Big stories

യുഎപിഎ, എന്‍ഐഎ, ഇഡി ദുരുപയോഗം; കേന്ദ്രത്തിനെതിരേ തമിഴ്‌നാട്ടില്‍ മുസ്‌ലിം സംഘടനകള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു

യുഎപിഎ, എന്‍ഐഎ, ഇഡി ദുരുപയോഗം; കേന്ദ്രത്തിനെതിരേ തമിഴ്‌നാട്ടില്‍ മുസ്‌ലിം സംഘടനകള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു
X

ചെന്നൈ: യുഎപിഎ ദുരുപയോഗത്തിനെതിരേയും എന്‍ഐഎ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുള്ള കേന്ദ്രസര്‍ക്കാരിന്റെ വേട്ടയാടലുകള്‍ക്കെതിരേയും തമിഴ്‌നാട്ടില്‍ വമ്പിച്ച പ്രക്ഷോഭം നടത്താനൊരുങ്ങി മുസ്‌ലിം സംഘടനകള്‍. ഈ ആവശ്യങ്ങളുന്നയിച്ച് മനിതനേയ മക്കള്‍ കച്ചിയുടെ ആഭിമുഖ്യത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ചേര്‍ന്ന് ചെന്നൈയിലും മധുരയിലും ആയിരക്കണക്കിനാളുകള്‍ അണിനിരന്ന കൂറ്റന്‍ പ്രതിഷേധത്തിന് പിന്നാലെയാണ് മുസ്‌ലിം സംഘടനകള്‍ കേന്ദ്രസര്‍ക്കാരിന്റെ നിയമവിരുദ്ധ നടപടികള്‍ക്കെതിരേ തമിഴ്‌നാട്ടിലുടനീളം യോജിച്ച പ്രക്ഷോഭത്തിന് പദ്ധതിയിട്ടിരിക്കുന്നത്.

വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് ആണ് ഇതുസംബന്ധിച്ച റിപോര്‍ട്ട് പുറത്തുവിട്ടത്. കുറച്ച് ദിവസം മുമ്പ് കോയമ്പത്തൂരിലാണ് എസ് ഡിപിഐ, ഇസ്‌ലാമിക് ലോ റിസര്‍ച്ച് കൗണ്‍സില്‍, മറ്റ് ചില സംഘടനകള്‍ എന്നിവയില്‍ നിന്നുള്ള അംഗങ്ങള്‍ ചേര്‍ന്ന് ഇസ്‌ലാമിക് ഫെഡറേഷന്‍ ഓഫ് തമിഴ്‌നാട് എന്ന പേരില്‍ പുതിയ കൂട്ടായ്മ രൂപീകരിച്ചത്. കോയമ്പത്തൂരിലെ മുസ്‌ലിം സമുദായത്തിന്റെ സാമൂഹിക, സാമ്പത്തിക പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിക്കാനാണ് കൂട്ടായ്മ രൂപീകരിച്ചതെന്ന് സംഘടനാ ഭാരവാഹികള്‍ മാധ്യമങ്ങളെ അറിയിച്ചു.

മനുഷ്യാവകാശ ലംഘനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി മുസ്‌ലിം സംഘടനകള്‍ തമിഴ്‌നാട്ടിലുടനീളം സെമിനാറുകളും ചര്‍ച്ചകളും ആസൂത്രണം ചെയ്യുന്നുണ്ട്. എസ് ഡിപിഐയും സംസ്ഥാനത്തുടനീളം പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ തമിഴ്‌നാട്ടില്‍ പലയിടത്തും ഇത്തരം സംഘടനകള്‍ ഉയര്‍ന്നുവരുമെന്നും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരേ മാധ്യമ സെമിനാറുകളും ചര്‍ച്ചകളും നടത്തുമെന്നും വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസം ചെന്നൈയിലും മധുരയിലും നടന്ന പ്രതിഷേധത്തില്‍ സിപിഎം, സിപിഐ, എംഡിഎംകെ, തമിഴഗ വാഴുരിമൈ, വിടുതലൈ ചിരുതൈകള്‍ കച്ചി, കോണ്‍ഗ്രസ്, പീപ്പിള്‍സ് വാച്ച്, വിസികെ തുടങ്ങിയ രാഷ്ട്രീയപ്പാര്‍ട്ടികളും ഐക്യദാര്‍ഢ്യവുമായി പങ്കെടുത്തിരുന്നു.

പരിപാടിയിലെ സ്ത്രീകളുടെ വലിയ സാന്നിധ്യം ശ്രദ്ധേയമായി. ചെന്നൈയിലെ പ്രതിഷേധത്തിന് മണിതനേയ മക്കള്‍ കച്ചി അധ്യക്ഷനും എംഎല്‍എയുമായ പ്രഫ.എം എച്ച് ജവാഹിറുല്ലയാണ് നേതൃത്വം നല്‍കിയത്. യുഎപിഎ നിയമം ഏതെങ്കിലും ജനാധിപത്യ രാഷ്ട്രത്തിന്റെ നിയമപുസ്തകങ്ങളില്‍ നിയമമായി ഉള്‍പ്പെടുത്താന്‍ യോഗ്യമല്ലെന്നാണ് പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടത്. ഇത്തരം നിയമങ്ങള്‍ക്ക് ജനാധിപത്യ രാജ്യത്ത് സ്ഥാനമില്ലെന്ന് പ്രതിഷേധക്കാര്‍ ഓര്‍മപ്പെടുത്തി.

Next Story

RELATED STORIES

Share it