Big stories

മുട്ടിൽ മരംകൊള്ള: നാലു മാസത്തിനിടെ ആന്‍റോ സഹോദരൻമാരെ ദീപക് ധർമ്മടം വിളിച്ചത് 107 തവണ

മരംകൊള്ള കണ്ടെത്തിയ ഫോറസ്റ്റ് റേഞ്ച് ഓഫീസർ എം കെ സമീറിനെ കള്ളക്കേസിൽ കടുക്കാൻ സാജനും ആൻ്റോ അഗസ്റ്റിനും 24 ന്യൂസ് ചാനൽ മലബാർ റീജ്യണൽ ചീഫ് ആയ ദീപക് ധർമ്മടവും ചേ‍ർന്ന് ഒരു സംഘമായി പ്രവർത്തിച്ചെന്നാണ് രാജേഷ് രവീന്ദ്രൻ്റെ റിപോർട്ടിലെ പ്രധാന കണ്ടെത്തൽ.

മുട്ടിൽ മരംകൊള്ള: നാലു മാസത്തിനിടെ ആന്‍റോ സഹോദരൻമാരെ ദീപക് ധർമ്മടം വിളിച്ചത് 107 തവണ
X

തിരുവനന്തപുരം: മുട്ടിൽ മരംകൊള്ളക്കേസ് അട്ടിമറിക്കാനും, മരം മുറി കണ്ടെത്തിയ ഉദ്യോഗസ്ഥനെ കുടുക്കാനുമുള്ള ഗൂഡാലോചനയുടെ ഭാഗമായുള്ള ഫോൺ രേഖകൾ പുറത്ത്. കേസിലെ പ്രതികളായ ആന്‍റോ അഗസ്റ്റിനും ആരോപണ വിധേയനായ വനംവകുപ്പ് ഉദ്യോഗസ്ഥൻ എൻ ടി സാജനും തമ്മിൽ നാലു മാസത്തിനിടെ വിളിച്ചത് 86 കോളുകൾ. മാധ്യമ പ്രവർത്തകൻ ദീപക് ധർമ്മടവും ആന്‍റോ അഗസ്റ്റിനും റോജി അഗസ്റ്റിനും തമ്മിൽ നാലു മാസത്തിനിടെ 107 തവണ വിളിച്ചു. വനംവകുപ്പ് എപിസിസിഎഫ് രാജേഷ് രവീന്ദ്രന്‍റെ അന്വേഷണ റിപോർട്ടിലെ വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

മരംകൊള്ള കണ്ടെത്തിയ ഫോറസ്റ്റ് റേഞ്ച് ഓഫീസർ എം കെ സമീറിനെ കള്ളക്കേസിൽ കടുക്കാൻ സാജനും ആൻ്റോ അഗസ്റ്റിനും 24 ന്യൂസ് ചാനൽ മലബാർ റീജ്യണൽ ചീഫ് ആയ ദീപക് ധർമ്മടവും ചേ‍ർന്ന് ഒരു സംഘമായി പ്രവർത്തിച്ചെന്നാണ് രാജേഷ് രവീന്ദ്രൻ്റെ റിപോർട്ടിലെ പ്രധാന കണ്ടെത്തൽ. ഗൂഡാലോചന അടിവരയിടുന്നതാണ് ഫോൺസംഭാഷണത്തിൻ്റെ വിവരങ്ങൾ.

മുട്ടിലിലെ മരംകൊള്ള പിടിച്ച സമീറിനെ മണിക്കുന്ന് മലയിലെ സ്വകാര്യ വ്യക്തിയുടെ ഭൂമിയിലെ മരംമുറിയിൽ കുടുക്കുകയായിരുന്നു. സമീർ ചുമതലയേൽക്കും മുമ്പുള്ള മരംമുറിയിലാണ് പ്രതികളുമായി ചേർന്ന് സാജൻ സമീറിനെതിരെ റിപോർട്ട് നൽകിയത്. റിപോർട്ട് സമർപ്പിച്ചത് ഫെബ്രുവരി 15ന്. 15ന് സാജനും ആൻ്റോ അഗസ്റ്റിനും തമ്മിൽ 12 തവണ ഒരു മണിക്കൂറിലേറെ സംസാരിച്ചു. ഫെബ്രുവരി 14 നും മെയ് 26 നും ഇടയിലെ ആകെ സംസാരം 86 തവണ. സാജൻ്റെ ഔദ്യോഗിക നമ്പറിലും പേഴസ്ണൽ നമ്പറിലുമായിട്ടായിരുന്നു ആൻ്റോയുമായുള്ള സംസാരം.

മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ ഫെബ്രുവരി 8ന് രജിസ്റ്റർ ചെയ്ത മരംമുറിക്കേസിലെ പ്രതികളാണ് ഇവരെന്ന ബോധ്യത്തോടെയാണ് സംഭാഷണമെന്നാണ് രാജേഷ് രവീന്ദ്രൻ്റെ റിപോർട്ടിൽ പറയുന്നത്. ദീപക് ധ‍ർമ്മടവും പ്രതികളായ ആൻ്റോ സഹോദരങ്ങളും തമ്മിൽ ഫെബ്രുവരി 1 മുതൽ മെയ് 31 വരെ 107 തവണയാണ് സംസാരിച്ചത്. മണിക്കുന്ന് മലയിലെ മരം മുറിയിൽ കേസെടുക്കാൻ ദീപക് ധർമ്മടം ഫെബ്രുവരി 10ന് കോഴിക്കോട് ഫ്ലയിങ് സ്ക്വാഡ് ഡിഎഫ്ഒയെ വിളിച്ചിരുന്നു. ഇതേ ദിവസം ആൻ്റോ അഗസ്റ്റിനും ദീപകും തമ്മിൽ സംസാരിച്ചത് അഞ്ച് തവണ.

ആൻ്റോ നൽകിയ രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു സാജൻ മണിക്കുന്ന് മലയിലെത്തിയത്. മരം മുറി അട്ടിമറിക്കാനുള്ള ഗൂഡാലോചന തെളിയിക്കുന്ന റിപോർട്ടുണ്ടായിട്ടും സാജനെതിരേ സ്വീകരിച്ചത് സ്വാഭാവിക സ്ഥലംമാറ്റം മാത്രം. മരംകൊള്ള അട്ടിമറിയിൽ പ്രതിപക്ഷനേതാവ് ആരോപിച്ച ധർമ്മടം ബന്ധം സർക്കാറും സിപിഎമ്മും തള്ളുമ്പോഴാണ് ഫോൺരേഖ പുറത്താകുന്നത്.

അതേസമയം മാഫിയാ ബന്ധമുള്ള മാധ്യമ പ്രവർത്തകനെ ട്വന്റിഫോർ ന്യൂസ് ചാനൽ സംരക്ഷിക്കുകയാണെന്ന ആക്ഷേപം മുതിർന്ന മാധ്യമപ്രവർത്തകരിൽ നിന്ന് തന്നെ ഉയർന്നുകഴിഞ്ഞു. മുട്ടിൽ മരംകൊള്ളക്കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണം നേരിടുന്ന വനം കൺസർവേറ്റർ എൻ.ടി സാജനെതിരേ നടപടി നിർദേശിക്കുന്ന അന്വേഷണ റിപോർട്ട്​ പൂഴ്ത്തിവെച്ചത് മുഖ്യമന്ത്രിയുടെ ഓഫീസ്​ ആണെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു.

Next Story

RELATED STORIES

Share it