്കാനുള്ള ശ്രമമെന്ന് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്
X

ന്യൂഡല്‍ഹി: രാജ്യ പുരോഗതിക്ക് ഹിന്ദു-മുസ്‌ലിം ഐക്യം അനിവാര്യമാണെന്ന് ആര്‍എസ്എസ് അംഗീകരിക്കുന്നത് സന്തോഷകരം ആണെന്ന് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് അധ്യക്ഷന്‍ സയ്യിദ് അര്‍ഷദ് മദനിയെ ഉദ്ധരിച്ച് ഉര്‍ദു പത്രം ഇന്‍ക്വിലാബ്.

എല്ലാ കാലത്തും ഹിന്ദുമുസ്‌ലിം ഐക്യത്തെ കുറിച്ചാണ് ജംഇയ്യത്ത് സംസാരിച്ചിട്ടുള്ളത്. ഹിന്ദു മുസ്‌ലിം ഐക്യത്തിലൂടേയാണ് രാജ്യം സ്വാതന്ത്ര്യം നേടിയത്. വെറുപ്പും വിദ്വേഷവും വ്യാപിച്ചുകൊണ്ടിരിക്കുമ്പോള്‍ ഐക്യ ബോധം വളര്‍ത്തണം. വെറുപ്പിനെ ഇല്ലാതാക്കുക എന്നതല്ലാതെ മറ്റൊരു മാര്‍ഗവും അതിനില്ലെന്നും മൗലാന അര്‍ഷദ് മദനി പറഞ്ഞു.

നയനിലപാടുകളില്‍ മാറ്റം വേണമെന്നും രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥ ഏറെ പ്രതിസന്ധി നിറഞ്ഞതാണെന്നും വംശീയത വേട്ടയാടി കൊണ്ടിരിക്കുകയാണെന്നും അര്‍ഷദ് മദനി പറഞ്ഞു. 'രാജ്യം തന്നെ മുങ്ങിപ്പോയാല്‍ പിന്നെ നമ്മളില്ല. ഇപ്പോള്‍ രാജ്യത്തെ കുറിച്ചാണ് ചിന്തിക്കേണ്ടത്. എല്ലാ വെറുപ്പുകളും മാറ്റിവച്ചുകൊണ്ട് പരസ്പരം സാഹോദര്യത്തിലൂടെ രാജ്യത്തെ തകര്‍ച്ചയില്‍ നിന്ന് രക്ഷപ്പെടുത്തുക എന്നതാണ് കാലം ആവശ്യപ്പെടുന്നത്'. അദ്ദേഹം പറഞ്ഞു.

'തീയിനെ തീ കൊണ്ടല്ല കെടുത്തേണ്ടത്. മുള്ളിനെ മുള്ള് കൊണ്ട് എടുക്കാനും സാധ്യമല്ല. സ്‌നേഹവും സൗഹാര്‍ദവും പ്രകടിപ്പിക്കുകയാണ് വേണ്ടത്. എല്ലാ സന്ദര്‍ഭങ്ങളിലും ജംഇയ്യത്ത് ഈ സാഹോദര്യ ബന്ധത്തിന് മുന്‍ഗണന നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആര്‍എസ്എസ്സുമായി അഭിപ്രായ വ്യത്യാസങ്ങള്‍ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. ഇപ്പോഴും അത് നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, ആര്‍എസ്എസ് ചര്‍ച്ചകള്‍ക്കായി മുന്നോട്ട് വരികയാണെങ്കില്‍ അഭിപ്രായ ഭിന്നതകള്‍ മാറ്റിവച്ചുകൊണ്ട് ആര്‍എസ്എസ്സുമായി ഒരുമിച്ച് നില്‍ക്കുന്നതില്‍ തടസ്സമില്ല. രാജ്യത്തിന്റെ അവസ്ഥയില്‍ മാറ്റം വരണമെന്ന സന്ദേശവുമായി ആര്‍എസ്എസ് ആണ് നമ്മെ സമീപിച്ചത്. ഇന്ത്യയുടെ രക്ഷ ഹിന്ദു മുസ്‌ലിം ഐക്യത്തിലൂടേയാണെന്ന് ആര്‍എസ്എസ് പറയുന്നു. ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിന് അവര്‍ നമ്മെ സമീപിച്ചു. കൂടിയാലോചനകള്‍ക്ക് ശേഷമാണ് ആര്‍എസ്എസ് മേധാവിയുമായി ചര്‍ച്ച നടത്താന്‍ അദ്ദേഹത്തിന്റെ ഓഫിസില്‍ പോയത്. ചര്‍ച്ചക്കിടയില്‍ ഹിന്ദുമുസ്‌ലിം ഐക്യത്തിലാണ് രാജ്യത്തിന്റെ പുരോഗതിയുള്ളതെന്ന് നാം പറഞ്ഞു. ഒന്നരമണിക്കൂര്‍ നീണ്ട ചര്‍ച്ചക്കിടയില്‍ സമുദായത്തിന്റെ വിവിധ പ്രശ്‌നങ്ങളും ഉന്നയിച്ചു. വെറുപ്പ് കൊണ്ട് രാജ്യം പുരോഗതി പ്രാപിക്കുകയില്ലെന്നും വിഭജിക്കപ്പെടുമെന്നും അറിയിച്ചു. വെറുപ്പ് ഇല്ലാതായി രാജ്യം പഴയ പോലെ സൗഹൃദം നിറഞ്ഞതാകണമെന്നും പ്രഖ്യാപനങ്ങള്‍ കൊണ്ട് മാത്രം ഫലമില്ലെന്നും പ്രാവര്‍ത്തികമായ മുന്നേറ്റങ്ങള്‍ വേണം. അര്‍ഷദ് മദനിയെ ഉദ്ധരിച്ച് ഇന്‍ക്വിലാബ് റിപ്പോര്‍ട്ട് ചെയ്തു.

തങ്ങളുടെ യോഗങ്ങളില്‍ ഹിന്ദു-മുസ്‌ലിം ഐക്യത്തെ കുറിച്ച് ചര്‍ച്ച ചെയ്യാറുണ്ട്. അത് പോലെ ആര്‍എസ്എസ് അവരുടെ യോഗങ്ങളിലും ഹിന്ദു മുസ്‌ലിം ഐക്യം ചര്‍ച്ച ചെയ്യണമെന്നും ജംഇയത്ത് ഉലമായെ ഹിന്ദ് അധ്യക്ഷന്‍ മൗലാന സയിദ് അര്‍ഷദ് മദനി ആവശ്യപ്പെട്ടു. ആര്‍എസ്എസ് ആസ്ഥാനത്ത് മോഹന്‍ ഭഗവതുമായി അര്‍ഷദ് മദനിയുടെ ചര്‍ച്ച ഒന്നര മണിക്കൂറോളം നീണ്ടു. രാജ്യത്ത് വെറുപ്പും വിദ്വേഷവും വര്‍ഗീയതയും വ്യാപിക്കുന്ന കാലത്ത് ഇത്തരം ചര്‍ച്ചകള്‍ തുടരണമെന്നും മദനി ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it