Big stories

'ദേശീയപതാക നിര്‍മിക്കുന്നത് ബംഗാളിലെ മുസ് ലിംകമ്പനി'; 'ഹര്‍ ഘര്‍ തിരംഗ' ബഹിഷ്‌കരിക്കണമെന്ന് യതി നരസിംഹാനന്ദ

ദേശീയപതാക നിര്‍മിക്കുന്നത് ബംഗാളിലെ മുസ് ലിംകമ്പനി; ഹര്‍ ഘര്‍ തിരംഗ ബഹിഷ്‌കരിക്കണമെന്ന് യതി നരസിംഹാനന്ദ
X

ന്യൂഡല്‍ഹി: സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച 'ഹര്‍ ഘര്‍ തിരംഗ' കാംപയിന്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം നല്‍കി തീവ്രഹിന്ദുത്വ സന്ന്യാസി യതി നരസിംഹാഹന്ദ. ഇന്ന് സാമൂഹിക മാധ്യമങ്ങള്‍വഴി പുറത്തുവന്ന ഒരു വീഡിയോയിലാണ് നരസിംഹാനന്ദ വിദ്വേഷപരാമര്‍ശവുമായി രംഗത്തുവന്നത്. കേന്ദ്ര സര്‍ക്കാരിന്റെ കാംപയിന്‍ ഒരു മുംസ് ലിം കമ്പനിക്കാണ് ഗുണം ചെയ്യുന്നതെന്നാണ് ആരോപണം. വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.

'ദേശീയപതാക നിര്‍മിക്കാനുള്ള ഏറ്റവും വലിയ ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത് പശ്ചിമ ബംഗാളിലെ സലാവുദ്ദീന്‍ എന്നയാള്‍ക്കാണ്. ഇത് ഹിന്ദുക്കള്‍ക്കെതിരേയുള്ള ഗൂഢാലോചനയാണ്. നിങ്ങള്‍ ജീവനോടെയിരിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ കാംപയിന്റെ പേരില്‍ മുസ് ലിംകള്‍ക്ക് പണം ലഭിക്കുന്നതൊന്നും ചെയ്യരുത്'- വീഡിയോയില്‍ പറയുന്നു.

ആഗസ്ത് 13 മുതല്‍ ആഗസ്ത് 15 വരെ വീടുകളില്‍ ത്രിവര്‍ണ പതാക ഉയര്‍ത്താന്‍ പൗരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ മാസം 'ഹര്‍ ഘര്‍ തിരംഗ' കാമ്പയിന്‍ ആരംഭിച്ചത്.

ഹിന്ദു രാഷ്ട്രീയക്കാര്‍ മുസ്‌ലിംകളെ സാമ്പത്തികമായി ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്യുന്നു. പക്ഷേ, അധികാരത്തിലേറിയാല്‍ അവര്‍ സര്‍ക്കാര്‍ കരാറുകള്‍ മുസ് ലിംകള്‍ക്ക് നല്‍കുന്നു- വീഡിയോയില്‍ നരസിംഹാനന്ദ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നു. ഇത്തരം രാഷ്ട്രീയക്കാരെ ഒരു പാഠം പഠിപ്പിക്കണമെന്നും നരസിംഹാനന്ദ ആഹ്വാനം ചെയ്യുന്നുണ്ട്.

'നിങ്ങളുടെ പണം ഉപയോഗിച്ച് മുസ്‌ലിംകളെ സമ്പന്നരാക്കാനും നിങ്ങളുടെ കുട്ടികളെ കൊല്ലാന്‍ സൗകര്യം ചെയ്തുകൊടുക്കാനും അനുവദിക്കരുത്. ഈ ആളുകളുടെ കെണിയില്‍ വീഴരുത്... ദേശീയപതാക ഹിന്ദുക്കള്‍ക്ക് ഹാനിവരുത്തുന്നു. എല്ലാവരും കാവിപ്പതാകയാണ് വീടുകളില്‍ ഉയര്‍ത്തേണ്ടത്''- അദ്ദേഹം പറയുന്നു.

ജനുവരി 15ന് ഹരിദ്വാറില്‍ നടന്ന മതസമ്മേളനത്തില്‍ മുസ് ലിംകളെ വംശഹത്യയ്ക്ക് ആഹ്വാനം ചെയ്തതിനെ തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. 'സമുദായങ്ങള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുള്ള' ഒരു സമ്മേളനത്തിലും പങ്കെടുക്കരുതെന്ന വ്യവസ്ഥയില്‍ ഫെബ്രുവരി 7ന് കോടതി ജാമ്യം നല്‍കി.

ഏപ്രില്‍ 17ന്, ഹിമാചല്‍ പ്രദേശിലെ ഉന ജില്ലയില്‍ സമാനമായ സമ്മേളനത്തില്‍ വീണ്ടും ഇയാള്‍ പങ്കെടുത്തു. അവിടെയും പ്രകോപനപരമായ പ്രസംഗം നടത്തി. ഇന്ത്യ ഒരു ഇസ് ലാമിക രാജ്യമാകാതിരിക്കാന്‍ ഹിന്ദുക്കളോട് കൂടുതല്‍ സന്തതികളെ ഉല്‍പ്പാദിപ്പിക്കാന്‍ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

മുസ്‌ലിംകളെക്കുറിച്ചുള്ള പ്രകോപനപരമായ കമന്റുകളുള്ള വീഡിയോ സന്ദേശങ്ങള്‍ ഇയാള്‍ പല തവണ പോസ്റ്റ് ചെയ്തിട്ടുണ്ട്.

പ്രവാചകന്‍ മുഹമ്മദ് നബിയെ കുറിച്ച് മുസ്‌ലിംകള്‍ എന്താണ് പറയുന്നതെന്ന് കാണിക്കാന്‍ ഖുര്‍ആനും ഇസ് ലാമിക ചരിത്ര പുസ്തകങ്ങളുമായി ജൂണ്‍ 17ന് ജുമാ മസ്ജിദ് സന്ദര്‍ശിക്കുമെന്ന് ജൂണ്‍ 8ന് നരസിംഹാനന്ദ് പറഞ്ഞിരുന്നു. ഗാസിയാബാദ് ജില്ലാ ഭരണകൂടം ഇടപെട്ടതോടെ സന്ദര്‍ശനം ഉപേക്ഷിക്കേണ്ടിവന്നു.

Next Story

RELATED STORIES

Share it