Big stories

അടുത്ത സുപ്രിംകോടതി ചീഫ് ജസ്റ്റിസ് യു യു ലളിത് വ്യാജഏറ്റുമുട്ടല്‍ കേസുകളില്‍ അമിത് ഷായുടെ അഭിഭാഷകന്‍; വിമര്‍ശനവുമായി സാമൂഹികമാധ്യമങ്ങള്‍

അടുത്ത സുപ്രിംകോടതി ചീഫ് ജസ്റ്റിസ് യു യു ലളിത് വ്യാജഏറ്റുമുട്ടല്‍ കേസുകളില്‍ അമിത് ഷായുടെ അഭിഭാഷകന്‍; വിമര്‍ശനവുമായി സാമൂഹികമാധ്യമങ്ങള്‍
X

വിരമിക്കാനിരിക്കുന്ന സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ കഴിഞ്ഞ ആഗസ്ത് 4ന് അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഉദയ് ഉമേഷ് ലളിതിനെ ശുപാര്‍ശ ചെയതു. ഇത് സാമൂഹിക മാധ്യമങ്ങളില്‍ വലിയ പ്രതിഷേധത്തിന് വഴിവച്ചു. ഇന്ന് അദ്ദേഹത്തിന്റെ നിയമന ഉത്തരവില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു ഒപ്പുവച്ചു. ആഗസ്ത് 27ന് അദ്ദേഹം ചീഫ് ജസ്റ്റിസായി സ്ഥാനമേറ്റെടുക്കും.

സാമൂഹിക മാധ്യമങ്ങള്‍ അദ്ദേഹത്തിനെതിരേ വാളെടുക്കാനുളള കാരണങ്ങളില്‍ പ്രധാനം അമിത് ഷായുമായും ഗുജറാത്ത് കലാപവുമായുമുള്ള അദ്ദേഹത്തിന്റെ ബന്ധങ്ങളാണ്. അമിത് ഷാ പ്രതിയായ നിരവധി കേസുകളില്‍ അദ്ദേഹത്തിന്റെ അഭിഭാഷകനായിരുന്നു ജസ്റ്റിസ് ലളിത്. ഗുജറാത്തിലെ ആഭ്യന്തര മന്ത്രിയായിരിക്കുന്ന സമയത്ത് നടന്ന പല കസ്റ്റഡികൊലപാതകങ്ങളിലും അമിത് ഷാ നേരിട്ട് പ്രതിയായിരുന്നു. ആ കേസുകളില്‍ പലതിലും അമിത് ഷായെ പ്രതിനിധീകരിച്ചത് ഇപ്പോള്‍ ചീഫ് ജസ്റ്റിസായി സ്ഥാനമേറ്റെടുക്കാനിരിക്കുന്ന ജസ്റ്റിസ് ലളിതാണ്.

  ജസ്റ്റിസ് രമണയുമൊത്ത്

ജസ്റ്റിസ് രമണയുമൊത്ത്

സുപ്രിംകോടതിയിലേക്ക് നേരിട്ട് അഭിഭാഷകനായി ശുപാര്‍ശ ചെയ്യപ്പെട്ട ലളിത് ഈ രീതിയില്‍ എത്തി ചീഫ് ജസ്റ്റിസായി നിയമിക്കപ്പെടുന്ന രണ്ടാമത്തെയാളാണ്.

2014 മെയില്‍ കേന്ദ്രത്തില്‍ മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തി മൂന്നു മാസത്തിനുള്ളിലാണ് ജസ്റ്റിസ് ലളിതിനെ സുപ്രിംകോടതിയിലേക്ക് നേരിട്ട് നിയമിക്കുന്നത്. അതേസമയം ജസ്റ്റിസ് ലളിതിന്റെ നിയമനത്തില്‍ അത്തരം ഘടനകങ്ങളൊന്നുമില്ലെന്ന് കരുതുന്നവരുമുണ്ട്. അദ്ദേഹത്തിന്റെ പല വിധികളും ഈ രീതിയില്‍ കാണാനാവില്ലെന്ന് അവര്‍ പറയുന്നു.

2014 ആഗസ്തില്‍ സുപ്രിംകോടതിയിലെത്തും മുമ്പ് വലിയ പ്രാക്റ്റീസ് ഉള്ള അഭിഭാഷകനായിരുന്നു അദ്ദേഹം. രാജ്യത്തെ വലിയ പല കേസുകളിലും അദ്ദേഹം അഭിഭാഷകനായിരുന്നു, അതും സുപ്രിം കോടതിയില്‍ത്തന്നെ. മുന്‍ ഇന്ത്യന്‍ ആര്‍മി ചീഫ് വി കെ സിങ്ങ്, മുന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങ്, നടന്‍ സല്‍മാന്‍ ഖാന്‍ എന്നിവര്‍ പ്രതികളായ കേസുകളില്‍ ഇദ്ദേഹം അഭിഭാഷകനായിരുന്നു.

അതില്‍ ഏറ്റവും ജനശ്രദ്ധ പിടിച്ചുപറ്റിയ കേസ് അമിത് ഷാ പ്രതിയായ 2005-06ലെ സൊഹ്‌റാബുദ്ദീന്‍ ഷെയ്ക്ക്- തുളസിറാം പ്രജാപതി വ്യാജ ഏറ്റുമുട്ടല്‍ കേസാണ്. ആ സമയത്ത് അമിത് ഷാ ഗുജറാത്തിലെ ആഭ്യന്തര മന്ത്രിയായിരുന്നു. 2010ല്‍ ഈ കേസില്‍ അമിത് ഷാക്ക് ജയില്‍വാസമനുഷ്ഠിക്കേണ്ടിവന്നു.

ഷായുടെ അഭിഭാഷകനായിരുന്നു എന്ന ഒറ്റക്കാരണത്താല്‍ അദ്ദേഹത്തെ വിമര്‍ശിക്കേണ്ട കാര്യമില്ലെന്ന് വാദിക്കുന്നവരുണ്ട്. മുന്‍ പാട്‌ന ഹൈക്കോടതി ജഡ്ജി അന്‍ജന പ്രകാശ് ആ അഭിപ്രായക്കാരിയാണ്. കക്ഷിയെ നോക്കിയാവരുത് അഭിഭാഷകനെ വിലയിരുത്തേണ്ടതെന്നാണ് അവരുടെ അഭിപ്രായം.

അവര്‍ കേസുകളിലാണ് അവരെ പ്രതിനിധീകരിക്കുന്നത്, അല്ലാതെ വ്യക്തിപരമായല്ല. കാര്‍ ഡ്രൈവറെപ്പോലയാണ് ഒരു അഭിഭാഷകനും. ഏത് യാത്രക്കാരനെയും കാര്‍ ഡ്രൈവര്‍ കാറില്‍ കയറ്റേണ്ടിവരും. അതുപോലെയാണ് അഭിഭാഷകരും- അദ്ദേഹം പറയുന്നു.

ഇന്ത്യയില്‍ ബാര്‍ കൗണ്‍സിലാണ് അഭിഭാഷകരുടെ സ്വഭാവം പരിശോധനക്കു വിധേയമാക്കുന്നത്. ഒരാള്‍ക്കെതിരേയുള്ള കുറ്റം വിധിക്കപ്പെടുന്നതുവരെ അയാള്‍ നിരപരാധിയാണ്. കുറ്റം വിധിക്കാനുളള അധികാരം ജഡ്ജിക്കാണ്. അതുകൊണ്ടുതന്നെ കക്ഷിക്കനുസരിച്ച് അഭിഭാഷകരെ വിധിക്കരുതെന്ന് ദുഷ്യന്ത് ദാവെയെപ്പോലുള്ള മുതിര്‍ന്ന അഭിഭാഷകര്‍ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ ലളിതിനെതിരേയുള്ള ആരോപണങ്ങള്‍ കക്ഷികളുമായി ബന്ധപ്പെട്ടതു മാത്രമല്ല. 2014ല്‍ അദ്ദേഹത്തെ സുപ്രിംകോടതിയില്‍ നിയമിക്കപ്പെട്ട സാഹചര്യമാണ് പലരും ചൂണ്ടിക്കാട്ടുന്നത്.

ആ വര്‍ഷം നാല് പേരെയാണ് സുപ്രിംകോടതി കൊളീജിയം ശുപാര്‍ശ ചെയ്തത്. അതിലൊരാള്‍ മുന്‍ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്ര്ഹമണ്യനാണ്. പുതുതായി അധികാരത്തിലെത്തിയ ബിജെപി സര്‍ക്കാര്‍ മൂന്ന് പേരുടെ നിയമനം അംഗീകരിച്ചെങ്കിലും ഗോപാല്‍ സുബ്രഹ്മണ്യനെ തഴഞ്ഞു.

ഗോപാല്‍ സുബ്രഹ്മണ്യന് കോര്‍പറേറ്റുകളുമായി ബന്ധമുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപോര്‍ട്ടുണ്ടെന്നായിരുന്നു പറഞ്ഞ കാരണം. സോളിസിറ്റര്‍ ജനറലായ കേസുകളില്‍ വഴിവിട്ട രീതിയില്‍ ഇടപെട്ടെന്നും ആരോപിക്കപ്പെട്ടു.

എന്നാല്‍ സൊഹ്‌റാബുദ്ദീന്‍ ഷെയ്ക്ക് വ്യാജഏറ്റുമുട്ടല്‍ കേസില്‍ അമികസ് ക്യൂറിയായതാണ് അദ്ദേഹത്തെ തഴയാന്‍ കാരണമെന്നാണ് കരുതപ്പെടുന്നത്. അമിത് ഷായെ ജയിലിലടക്കുന്നതില്‍ ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ നിലപാടുകള്‍ വലിയ പങ്കുവഹിച്ചു.

സുപ്രിംകോടതി ജഡ്ജിയായുളള അദ്ദേഹത്തിന്റെ നിയമനത്തിനെതിരേ സര്‍ക്കാര്‍ എതിര്‍നിലപാടെടുത്തപ്പോള്‍ ഗോപാല്‍ സുബ്രഹ്മണ്യന്‍ താന്‍ നല്‍കിയിരുന്ന അനുമതി പിന്‍വലിച്ചു. 2014 ജൂണില്‍ തനിക്കെതിരേയുളള ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ട് അദ്ദേഹം അന്നത്തെ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ആര്‍ എം ലോധക്ക് എഴുതി. തന്റെ നിയമനം സര്‍ക്കാര്‍ തടഞ്ഞിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സുബ്രഹ്മണ്യത്തിന്റെ നിയമനം അംഗീകരിക്കാത്ത കേന്ദ്രസര്‍ക്കാരിനെ ലോധ പോലും പരസ്യമായി വിമര്‍ശിച്ചു.

ഗോപാല്‍ സുബ്രഹ്മണ്യന്റെ സ്ഥാനത്താണ് 2014 ആഗസ്റ്റില്‍ ലളിത് നിയമിതനായത്. സാമൂഹികമാധ്യമങ്ങള്‍ ഈ നിയമനത്തെ എതിര്‍ത്ത സാഹചര്യം ഇതായിരുന്നു.

പലരും ഈ വിമര്‍ശനങ്ങളെയും ശരിവയ്ക്കുന്നില്ല. മദന്‍ ലോകുര്‍ പറയുന്നത്, വിമര്‍ശനങ്ങള്‍ ബാലിശമാണെന്നാണ്. സുബ്രഹ്മണ്യനെ നിയമിക്കാത്തിന് ലളിതിനെ പറയേണ്ട കാര്യമില്ലെന്നാണ് നിയമവിദഗ്ധന്‍ അനുജ് ഭുവാനിയ പറയുന്നത്. അദ്ദേഹത്തിന് അതിനുള്ള യോഗ്യതയുണ്ടെന്ന് അനുജ് ചൂണ്ടിക്കാട്ടുന്നു.

ജസ്റ്റിസ് ലളിത് മാന്യനാണെന്നാണ് ദുഷ്യന്ത് ദാവെയെപ്പോലുള്ളവര്‍ പറയുന്നത്. ആര്‍ക്കെതിരേയും ഒരു പക്ഷപാതിത്തവും അദ്ദേഹം പ്രദര്‍ശിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

74 ദിവസമേ അദ്ദേഹത്തിന് ഈ സ്ഥാനത്തിരിക്കാന്‍ കഴിയൂ എന്നത് നിരാശാജനകമാണെന്ന് ലോകൂര്‍ പറയുന്നു.

Next Story

RELATED STORIES

Share it