Big stories

നാദാപുരം ഷിബിന്‍ കൊലക്കേസ്: എട്ട് മുസ് ലിം ലീഗ് പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് ഹൈക്കോടതി

നാദാപുരം ഷിബിന്‍ കൊലക്കേസ്: എട്ട് മുസ് ലിം ലീഗ് പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് ഹൈക്കോടതി
X

കൊച്ചി: നാദാപുരം തൂണേരിയിലെ ഡിവൈഎഫ് പ്രവര്‍ത്തകന്‍ ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ എട്ട് മുസ് ലിം ലീഗ് പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് ഹൈക്കോടതി. ഒന്നു മുതല്‍ ആറുവരെ പ്രതികളും 15, 16 പ്രതികളും കുറ്റക്കാരെന്നാണ് ഹൈക്കോടതി കണ്ടെത്തിയത്. കേസിലെ പ്രതികളായ 17 പേരെയും വെറുതെവിട്ട എരഞ്ഞിപ്പാലം സ്‌പെഷ്യല്‍ അഡീഷനല്‍ സെഷന്‍സ് കോടതിയുടെ നടപടി റദ്ദാക്കിയാണ് ഹൈക്കോടതി നടപടി. ഇതിനെതിരേ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ഹൈക്കോടതി കുറ്റക്കാരെത്ത് കണ്ടെത്തിയത്. മാത്രമല്ല, 15ന് പ്രതികളെ അറസ്റ്റ് ചെയ്ത് നേരിട്ട് ഹാജരാക്കണമെന്ന് പോലിസിന് നിര്‍ദേശം നല്‍കുകയും ചെയ്തു. അന്നേദിവസം ശിക്ഷ വിധിക്കും. 2015 ജനുവരി 22ന് രാത്രിയാണ് ഏറെ കോളിളക്കമുണ്ടാക്കുകയും കലാപത്തിന് വഴിയൊരുക്കുകയും ചെയ്ത കൊലപാതകം നടന്നത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ഷിബിനെ മുസ് ലിം ലീഗ് പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്. രാഷ്ട്രീയ വിരോധത്താല്‍ സംഘം ചേര്‍ന്ന് ഷിബിനെ കൊലപ്പെടുത്തുകയും ആറുപേരെ കൊല്ലാന്‍ ശ്രമിക്കുകയും ചെയ്‌തെന്നായിരുന്നു കേസ്. എന്നാല്‍, പ്രതികള്‍ക്കെതിരായ കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്നു ചൂണ്ടിക്കാട്ടി 17 പേരെയും കോടതി വെറുതെവിട്ടു.

മുസ് ലിം ലീഗ് പ്രവര്‍ത്തകരായ തെയ്യമ്പാടി മീത്തലെപുനച്ചിക്കണ്ടി ഇസ്മാഈല്‍(28), സഹോദരന്‍ മുനീര്‍(30), താഴെകുനിയില്‍ കാളിയാറമ്പത്ത് അസ്‌ലം(20), വാരാങ്കിതാഴെകുനി സിദ്ദിഖ്(30), കൊച്ചന്റവിട ജസീം(20), കടയംകോട്ടുമ്മല്‍ സമദ്(അബ്ദുസ്സമദ് -25), മനിയന്റവിട മുഹമ്മദ് അനീസ്(19), കളമുള്ളതാഴെകുനി ഷുഹൈബ്(20), മഠത്തില്‍ ഷുഹൈബ്(20), മൊട്ടെമ്മല്‍ നാസര്‍(36), നാദാപുരം ചക്കോടത്തില്‍ മുസ്തഫ(മുത്തു25), എടാടില്‍ ഹസന്‍(24), വില്ല്യാപ്പിള്ളി കണിയാണ്ടിപാലം രാമത്ത് യൂനസ്(36), നാദാപുരം കല്ലേരിന്റവിട ഷഫീഖ്(26), പന്തീരങ്കാവ് പെരുമണ്ണ വെള്ളായിത്തോട് മഞ്ചപ്പാറേമ്മല്‍ ഇബ്രാഹിംകുട്ടി(54), വെണ്ണിയോട് കോട്ടത്തറ വൈശ്യന്‍ വീട്ടില്‍ സൂപ്പി മുസ് ല്യാര്‍(52), വാണിമേല്‍ പൂവുള്ളതില്‍ അഹമ്മദ് ഹാജി(55) എന്നിവരെയാണ് വെറുതെ വിട്ടിരുന്നത്.

ഒന്നുമുതല്‍ 11 വരെയുള്ള പ്രതികള്‍ കൊലപാതക സംഘത്തിലുള്ളവരും 12 മുതല്‍ 17വരെ പ്രതികള്‍ പ്രതികളെ രക്ഷപ്പെടാനും ഒളിവില്‍ കഴിയാനും സഹായിച്ചവരുമാണെന്നാണ് കേസ്. 66 സാക്ഷിമൊഴികളും 151 രേഖകളും 55 തൊണ്ടി മുതലുകളുമാണ് കേസിലുണ്ടായിരുന്നത്. സംഭവത്തില്‍ 2015 ഏപ്രില്‍ 18ന് കുറ്റപത്രം കുറ്റിയാടി സിഐ ദിനേശ് കോറോത്തിന്റെ നേതൃത്വത്തിലുള്ള സംഘം നാദാപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ് കോടതിയില്‍ സമര്‍പ്പിച്ചു. കൊലപാതകം (302), വധശ്രമം (307), മാരകായുധങ്ങള്‍കൊണ്ട് ബോധപൂര്‍വം പരിക്കേല്‍പ്പിക്കല്‍ (324), കലാപമുണ്ടാക്കല്‍ (147), കുറ്റവാളികളെ ഒളിപ്പിക്കല്‍(212), തെളിവ് നശിപ്പിക്കല്‍ (201) എന്നിവ ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരുന്നത്. നാദാപുരം കോടതിയില്‍ നിന്ന് കേസ് പിന്നീട് മാറാട് പ്രത്യേക കോടതിയിലേക്ക് മാറ്റി. തുടര്‍ന്ന് എരഞ്ഞിപ്പാലം സ്‌പെഷ്യല്‍ അഡീഷനല്‍ സെഷന്‍സ് കോടതി എല്ലാവരെയും വെറുതെവിടുകയായിരുന്നു. പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ വിധിക്കെതിരേ അപ്പീല്‍ നല്‍കിയത്. ഇതിനിടെ, കേസിലെ മൂന്നാം പ്രതിയായ മുസ് ലിം ലീഗ് പ്രവര്‍ത്തകന്‍ താഴെകുനിയില്‍ കാളിയാറമ്പത്ത് അസ്‌ലമിനെ ഒരുസംഘം സിപിഎം പ്രവര്‍ത്തകര്‍ ബൈക്ക് തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തിയിരുന്നു.

Next Story

RELATED STORIES

Share it