Big stories

'നാഷനല്‍ ഹെറാള്‍ഡ്, ജാര്‍ഖണ്ഡ് അനധികൃത ഖനനം, സ്‌കൂള്‍ നിയമനഅഴിമതി...': 2022ലെ പ്രധാന ഇ ഡി കേസുകള്‍ ഇവയാണ്

നാഷനല്‍ ഹെറാള്‍ഡ്, ജാര്‍ഖണ്ഡ് അനധികൃത ഖനനം, സ്‌കൂള്‍ നിയമനഅഴിമതി...: 2022ലെ പ്രധാന ഇ ഡി കേസുകള്‍ ഇവയാണ്
X

പുതിയ കാലത്ത് കേന്ദ്ര സര്‍ക്കാരിന്റെ ഏറ്റവും വലിയ ആയുധമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അഥവാ ഇഡി. പ്രതിപക്ഷത്തിന്റെ വായടപ്പിക്കാന്‍ ഉപയോഗിക്കുന്നതില്‍ ഈ കേന്ദ്ര ഏജന്‍സി ബഹുദൂരം മുന്നിലാണ്.

ഇ ഡിയുടെ വലയില്‍ അകപ്പെടുന്നതില്‍ പ്രതിപക്ഷനേതാക്കളാണ് മുന്നില്‍. ബിജെപിക്കാര്‍ അഴിമതിക്കാരല്ലാത്തതുകൊണ്ടല്ല അവര്‍ ഇഡിയുടെ ദൃഷ്ടിയില്‍പെടാത്തത്. ബിജെപി പക്ഷത്തുനിന്ന് വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് ഇ ഡി കേസില്‍ ഉള്‍പ്പെട്ടത്.

ഇഡിയുടെ ദൃഷ്ടിയില്‍ പെട്ട ബിജെപിക്കാരാകട്ടെ മറുപക്ഷത്തായിരിക്കുമ്പോഴാണ് കേസില്‍ ഉള്‍പ്പെടുന്നത്. ഉദാഹരണം സുവേന്ദു അധികാരി. തൃണമൂല്‍ നേതാവായിരിക്കെയാണ് അദ്ദേഹത്തിന് ബിജെപി പണി കൊടുക്കുന്നത്. പിന്നീട് അദ്ദേഹം ബിജപിയുടെ പക്ഷം ചേര്‍ന്നെങ്കിലും കേസ് ബാക്കിയായി.

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) 3,010 പരിശോധനകള്‍ നടത്തി. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിന് (പിഎംഎല്‍എ) കീഴില്‍ 99,356 കോടി രൂപയുടെ കുറ്റകൃത്യങ്ങളുടെ വരുമാനം കണ്ടുകെട്ടി. യുപിഎ ഭരണത്തില്‍ 2004-05 നും 2013-14 നും ഇടയില്‍ 112 പരിശോധനകളും 5,346 കോടി രൂപയുടെ സമ്പത്തുമാണ് കണ്ടുകെട്ടിയത്. ധനമന്ത്രാലയം ചൊവ്വാഴ്ച പാര്‍ലമെന്റിനെ അറിയിച്ചതാണ് ഈ കണക്കുകള്‍.


നാഷനല്‍ ഹെറാള്‍ഡ് കേസ്

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും പാര്‍ട്ടി നേതാവ് രാഹുല്‍ ഗാന്ധിയും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ സാമ്പത്തിക ക്രമക്കേടുകള്‍ ആരോപിക്കപ്പെട്ട നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് ആഗസ്റ്റ് 2ന് ഡല്‍ഹിയില്‍ 12 സ്ഥലങ്ങളിലും മറ്റ് സ്ഥലങ്ങളിലും ഇഡി റെയ്ഡ് നടത്തി. രാഹുല്‍ ഗാന്ധിയെയും സോണിയാഗാന്ധിയെയും നിരവധി തവണ ഇ ഡി ചോദ്യം ചെയ്തിരുന്നു. അവരുടെ വസതിയിലും നാഷണല്‍ ഹെറാല്‍ഡ് ആസ്ഥാനത്തും പോലിസിനെ വിന്യസിപ്പിച്ചു.

യങ് ഇന്ത്യപ്രൈവറ്റ് ലിമിറ്റഡിന്റെ അധീനതയിലുള്ള നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ അക്കൗണ്ടിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് കേസ്. കള്ളപ്പണനിരോധന നിയമത്തിലെ ക്രിമിനല്‍ നടപടി പ്രകാരം മൊഴിയെടുക്കുന്നുവെന്നാണ് സോണിയക്കും രാഹുലിനും ഇ ഡി നല്‍കിയ നോട്ടിസിലുള്ളത്. നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമസ്ഥരായ എജെഎല്‍ കമ്പനിയുടെ കോടിക്കണക്കിന് വിലവരുന്ന ആസ്തി സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഡയറക്ടര്‍മാരായ യംഗ് ഇന്ത്യ എന്ന കമ്പനിയിലേക്ക് മാറ്റിയതില്‍ കള്ളപ്പണ ഇടപാട് നടന്നുവെന്ന സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാതിയിലാണ് ഇഡി നടപടി. 2015ല്‍ കേസ് ഇഡി അവസാനിപ്പിച്ചെങ്കിലും സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാതിയില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി തുടരന്വേഷണത്തിലേക്ക് കേന്ദ്രസര്‍ക്കാര്‍ നീങ്ങുകയായിരുന്നു.

ഭൂപേുന്ദര്‍ സിങ് ഹണി, മണലൂറ്റല്‍

മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ഛരന്‍ജിത് സിങ് ചന്നിയുടെ മരുമകന്‍ ഭുപീന്ദര്‍ സിങ് ഹണിയുടെ അധീനതയിലുളള ഭൂമിയില്‍നിന്ന് അനധികൃതമായി മണല്‍ഊറ്റിയെന്നാണ് കേസ്. ഹണിയെ ഫെബ്രുവരി 3ന് ജലന്ധറില്‍നിന്ന് അറസ്റ്റ് ചെയ്തു. 10 കോടിയുടെ സ്വര്‍ണവും 21 ലക്ഷത്തിന്റെ സ്വര്‍ണാഭരണങ്ങളും 12 ലക്ഷത്തിന്റെ റോളക്‌സ് വാച്ചും കണ്ടെടുത്തു. 2022ല്‍ നടന്ന വലിയ പരിശോധനകളിലൊന്നാണ് ഇത്. ഛന്നിയെയും ഈ കേസില്‍ ചോദ്യം ചെയ്തു.

ജാര്‍ഖണ്ഡ് അനധികത ഖനനക്കേസ്

ഐഎഎസ് ഓഫിസര്‍ പൂജ സിഘാള്‍ പ്രതിയായ കളളപ്പണം വെളിപ്പിക്കല്‍ കേസില്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറനും ഉള്‍പ്പെട്ടിട്ടുണ്ട്. ഛത്ര, ഖുന്തി ജില്ലകളില്‍ തൊഴിലുറപ്പ് പദ്ധതിക്കു വന്ന ഫണ്ടില്‍ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. പുജയെ മെയ് മാസത്തില്‍ അറസ്റ്റ് ചെയ്തു. പൂജയുടെയും അവരുടെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടിന്റെയും വസതിയില്‍ നടത്തിയ പരിശോധനയില്‍ 20 കോടി കണ്ടെത്തി. പൂജയുടെ ഭര്‍ത്താവ് അഭിഷേക് ഝായുടെ പള്‍സ് ഹോസ്പിറ്റലിലും പരിശോധ നടന്നു. പൂജ ഖനന വകുപ്പിന്റെയും മിനറല്‍ ഡെവലപ്‌മെന്റ് വകുപ്പിന്റെയും സെക്രട്ടറിയാണ്.


അധ്യാപക നിയമന അഴിമതി

ബംഗാള്‍ മന്ത്രിയായിരുന്ന പാര്‍ത്ഥാ ചാറ്റര്‍ജിയുടെ കൂട്ടാളി അര്‍പിത മുഖര്‍ജിയുടെ ഫ്‌ലാറ്റില്‍നിന്ന് ഇ ഡി കഴിഞ്ഞ മാസം പല തവണയായി 50 കോടി രൂപ പിടിച്ചെടുത്തു. അര്‍പിതയും പാര്‍ത്ഥാ ചാറ്റര്‍ജിയും ഇപ്പോള്‍ ഈ കേസില്‍ ജയിലിലാണ്.

ബംഗാളില്‍ സ്‌കൂള്‍ ടീച്ചര്‍ നിയമന അഴിമതിക്ക് ചുക്കാന്‍ പിടിച്ചതിന്റെ ഭാഗമയി ലഭിച്ച പണമാണ് അര്‍പിതയുടെ രണ്ട് ഫ്‌ലാറ്റില്‍നിന്ന് ലഭിച്ചതെന്നാണ് ഇ ഡി ആരോപിക്കുന്നത്. കൊല്‍ക്കത്തയിലെ ഫ്‌ലാറ്റില്‍നിന്ന് 21 കോടി പിടിച്ചെടുത്ത ശേഷമാണ് പാര്‍ത്ഥാ ചാറ്റര്‍ജി അറസ്റ്റിലായത്. മമത മന്ത്രിസഭയിലെ വ്യവസായ മന്ത്രിയായിരുന്നു ഇദ്ദേഹം. രണ്ട് പേരുടെ പേരിലുള്ള സ്വത്ത് കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇ ഡി. പണം തങ്ങളുടേതല്ലെന്നാണ് ഇവരുടെ വാദം.

സത്യേന്ദര്‍ ജയിന്‍ പ്രതിയായ കള്ളപ്പണക്കേസ്

എഎപി നേതാവും ഡല്‍ഹി ആരോഗ്യമന്ത്രിയുമായ സത്യേന്ദ്ര ജയിന്‍ പ്രതിയായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇ ഡി അദ്ദേഹത്തെ കഴിഞ്ഞ മെയിലാണ് അറസ്റ്റ് ചെയ്തത്. 2017 ആഗസ്ത് 24നാണ് സിബിഐ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അന്വേഷണം ആരംഭിച്ചത്. നിരവധി ഡിജിറ്റല്‍ തെളിവുകളും രേഖകളും ലഭിച്ചെന്നാണ് ഇ ഡി പറയുന്നത്.

രണ്ട് കോടി രൂപ പണമായും 1.8 കിലോ ഗ്രാം സ്വര്‍ണവുമാണ് ഇ ഡിയുടെ പരിശോധനയില്‍ കണ്ടെത്തിയത്. കഴിഞ്ഞ മാസം സത്യേന്ദ്ര ജയിന്റെ ഭാര്യ പൂനം ജെയിനെ ഇ ഡി ചോദ്യം ചെയ്തിരുന്നു. ഇവരും ഇതേ കേസില്‍പ്രതിയാണ്.


ചൈനീസ് വിസാ കേസ്

ചൈനീസ് വിസയുമായി ബന്ധപ്പെട്ടായാണ് കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരത്തിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തത്. കേസുമായി ബന്ധപ്പെട്ട് പി ചിദംബരവും മകന്‍ കാര്‍ത്തിയുമായി ബന്ധപ്പെട്ട വിവിധ സ്ഥലങ്ങളില്‍ ഈ വര്‍ഷം മെയ് മാസത്തില്‍ സി ബി ഐ രാജ്യവ്യാപകമായി പരിശോധന നടത്തിയതിന് തൊട്ടുപിന്നാലെയാണിത്. പഞ്ചാബിലെ ഒരു പവര്‍ പ്രൊജക്ടിനായി വേദാന്തയുടെ അനുബന്ധ സ്ഥാപനവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ 300 ചൈനീസ് പൗരന്മാര്‍ക്ക് വിസ നല്‍കുന്നതിന് വേദാന്ത ഗ്രൂപ്പില്‍ നിന്ന് കാര്‍ത്തി 50 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് എഫ്‌ഐആര്‍.

പത്ര ചൗള്‍ കേസ്

പത്ര ചൗള്‍ കേസുമായി ബന്ധപ്പെട്ട ക്രമക്കേടുകളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ശിവസേന എംപി സഞ്ജയ് റാവത്ത് നിലവില്‍ ഇഡി കസ്റ്റഡിയിലാണ്. റാവുത്തിന്റെ ഭാണ്ഡൂപ് ബംഗ്ലാവില്‍ ഇഡി റെയ്ഡ് നടത്തി 11.5 ലക്ഷം രൂപ പിടിച്ചെടുത്തു. അലിബാഗിലെ 10 പ്ലോട്ടുകള്‍ വില്‍ക്കുന്നവര്‍ക്ക് റാവത്ത് മൂന്ന് കോടി രൂപ പണമായി നല്‍കിയതിന്റെ രേഖകള്‍ ഉള്‍പ്പെടെ നിരവധി സുപ്രധാന രേഖകളും റെയ്ഡില്‍ കണ്ടെടുത്തു. കോടതി റാവത്തിനെ ആഗസ്റ്റ് 4 വരെ ഇഡി കസ്റ്റഡിയില്‍ വിട്ടു. തെളിവുകള്‍ നശിപ്പിക്കാനും പ്രധാന സാക്ഷികളെ സ്വാധീനിക്കാനും റാവത്ത് ശ്രമിച്ചതായും ഏജന്‍സി കുറ്റപ്പെടുത്തി.


മുംബൈയിലെ ഗോരേഗാവില്‍ സ്ഥിതിചെയ്യുന്ന പത്ര ചോള്‍ എന്ന ജനവാസകേന്ദ്രത്തിന്റെ പുനര്‍വികസനവും അതിന് പിന്നാലെയുണ്ടായ ഭൂമിവില്‍പ്പനയും ക്രമക്കേടുമാണ് പത്ര ചോള്‍ കുംഭകോണം കേസിന് ആധാരം. പാവപ്പെട്ടവര്‍ താമസിക്കുന്ന, സൗകര്യങ്ങളില്ലാത്ത ജനവാസകേന്ദ്രങ്ങളെയാണ് ചോള്‍ എന്ന് വിളിക്കുന്നത്. 2007ലാണ് പത്രചോളിന്റെ വികസനവുമായി ബന്ധപ്പെട്ട് ഒരു കരാര്‍ നിലവില്‍ വരുന്നത്.

യെസ് ബാങ്ക്-ഡിഎച്ച്എഫ്എല്‍ തട്ടിപ്പ് കേസ്

യെസ് ബാങ്ക്-ഡിഎച്ച്എഫ്എല്‍ തട്ടിപ്പ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 415 കോടി രൂപയുടെ സ്വത്താണ് കണ്ടുകെട്ടിയത്. ആകെയുള്ളതില്‍ 251 കോടി രൂപ സഞ്ജയ് ഛാബ്രിയയുടെയും 164 കോടി അവിനാഷ് ഭോസാലെയുടെയും ആയിരുന്നു. ഇരുവര്‍ക്കുമെതിരെ 2002ലെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമ പ്രകാരം ഇഡി രണ്ട് കേസെടുത്തു.

ഈ കേസില്‍ മൊത്തം 1,827 കോടി രൂപ അറ്റാച്ച്‌മെന്റ് നടത്തിയിട്ടുണ്ടെന്നാണ് ഏജന്‍സി പറയുന്നത്. മുംബൈയിലെ സാന്താക്രൂസില്‍ സ്ഥിതി ചെയ്യുന്ന 116.5 കോടി രൂപ വിലമതിക്കുന്ന ഭൂമിയാണ് സഞ്ജയ് ഛാബ്രിയയുടെ കണ്ടുകെട്ടിയ സ്വത്തില്‍ ഉള്‍പ്പെടുന്നത്. ഛാബ്രിയയുടെ കമ്പനിയുടെ 25 ശതമാനം ഇക്വിറ്റി ഷെയറുകളാണ്. 115 കോടി രൂപ വിലമതിക്കുന്ന ബെംഗളൂരുവില്‍ സ്ഥിതി ചെയ്യുന്ന ഫ്‌ലാറ്റും ഇതിന്റെ ഭാഗമാണ്.

മുംബൈയില്‍ 102.8 കോടി രൂപ വിലമതിക്കുന്ന ഭോസാലെയുടെ ഡ്യൂപ്ലെക്‌സ് ഫ്‌ലാറ്റ്, 14.65 കോടി രൂപ വിലമതിക്കുന്ന പൂനെയിലുള്ള ഭൂമി എന്നിവയാണ് അവിനാഷ് ഭോസാലെയുടെ കണ്ടുകെട്ടിയ ആസ്തികള്‍. ജൂണില്‍ സഞ്ജയ് ഛാബ്രിയയെയും അവിനാഷ് ഭോസാലെയെയും ഇഡി അറസ്റ്റ് ചെയ്തിട്ടുണ്ട്, ഇരുവരും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഇവര്‍ക്കെതിരേ വേറെയും ഭൂമിയുണ്ട്.

നവാബ് മാലിക്കും ഡി കമ്പനിയും

കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് മഹാരാഷ്ട്ര മന്ത്രിയും നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) നേതാവുമായ നവാബ് മാലിക്കിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തത്. ഗുണ്ടാ നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയുമായി ദീര്‍ഘകാലമായി ബന്ധമുണ്ടെന്ന് ഗുരുതരമായ ആരോപണമാണ് അദ്ദേഹത്തിനെതിരേ ഉന്നയിച്ചിട്ടുളളത്. മുംബൈയിലെ പ്രത്യേക പിഎംഎല്‍എ കോടതിയില്‍ ഇഡി പ്രോസിക്യൂഷന്‍ കുറ്റപത്രം സമര്‍പ്പിച്ചു. മാലിക്കിന് ഡി കമ്പനിയുമായി ബന്ധമുണ്ടെന്ന് ഇ ഡി ആരോപിക്കുന്നു. 1996ല്‍ കുര്‍ള വെസ്റ്റിലെ ഗോവാല ബില്‍ഡിംഗ് കോംപൗണ്ട് കൈവശപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം. മാലിക് ഇഡി കസ്റ്റഡിയിലാണ്.

Next Story

RELATED STORIES

Share it