Big stories

'ജനാധിപത്യമില്ല, ഇന്ത്യയില്‍ നാല് പേരുടെ സ്വേച്ഛാധിപത്യം': കേന്ദ്ര സര്‍ക്കാരിനെതിരേ രാഹുല്‍ ഗാന്ധി

ജനാധിപത്യമില്ല, ഇന്ത്യയില്‍ നാല് പേരുടെ സ്വേച്ഛാധിപത്യം: കേന്ദ്ര സര്‍ക്കാരിനെതിരേ രാഹുല്‍ ഗാന്ധി
X

ന്യൂഡല്‍ഹി: ഇന്ത്യ സ്വേച്ഛാധിപത്യത്തിലേക്ക് പതിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രതിപക്ഷ നേതാക്കള്‍ക്കെതിരേ നടന്നുകൊണ്ടിരിക്കുന്ന ഇ ഡി നടപടികള്‍ അതിന്റെ ഭാഗമാണെന്നും കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി. തൊഴിലില്ലായ്മ, വിലക്കയറ്റം, ജിഎസ്ടി എന്നിവക്കെതിരേ തീരുമാനിച്ച പ്രതിഷേധത്തിന്റെ ഭാഗമായി വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് രാഹുല്‍ കേന്ദ്രത്തിനെതിരേ ആഞ്ഞടിച്ചത്.

ഇന്ത്യയില്‍ ജനാധിപത്യമില്ലെന്ന് പറയുന്ന രാഹുലിന്റെ പാര്‍ട്ടിയില്‍ ജനാധിപത്യമുണ്ടോയെന്ന് ബിജെപി തിരിച്ചടിച്ചു. കോണ്‍ഗ്രസ്സില്‍ കുടുംബാധിപത്യമാണ് നിലനില്‍ക്കുന്നത്. ഗാന്ധി കുടുംബത്തിനു പുറത്ത് ഇന്നുവരെ ഒരു കോണ്‍ഗ്രസ് പ്രസിഡന്റ് ഉണ്ടായിട്ടില്ലെന്ന് ബിജെപി പരിഹസിച്ചു.

കോണ്‍ഗ്രസ്സിന്റെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുമോയെന്ന ചോദ്യത്തിന് രാഹുല്‍ മറുപടി പറഞ്ഞില്ല.

'ഏഴ് പതിറ്റാണ്ടുകൊണ്ട് കെട്ടിപ്പടുത്തതൊക്കെ അഞ്ച് വര്‍ഷം കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ തകര്‍ത്തെടുത്തു. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മരണമാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ഇന്ത്യക്കാരുടെ ആവശ്യങ്ങളെ നിഷേധിക്കല്‍ മാത്രമാണ് കേന്ദ്രത്തിന്റെ ഏക അജണ്ട'- അദ്ദേഹം പറഞ്ഞു.

വിലക്കയറ്റം, തൊഴിലില്ലായ്മ, ജിഎസ്ടി നിരക്ക് വര്‍ധന എന്നിവയ്‌ക്കെതിരെ കോണ്‍ഗ്രസ് ഇന്ന് പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്. പാര്‍ട്ടി എംപിമാര്‍ ഡല്‍ഹിയിലെ രാഷ്ട്രപതി ഭവനിലേക്കും മറ്റ് നേതാക്കള്‍ പ്രധാനമന്ത്രിയുടെ വസതിയിലേക്കുമാണ് മാര്‍ച്ച് ചെയ്യുക. കോണ്‍ഗ്രസിന്റെ സംസ്ഥാന ഘടകങ്ങളും സമാനമായ പ്രതിഷേധം രാജ്യത്തുടനീളം നടത്തും.

'സര്‍ക്കാരിനെ ചോദ്യം ചെയ്യുന്നവരെ ജയിലിലടക്കുകയാണ്. ജനങ്ങളുടെ ആവശ്യങ്ങള്‍ ഉയര്‍ത്താന്‍ അനുവദിക്കുന്നില്ല. ഇന്ത്യയില്‍ ഇന്ന് ജനാധിപത്യമില്ല, നാല് പേരുടെ ഏകാദിപത്യമാണ്. നിരവധി പ്രതിപക്ഷ എംപിമാര്‍ പ്രതിഷേധിച്ചതിന്റെ പേരില്‍ സഭയില്‍നിന്ന് പുറത്താക്കപ്പെട്ടു'-രാഹുല്‍ പറഞ്ഞു.

അന്വേഷണ ഏജന്‍സികള്‍ അവരുടെ ജോലി മാത്രമാണ് ചെയ്യുന്നതെന്നും പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിട്ടുള്ള നീക്കമല്ലെന്നുമാണ് ബിജെപിയുടെ വാദം. പുറത്താക്കപ്പെട്ട തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പാര്‍ത്ഥ ചാറ്റര്‍ജിയുടെ സഹായിയുടെ വീട്ടില്‍ നിന്ന് അടുത്തിടെ കണ്ടെത്തിയ പണം തങ്ങളുടെ നിലപാടിനെ ശരിവയ്ക്കുന്നതായി ബിജെപി ഉയര്‍ത്തിക്കാട്ടുന്നു.

നാഷണല്‍ ഹെറാള്‍ഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളില്‍ രാഹുലിനെയും സോണിയയെയും ഇ ഡി മണിക്കൂറുകളോളം ചോദ്യംചെയ്തിട്ടുണ്ട്.

Next Story

RELATED STORIES

Share it