Big stories

ഒരു പ്രചാരണത്തിനും ഫലസ്തീന്റെ മുറിവുകളെ ഒളിപ്പിക്കാനാവില്ല: അരുന്ധതി റോയ്

പെന്‍ പിന്റര്‍ പ്രൈസ് തുക ഫലസ്തീനിയന്‍ ചില്‍ഡ്രന്‍സ് റിലീഫ് ഫണ്ടിന് കൈമാറും

ഒരു പ്രചാരണത്തിനും ഫലസ്തീന്റെ മുറിവുകളെ ഒളിപ്പിക്കാനാവില്ല: അരുന്ധതി റോയ്
X

ലണ്ടന്‍: ഭൂമിയിലെ ഒരു പ്രചാരവേലക്കും ഫലസ്തീന്റെ മുറിവുകളെ ഒളിപ്പിക്കാനാവില്ലെന്ന് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയ്. ബ്രിട്ടീഷ് നാടകകൃത്തായ ഹരോള്‍ഡ് പിന്ററിന്റെ സ്മരണാര്‍ത്ഥം നല്‍കുന്ന പെന്‍ പിന്റര്‍ കരസ്തമാക്കിയ ശേഷം സംസാരിക്കുകയായിരുന്നു അവര്‍. അരുന്ധതി റോയിക്ക് ലഭിച്ച പുരസ്‌കാര തുക ഫലസ്തീനിയന്‍ ചില്‍ഡ്രന്‍സ് റിലീഫ് ഫണ്ടിന് കൈമാറും. തന്നോടൊപ്പം പുരസ്‌കാരം പങ്കിട്ട ബ്രിട്ടീഷ്-ഇജിപ്ഷ്യന്‍ എഴുത്തുകാരനായ അബ്ദല്‍ ഫത്ത ധീരതയുടെ എഴുത്തുകാരനാണെന്നും ബ്രിട്ടീഷ് ലൈബ്രറിയില്‍ നടന്ന ചടങ്ങില്‍ അവര്‍ അഭിപ്രായപ്പെട്ടു.

വര്‍ഷങ്ങള്‍ക്ക് ശേഷം ലോകം മറ്റൊരു വംശഹത്യയുടെ മുന്നിലാണെന്ന് അരുന്ധതി റോയ് പറഞ്ഞു. ഗസയിലും ലെബനാനിലും ഇസ്രായേലും യുഎസും അധിനിവേശം നടത്തുകയാണ്. ഇതുവരെ 42000 പേര്‍ മരിച്ചു കഴിഞ്ഞു. ഇതില്‍ ഭൂരിപക്ഷവും സ്ത്രീകളും കുട്ടികളുമാണ്. ജര്‍മനിയിലെ നാസികള്‍ നടത്തിയ വംശഹത്യയുടെ ആദ്യഘട്ടത്തില്‍ കണ്ണടച്ച യുഎസും യൂറോപ്പും ഇപ്പോള്‍ ഗസയില്‍ മറ്റൊരു വംശഹത്യക്ക് കൂടി അടിത്തറയൊരുക്കുകയാണ്.

വ്യത്യസ്ഥ മനുഷ്യ വിഭാഗങ്ങളെ തുടച്ചു നീക്കുകയും വംശഹത്യ നടത്തുകയും ചെയ്ത എല്ലാ രാജ്യങ്ങളെയും പോലെ സയണിസ്റ്റുകളും വംശഹത്യ നടത്തുകയാണ്. ഫലസ്തീനികളെ പൈശാചികവല്‍ക്കരിച്ചാണ് സയണിസ്റ്റുകള്‍ പ്രവര്‍ത്തനം തുടങ്ങിയത്. പിന്നീടത് ഭൂമി തട്ടിയെടുക്കലിലേക്കും കൊലപാതകങ്ങളിലേക്കും വികസിച്ചു.

പുതിയ രാഷ്ട്രമായി രൂപപ്പെട്ട ഇസ്രായേല്‍ എന്തു കുറ്റം ചെയ്താലും പ്രോല്‍സാഹിപ്പിക്കപ്പെട്ടു. അതിസമ്പന്നമായ ചില കുടുംബങ്ങളിലെ കുട്ടികളെ പോലെ എന്തു കുറ്റം ചെയ്താലും അവര്‍ സംരക്ഷിക്കപ്പെടുകയാണ്. അതിനാല്‍ തന്നെ ഇപ്പോള്‍ അവര്‍ വംശഹത്യയെ കുറിച്ച് അന്തസോടെ സംസാരിക്കുന്നു. കൊല്ലപ്പെട്ടവരെയും പരിക്കേറ്റവരെയും അപഹസിക്കുന്ന ഡിജിറ്റല്‍ പ്രചരണം അവര്‍ ഇന്റര്‍നെറ്റില്‍ തള്ളിക്കയറ്റുന്നു.

ഫലസ്തീനികള്‍ ഒക്ടോബര്‍ ഏഴിന് നടത്തിയ ആക്രമണമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് അവര്‍ പറയുന്നു. എന്നാല്‍, ആ ആക്രമണത്തെ ഞാന്‍ അപലപിക്കുന്നില്ല. അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങള്‍ എങ്ങനെ പ്രതികരിക്കണമെന്ന് ഞാന്‍ പറയില്ല. ഈ യുദ്ധം സ്വയം പ്രതിരോധിക്കാനായല്ല ഇസ്രായേല്‍ നടത്തുന്നത്. മറിച്ച്, ഇതൊരു കടന്നാക്രമണ യുദ്ധമാണ്.കൂടുതല്‍ ഫലസ്തീന്‍ ഭൂമി പിടിക്കലും വിവേചനം ഏര്‍പ്പെടുത്തലുമാണ് ലക്ഷ്യം.

ലോകത്തെ എല്ലാ അധികാരത്തിനും ശക്തിക്കും സമ്പത്തിനും ആയുധങ്ങള്‍ക്കും പ്രചാരണവേലകള്‍ക്കും ഫലസ്തീനിന്റെ മുറിവുകളെ ഒളിപ്പിക്കാന്‍ കഴിയില്ല. പുഴ മുതല്‍ കടല്‍ വരെ ഫലസ്തീന്‍ സ്വതന്ത്രമാവുക തന്നെ ചെയ്യുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it