Big stories

ജാമിഅ അക്രമം: പോലിസിനു ഡല്‍ഹി ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

മനുഷ്യാവകാശ കമ്മീഷന്റെ കണ്ടെത്തലുകള്‍ പൊതുതാല്‍പര്യ ഹരജി തള്ളാന്‍ പര്യാപ്തമാണെന്നായിരുന്നു അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍(എഎസ്ജി) അമാന്‍ ലെഖിയുടെ മറുപടി

ജാമിഅ അക്രമം: പോലിസിനു ഡല്‍ഹി ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
X

ന്യൂഡല്‍ഹി: മതാടിസ്ഥാനത്തിലുള്ള പൗരത്വ ഭേദഗതി നിയമത്തിനെതിരേ സമാധാനപരമായി പ്രതിഷേധിച്ച ജാമിഅ മില്ലിയ്യ ഇസ് ലാമിയ്യ സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്കു നേരെ കാംപസില്‍ കയറി നടത്തിയ ആക്രമണത്തില്‍ പോലിസിനു ഡല്‍ഹി ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍(എന്‍എച്ച്ആര്‍സി) പോലിസിനു ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്നും സംഭവത്തെ പോലിസ് പ്രഫഷനലായി കൈകാര്യം ചെയ്തിട്ടില്ലെന്നാണു റിപോര്‍ട്ട് സൂചിപ്പിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. ഉത്തരവാദികളായ പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ചീഫ് ജസ്റ്റിസ് ഡി എന്‍ പട്ടേല്‍, ജസ്റ്റിസ് പ്രതീക് ജലന്‍ എന്നവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. 2019 ഡിസംബറില്‍ നടന്ന അക്രമവുമായി ബന്ധപ്പെട്ട ഒരു കൂട്ടം പൊതുതാല്‍പര്യ ഹരജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ഡല്‍ഹി ഹൈക്കോടതിയുടെ പരാമര്‍ശം.

2019 ഡിസംബര്‍ 15നാണു ജാമിഅ മില്ലിയ്യ സര്‍വകലാശാലയ്ക്കു പുറത്ത് നടത്തിയ സിഎഎ വിരുദ്ധ പ്രക്ഷോഭം സംഘര്‍ഷത്തിലേക്കെത്തിയത്. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ കാംപസിനുള്ളില്‍ അതിക്രമിച്ച് കയറി ലൈബ്രറിയിലുണ്ടായിരുന്ന വിദ്യാര്‍ഥികളെ ക്രൂരമായി ആക്രമിക്കുകയും ലൈബ്രറി തല്ലിത്തകര്‍ക്കുകയും ചെയ്യുകയായിരുന്നു. ഒരു ലൈബ്രറിയില്‍ ഒഴിവാക്കാമായിരുന്ന ചില അക്രമങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അതില്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിരുന്നോയെന്നും വാദത്തിനിടെ ജസ്റ്റിസ് ജലന്‍ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍(എഎസ്ജി) അമാന്‍ ലെഖിയോട് ചോദിച്ചു. എന്നാല്‍, മനുഷ്യാവകാശ കമ്മീഷന്റെ കണ്ടെത്തലുകള്‍ പൊതുതാല്‍പര്യ ഹരജി തള്ളാന്‍ പര്യാപ്തമാണെന്നായിരുന്നു അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍(എഎസ്ജി) അമാന്‍ ലെഖിയുടെ മറുപടി. ഇതോടെയാണ് ജസ്റ്റിസ് ജലന്‍ രൂക്ഷമായ ഭാഷയില്‍ തിരുത്തിയത്. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ റിപോര്‍ട്ടില്‍ രണ്ട് കാര്യങ്ങളും പറയുന്നുണ്ട്. ക്രമസമാധാനനിലയെക്കുറിച്ച് പറയുന്നുണ്ടെങ്കിലും പ്രഫഷണലിസം വളര്‍ത്തിയെടുക്കണമെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇവിടെ പ്രഫഷനലായി കൈകാര്യം ചെയ്തിട്ടില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും കോടതി പറഞ്ഞു.

ക്രമസമാധാന പ്രശ്നമുണ്ടാക്കിയ വിദ്യാര്‍ത്ഥികളാണ് അക്രമങ്ങള്‍ നടത്തിയതെന്നും ചില സന്ദര്‍ഭങ്ങളില്‍ അതിരുകടന്നതായും കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ടെന്നു എഎസ്ജി പറഞ്ഞു. അതിനാല്‍ മൊത്തത്തില്‍ പോലിസ് സ്വീകരിച്ച നടപടി അനാവശ്യമാണെന്നു തോന്നുന്നില്ലെന്നും അദ്ദേഹം വാദിച്ചു. എന്നാല്‍, റിപോര്‍ട്ട് ആര്‍ക്കെങ്കിലും ഏതെങ്കിലും തരത്തില്‍ ക്ലീന്‍ ചിറ്റ് നല്‍കിയതായി വായിക്കാന്‍ കഴിയില്ലെന്നു ജസ്റ്റിസ് ജലന്‍ വ്യക്തമാക്കി. ഹരജി അടുത്ത വെള്ളിയാഴ്ചത്തേക്ക് മാറ്റിവച്ചു.

'NHRC indicated Jamia row handled unprofessionally': Delhi HC to police




Next Story

RELATED STORIES

Share it