Big stories

'എന്റെ കുട്ടികള്‍ക്ക് നീതി കിട്ടണം' കണ്ണീരോടെ ഹാജിറയുടെ വാര്‍ത്താ സമ്മേളനം

ക്രൂരമായ പീഡനമേറ്റ ബിലാലിന് ചികിത്സ കിട്ടിയോ എന്ന് പോലും അറിയില്ല. അവനോട് പോലീസ് ചെയ്ത ക്രൂരകൃത്യം മറച്ച് വെക്കാനാണ് അവനെ കാണിച്ച് തരാന്‍ പോലും തയ്യാറാവത്തതെന്നും ഹാജിറ പറഞ്ഞു.

എന്റെ കുട്ടികള്‍ക്ക് നീതി കിട്ടണം കണ്ണീരോടെ ഹാജിറയുടെ വാര്‍ത്താ സമ്മേളനം
X

പാലക്കാട്: 'എന്റെ രണ്ട് കുട്ടികള്‍ക്ക് നീതി കിട്ടണം. മൂത്ത മകന്‍ ബിലാലിന് ചികിത്സ കിട്ടിയോ എന്ന് പോലും അറിയില്ല'..... പാലക്കാട് നോര്‍ത്ത് സ്റ്റേഷനില്‍ വംശീയ അധിക്ഷേപം നടത്തി മൂന്നാംമുറക്ക് വിധേയരാക്കിയ മുഹമ്മദ് ബിലാലിന്റെയും അബ്ദുറഹ്‌മാന്റെയും ഉമ്മ സ്‌റ്റേഷന്‍ എസ് ഐ സുധീഷ് കുമാറിന് എതിരേ നടപടി ആവശ്യപ്പെട്ട് ഇന്ന് പാലക്കാട് പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കണ്ണുനീരോടെ പറഞ്ഞ വാക്കുകളാണിത്. ചെറിയ മകന്‍ അബ്ദുറഹ്‌മാന്‍ കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്. മൂത്ത മകന്‍ മുഹമ്മദ് ബിലാല്‍ ആലത്തൂര്‍ സബ് ജയിലിലാണന്ന് കേള്‍ക്കുന്നു. ക്രൂരമായ പീഡനമേറ്റ ബിലാലിന് ചികിത്സ കിട്ടിയോ എന്ന് പോലും അറിയില്ല. അവനോട് പോലീസ് ചെയ്ത ക്രൂരകൃത്യം മറച്ച് വെക്കാനാണ് അവനെ കാണിച്ച് തരാന്‍ പോലും തയ്യാറാവത്തതെന്നും ഹാജിറ പറഞ്ഞു.

'ആഗസ്റ്റ് 24ന് വൈകുന്നേരത്താണ് വീട്ടില്‍ വന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് നോര്‍ത്ത് എസ് ഐ സുധീഷ് കുമാറിന്റെ നേതൃത്വത്തില്‍ ബിലാലിനെയും, അബ്ദുറന്മാനെയും കൊണ്ടു പോകുന്നത്. 25 ന് രാവിലെ മക്കളെ അന്വേഷിച്ച് ചെന്ന പിതാവിനോട് രണ്ട് പേരും സ്റ്റേഷനിലില്ലെന്നു് പറഞ്ഞ് തിരിച്ചയച്ചു. 25 ന് വൈകുന്നേരത്താണ് മര്‍ദ്ദനമേറ്റ് അവശനായ അബ്ദുറഹ്‌മാനെ പോലീസ് വിട്ടുതരുന്നത്. ഒരു രാത്രിയും ഒരു പകലും തുടര്‍ച്ചയായി അവര്‍ എന്റെ മക്കളെ ക്രൂരമായി മര്‍ദ്ദിച്ചു. ബിലാലിന്റെ സ്വകാര്യ ഭാഗത്ത് ഷോക്കടിപ്പിച്ചു. അബ്ദുറഹ്‌മാന്റെ സ്വകാര്യ ഭാഗത്ത് കുരുമുളക് പൊടിയുടെ സ്‌പ്രേ അടിച്ച് ലൈറ്റര്‍ കത്തിച്ച് പിടിച്ച് പോലീസ് ഭീഷണിപ്പെടുത്തി. ഇരുവരുടെയും കാലിന്റെ തുടയില്‍ കയറി നിന്ന് കാലിനടിയിലേക്ക് ലാത്തി കൊണ്ട് നിരന്തരമായി തല്ലിയിട്ടുണ്ട്. മര്‍ദ്ധനമേറ്റ് അവശനായ മൂത്ത മകന്‍ ബിലാലിനെ ഏതോ കേസില്‍ ഉള്‍പ്പെടുത്തി ജയിലിലടച്ചിരിക്കുകയാണ്.'

മുഖ്യമന്ത്രി, സംസ്ഥാന പോലീസ് മേധാവി, മനുഷ്യാവകാശ കമ്മീഷന്‍, ജില്ലാ കലക്ടര്‍, ജില്ലാ പോലീസ് മേധാവി എന്നിവര്‍ക്കെല്ലാം പരാതി കൊടുത്തു. ഇതുവരെയും ഒരു നടപടിയും കൈകൊണ്ടതായി അറിയില്ല. ജനപ്രതിനിധി എന്ന നിലയില്‍ എം പി ശ്രീകണ്‍ീന് വിളിച്ചപ്പോള്‍ നിവേദനം ഓഫീസില്‍ കൊടുക്കാനാണ് പറഞ്ഞത്. സ്ഥലം എം എല്‍ എ ശാഫി പറമ്പില്‍ ഇത് വരെയും കാര്യമന്വേഷിക്കാന്‍ എത്തിയിട്ടില്ല.'ഞാന്‍ ആരെയാണിനി കാണേണ്ടത്?!. ആ മാതാവ് വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു. സഹോദരി നാദിറ, നാട്ടുകാരി നിലോവര്‍ നിസ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.

Next Story

RELATED STORIES

Share it