Big stories

അറബ് വംശജരുടെ പ്രതിഷേധം; ലോഡ് നഗരത്തില്‍ ഇസ്രായേല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

1966ന് ശേഷം ആദ്യമായാണ് ഇസ്രായേല്‍ സര്‍ക്കാര്‍ തങ്ങളുടെ അധീനതയിലുള്ള അറബ് സമൂഹത്തിന്മേല്‍ അടിയന്തരാവസ്ഥ പ്രയോഗിക്കുന്നതെന്ന് ടൈംസ് ഓഫ് ഇസ്രായേല്‍ റിപോര്‍ട്ട് ചെയ്തു.

അറബ് വംശജരുടെ പ്രതിഷേധം; ലോഡ് നഗരത്തില്‍ ഇസ്രായേല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
X

ഗസ സിറ്റി: ബൈത്തുല്‍ മുഖദ്ദിസിലും ശെയ്ഖ് ജര്‍റയിലും ഗസയിലും ഇസ്രായേല്‍ നടത്തിയ ആക്രമണത്തിനു തിരിച്ചടിയായി ഹമാസ് പ്രത്യാക്രമണം നടത്തിയതിനു പിന്നാലെ ഇസ്രായേലില്‍ അറബ് വംശജരുടെ പ്രതിഷേധം ആളിക്കത്തി. ഇതേത്തുടര്‍ന്ന് ടെല്‍ അവീവിനു സമീപത്തെ മധ്യ ഇസ്രായേലി പട്ടണമായ ലോഡില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഒരു ദിവസം മുമ്പ് നഗരത്തില്‍ സംഘര്‍ഷത്തിനിടെ മരിച്ച ഒരു ഇസ്രായേലി അറബ് വംശജന്റെ സംസ്‌കാര ചടങ്ങിനെ തുടര്‍ന്നാണ് പ്രതിഷേധം തെരുവുയുദ്ധത്തിലെത്തിയത്. ഏറ്റുമുട്ടലില്‍ 12 പേര്‍ക്ക് പരിക്കേറ്റതായി ഇസ്രായേല്‍ പത്രം ഹാരെറ്റ്‌സ് റിപോര്‍ട്ട് ചെയ്തു. രാത്രി ആയതോടെ ലോഡിലെ സ്ഥിതി വഷളായതായി പോലിസ് പറഞ്ഞു. സിനഗോഗുകള്‍ക്കും(ജൂതപള്ളികള്‍) നിരവധി വ്യാപാര സ്ഥാപനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും തീയിട്ടതായി പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രായേല്‍ റിപോര്‍ട്ട് ചെയ്തു. ആക്രമണം ഭയന്ന് ചില താമസക്കാര്‍ പൊതു താമസസ്ഥലം ഉപേക്ഷിക്കുകയാണ്. പ്രതിഷേധക്കാര്‍ പോലിസിന് നേരെ കല്ലെറിഞ്ഞു. അതേസമയം, അറബ് നിവാസികള്‍ ഓടിച്ചിരുന്ന കാറില്‍ ജൂതന്മാര്‍ കല്ലെറിഞ്ഞതായി റിപോര്‍ട്ടുകള്‍ ഉണ്ടെന്ന് റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സി അറിയിച്ചു.

നഗരത്തില്‍ സംഘര്‍ഷത്തിനിടെ മരിച്ച ഇസ്രായേലി അറബ് വംശജന്റെ മൃതദേഹം കൊണ്ടുപോവുന്നു

ലോഡ് മേയറുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് ചൊവ്വാഴ്ച രാത്രി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ലോഡില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുമായും നിയമ ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തിയ ശേഷമാണ് നെതന്യാഹുവിന്റെ അടിയന്തരാവസ്ഥ പ്രഖ്യാപനം. വെസ്റ്റ് ബാങ്കില്‍ നിന്ന് ഇസ്രായേല്‍ അതിര്‍ത്തി പോലിസിനെ എത്തിച്ചിട്ടുണ്ട്. ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങളും ഹമാസിന്റെ പ്രത്യാക്രമണവും ഇസ്രായേലിനുള്ളിലെ അറബ് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കിയതാണ് പ്രതിഷേധത്തിലേക്ക് നയിച്ചത്. ഇസ്രായേലി അറബ് ജനസംഖ്യ കൂടുതലുള്ള മറ്റ് നഗരങ്ങളിലും കിഴക്കന്‍ ജറുസലേമിലും വെസ്റ്റ് ബാങ്കിലും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. സ്ഥിതിഗതികള്‍ പൂര്‍ണമായും നിയന്ത്രണാതീതമാണെന്നും ഇസ്രായേലിലുള്ള എല്ലാവരും ഇക്കാര്യം അറിയണമെന്നും ലോഡ് മേയര്‍ യെയര്‍ റിവിവോയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രായേല്‍ പത്രം റിപോര്‍ട്ട് ചെയ്തു. ലോഡില്‍ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടതായും അദ്ദേഹം പറഞ്ഞു. 1966ന് ശേഷം ആദ്യമായാണ് ഇസ്രായേല്‍ സര്‍ക്കാര്‍ തങ്ങളുടെ അധീനതയിലുള്ള അറബ് സമൂഹത്തിന്മേല്‍ അടിയന്തരാവസ്ഥ പ്രയോഗിക്കുന്നതെന്ന് ടൈംസ് ഓഫ് ഇസ്രായേല്‍ റിപോര്‍ട്ട് ചെയ്തു. ആക്രണണ സാധ്യതയുള്ളതിനാല്‍ ലോഡ് പട്ടണത്തിലും പരിസര പ്രദേശങ്ങളിലും പോവുന്നത് ഒഴിവാക്കണമെന്നും കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിക്കുകയും പ്രാദേശിക മാധ്യമങ്ങള്‍ നിരീക്ഷിക്കുകയും അപ്ഡേറ്റുകള്‍ക്കായി വിശ്വസനീയമായ സ്രോതസ്സുകളെയും ബന്ധപ്പെടണമെന്നും അറിയിച്ചതായി ഗാര്‍ഡ വേള്‍ഡ് റിപോര്‍ട്ട് ചെയ്തു.

ലോഡില്‍ പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കിയ വാഹനം

ആക്രമണങ്ങള്‍ തടയാന്‍ സൈനിക സഹായം വേണമെന്ന് മേയര്‍ അഭ്യര്‍ത്ഥിച്ചതിനെ തു ടര്‍ന്ന് അതിര്‍ത്തി സേനയുടെ കൂടുതല്‍ ബറ്റാലിയനുകള്‍ പ്രദേശത്തേക്ക് വിന്യസിച്ചിട്ടുണ്ട്. തെക്കന്‍ മേഖലയിലാണ് ചീഫ് ഓഫ് സ്റ്റാഫ് നിര്‍ദേശിച്ചതുപ്രകാരം 5000 സൈനികരെ കൂടി വിന്യസിക്കാന്‍ പ്രതിരോധമന്ത്രി ബെന്നി ഗാന്റ്‌സ് ഉത്തരവിട്ടത്. ഹമാസുമായുള്ള ഏറ്റുമുട്ടല്‍ നീണ്ടു പോയേക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തിങ്കളാഴ്ച മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലെയാണ് നടപടി.


നേരത്തേ, ഗസയില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ വിവിധ വ്യോമാക്രമണത്തില്‍ ഒമ്പത് കുട്ടികളടക്കം 38 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു തിരിച്ചടിയെന്നോണം തെക്കന്‍ ഇസ്രായേലിലേക്ക് തിങ്കളാഴ്ച അര്‍ധരാത്രി ഹമാസ് നടത്തിയ റോക്കറ്റാക്രമണത്തില്‍ രണ്ട് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അല്‍ അഖ്‌സ പള്ളിയില്‍ ഇസ്രായേല്‍ സേന നടത്തിയ ആക്രമണങ്ങളില്‍ എഴുനൂറോളം പേര്‍ക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച ഹമാസ് ഇസ്രായേലിനുനേരെ 250 റോക്കറ്റുകള്‍ തൊടുത്തതായി ഇസ്രയേല്‍ സൈന്യം ആരോപിച്ചു.

Next Story

RELATED STORIES

Share it